നൂറിലേറെ ബോണ്‍സായി മരങ്ങള്‍; വീടിനു മുകളില്‍ കുള്ളന്‍ മരങ്ങളുടെ വനമൊരുക്കി നിവീന്

നിവീനിന്റെ വീടിന്റെ ടെറസ് നിറയെ മരങ്ങളാണ്. പത്ത് സെന്റിമീറ്റര്‍മുതല്‍ രണ്ടരയടിവരെ പൊക്കമുള്ള കുള്ളന്‍ മരങ്ങള്‍. കൂറ്റന്‍ മരങ്ങളായി വളരേണ്ട ആലും മാവും പ്ലാവുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഒന്നും രണ്ടുമല്ല, നൂറോളം മരങ്ങള്‍.
കരുനാഗപ്പള്ളി കല്ലുകടവ് മിലന്‍ വിഹാറില്‍ നിവീന് ബോണ്‍സായി കൃഷിയോടുള്ള ഇഷ്ടം തുടങ്ങിയത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്നുമുതല്‍ കുള്ളന്‍ മരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതാണ്. മതിലിലും മറ്റും പതുങ്ങിവളരുന്ന മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഇളക്കിയെടുക്കും.
തുടര്‍ന്ന് അവയെ രൂപപ്പെടുത്തി കുള്ളന്‍ മരങ്ങളായി വളര്‍ത്തും. ഗോമൂത്രവും ചാണകവും മറ്റുമാണ് വളം. 20 വര്‍ഷം പഴക്കമുള്ള മാവും 19 വര്‍ഷം പഴക്കമുള്ള തെങ്ങുമെല്ലാം ഇവിടെ ചെറിയ ചെടിച്ചട്ടിയില്‍ വളരുന്നു.
വിവിധതരം ആല്‍മരങ്ങളും മാവ്, പ്ലാവ്, തെങ്ങ്, വാഴ, കണിക്കൊന്ന, മുളകള്‍, പുളി തുടങ്ങിയവയെല്ലാം നിവീനിന്റെ ശേഖരത്തിലെ ചിലത് മാത്രം. പടര്‍ന്നുപന്തലിക്കേണ്ട മരങ്ങളെ അതേ രൂപത്തില്‍ത്തന്നെയാണ് ചെറുമരങ്ങളാക്കി നിര്‍ത്തിയിരിക്കുന്നത്.
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹകരണവും നിവീനുണ്ട്. കുള്ളന്‍ മരങ്ങളായി വളര്‍ത്താന്‍ സാധിക്കുന്ന ചെറുവൃക്ഷങ്ങള്‍ കണ്ടാല്‍ സുഹൃത്തുക്കള്‍ നിവീനിനെ വിളിച്ചറിയിക്കും. അത്തരത്തില്‍ ലഭിച്ച വൃക്ഷങ്ങളാണ് ബോണ്‍സായി വൃക്ഷങ്ങളാക്കി മാറ്റിയിരിക്കുന്നതില്‍ അധികവും.
കാടിനെയും മരങ്ങളെയും സ്‌നേഹിക്കുന്ന കുറച്ചുപേരെ സംഘടിപ്പിച്ച് ഒരു ചെറിയ വനം ഉണ്ടാക്കണമെന്നതാണ് തന്റെ സ്വപ്നമെന്ന് ബാങ്ക് ജീവനക്കാനായ നിവീന്‍ പറയുന്നു. കുള്ളന്‍ മരങ്ങളെ സ്ഥിരമായി പ്രദര്‍ശിപ്പിക്കാനുള്ള ഒരു ഗാലറിയും നിവീന്റെ സ്വപ്നമാണ്. തന്റെ ശേഖരത്തിലുള്ള വൃക്ഷങ്ങള്‍ ഇതുവരെയും വില്‍പ്പന നടത്തിയിട്ടില്ല.
Content Highlights: Karunagappally native creates unique Bonsai garden in his home
Content Highlights: