കുറയുന്ന തേനീച്ച കോളനികൾ; വിളവിടിയാം 90% വരെ, ഭക്ഷ്യസുരക്ഷയ്ക്ക് പ്രതിസന്ധി

തേനുമായി പറക്കുന്ന ചെറുതേനീച്ചക്കൂട്ടം. തേനീച്ചകളിൽത്തന്നെ ഏറ്റവുംചെറിയ വിഭാഗത്തിൽ വരുന്ന ചെറുതേനീച്ചകളാണിവർ. ഇവ ശേഖരിക്കുന്നതാണ് ചെറുതേൻ -കോഴിക്കോട് വെള്ളയിൽനിന്നൊരു കാഴ്ച | ഫോട്ടോ: സാജൻ വി. നമ്പ്യാർ
തേനുമായി പറക്കുന്ന ചെറുതേനീച്ചക്കൂട്ടം. തേനീച്ചകളിൽത്തന്നെ ഏറ്റവുംചെറിയ വിഭാഗത്തിൽ വരുന്ന ചെറുതേനീച്ചകളാണിവർ. ഇവ ശേഖരിക്കുന്നതാണ് ചെറുതേൻ -കോഴിക്കോട് വെള്ളയിൽനിന്നൊരു കാഴ്ച | ഫോട്ടോ: സാജൻ വി. നമ്പ്യാർ

സ്പെയിനിലെ വലൻസയിലുള്ള സ്പൈഡർ കേവ് എന്ന ഗുഹയിൽ ഏകദേശം 8,000 വർഷങ്ങൾ പഴക്കമുള്ള മനുഷ്യനും തേനീച്ചയും തമ്മിലുള്ള ഒരു പഴയ സൗഹൃദം പതിഞ്ഞു കിടപ്പുണ്ട്- "കൂടുകളിൽ തേൻ ശേഖരിക്കുന്ന ആ ദൃശ്യത്തിൽനിന്നു തേനീച്ച അന്നേ മനുഷ്യജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കാം. എന്നാൽ, തേൻ നിറച്ച പാത്രങ്ങൾക്കപ്പുറം തേനീച്ച വഹിച്ചിരുന്ന മറ്റൊരു അദൃശ്യ ദൗത്യം അന്ന് മനുഷ്യൻ അറിഞ്ഞിരുന്നുവോ? പൂവിൽനിന്ന് പൂവിലേക്ക് സഞ്ചരിച്ച് വിളകളുടെ തുടർച്ച ഉറപ്പാക്കുന്ന പരാഗണത്തിന്റെ ദൗത്യം. തേനീച്ചകളുടെ എണ്ണം കുറയുന്നത് തേൻ കുറയുന്നതിന്റെ മാത്രം സൂചനയല്ല; പൂക്കളും വിളകളും ഭക്ഷ്യസുരക്ഷയും ഉൾപ്പെടുന്ന ഒരു വലിയ കാർഷിക ശൃംഖലയുടെ കണ്ണി ദുർബലമാകുന്നതിന്റെ മുന്നറിയിപ്പാണ്.

കൃഷിയിടത്തിലെ പൂക്കൾ ഫലമാക്കി മാറ്റുന്നതിന് തേനീച്ചകൾക്കും നിർണായക പങ്കുണ്ട്. പുഷ്പങ്ങളിൽനിന്ന് തേൻ ശേഖരിക്കുന്നതിനിടയിൽ തേനീച്ചകൾ ഒരു പൂവിലെ പരാഗകണങ്ങളെ മറ്റൊരു പൂവിലെ സ്റ്റിഗ്മയിൽ എത്തിച്ചു പരാഗണത്തിന് വഴിയൊരുക്കുന്നു. ഈ സ്വാഭാവിക പ്രക്രിയയാണ് അനേകം ഫല വർഗ്ഗസസ്യങ്ങളുടെയും പച്ചക്കറികളുടെയും കായ ഉപാദനത്തിന്റെ അടിത്തറ. അതിനാൽ തേനീച്ചകൾ തേൻ നൽകുന്ന പ്രാണി മാത്രമല്ല; പൂവിൽനിന്ന് ഫലത്തിലേക്കുള്ള പ്രകൃതിയുടെ യാത്രയിൽ, കൃഷിയിടത്തിന്റെ നിശ്ശബ്ദതൊഴിലാളികളായി അവ നിർണായകമായ പങ്കുവഹിക്കുന്നു.

കുറയുന്ന കാട്ടുതേനീച്ച കോളനികൾ

കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ തേനീച്ചകളുടെ എണ്ണം എത്ര ശതമാനം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്ന ദീർഘകാല, സമഗ്രമായ കണക്ക് ലഭ്യമല്ലെങ്കിലും, തേനീച്ചക്കോളനികളുടെ ആരോഗ്യത്തെയും നിലനിൽപ്പിനെയും ബാധിക്കുന്ന ഒട്ടേറെ സമ്മർദങ്ങൾ വർധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

കീടനാശിനികളുടെ അമിതവും തെറ്റായതുമായ ഉപയോഗം, ആവാസവ്യവസ്ഥയുടെ നഷ്ടം, വൈവിധ്യമാർന്ന പൂക്കളുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം, രോഗങ്ങളും പരാദജീവികളും എന്നിവ തേനീച്ചകളുടെ നിലനിൽപ്പിന് വെല്ലുവിളികളാകുന്നു. കേരളത്തിലെ തേനീച്ചകളുടെ കുറവ് ഒരൊറ്റ കാരണത്തിന്റെ ഫലമല്ല; കൃഷിയിടവും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ കൂട്ടഫലമായാണ് അതിനെ കാണേണ്ടത്.

കേരളത്തിലെ തേനീച്ച ഇനങ്ങൾ

കേരളത്തിൽ പ്രധാനമായും നാല് Apis ഇനങ്ങളെയാണ് കാണുന്നത്- റോക്ക് ബീ അഥവാ വലിയ തേനീച്ച (Apis dorsata), ഇന്ത്യൻ ഹണി ബീ (Apis cerana; പരമ്പരാഗതമായി Apis cerana indica എന്ന പേരിലും അറിയപ്പെടുന്നു), ലിറ്റിൽ ബീ അഥവാ ചെറിയ തേനീച്ച (Apis florea), യൂറോപ്യൻ ഹണി ബീ (Apis mellifera) എന്നിവയാണ്. ഇവയിൽ Apis cerana-യും Apid mellifera-യും മനുഷ്യൻ വളർത്തുന്ന കൂടുതേനീച്ചകളാണ്. Apis dorsata-യും Apis florea-യും പ്രധാനമായും കാട്ടിൽ സ്വതന്ത്രമായി കൂടുണ്ടാക്കുന്ന ഇനങ്ങളാണ്. ഇതിനുപുറമേ, കേരളത്തിലെ ഉഷ്ണമേഖല ആവാസ വ്യവസ്ഥകളിൽ സ്റ്റിങ് ലെസ്സ് തേനീച്ചകൾ/ചെറുതേനീച്ച (Stingless bees) ഉൾപ്പെടെയുള്ള മറ്റു തദ്ദേശീയ തേനീച്ചകളും പരാഗണത്തിൽ നിർണായക പങ്കുവഹിക്കുന്നു.

കൃഷിയിലെ തേനീച്ചകളുടെ പ്രാധാന്യം

തേൻ ഉൽപാദനത്തിൽ ഒതുങ്ങുന്നതല്ല തേനീച്ചകളുടെ പ്രാധാന്യം. സസ്യങ്ങളുടെ പരാഗണ പ്രക്രിയയിലും തേനീച്ചകൾ വലിയ സംഭാവന നൽകുന്നു. ലോകത്തിലെ പ്രധാന ഭക്ഷ്യവിളകളുടെ മുക്കാൽ ഭാഗത്തിലേറെയും ഏതെങ്കിലും അളവിൽ പരാഗണത്തെ ആശ്രയിക്കുന്നു. ഇവ ആഗോള വിള ഉൽപാദനത്തിന്റെ ഏകദേശം 35% പ്രതിനിധീകരിക്കുന്നു. ജന്തുപരാഗണം നേരിട്ട് ആശ്രയിക്കുന്ന ഉൽപാദനത്തിന്റെ വിഹിതം മാത്രം 5–8 ശതമാനമാണെങ്കിലും, ഫലങ്ങളുടെ എണ്ണം, വലുപ്പം, വിത്തുത്പാദനം, ഗുണനിലവാരം എന്നിവയിൽ പരാഗണത്തിന്റെ സ്വാധീനം പല വിളകളിലും വളരെ വലുതാണ്. 87 പ്രധാന ഭക്ഷ്യവിളകളുടെ ഉൽപാദനത്തെ പരാഗണജീവികൾ സ്വാധീനിക്കുന്നതായി FAO ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് തേനീച്ചകളുടെ ഓരോ പൂവിലേക്കുമുള്ള യാത്രയും കൃഷിയിൽ ഉൽപാദനക്ഷമത നേരിട്ട് സ്വാധീനിക്കുന്ന ഒരു ജൈവപ്രക്രിയ ആണ്. പരാഗണം അപര്യാപ്തമാകുമ്പോൾ പൂക്കളുടെ ഫലധാരണം കുറയുകയും ഫലങ്ങളുടെ എണ്ണം, വലുപ്പം, ആകൃതി, വിത്തിന്റെ രൂപീകരണം, ഗുണനിലവാരം എന്നിവയെ മോശമായി ബാധിക്കുകയും ചെയ്യുന്നു. ചില വിളകളിൽ പരാഗണത്തിന്റെ കുറവ് ഉൽപാദനത്തിൽ വൻനഷ്ടത്തിനും കാരണമാകാം. FAO-യുടെ കണക്കുകൾ പ്രകാരം പരാഗണത്തിന്റെ അഭാവത്തിൽ ചില വിളകളിൽ ഉൽപാദനം 90% വരെ കുറയാം അതിനാൽ തേനീച്ചകളുടെ കുറവ് പൂവിൽനിന്ന് ഫലത്തിലേക്കുള്ള കൃഷിയുടെ സ്വാഭാവിക ഉൽപാദന ശൃംഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ്.

കാട്ടുതേനീച്ച കോളനികൾ നിലനിൽപ്പ് ആശങ്കാജനകമോ?

കഴിഞ്ഞ ഒരു ദശാബ്ദത്തിൽ കേരളത്തിലും പശ്ചിമഘട്ട മേഖലയിലും തേനീച്ചകളുടെ സ്ഥിതി ആശങ്കാജനകമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിൽ Apis cerana പോലുള്ള വളർത്തു തേനീച്ചകളുടെയും Apis dorsata, Apis florea തുടങ്ങിയ വന്യ ഇനങ്ങളുടെയും സംസ്ഥാനവ്യാപക എണ്ണക്കുറവ്‌ കൃത്യമായി അറിയാൻ ദീർഘകാല സർവേ ലഭ്യമല്ല.

പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയർ റിസർവിൽ 2009–2019 കാലയളവിലെ പുനഃസർവേയിൽ Apis dorsata കോളനികളുടെ സാന്നിധ്യത്തിൽ പ്രാദേശികമായ വലിയ കുറവ് രേഖപ്പെടുത്തി. 26 തദ്ദേശീയ തേൻശേഖരണ സംഘങ്ങളിൽ ചിലർ കഴിഞ്ഞ 10–20 വർഷത്തിനിടെ വന്യകോളനികൾ കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കാർഷിക മേഖലകളിലെ പഠനങ്ങളിലും Apis cerana, Apis florea ഉൾപ്പെടെയുള്ള പരാഗണജീവികളുടെ കുറവ് വ്യക്തമായിട്ടുണ്ട്.

തേനീച്ച കൃഷി വിളവിനും വരുമാനത്തിനും

തേനീച്ച വളർത്തൽ ചെറുകിട കർഷകരുടെ അനുബന്ധ ഉപജീവനമാർഗം എന്ന പരിധി കടന്ന് ശ്രദ്ധേയമായ കാർഷിക സംരംഭമായി വളർന്നിട്ടുണ്ട്. കേരളത്തിലെ തേനീച്ചകൃഷി തേൻ ഉൽപാദനത്തിനപ്പുറം ആയിരക്കണക്കിന് കർഷകരുടെ വരുമാനത്തെയും കൃഷിയിടങ്ങളുടെ പരാഗണക്ഷമതയെയും പിന്തുണയ്ക്കുന്ന ഒരു പ്രധാന കാർഷിക മേഖലയാണ്.

2023-ലെ ലഭ്യമായ കണക്കുപ്രകാരം ഹോർട്ടികോപ്പിൽ മാത്രം രജിസ്റ്റർ ചെയ്ത 2,295 കർഷകർ 1,49,828 തേനീച്ചക്കോളനികളിലൂടെ ഏകദേശം 1,475 ടൺ തേൻ ഉൽപാദിപ്പിച്ചിരുന്നു. മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കർഷകരെ കൂടി ഉൾപ്പെടുത്തിയാൽ യഥാർഥ മേഖല ഇതിലും വിപുലമാണ്. ദേശീയ കണക്കിൽ 2017–18-ൽ കേരളത്തിന്റെ തേൻ ഉൽപാദനം ഏകദേശം 3,000 ടൺ ആയിരുന്നു.

സംരക്ഷിക്കാം തേനീച്ചകളെ

തേനീച്ചകളെ സംരക്ഷിക്കേണ്ടത് കൂടുകൾ സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവയ്ക്ക് പൂക്കളും ഭക്ഷണവും കൂടൊരുക്കാനുള്ള ഇടങ്ങളും സുരക്ഷിതമായ കൃഷിയിടങ്ങളും സംരക്ഷിക്കുകയാണ് വേണ്ടത്. കീടനാശിനികളുടെ അമിതമായ ഉപയോഗം കുറച്ച് സംയോജിത കീടനിയന്ത്രണം സ്വീകരിക്കുക, കൃഷിയിടങ്ങളിലും അതിരുകളിലും വർഷം മുഴുവൻ പൂക്കളുണ്ടാകുന്ന സസ്യവൈവിധ്യം നിലനിർത്തുക, സ്വാഭാവിക ആവാസവ്യവസ്ഥകളും തദ്ദേശീയ തേനീച്ചകളുടെ കൂട് നിൽക്കുന്ന ഇടങ്ങളും സംരക്ഷിക്കുക എന്നിവയാണ് തേനീച്ചകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

പൂക്കൾ നിലനിൽക്കുമ്പോൾ തേനീച്ചകളും നിലനിൽക്കും. തേനീച്ചകൾ നിലനിൽക്കുമ്പോൾ പൂവിൽനിന്ന് ഫലത്തിലേക്കുള്ള കൃഷിയുടെ സ്വാഭാവിക യാത്രയും തുടരും തേനീച്ചയെ സംരക്ഷിക്കുക എന്നത് ഒരു ചെറുജീവിയെ സംരക്ഷിക്കുക മാത്രമല്ല, നമ്മുടെ ഭക്ഷ്യസുരക്ഷയുടെ സംരക്ഷണം തന്നെയാണ് ഉറപ്പാക്കുന്നത്.