സ്റ്റാർട്ട്അപ്പ് സംരംഭങ്ങളിൽ മൂലധനനിക്ഷേപം നടത്തുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ബോളിവുഡ് നടി ആലിയ ഭട്ടും സ്ഥാനം പിടിച്ചു. ഫാഷൻടെക് സ്റ്റാർട്ട്അപ്പായ ‘സ്റ്റൈൽക്രാക്കറി’ലാണ് ആലിയ ചെറിയൊരു ശതമാനം ഓഹരികൾ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ എത്ര തുകയാണ് മുതൽമുടക്കിയതെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. 
ആഗോള ബാങ്കിങ് സ്ഥാപനമായ എച്ച്.എസ്.ബി.സി.യിൽ ജീവനക്കാരനായിരുന്ന ദിമാൻ ഷാ, വോഗിന്റെ മുൻ ഫാഷൻ എഡിറ്റർ അർച്ചന വലവാൽക്കർ എന്നിവർ ചേർന്ന് 
2013-ൽ തുടങ്ങിയ സംരംഭമാണ് സ്റ്റൈൽക്രാക്കർ. ഇരുവർക്കും കൂടി കമ്പനിയിൽ 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ബാക്കി ഓഹരികളാണ് ആലിയയ്ക്കും മറ്റ് നിക്ഷേപകർക്കുമുള്ളത്. നിലവിൽ കമ്പനിക്ക് സ്ത്രീകൾക്ക് വേണ്ടിയുള്ള ഉത്പന്നം മാത്രമാണുള്ളത്. അടുത്തു തന്നെ പുരുഷൻമാർക്കായുള്ള  ഉത്പന്നങ്ങളും അവതരിപ്പിക്കുമെന്ന് ദിമാൻ ഷാ പറഞ്ഞു. നാലു മാസങ്ങൾക്ക് മുൻപാണ് കമ്പനി കസ്റ്റമൈസ്‌ഡ് ബോക്സുകളുടെ വിപണനം ആരംഭിച്ചത്.

2,999 രൂപ, 4,999 രൂപ, 6,999 രൂപ എന്നിങ്ങനെ വിലയുള്ള ബോക്സുകളിൽ വസ്ത്രങ്ങൾ, മറ്റ് അവശ്യ സാധനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ചെരിപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. നാലു മാസങ്ങൾക്കിടയിൽ 35 നഗരങ്ങളിലായി 50,000 ബോക്സുകളാണ് കയറ്റിയയച്ചത്. ഒരു മാസത്തിൽ 10 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകാനുള്ള ശേഷി കമ്പനിക്കുണ്ട്. സെലിബ്രിറ്റി ഡിസൈനർമാരിൽ നിന്ന് ഫാഷനിലെയും സ്റ്റൈലിങ്ങിലെയും ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ചുള്ള ഉപദേശങ്ങളും സാധാരണ ഇടപാടുകാർക്ക് ലഭ്യമാക്കുന്നുണ്ട്.

24കാരിയായ ആലിയ ഹൈവേ, 2 സ്റ്റേറ്റ്‌സ്, ഉഡ്ത പഞ്ചാബ്, സ്റ്റുഡന്റ് ഓഫ് ദി ഇയർ തുടങ്ങിയ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങളിൽ നായികയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, യുവരാജ് സിങ്, ബോളിവുഡ് താരം ഹൃത്വിക് റോഷൻ തുടങ്ങിയവർ സ്റ്റാർട്ട്അപ്പുകളിൽ നിക്ഷേപം നടത്തിയ സെലിബ്രിറ്റികളുടെ കൂട്ടത്തിലുണ്ട്.