മനം കവരുന്ന റെയിൻ ലില്ലി; വീട്ടുമുറ്റത്തും ചട്ടിയിലും എളുപ്പത്തിൽ വളർത്താം

റെയിൻ ലില്ലി
റെയിൻ ലില്ലി

വീട്ടുമുറ്റത്ത് വർണ്ണവസന്തം തീർക്കുന്ന മനോഹരമായ ചെടിയാണ് റെയിൻ ലില്ലി. മഴക്കാലത്ത് ഒന്നിലധികം തവണ പൂവിടാൻ ശേഷിയുള്ള ഈ ചെടി പൂന്തോട്ടത്തിന് വേറിട്ട ഭംഗി നൽകുന്നു. ഇവയുടെ പൂക്കൾക്ക് ചെറുതും മനോഹരവും ഹൃദ്യമായ സുഗന്ധവുമാണുള്ളത്. കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ളതും കാലാവസ്ഥയോട് വേഗത്തിൽ ഇണങ്ങിച്ചേരുന്നതുമായതിനാൽ ഇവയ്ക്ക് വലിയ പ്രിയമുണ്ട്.

ശാസ്ത്രീയമായി സെഫിറാന്തസ് (Zephyranthes) എന്നറിയപ്പെടുന്ന ഇവയെ ഫെയറി ലില്ലി (Fairy Lily), സെഫീർ ഫ്ലവർ (Zephyr Flower), അറ്റാമാസ്കോ ലില്ലി (Atamasco Lily) എന്നീ പേരുകളിലും വിളിക്കാറുണ്ട്. അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ബൾബുകളിൽ നിന്നാണ് വളരുന്നത്. എന്നാൽ ഈ ബൾബും ചെടിയുടെ ഭാഗങ്ങളും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും വിഷമയമാണ് എന്നത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ള, പിങ്ക്, മഞ്ഞ, റോസ് എന്നിങ്ങനെ വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള റെയിൻ ലില്ലികൾ ലഭ്യമാണ്.ഇവയ്ക്ക് പുറമേ പ്രത്യേകമായി വികസിപ്പിച്ചെടുത്ത നിരവധിയായ ഇനങ്ങളും ലഭ്യമാണ്.

നടീലും പരിചരണവും

ദിവസവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് റെയിൻ ലില്ലിക്ക് ഏറ്റവും അനുയോജ്യം. ചൂടുള്ള കാലാവസ്ഥയിൽ ഉച്ചയ്ക്കത്തെ തണൽ ഇവ സഹിക്കും. പ്രത്യേകിച്ച് രാവിലെ ലഭിക്കുന്ന സൂര്യപ്രകാശം ഇവയുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. മണൽ, കളിമണ്ണ്, എക്കൽമണ്ണ് തുടങ്ങി ഏത് തരം മണ്ണിലും ആസിഡ്, ന്യൂട്രൽ, ആൽക്കലൈൻ വ്യത്യാസമില്ലാതെ ഇവ വളരും. ഈർപ്പമുള്ള മണ്ണിലും മണൽപ്രദേശങ്ങളിലും ഒരുപോലെ വളരാൻ ഇവയ്ക്ക് കഴിയും.

തോട്ടത്തിൽ നടുമ്പോൾ 2 മുതൽ 3 ഇഞ്ച് ആഴത്തിൽ ബൾബിന്റെ കൂർത്ത ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ നടണം. ബൾബുകൾ തമ്മിൽ 3 മുതൽ 4 ഇഞ്ച് അകലം നൽകാം. അതിരുകളിലും നടപ്പാതകളുടെ വശങ്ങളിലും കൂട്ടത്തോടെ നടുന്നത് പൂന്തോട്ടത്തിന് ഭംഗി കൂട്ടും. ചട്ടികളിൽ വളർത്തുമ്പോൾ ഉള്ളിയുടെ മുകൾഭാഗം 1 ഇഞ്ച് കനത്തിൽ മണ്ണുകൊണ്ട് മൂടണം. ചട്ടികളിൽ ഉള്ളികൾ കൂടുതൽ അടുപ്പിച്ച് നടാവുന്നതാണ്. കോമ്പോസ്റ്റും പെർലൈറ്റും കലർത്തിയ മിശ്രിതത്തിൽ വീതിയുള്ള ആഴം കുറഞ്ഞ ചട്ടികളിൽ നടുന്നത് മികച്ച ഫലം നൽകും.

നട്ട ഉടൻ നന്നായി നനയ്ക്കണം. വളർച്ചാഘട്ടത്തിൽ മണ്ണിൽ ഈർപ്പം നിലനിർത്തണമെങ്കിലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉണങ്ങിയ പുല്ല്, മരത്തോൽ എന്നിവ ഉപയോഗിച്ച് പുതയിടുന്നത് ഈർപ്പം നിലനിർത്താനും കളകളെ തടയാനും സഹായിക്കും. വറ്റിവരണ്ട വരൾച്ചയെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയുമെങ്കിലും നല്ല രീതിയിൽ മഴയോ നനയോ ലഭിക്കുമ്പോൾ മാത്രമാണ് പൂക്കൾ ഉണ്ടാകുന്നത്. വളർച്ചാഘട്ടത്തിൽ 4 മുതൽ 6 ആഴ്ച കൂടുമ്പോൾ സമീകൃത വളമോ ജലത്തിൽ ലയിക്കുന്ന വളങ്ങളോ ജൈവ കോമ്പോസ്റ്റോ നൽകാം. എന്നാൽ നൈട്രജൻ അടങ്ങിയ വളങ്ങൾ അമിതമായി നൽകിയാൽ പൂവിടുന്നത് കുറയും.

പൂവിടീലും രോഗനിയന്ത്രണവും

റെയിൻ ലില്ലിയുടെ ഒരു പൂവ് ഒന്നു മുതൽ രണ്ട് ദിവസങ്ങൾ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ മാത്രമേ നിൽക്കൂ എങ്കിലും മഴ പെയ്യുന്നതിനനുസരിച്ച് ബൾബിൽ നിന്ന് പുതിയ പൂക്കൾ തുടർച്ചയായി വന്നുകൊണ്ടിരിക്കും. വാടിയ പൂക്കൾ നുള്ളിക്കളയുന്നത് പുതിയ പൂക്കൾ ഉണ്ടാകാൻ സഹായിക്കും. പൂക്കാലത്തിന് ശേഷം ഇലകൾ തവിട്ടുനിറമായി ഉണങ്ങുമ്പോൾ മാത്രം വെട്ടിമാറ്റുക; പച്ചപ്പുള്ള ഇലകൾ നേരത്തെ വെട്ടരുത്. പുൽത്തകിടികളിൽ വളരുന്നവയെ ചെടിക്ക് കേടുകൂടാതെ വെട്ടിയൊതുക്കാം.

കീടങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ചെടിയാണിതെങ്കിലും ഉറുമ്പുകളും അട്ടകളും ആക്രമിച്ചേക്കാം. വേപ്പെണ്ണ തളിച്ചോ കൈകൊണ്ട് പെറുക്കിക്കളഞ്ഞോ ഇവയെ നിയന്ത്രിക്കാം. നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നത് ഫംഗസ് രോഗങ്ങളെ തടയും. പൊതുവിൽ മറ്റു രോഗബാധകൾ കുറവാണ്. സൂര്യപ്രകാശത്തിന്റെ കുറവ് (6 മണിക്കൂറിൽ താഴെ), ആഴമില്ലാതെ നടുന്നത്, ഉള്ളികൾ അമിതമായി അടുത്ത് നടുന്നത്, ഉയർന്ന നൈട്രജൻ വളപ്രയോഗം, മുൻവർഷം പച്ചയിലകൾ നേരത്തെ വെട്ടിമാറ്റിയത് എന്നിവ പൂവിടുന്നതിനെ തടയാം. ഇവ പരിഹരിക്കുകയും വരൾച്ചയുള്ളപ്പോൾ നന്നായി നനയ്ക്കുകയും ചെയ്താൽ പൂക്കൾ ഉണ്ടാകും.

വംശവർദ്ധനവും മാറ്റിനടലും

റെയിൻ ലില്ലി സ്വയം പടർന്ന് പെരുകുന്ന ചെടിയാണ്. വംശവർദ്ധനവിനായി പ്രധാനമായും രണ്ട് രീതികൾ ഉപയോഗിക്കാം. ബൾബുകൾ വിഭജിച്ച് നട്ടും വിത്ത് വഴിയും പുതിയ ഉണ്ടാക്കാം. പൂക്കാലത്തിന് ശേഷം ബൾബുകൾ മണ്ണിൽ നിന്ന് എടുത്ത് മാതൃസസ്യത്തിൽനിന്ന് ചെറിയ ബൾബുകൾ വേരുകൾക്ക് കേടില്ലാതെ വേർപെടുത്തി നടാം. ഇവ മൂന്ന് അല്ലെങ്കിൽ അതിൽ കൂടുതലുള്ള കൂട്ടങ്ങളായി വേണം നടാൻ. ചെറിയ കൂട്ടങ്ങൾ വളരാനും പൂവിടാനും കൂടുതൽ സമയമെടുക്കും. ചട്ടിയിൽ വളർത്തുമ്പോൾ ബൾബുകൾ നിറയുമ്പോൾ 2 ഇഞ്ച് വീതി കൂടുതലുള്ള പുതിയ ചട്ടിയിലേക്ക് മാറ്റാം. ചെറു-ബൾബുകൾ മാറ്റി മാതൃസസ്യത്തെ പഴയ ചട്ടിയിൽ തന്നെ നിലനിർത്താം. വിളഞ്ഞ വിത്തുപെട്ടികളിൽ നിന്ന് വിത്തുകൾ ശേഖരിച്ച് ഈർപ്പമുള്ളതും വെള്ളം വാർത്തുകളയുന്നതുമായ മണ്ണുമിശ്രിതത്തിൽ ഉടൻ തന്നെ പാകി നിഴലിൽ വെച്ച് മുളപ്പിച്ചെടുക്കാം.

വീട്ടുമുറ്റത്തും ബാൽക്കണിയിലും വസന്തം തീർക്കാം; ഏഷ്യാറ്റിക് ലില്ലികൾ എളുപ്പത്തിൽ വളർത്താം Read more

Content Highlights: Blooming pink rain lily flowers illustrate the delicate petals and grassy foliage described in the gardening guide, helping readers visualize how clusters of flowers look when grown in gardens or containers.