ഇളംപുല്ല് ധാരാളമായി നൽകല്ലേ, കട്ടകെട്ടിയ കാലിത്തീറ്റയും അരുത്; വളർത്തുമൃഗങ്ങൾക്കുംവേണം മഴക്കാലശ്രദ്ധ

പശു, ആട്, കോഴി തുടങ്ങി വീട്ടിലെ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യത്തെയും ഉത്‌പാദനത്തെയും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് കാലാവസ്ഥ. മഴക്കാലത്ത് അവയുടെ പരിപാലനത്തിൽ ശ്രദ്ധിക്കാൻ ഏറെയുണ്ട്. തൊഴുത്തിൽ പൂർണശുചിത്വം പാലിക്കുക എന്നതാണ് പ്രധാനം. തൊഴുത്തിൽ വൈദ്യുതിബന്ധങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വരുന്ന അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കൾക്കുമാത്രമല്ല ക്ഷീരകർഷകനും അപകടമുണ്ടാക്കും.
അപകടസാധ്യതയുള്ള രീതിയിൽ വൈദ്യുത കണക്‌ഷനുകൾ തൊഴുത്തിൽ സ്ഥാപിക്കരുത്. വളക്കുഴിയിൽ വെള്ളം വീഴാതിരിക്കാൻ ചോർച്ചയില്ലാത്ത മേലാപ്പ് ഒരുക്കണം. തീറ്റത്തൊട്ടിയിൽ കാലിത്തീറ്റ അവശിഷ്ടങ്ങൾ ബാക്കി കിടക്കുന്നത് എലികളെ ആകർഷിക്കും. അതിനാൽ തീറ്റത്തൊട്ടി അവശിഷ്ടങ്ങൾ ബാക്കിവരാതെ വൃത്തിയാക്കി സൂക്ഷിക്കണം. കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. ഇൻകാൻറസന്റ് / ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി കിടാക്കൾക്ക് മതിയായ ചൂട് ഉറപ്പാക്കണം.
അകിടുവീക്കം: രോഗസാധ്യത കുറയ്ക്കാൻ പാൽ അകിടിൽ കെട്ടിനിൽക്കാൻ ഇടവരാത്തവിധത്തിൽ കൃത്യമായ ഇടവേളകളിൽ പൂർണമായും കറന്നെടുക്കണം. അകിടുവീക്ക സാധ്യത കുറയ്ക്കാൻ കറവയ്ക്ക് മുൻപായി അകിടുകൾ നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പണം. പൂർണകറവയ്ക്കുശേഷം മുലക്കാമ്പുകൾ പൊവിഡോൺ അയഡിൻ ലായനിയിൽ അല്പനേരം മുക്കി ടീറ്റ് ഡിപ്പിങ് നൽകണം. അയഡിൻ വെള്ളം ചേർത്ത് നേർപ്പിക്കാതെ വേണം അകിടിൽ ഉപയോഗിക്കേണ്ടത്.
അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. പാൽ തറയിൽ പരന്നൊഴുകാതെ ശ്രദ്ധിക്കണം. ഫോസ്‌ഫറസ് മൂലകത്തിന്റെ അപര്യാപ്തത കറവപ്പശുക്കളിൽ പാൽ തനിയെ തറയിൽ ചുരന്നുപോവുന്നതിന് കാരണമാവും. ഇത് അകിടുവീക്ക സാധ്യത കൂട്ടും. അകിടിനും പാലിനും വരുന്ന ഏത് മാറ്റവും അകിടുവീക്കത്തിന്റെ സൂചനയാണെന്ന് മനസ്സിലാക്കുക. അകിടുവീക്കത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പാൽ മുഴുവൻ കറന്നൊഴിവാക്കുകയാണ് പ്രഥമശുശ്രൂഷ. തുടർന്ന് സ്വയം ചികിത്സകൾക്കുമുതിരാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
മഴക്കാലത്തിന്‍റെ തുടക്കത്തിൽ തളിർക്കുന്ന ഇളംപുല്ല് ധാരാളമായി നൽകുന്നത് വയറിളക്കത്തിനും ദഹനക്കേടിനും വയർപെരുപ്പത്തിനും ഇടയാക്കും. മാത്രമല്ല കറവപ്പശുക്കൾക്ക് ഇളംപുല്ല് ധാരാളമായി നൽകിയാൽ രക്തത്തിൽ മഗ്നീഷ്യം എന്ന മൂലകം കുറഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇളംപുല്ല് വൈക്കോലിനൊപ്പമോ വളർന്ന തീറ്റപ്പുല്ലിനൊപ്പമോ ചേർത്ത് നൽകാൻ ശ്രദ്ധിക്കണം
സൂക്ഷിച്ചുെവച്ച കാലിത്തീറ്റയിൽ പൂപ്പൽ വിഷബാധയേൽക്കാൻ സാധ്യതയേറെയാണ്. പൂപ്പൽ ബാധിച്ചതോ കട്ടകെട്ടിയതോ ആയ തീറ്റകൾ പശുക്കളടക്കമുള്ള വളർത്തുജീവികൾക്ക് നൽകാൻ പാടില്ല. വെള്ളക്കെട്ടുകൾക്കോ വയൽപ്രദേശങ്ങൾക്ക് സമീപമോ ആണ് പശുവളർത്തുന്നതെങ്കിൽ പണ്ടപ്പുഴുവിനെ തടയാനുള്ള മരുന്ന് പ്രത്യേകം നൽകണം. മഴക്കെടുതിമൂലം കന്നുകാലികൾക്ക് അത്യാഹിതങ്ങൾ സംഭവിച്ചാൽ പ്രസ്തുത വിവരം തൊട്ടടുത്ത മൃഗാശുപത്രിയിൽ അറിയിക്കണം.
ആടുകളിൽ ശ്വാസകോശ രോഗങ്ങൾ തടയാം
ആടുകളിൽ മഴക്കാലത്ത് കാണുന്ന ആരോഗ്യപ്രശ്നങ്ങളിൽ മുഖ്യമാണ് വിട്ടുമാറാത്ത ചുമയും ശ്വസനതടസ്സവും പനിയുമെല്ലാം. ശ്വസനതടസ്സം ഗുരുതരമായിത്തീർന്നാൽ ന്യൂമോണിയക്കും സാധ്യതയേറെയാണ്. ശ്വാസകോശപ്രശ്നങ്ങളുടെ പിന്നിലെ പ്രധാനവില്ലൻ അവയുടെ കാഷ്ഠത്തിൽ നനവേൽക്കുമ്പോൾ വിഘടിച്ച് പുറത്തുവരുകയും മതിയായ വായുസഞ്ചാരമില്ലാത്ത കൂട്ടിൽ ഈർപ്പത്തോടൂകൂടി തങ്ങിനിൽക്കുകയും ചെയ്യുന്ന അമോണിയ വാതകമാണ്.
മഴനനയുന്നതും ശ്വാസകോശരോഗങ്ങൾക്ക് സാധ്യത കൂട്ടും. കാഷ്ടവും കെട്ടിക്കിടക്കാതെ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യണം. കൂട്ടിനുള്ളിലെയും പുറത്തെയും തടസ്സങ്ങൾ നീക്കി കൂട്ടിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. കൂട്ടിലേക്ക് മഴച്ചാറ്റൽ അടിച്ചുവീശാതിരിക്കാൻ വശങ്ങളിൽ കർട്ടനുകൾ ഉപയോഗിക്കാം. എന്നാൽ, ബാക്കി സമയങ്ങളിൽ ഇവ നീക്കി വായുസഞ്ചാരം ഉറപ്പാക്കണം.
പാൽ ഉത്പാദനം കൂടുതലുള്ള സങ്കരയിനം മലബാറി, ബീറ്റാൽ, ജമുനാ പാരി തുടങ്ങിയ ആടിനങ്ങളിലാണ് അകിടുവീക്കത്തിന് ഏറെ സാധ്യത. പശുക്കളേക്കാൾ ആടുകളിൽ മാരകമാകുന്നതിനാൽ രോഗം തടയാൻ ശ്രദ്ധിക്കണം. കുട്ടികൾ കുടിച്ചതിനുശേഷം അകിടിൽ പാൽ കെട്ടി നിൽക്കുന്നുണ്ടെങ്കിൽ ബാക്കിനിർത്താതെ പാൽ പൂർണമായ കറക്കണം. ഉരുളൻവിരബാധയും നാടവിരബാധയും കൂടാൻ സാധ്യതയുള്ളതിനാൽ ആന്തരപരാദങ്ങൾക്കെതിരേയുള്ള മരുന്നുകൾ നൽകണം.
Content Highlights: Learn essential monsoon care tips for cows, goats, & poultry. Prevent diseases, improve hygiene