ഒരു കാപ്പിക്ക് 28,000 രൂപ; സ്‌കോട്‌ലന്‍ഡ് സര്‍ക്കാരിന്റെ അകമഴിഞ്ഞ പ്രോത്സാഹനം, എന്താണ് പ്രത്യേകത?

രാസവളവും കൃത്രിമചേരുവകളും ചേര്‍ക്കാതെ പൈതൃകപരമായി പകര്‍ന്നുകിട്ടിയ കൃഷിമാര്‍ഗത്തിലൂടെ വിളയിച്ചെടുത്ത കാപ്പിക്കുരുക്കള്‍ കൊണ്ടുണ്ടാക്കുന്ന നല്ല ഒന്നാംതരം കാപ്പി, യു.കെ.യിലെ ഏറ്റവും വില കൂടിയ കാപ്പിയാണിത്. ഫ്‌ളാറ്റ് വൈറ്റ് കോഫി എന്നറിയപ്പെടുന്ന ഒരു കാപ്പിക്ക് വില 28,000 രൂപ. സ്‌കോട്ട്‌ലന്‍ഡിലെ ഒരു ഫാമാണ് ഈ കാപ്പി ലോകത്തിന് പരിചയപ്പെടുത്തിയത്. എന്തായാലും ഈ കൃഷിരീതിയേയും അതിലൂടെ തങ്ങളുടെ പൈതൃകത്തേയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാര്‍.
ഒരു കാപ്പിക്ക് ഇത്രയും വില കൊടുക്കേണ്ടതുണ്ടോ, എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് അവര്‍ ആ കഥ അവതരിപ്പിക്കും.. മോസ്ഗിയേല്‍ ഓര്‍ഗാനിക് ഡയറി ഫാം മുന്നോട്ടുവെച്ച കലാപരമായ ക്രൗഡ് ഫണ്ടിങ് പരിപാടിയുടെ കഥ. ഫാമിന്റെ നടത്തിപ്പിനായി അവര്‍ക്ക് പണം ആവശ്യമാണ്. ഈ പണമാണ് അവര്‍ കാപ്പിയുടെ വിലയിലൂടെ ഈടാക്കുന്നത്. ഇതിലെന്ത് ക്രൗഡ് ഫണ്ടിങ് എന്ന് ചിന്തിക്കാന്‍ വരട്ടെ, ഈ കാപ്പി കുടിക്കുന്നയാള്‍ക്ക് മോസ്ഗിയേല്‍ ഓര്‍ഗാനിക് ഡയറി ഫാമിന്റെ ഒരു ഓഹരി കൂടി ലഭിക്കും.
അതേ, കാപ്പിയുടെ വിലയായ 28,000 രൂപയാണ് അവരുടെ ഒരു ഓഹരിയുടെയും വില. കാപ്പി കുടിക്കുന്നതിലൂടെ നിങ്ങള്‍ക്കും ആ ഫാമില്‍ ചെറിയ ഒരവകാശം ലഭിക്കുമെന്ന് സാരം. പിന്നീടിങ്ങോട്ട് ഫാമില്‍ ഉത്പാദിപ്പിക്കുന്ന പാലുത്പന്നങ്ങള്‍ കുറഞ്ഞവിലയില്‍ നിങ്ങള്‍ക്കും ലഭിക്കും. സ്‌കോട്ട്‌ലന്‍ഡിന്റെ പൈതൃകത്തിലൂന്നി ഫാമില്‍ സംഘടിപ്പിക്കുന്ന സ്വകാര്യ ആഘോഷപരിപാടികളില്‍ നിങ്ങള്‍ക്കും പങ്കുചേരാം. വിനോദമെന്നോണം കൃഷിപ്പണിയില്‍ പങ്കുചേരാം. അങ്ങനെ സ്‌കോട്ട്‌ലന്‍ഡിന്റെ പൈതൃകത്തില്‍ നിങ്ങള്‍ക്കും ഒരു ഭാഗമാകാം.
സ്‌കോട്ട്‌ലന്‍ഡില്‍ 13 ആകെ 13 കടകളില്‍ മാത്രമാണ് ഈ കാപ്പി കിട്ടുക. ക്രൗഡ് ഫണ്ടിങ്ങിലൂടെ മൂന്നുകോടി രൂപ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മോസ്ഗിയേല്‍ ഓര്‍ഗാനിക് ഡയറി ഫാമിന്റെ ഉടമ ബ്രൈസ് കണ്ണിങ്ഹാം പറയുന്നു. 'ഇതിന്റെയൊപ്പം, ലോണെടുത്ത ഒമ്പതുകോടി രൂപകൂടി ചേര്‍ത്ത് ഫാമിന്റെ ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. പരമ്പരാഗത കൃഷിരീതി പ്രോത്സാഹിപ്പിക്കുകയും സ്‌കോട്ട്‌ലന്‍ഡിന്റെ പൈതൃകത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം,' ബ്രൈസ് പറയുന്നു.
18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്‌കോട്ട്‌ലന്‍ഡിന്റെ ദേശീയകവി റോബര്‍ട്ട് ബര്‍ണ്‍സ് ജീവിച്ചിരുന്നയിടത്താണ് നിലവില്‍ മോസ്ഗിയേല്‍ ഓര്‍ഗാനിക് ഡയറി ഫാം സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കാപ്പിയിലൂടെ ഈ സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യവും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ബ്രൈസ് പറയുന്നു. അതേസമയം, ഫാമിന്റെ ഓഹരി 'സര്‍ട്ടിഫിക്കറ്റ്' ലഭിക്കുന്നവര്‍ അതിലുള്ള അറിയിപ്പും കൃത്യമായി വായിക്കണമെന്ന് ബ്രൈസ് ഓര്‍മിപ്പിക്കുന്നു. 'സാധാരണ ഓഹരി കൈകാര്യം ചെയ്യുന്നതുപോലെയല്ല ഇത്. ഇതില്‍നിന്നും നിങ്ങള്‍ക്ക് പണം തിരികെ ലഭിക്കില്ല. ഒരു നാടിന്റെ പൈതൃകവും തനത് കൃഷിരീതിയും സംരക്ഷിക്കുന്നതിനായി നിങ്ങള്‍ നല്‍കുന്ന സംഭാവനയാണിത്,' ബ്രൈസ് വ്യക്തമാക്കുന്നു.
Content Highlights: 28000 rupees worth coffee from scotland