സമ്മിശ്രകൃഷിയില്‍ മികച്ച വിളവുമായി റിട്ട. അധ്യാപകന്‍

മൊയ്തീൻകോയ മത്സ്യക്കുളത്തിൽ
മൊയ്തീൻകോയ മത്സ്യക്കുളത്തിൽ

നന്മണ്ട: സമ്മിശ്രകൃഷിയില്‍ മികച്ചനേട്ടം കൊയ്ത് റിട്ട. അധ്യാപകന്‍. കൂളിപ്പൊയിലിലെ കക്കുഴികണ്ടി മൊയ്തീന്‍ കോയയാണ് മികച്ച വിവിധ വിളകള്‍ക്കൊപ്പം മത്സ്യകൃഷിയിലും മികച്ച നേട്ടമുണ്ടാക്കുന്നത്.

കര്‍ഷകകുടുംബത്തിലാണ് ജനനം. ബാല്യത്തില്‍ ഉപ്പയുടെ കൈപിടിച്ച് വയലില്‍ പോകുമ്പോള്‍ത്തന്നെ കാര്‍ഷികസംസ്‌കൃതിയെക്കുറിച്ച് അറിവ് സ്വായത്തമാക്കി. ഇന്ന് മത്സ്യകൃഷി, ഇടവിളകൃഷി, നെല്‍കൃഷി, ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തല്‍, പച്ചക്കറികൃഷി, ആടുവളര്‍ത്തല്‍ എന്നിവയെല്ലാം പരീക്ഷിക്കുകയാണ്.

2010-ല്‍ വിരമിച്ചതിനുശേഷമാണ് പാഠശാലയില്‍നിന്ന് പാടത്തേക്കിറങ്ങിയത്. ചേളന്നൂര്‍ എ.കെ.കെ.ആര്‍. ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചതിനുശേഷം കുട്ടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലായി ജോലിചെയ്തു. അരീപ്പുറത്തെ കുളത്തില്‍ 2000 ചിത്രലാട ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയും പ്ലാസ്റ്റിക് ടാങ്കില്‍ 500 ചിത്രലാട കുഞ്ഞുങ്ങളെയും വളര്‍ത്തുന്നു. വീട്ടില്‍ സ്വന്തമായി നിര്‍മിച്ച പാര്‍ക്കുമുണ്ട്. കുട്ടികളും കൃഷിഭവന്‍ ഉദ്യോഗസ്ഥരും കൃഷിയിടം സന്ദര്‍ശിക്കാറുണ്ട്. കര്‍ഷകര്‍ക്കും കൃഷിയെക്കുറിച്ച് അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിനാല്‍ അവരുടെയും അധ്യാപകനാണ് മൊയ്തീന്‍ കോയ.

Content Highlights: moitheen koya succeed in mixed farmig technique