പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞായിരുന്നു മുസാഫിലിന്റെ ‘ക്രെഡ് ഡോട്ട്’ അന്ന്. കൊച്ചിൻ എൻജിനീയറിങ് കോളേജിൽ നിന്ന്  ബിരുദം പൂർത്തിയാക്കിയ മുസാഫിലിനു സ്വന്തമായി ഒരു ഓൺലൈൻ കൺസൾട്ടൻസി കമ്പനി തുടങ്ങാനായിരുന്നു മോഹം. പക്ഷേ, വ്യക്തമായ, ശരിയായ മാർഗനിർദേശങ്ങൾ നൽകാനാരുമില്ല, അതിനനുസരിച്ചൊരു സ്പേസും ഇല്ല. അങ്ങനെയിരിക്കേയാണ് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന കോ-വർക്കിങ് സ്പേസിനെപ്പറ്റി അറിയുന്നതും അങ്ങോട്ടു ചേക്കേറുന്നതും.

3000 രൂപ മാസവാടകയ്ക്ക് സീറ്റെടുത്ത് തന്റെ സ്വപ്ന സംരംഭത്തിന്റെ പ്രവർത്തനം ആരംഭിച്ചു. നിരന്തരമായ കഠിനാധ്വാനം, കമ്യൂണിറ്റികളിലെ ചർച്ചകൾ എല്ലാം അവരുടെ സ്വപ്ന സംരംഭത്തിന്റെ വളർച്ചയ്ക്ക്‌ ആക്കം കൂട്ടി. ഇന്നു രണ്ടു വലിയ സംരംഭങ്ങളാണ് മുസാഫിലും സംഘവും വികസിപ്പിച്ചെടുത്തത്. ഒന്ന്- മറ്റൊരാളുടെ സഹായം കൂടാതെ ആപ്പുകൾ നിർമിക്കാനുള്ള സംവിധാനവും രണ്ട്- ജില്ലയിലെ അലക്കുകമ്പനികളെ സംയോജിപ്പിച്ചുകൊണ്ടുള്ള ആപ്പും. രണ്ടുപേരായി തുടങ്ങിയ സംരംഭത്തിൽ ഇന്ന് ആളുകൾ ഏറെയാണ്. 

നിയാസും മുസാഫിലിനെ പോലെ ഫ്ലൂഹബിലെത്തിയത് ഇതുപോലൊരു ആശയവുമായാണ്. ടോപ്പ് റേറ്റഡ്  ആപ്പുകളെ കണ്ടെത്താനുള്ള ‘Tra Store’ എന്ന ആപ്പാണ് നിയാസിന്റെ സംരംഭം. ഇതുപോലെ ഒട്ടേറെ വിജയഗാഥകൾക്കു സാക്ഷിയാണ് കോഴിക്കോട്ടെ ഹൈലൈറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന  ഫ്ല്യൂഹബ് കോ-വർക്കിങ് സ്പേസിനു പറയാനുള്ളത്. കേരളത്തിലെ ഏറ്റവും വലിയ  കോ-വർക്കിങ് കമ്യൂണിറ്റികൂടിയാണിത്.

പറക്കാം, ഫ്ല്യൂഹബിലൂടെ
പതിനേഴു വർഷമായി ഡിസൈനിങ്, റോബോട്ടിക്സ് തുടങ്ങിയ രംഗത്തുള്ള അലി റിസ അബ്ദുൽ  ഗഫൂർ രണ്ടു വർഷം മുൻപാണ് കോഴിക്കോട്ട് കോ-വർക്കിങ് എന്ന ആശയം അവതരിപ്പിച്ചത്.  രാജ്യത്ത് മിക്ക സ്ഥലത്തും പ്രൊഡക്ട് കമ്പനികളെ സഹായിക്കാൻ ആളുകൾ ഏറെയാണ്. എന്നാൽ, സർവീസുകൾ നൽകുന്ന കന്പനികളെ പ്രോത്സാഹിപ്പിക്കാൻ ആരുമില്ല. അത്തരം സെക്ടർ പ്രവർത്തന സജ്ജമാകാൻ ഒരു സാമൂഹികവിപ്ലവം തന്നെ വേണമായിരുന്നു. ദുബായ് അടക്കമുള്ള പുറം രാജ്യങ്ങളിൽ ഇന്ത്യക്കാരടക്കം ഒട്ടേറെപ്പേർ കോ-വർക്കിങ് സ്പേസുകളിലിരുന്നു വൻവിജയമാണ് കൊയ്യുന്നത്. നമ്മുടെ നാട്ടിലെ പുത്തൻ തലമുറയുടെ ആശയങ്ങൾ നട്ടുവളർത്താൻ ആവശ്യമായ ഒരിടം ഇല്ലെന്നു തോന്നി. അങ്ങനെയാണ് ‘ബ്രെയിൻ ഡ്രെയിൻ’ ഒഴിവാക്കാൻ ഒരു അടിപൊളി ബ്രെയിൻ ഷെയറിങ്ങിനു സാധ്യതയുള്ള കോ-വർക്കിങ് സ്പേസുകൾ കോഴിക്കോട്ട് ആരംഭിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് രണ്ടുവർഷം മുൻപ് കോ-വർക്കിങ് സ്പേസുകൾ ആരംഭിക്കുന്നത്.  ഒരു കോർപ്പറേറ്റ് അന്തരീക്ഷത്തിലിരുന്ന ജോലി ചെയ്യാനുള്ള സൗകര്യമാണ് ഫ്ല്യൂഹബ് ഒരുക്കുന്നത്. 

കോ-വർക്കിങ്ങിന്റെ പ്രധാന്യം
ഒരു സംരംഭം ആരംഭിക്കുക  എളുപ്പമല്ല.  മിഥുനമെന്ന മലയാള ചിത്രത്തിലെ സേതുമാധവന്റെ ഗതി മിക്ക നവഗാതസംരംഭകർക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നത് പരമമായ സത്യമാണ്. .
എന്തു ബിസിനസ് ചെയ്യണം എന്നു തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ വേണ്ടത് കണ്ണായ സ്ഥലമാണ്. പിന്നെ അവിടേക്കുള്ള സാധന സാമഗ്രികൾ, വെള്ളം, വൈദ്യുതി ഇതെല്ലാം അനുവദിച്ചുകൊണ്ടുള്ള മേലുദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റുകൾ എന്നിവയാണ്. ഇനി കെട്ടിപ്പടുത്തതിനു ശേഷം ആ ബിസിനസ് പൊളിയുകയാണെങ്കിലോ അതും കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാതെ, പ്രൊഡക്ടിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു ബിസിനസ് ചെയ്യാനുള്ള സൗകര്യമാണ് ഫ്ല്യൂ ഹബ് പോലെയുള്ള കോ-വർക്കിങ് സ്പേസുകള് നവാഗത സംരംഭകർക്കായി ഒരുക്കിത്തരുന്നത്.  

വൻകിട പദ്ധതികളുടെ നഴ്സറി
ഒരു നഴ്സറിപോലെയാണ് ഫ്ല്യൂ ഹബ് കോ-വർക്കിങ് പ്രവർത്തിക്കുന്നത്. അവിടെ നവാഗതർ ആശയങ്ങളുമായി വരുന്നു. അതു  വികസിപ്പിച്ചെടുക്കുന്നു. കമ്യൂണിറ്റികളുമായി നിരന്തരം ഇടപെടുന്നതിലൂടെ പുതിയ ക്ലൈന്റ്, ആശയങ്ങൾ എന്നിവ ലഭിക്കുന്നു. പിന്നെ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയായിത്തീർന്നാൽ പുതിയ സ്ഥലമെടുത്തു നീങ്ങുന്നു. മിക്കവരും ബിസിനസ് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ അവർ പ്രൊഡക്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇൻഫ്രാസ്ട്രക്ടച്ചറിലാണ് ഏറ്റവുമധികം സമയവും പണവും ചെലവഴിക്കുക. അതിനാൽ  അവരുടെ യഥാർഥ ലക്ഷ്യങ്ങൾ അവർ പലപ്പോഴും അവർ മറക്കുന്നു. -അലി റിസ പറയുന്നു.
 കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമായി ഏതാണ്ട് 3000-ത്തോളം പുതിയ കന്പനികൾ വരുകയും അതിൽ 80 ശതമാനത്തോളം പൂട്ടിപ്പോകുകയും ചെയ്തിട്ടുണ്ട്. അതിനൊരു പ്രധാനകാരണമായി പറയുന്നതും മേൽപറഞ്ഞ കാര്യങ്ങളാണ്.  

അറിയാം കോ-വർക്കിങ് സ്പേസിനെപ്പറ്റി
ഒരു ഓഫീസനകത്ത് ഒരുപാട് കമ്പനികൾ -അതാണ് കോ-വർക്കിങ്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഒട്ടേറെ പേർ ഒരു ഓഫീസിലിരുന്നു സ്വതന്ത്രമായി പണിയെടുക്കുന്ന രീതി. ഇവിടെ പുതിയ സംരംഭകർക്കായി കാത്തിരിക്കുന്നത് ഒരു കോർപ്പറേറ്റ് അന്തരീക്ഷത്തിലുള്ള ഓഫീസും സൗകര്യങ്ങളുമാണ്.  ഇവർക്കു തങ്ങളുടെ ഓഫീസ് വിലാസമായി കോവർക്കിങ് സ്പേസിന്റെ വിലാസം ഉപയോഗിക്കാം. ഒരു മണിക്കൂർ മുതൽ ഒരു വർഷത്തേക്ക് ആളുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യമാണ് ഇവർ നൽകുന്നത്. കോ-വർക്കിങ് സ്പേസിൽ ഒരുക്കിയിട്ടുള്ള കസേരകൾ/ സീറ്റുകൾ വാടകയ്ക്കെടുക്കാം. പലതിനും പല വാടകയാണ്. ഫ്ല്യൂഹബിൽ ഡെഡിക്കേറ്റഡ് സീറ്റുകൾക്കു മാസം 6000 രൂപയാണ് വാടക. എന്നാൽ ചെറുകിട സംരംഭകർക്ക് സാധാരണ സീറ്റുകളും ഉണ്ട്. ഇവയ്ക്കു 3000 രൂപയാണ് വാടക. ഒരു ദിവസത്തിനു  500 രൂപ വരെ ഈടാക്കുന്ന സീറ്റുകളുമുണ്ട്. ഇവർക്കു ബീൻബാഗിലോ ചെയറിലോ ലോഞ്ചിലോ ഇരുന്നു ജോലിചെയ്യാം.   

സൗകര്യങ്ങൾ
ഫ്ല്യൂഹബിൽ സീറ്റുകൾ കൂടാതെ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാനും ശില്പശാല സംഘടിപ്പിക്കാനുമുള്ള സൗകര്യങ്ങളും ഇവർ സജ്ജമാക്കുന്നുണ്ട്. ബോർഡ് റൂം, വൈ ഫൈ, പ്രോജക്ടർ, എ.സി, ഉച്ചഭക്ഷണം, ചായ, ശൗചാലയം, വെള്ളം എന്നീ സംവിധാനങ്ങള് ഇവിടെ ലഭ്യമാണ്.  ഇവർക്കായി ഭക്ഷണവും ചായയും എത്തിക്കുന്നത് വീട്ടിൽ നിന്നും ഭക്ഷണം പാകം ചെയ്തു കൊണ്ടുവന്നു വിൽക്കുന്നത് സ്റ്റാർട്ടപ്പുകളാണ്. ഒരുമിച്ചു പണിയെടുത്തു വളരുന്നവർ, തളരുമ്പോൾ ഗെയിംസും മറ്റും വിനോദങ്ങളിലും ഏർപ്പെടാനുള്ള സാഹചര്യം ഫ്ല്യൂഹബ് ഒരുക്കുന്നുണ്ട്. 

കോവർക്കിങ്  കമ്യൂണിറ്റി  
 ഓഫീസ് എന്ന ആശയത്തിലുപരി കോവർക്കിങ് എന്നതൊരു കമ്യൂണിറ്റിയാണ്. ഒരു പക്ഷിയായി പറക്കുന്നതിനു മുൻപ് ശരിയായ മാർഗനിർദേശങ്ങൾ നൽകുക. പലപ്പോഴും സംരംഭങ്ങള് ആരംഭത്തിൽ തന്നെ പൊളിയാൻ കാരണമാകുന്ന മറ്റു കാര്യങ്ങളാണ് ശരിയായ ടീം അംഗങ്ങൾ ഇല്ലാത്തതും വിവിധ മേഖലകളിൽ മാർഗനിർദേശം നൽകാൻ ആരുമില്ലാത്തതും. ഈ പിഴവുകൾ നികത്താൻ ഓഫ് ലൈനായും ഓൺലൈനായും പ്രവർത്തിക്കുന്ന കമ്യൂണിറ്റികൾ സഹായിക്കുന്നു. കോ-വർക്കിങ് കമ്യൂണിറ്റിയിലൂടെ  ഇവർക്കു വിദഗ്ധരായവരുടെ മാർഗനിർദേശം ലഭിക്കുന്നു. നിരന്തരമായി നടക്കുന്ന സമ്പർക്കത്തിലൂടെ ശരിയായ അംഗങ്ങളെ കണ്ടെത്താനും സാധിക്കുന്നു. പണ്ടുകാലത്തു ആളുകൾ ഒരു ചായക്കടയിലിരുന്നാണ് ആശയങ്ങൾ പങ്കുവെക്കുകയും ചർച്ചകൾ നടത്തിയിരുന്നതുമെങ്കിൽ ഇന്നു അതൊരു പ്രൊഫഷണൽ സ്പേസിലാണ് നടക്കുന്നത്. 

 ആർക്കെല്ലാം
പുതിയ സംരംഭകർക്കു മാത്രമല്ല, താത്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കും (ഫ്രീലാൻസർ) പുത്തൻ വഴികൾ തുറക്കുകയാണിവ. വീട്ടിലിരുന്ന ജോലിചെയ്യുന്നത് ബുദ്ധിമുട്ടുമായി തോന്നുന്നവരെയും ഒരു ഓഫീസ് അന്തരീക്ഷത്തിലിരുന്നു ജോലി ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നവരെയും ഇത്തരം സ്പേസുകൾ സ്വാഗതം ചെയ്യുന്നു. കോഫി ഷോപ്പിലോ മറ്റോ പോകാതെ ഉപഭോക്താക്കളെ കോർപ്പറേറ്റ് അന്തരീക്ഷത്തിൽ വെച്ച് എളുപ്പം കൈകാര്യം ചെയ്യാനും സാധിക്കും.  കോ-വർക്കിങ് സ്പേസുകളിൽ ഇരുന്നു ജോലിചെയ്യുമെന്നുറപ്പു നൽകുന്നവർക്ക്‌ ബെംഗളൂരുവിലും മറ്റുമുള്ള ചില കമ്പനികൾ അവരുടെ മറുനാടൻ ജോലിക്കാർക്കു ‘വർക്കു ഫ്രം ഹോം’ എന്ന ഓപ്‌ഷനും നല്കുന്നുണ്ട്.