മണ്ണിൽ പതറാത്ത ഏഴ് പതിറ്റാണ്ട്: ദ്രുതവാട്ടത്തെ ചെറുക്കുന്ന കുരുമുളക് മോഡൽ, 70-ലും ഹൈടെക്കാണ് അപ്പുവേട്ടനും കൃഷിയും

അപ്പുവേട്ടൻ കൃഷിയിടത്തിൽ
അപ്പുവേട്ടൻ കൃഷിയിടത്തിൽ

തൃശ്ശൂരിലെ കടങ്ങോടും പഴഞ്ഞിയുമെല്ലാം കവുങ്ങിന്റെ കേന്ദ്രങ്ങളാണ്. പഴഞ്ഞി അങ്ങാടിയാണ് പ്രശസ്തമായ കവുങ്ങ് വിപണി. പ്രത്യേകിച്ചും കൊട്ടടയ്ക്കയുടെ മാർക്കറ്റ്. കുന്ദംകുളത്ത് അങ്ങാടിയിൽ ലേലമാണ്. അപ്പുവേട്ടൻ പറയുന്നു: 'പഴഞ്ഞിയാണ് ബെസ്റ്റ്. അവിടെ ഓരോ കർഷകർക്കും ധൈര്യമായിട്ട് ചെല്ലാം.. നമുക്ക് വിചാരിക്കണ വെല കിട്ടും.' എട്ടു കിലോമീറ്റർ അകലെ കടങ്ങോട്ടുള്ള വീട്ടുവളപ്പിൽ അപ്പുവേട്ടൻ വളർത്തുന്നത് ഇപ്പോൾ പ്രധാനമായും കുരുമുളകാണ്.

ചീര പത്മനാഭൻ

'എട്ടാമത്തെ വയസ്സിൽ ഇറങ്ങിയതാ. ഇപ്പോൾ വയസ്സ് എഴുപതായി. അന്ന് നാലേറ് പോത്തും നാലേറു മൂരിയും ഉണ്ടായിരുന്നു. ആ കന്നുകാലികൾക്ക് വെള്ളം ചൂടാക്കിക്കൊടുക്കലായിരുന്നു ആദ്യത്തെ പണി. അച്ഛന്റെ അച്ഛൻ പുലർച്ചെ വിളിച്ചുണർത്തും. പിന്നെപ്പിന്നെ ആരും വിളിക്കാതെ തന്നെ എണീക്കാറായി. വടക്കേക്കരത്തെ കുട്ടികളിൽ പേടുണ്ടാവില്ലെന്ന് ഇവിടെ നാട്ടുകാർക്ക് ഒരു പറച്ചിലുണ്ട്. അതുപോലെ തന്നെ ഞങ്ങളെല്ലാം നന്നായി അധ്വാനിച്ചു. വളർന്നു.'

നാട്ടുകാർക്ക് അപ്പു എന്ന പത്മനാഭൻ ആദ്യം ചീര പത്മനാഭനായി. ഒരേക്കറിൽ ചെഞ്ചീര നട്ടു, ചാണകവും കപ്പലണ്ടിപ്പിണ്ണാക്കും വളം. അതങ്ങ് വളർന്നു. എട്ടു കിലോമീറ്റർ ദൂരത്തോളം എല്ലാ ദിവസവും ചീര വിറ്റു. ഒരു കെട്ടിന് അന്ന് അഞ്ചു രൂപ വില. 500 കെട്ടുവരെ വിറ്റ ദിവസങ്ങൾ. അപ്പുവേട്ടന്റെ എം 80 പന്നിത്തടത്തുനിന്ന് പഴഞ്ഞിവരെ എന്നുമോടി. അങ്ങനെ അപ്പുവേട്ടന് പേരിനൊപ്പം ചീര എന്ന പേരും കിട്ടി.

ചീര പിന്നെ കൂർക്കയിലേക്ക് മാറി. ഒരു പാടം നിറയെ കൂർക്ക. അടിവളംമാത്രം നന്നായാൽ കൂർക്ക നന്നായി വളരും എന്നതായിരുന്നു അനുഭവം. നൂറേക്കർ പാടത്ത് നൂറിലേറെ പണിക്കാരുമായി കൂർക്കകൃഷി. നാഷണൽ പെർമിറ്റ് ലോറികൾ നിരന്ന കാലം. 'ഒപ്പം എല്ലാ പച്ചക്കറികളും പാടത്തുണ്ടാക്കി. പറമ്പിലും പാടത്തുമായി തന്നെയായിരുന്നു ജീവിതം. കൃഷിഭവൻകാർക്ക് അറിയാം. എന്റെ പറമ്പിൽ എപ്പോഴും എന്തെങ്കിലും ഉണ്ടാവും. എല്ലാദിവസവും എന്തെങ്കിലും വിൽക്കാൻ ഉണ്ടാവും.' ആ തുടർച്ചയിലാണ് പത്മനാഭൻ എന്ന അപ്പുവേട്ടൻ ഇപ്പോൾ കാർഷിക പുരസ്‌കാരങ്ങൾ പലതും പലവട്ടം സ്വന്തമാക്കി ചിരിക്കുന്നത്.

പറമ്പൊരുക്കണം

'പണ്ടൊക്കെ പറമ്പ് കൃത്യമായി രണ്ടു വട്ടമെങ്കിലും ചെത്തി വെടിപ്പാക്കിയിരുന്നു. തെങ്ങിന്റെ കടയൊക്കെ നന്നായി തുറന്ന് ഇടും. ഇത് മഴയ്ക്ക് മുമ്പേ തന്നെ ചെയ്യും. അങ്ങനെ ചെയ്താൽ പുതുവേരു വരും. അതങ്ങനെ നാവും നീട്ടി നിൽക്കണം. ആ വേരുകൾക്കാണ് വളം കൊടുത്തിരുന്നത്. അങ്ങനെയായാലോ? നല്ലോണം വിളവും കിട്ടും, തെങ്ങിനും കവുങ്ങിനുമൊക്കെ നല്ല ആരോഗ്യവും ഉണ്ടാവും. ഇപ്പോൾ ഒറ്റ ദിവസമാണ് കട തുറക്കുന്നതും മൂടുന്നതും. അത് തന്നെ വേരിളക്കണമെന്നതൊന്നും ആരും ആലോചിക്കുന്നു പോലുമില്ല. കേടു വരാനും കായ്ഫലം കുറയാനും ഇതാണ് കാരണമെന്നാണ് എന്റെ അനുഭവം.'

ഏഴു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലാണ് അപ്പുവേട്ടൻ പറയുന്നത്. സ്വന്തം അനുഭവമാണ് കാർഷിക നിരീക്ഷണത്തിന്റെ കാതൽ. ആരോഗ്യമുള്ള പറമ്പാണ് അടിത്തറ. അപ്പോഴും ധൈര്യമായി ആശ്രയിക്കാവുന്നത് ഇന്നും കുരുമുളകാണെന്ന് പറയുന്നു ഈ കർഷകൻ.

ഞാറ്റുവേലപ്പേടി വേണ്ട

പണ്ട് കുരുമുളക് ചെടി കൊണ്ടുപോയ സായ്പ്പിനോട് തിരുവാതിര ഞാറ്റുവേല കൊണ്ടു പോകാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞ രാജാവിന്റെ കഥ പറഞ്ഞാൽ അപ്പുവേട്ടൻ ചിരിക്കും. 'ഇപ്പോൾ ഞാറ്റുവേലയ്ക്ക് വല്ല കണക്കുമുണ്ടോ? മഴയും വെയിലുമൊക്കെ തോന്നിയ പോലെയായി. കാലാവസ്ഥാ മാറ്റം എല്ലാ വിളകൾക്കും പ്രശ്‌നമാണ്. എന്നാൽ, കുരുമുളകിന് നമുക്ക് ഇപ്പോൾ എന്നും തിരുവാതിര ഞാറ്റുവേല ഉണ്ടാക്കാം.'

മരങ്ങളിൽ പടർത്തിയായിരുന്നു പണ്ട് കുരുമുളക് വളർത്തിയിരുന്നത്. മുരിക്കായിരുന്നു മുഖ്യം. ഒപ്പം തെങ്ങിലും കവുങ്ങിലുമൊക്കെ മുളക് പടർത്തി. ഇതൊന്നും ഇപ്പോൾ സാധ്യമല്ലാതായി എന്നാണ് അപ്പുവേട്ടൻ പറയുന്നത്. 'മുളക് പറിച്ചെടുക്കാൻ ആളില്ല. നമുക്ക് തന്നെ പറിച്ചെടുക്കാവുന്ന ഉയരത്തിൽ പരമാവധി വിളവു കിട്ടിയാൽ മാത്രമേ കർഷകന് ഇനി ലാഭം ഉണ്ടാവൂ.' ആ അന്വേഷണങ്ങളാണ് കടങ്ങോട്ടെ അപ്പുവേട്ടന്റെ പറമ്പിനെ കുരുമുളകിനാൽ സമൃദ്ധമാക്കിയത്.

ആദ്യം ആസ്ബസ്‌റ്റോസ് പൈപ്പുകളിലായിരുന്നു മുളക് പടർത്തിയത്. പൈപ്പിൽ ഗ്രീൻ നെറ്റ് ചുറ്റി സിമന്റ് പശ ചേർത്ത് ചുറ്റും. അതിൽ മുളക് പടർത്തും. ഇതോടെ പന്ത്രണ്ടടി ഉയരത്തിൽ മാത്രമേ പടരൂ എന്നായി. ചെറിയ ഏണി മതി മുളകിന്റെ വിളവെടുപ്പിന്. ഇപ്പോൾ പിവിസി പൈപ്പുകളിലേക്ക് മാറുകയാണ് അപ്പുവേട്ടൻ.

'ആസ്ബസ്റ്റോസിനേക്കാൾ നല്ലത് ഇതാണ്. കാലങ്ങളോളം ഒരു കേടും കൂടാതെ നിന്നോളും.. പൈപ്പിൽ ഇടയ്ക്കിടെ ചെറിയ ദ്വാരങ്ങൾ ഇടണം. മണ്ണും ചകിരിച്ചോറും നിറച്ചാൽ മതി. വേര് വേഗത്തിൽ പായും. ആവശ്യത്തിന് വളം കാലാകാലത്തിൽ ഇടാനും പറ്റും. പൈപ്പിൽ ബലത്തിന് ഒരു കമ്പി ഇടണം. ചകിരിച്ചോറുള്ളതിനാൽ വെള്ളം നിന്നോളും. മണ്ണിനൊപ്പം മണലും കൂടി ചേർത്താൽ വേരോട്ടം വേഗത്തിലാവും. കുറച്ച് വേപ്പിൻ പിണ്ണാക്കു കൂടി ചേർത്താൽ പിന്നെയും ഫലപ്രദമാണ്.'

പന്നിയൂർ, വെള്ളമുണ്ട, കരിമുണ്ട എന്നീ ഇനങ്ങളും കുറ്റിക്കുരുമുളകും ഇവിടെയുണ്ട്. മതിലിന് മുകളിലാണ് കുറ്റിക്കുരുമുളക്. പന്നിയൂരിനേക്കാൾ തന്റെ മണ്ണിന് പറ്റിയത് വെള്ളമുണ്ടയും കരിമുണ്ടയുമാണെന്ന് പറയുന്നു അപ്പുവേട്ടൻ. എല്ലാ കൊല്ലവും നിറച്ചു കായ് പിടിക്കുന്നതാണ് അനുഭവം. ദ്രുതവാട്ടം വളരെ കുറവുമാണ്. 12 അടിയുള്ള ഒരു കാലിൽനിന്ന് പ്രതിവർഷം പത്തു കിലോവരെ കിട്ടും. രണ്ടാമത്തെ കൊല്ലം തന്നെ കായ്ച്ചു.'

ദ്രുതവാട്ടത്തിന് കാരണം പരിചരണത്തിന്റെ കുറവെന്നാണ് അപ്പുവേട്ടന്റെ പക്ഷം. 'നമ്മൾ വെറുതേ കുരുമുളക് നട്ടുപോയാൽ പോരാ. പരിചരിക്കണം. കൊല്ലത്തിൽ രണ്ടുവട്ടം തുരിശും കുമ്മായവും ഇടണം.. പറമ്പ് നോക്കണം. പുല്ല് അധികം വരാൻ ഇട കൊടുക്കരുത്. മണ്ണിന്റെ അമ്ലവും പുളിയും കളയാനാണ് തുരിശും കുമ്മായവുമൊക്കെ ഇടുന്നത്. മനുഷ്യനെ നോക്കുന്നതു പോലെ തന്നെ മണ്ണിന്റെ ആരോഗ്യവും നോക്കണം.'

കുറ്റിക്കുരുമുളക് ചട്ടിയിൽ വളർത്തുന്നതിനേക്കാൾ നന്നായി കായ്ഫലം കിട്ടുന്നത് മണ്ണിൽ വച്ചാലാണ് എന്നതാണ് അപ്പുവേട്ടന്റെ അനുഭവം. തിരുവാതിര ഞാറ്റുവേല എന്നും കിട്ടാനാണ് കുരുമുളകിന് മുകളിലൂടെ വെള്ളം കൊടുക്കുന്നത്. കൃത്രിമമഴ പെയ്യുമ്പോൾ ചെടി ഉഷാറാവും. നന്നായി കുരുമുളകും കിട്ടുന്നുണ്ട്.

അതിഥി ദേവോ ഭവ

കേരളത്തിലെത്തുന്ന വിദേശികൾക്കും മറ്റു സംസ്ഥാനക്കാർക്കുമായി പുതിയ പാക്കേജുണ്ട് ഇവിടെ. പല ഹോട്ടലുകളുമായി ബന്ധപ്പെട്ട് നടത്തുന്ന ഫാം വിസിറ്റാണ് ഇത്. കൃഷിയിടം സന്ദർശിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പലരും ഈ പറയുന്ന ചെടികളൊന്നും കണ്ടിട്ടേയില്ല. നെല്ലു കാണാത്ത കുട്ടികളാണ് പലപ്പോഴും. അവർക്ക് പച്ചക്കറികളൊക്കെ കാണാൻ വലിയ താൽപര്യമാണ്. അങ്ങനെ വരുന്നവർക്കായി കൃഷിയിടത്തിൽതന്നെ ഭക്ഷണം ഒരുക്കും. അവരുടെ കണ്മുന്നിൽവച്ച് പൊട്ടിച്ചെടുത്ത വിഭവങ്ങൾ ഉപയോഗിച്ചാണിത്.

'ഇപ്പോൾ പച്ചക്കുരുമുളകിന് ആവശ്യക്കാർ കൂടിവരികയാണ്. പുതിയ ഫുഡ് ശൈലിയാണ് എല്ലാവർക്കും പ്രിയം. നമുക്കും ഇത് ഉപയോഗിക്കാം. ഒരു കിലോ പച്ചക്കുരുമുളകിന് 250 രൂപ വില കിട്ടും. ഇത് ഉണക്കിയാൽ വില 600 രൂപയാകും. പക്ഷേ, മൂന്നു കിലോ പച്ചക്കുരുമുളക് ഉണങ്ങിയാലോ ഒരു കിലോ തികയൂ. അതിനാൽ പച്ചക്കുരുമുളകിന്റെ വിപണിയാണ് കർഷകർക്ക് ലാഭം.'

പറമ്പിൽ നല്ലൊരു കുളവുമുണ്ട്. മീൻ വളർത്തലിനെ ലാഭകരമാക്കാൻ പുതിയൊരു പദ്ധതിയുണ്ട്. കുളത്തിന് മീതേ കയറു കെട്ടി കോവൽ പടർത്തുന്നു. ആവശ്യത്തിന് കോവലും കിട്ടും. കുളം വളരെ ഓർഗാനിക് ആയി നിലനിൽക്കുന്നു എന്ന സൗകര്യവുമുണ്ട്. അതിഥികൾക്കും സന്തോഷം. പറയുന്ന മീനിനെ പിടിച്ച് കഴിക്കാൻ കൊടുക്കാം.

'റിസോർട്ടുകളിലും ഹോം സ്‌റ്റേകളിലും ഒക്കെ വന്നു താമസിക്കുന്നവർ വരാറുണ്ട്. വിദേശികളും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരും. എല്ലാരും കൃഷി കണ്ട് സന്തുഷ്ടരാവും. പലർക്കും പച്ചയായി തന്നെ പച്ചക്കറി കഴിക്കാനാണ് ഇഷ്ടം. നമ്മുടെ പിണ്ടി തന്നെ നാലഞ്ചു തരം വിഭവങ്ങളാക്കാം. പലർക്കും ഇതൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിഭവങ്ങളാണ്. ഡൽഹിയിൽനിന്നും മുംബൈയിൽ നിന്നുമൊക്കെ വരുന്നവർക്ക് നമ്മളെന്തിനാണ് നോർത്ത് ഇന്ത്യൻ ഫുഡ് കൊടുക്കുന്നത്. അവർക്ക് താൽപര്യമുള്ള വിഭവങ്ങൾ വൃത്തിയായി കൊടുക്കുകയാണ് വേണ്ടത്. വേറൊരു ടേസ്റ്റ്, വേറൊരു വെറൈറ്റി. വരുന്നോർക്ക് ഹാപ്പി.'

വേറൊരു സന്തോഷം കൂടിയുണ്ട് അപ്പുവേട്ടന്.. 'സ്‌കൂളിൽ പോകാൻ അധികം പറ്റിയിട്ടില്ല. അതിനാൽ അന്ന് അധികം സർട്ടിഫിക്കറ്റുകളും കിട്ടാൻ ഭാഗ്യം ഉണ്ടായില്ല. ഈ വിഷമം ഇപ്പോൾ മാറി. വീട്ടിൽ നിറച്ച് സർട്ടിഫിക്കറ്റുകളാണ്. ഒരു പെട്ടി നിറയെ ട്രോഫികളുമുണ്ട്. ഒക്കെ ഓരോ ദൈവാധീനം.'