ഇവിടം സ്വർഗമാണ്...പന്ത്രണ്ടേക്കറില്‍ സമ്മിശ്ര കൃഷിയുമായി സെബി

സെബി പഴയാറ്റിൽ ഫാമിൽ
സെബി പഴയാറ്റിൽ ഫാമിൽ

മാള: സെബി പഴയാറ്റിലിന് ഇവിടം സ്വർഗമാണ്. സ്വിറ്റ്സർലൻഡിലെ മെഷ്യനിസ്റ്റ് ജോലി ഉപേക്ഷിച്ച് മണ്ണിൽ മനസ്സർപ്പിച്ചപ്പോൾ പുരയിടം സ്വർഗമായി മാറി. കുഴിക്കാട്ടുശേരിയിലെ സെബിയുടെ അന്നാസ് സ്വിസ് ഫാമെന്ന പന്ത്രണ്ടേക്കർ ഭൂമി ഇന്ന് സമ്മിശ്രകൃഷിയുടെ മികച്ച ഉദാഹരണമാണ്.

ഫാമിൽ വെണ്ട, വഴുതന, പച്ചമുളക്, പപ്പായ, പടവലം, പാവയ്ക്ക, കോവയ്ക്ക, പയർ, മത്തൻ, കുമ്പളം, തക്കാളി തുടങ്ങി പച്ചക്കറികളും നെല്ല്, ജാതി, വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, പഴവർഗങ്ങൾ, നൂറിലധികം വിയറ്റ്‌നാം ഏർളി പ്ലാവുകൾ എന്നിവ വിളയുന്നു. കൂടാതെ അമ്പത് പശുക്കൾ, അഞ്ചുവീതം എരുമയും പോത്തും, മുപ്പത് ആടുകൾ, വിവിധയിനത്തിൽപ്പെട്ട അഞ്ഞൂറോളം കോഴികൾ, ഇരുനൂറിലേറെ താറാവ്, ഏഴ് എമു, ടർക്കികൾ, കാടക്കോഴികൾ, ഒട്ടകപ്പക്ഷി എന്നിവയും. ഒരേക്കറിൽ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്ന പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.

അമ്പത്തിയഞ്ചുകാരനായ സെബി 13 വർഷം സ്വിറ്റ്സർലൻഡിൽ മെഷ്യനിസ്റ്റായിരുന്നു. മുഴുവൻ സമയ കർഷകനാകുകയെന്ന ലക്ഷ്യത്തോടെയാണ് 2014-ൽ ജോലിയുപേക്ഷിച്ച് നാട്ടിലെത്തിയത്. അപ്പോഴേക്കും സുഹൃത്തുക്കളുടെ മേൽനോട്ടത്തിw ൽ 36 പശുക്കളുള്ള ഫാം തുടങ്ങിയിരുന്നു. അമ്മ അന്നയുെട പേരും സാമ്പത്തികാടിത്തറ നൽകിയ സ്വിസ് പണവും ചേർത്താണ് ഫാമിന് അന്നാസ് സ്വിസ് ഫാമെന്ന് പേരിട്ടത്. അലങ്കാരമത്സ്യങ്ങളും വളർത്തുന്നുണ്ട്. കൂടാതെ കാലിത്തീറ്റ നിർമാണ യൂണിറ്റ്, എന്നിവയും ഫാമിലുണ്ട്. ദിവസവും 230 വീടുകളിലേക്കാണ് ഇവിടെനിന്ന് പാലെത്തിച്ചുകൊടുക്കുന്നത്.

തൈര്, വെണ്ണ, നെയ്യ്, പനീർ, സിപ്പപ് എന്നിവയും ചാണകം, ആട്ടിൻകാഷ്ഠം എന്നിവ ഉണക്കി പൊടിച്ച വളവും വെർമി കമ്പോസ്റ്റും വിൽക്കുന്നുണ്ട്. എട്ട് ജീവനക്കാരാണ് ഫാമിലുള്ളത്.സമ്മിശ്രകൃഷി കാണാനും പഠിക്കാനുമായി ഒട്ടേറെപ്പേർ ഫാമിലെത്തുന്നുണ്ട്.

Content Highlights: sebi mixed farming