ഡ്രോണ്‍ എന്ന കുഞ്ഞന്‍ ഹെലികോപ്റ്ററുകള്‍ മലയാളിക്ക് ഇന്ന് അപരിചിതനല്ല. വിവാഹ വീഡിയോകള്‍, ഇവന്റ് കവറേജ് എന്നിവയ്ക്കെല്ലാം ഡ്രോണ്‍ ഇന്ന് ഒഴിച്ച് കൂടാന്‍ പറ്റാത്ത അതിഥി തന്നെയാണ്. എന്നാല്‍ ഡ്രോണിന്റെ അനന്ത സാധ്യകള്‍ തേടിയുള്ള ഒരു കൂട്ടം യുവസുഹൃത്തുക്കളുടെ സ്റ്റാര്‍ട്ടപ്പ് ശ്രമങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍. അതായത് പാടത്ത് വിത്തിറക്കാനും,  വളമിടാനും, മരുന്നടിക്കാനുമൊക്കെ കഴിയുന്ന ഡ്രോണുകളുടെ വികസന ശ്രമങ്ങള്‍ക്കുള്ള അംഗീകാരം. 

തൃശ്ശൂര്‍ ആസ്ഥാനമായുള്ള ട്രക്കോണിക്ക് എന്ന സ്റ്റാര്‍ട്ടപ്പ് സംരഭത്തിലെ പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് കാര്‍ഷികമേഘലയില്‍ വിപ്ലവം തന്നെ തീര്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഡ്രോണ്‍ വികസനത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ബി.ടെക് പഠന ശേഷം ഡ്രോണ്‍ മേഖലയില്‍ നൂതനമായ എന്ത് കാര്യങ്ങള്‍ ചെയ്യാനാകുമെന്നുള്ള ചിന്തയിലാണ് കൃഷി ആവശ്യങ്ങള്‍ക്കുള്ള ഡ്രോണ്‍ എന്ന സംരഭത്തിലേക്ക് ഇവരെത്തിയത്. തുടര്‍ന്ന് വിശദമായ പ്രോജക്ട് സ്റ്റാര്‍ട്ടപ്പ്മിഷന്  സമര്‍പ്പിക്കുകയായിരുന്നു. 

drone15 കിലോ ഭാരമുള്ള എട്ട് ചിറകുകളുള്ള ഡ്രോണുകളാണ് ടീം ട്രക്കോണിക്ക് വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇതില്‍ വിത്തുകളും, വളങ്ങളും, കീടനാശനികളുമെല്ലാം നിറച്ച് പാടങ്ങളില്‍ ആവശ്യാനുസരണം ഉപയോഗിക്കുകയാണ്  ചെയ്യുന്നത്. സ്റ്റാര്‍ട്ട് മിഷന് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിലെ ആദ്യ രണ്ട് ഘട്ട പരിശോധനയിലും ഇവര്‍ അംഗീകാരം നേടിക്കഴിഞ്ഞു. ഇനി അവസാനഘട്ട പരീക്ഷണം കൂടി ബാക്കിയുണ്ട്. ഇത് കൂടി പൂര്‍ത്തിയായാല്‍ വളവും, കീടനാശിനിയുമെല്ലാം നിറച്ച ഡ്രോണുകളെ പാടങ്ങളിലെക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രക്കോണിക്ക് സി.ഇ.ഒ സ്വാതിന്‍ സിദ്ദാര്‍ഥ് മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു. 

droneഒരേക്കര്‍ പാടത്ത് ഒറ്റദിവസം കൊണ്ട് വിത്തിടല്‍ പൂര്‍ത്തിയാക്കാന്‍ ഈ ഡ്രോണുകള്‍ക്ക് കഴിയുമെന്ന് ട്രേക്കോണിക്ക് സംരഭകര്‍ അവകാശപ്പെടുന്നു. അറുപത് ദിവസങ്ങള്‍ കൊണ്ട് മനുഷ്യന്‍ ചെയ്ത് തീര്‍ക്കുന്ന ജോലികള്‍ ഒരു ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാനും ഡ്രോണിന് സാധിക്കും. മുന്‍ കൂട്ടി ആവശ്യപ്പെടുന്നത് പ്രകാരം പാടത്തിലെ കാറ്റിന്റെ ഗതിയും മറ്റ് പാരിസ്ഥിതിക സവിശേഷതകളെല്ലാം പരിശോധിച്ച് അതിന് അനുയോജ്യമായ തരത്തിലുള്ള ഡ്രോണുകളാണ് നിര്‍മിച്ച് നല്‍കുക. ഡ്രോണ്‍ ഉപയോഗങ്ങളില്‍ പരിശീലനവും നല്‍കും. സ്റ്റാര്‍ട്ടപ്പ് മിഷന്റെ അവസാന റൗണ്ടിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന ഡ്രോണുകളുടെ ആദ്യ സംരഭകര്‍ കൂടിയാവും ട്രക്കോണിക്ക്. 

ഏകദേശം രണ്ട്ലക്ഷം രൂപയോളമാണ് ഈ ഡ്രോണിന്റെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ അവരില്‍ നിന്നുള്ള സഹായവും ഇവര്‍ക്ക് ലഭിക്കും. ശ്രീ എറണാകുളത്തപ്പന്‍ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങിയവരാണ് സംഘത്തില്‍ ഏറെയുമുള്ളത്. ട്രക്കോണിക്ക് സി.ഇ.ഒ സ്വാതിന്‍ സിദ്ദാര്‍ഥിന് പുറമെ കിരണ്‍ മോഹന്‍, നെമിന്‍ ജോസ്, കീര്‍ത്തന, സ്വാതി, ജെബി ജോസ്,അമല്‍ ജെറി, ജിമ്മി, അതുല്‍ കിഷോര്‍, മനീഷ് , സുജിത്ത് എന്നിവരാണ് സംഘത്തിലെ പിന്നണി പ്രവര്‍ത്തകര്‍.

ഡ്രോണുകളെ കുറിച്ചും മറ്റും പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഇവര്‍ പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് 7736794909 എന്ന നമ്പറില്‍ ഇവരുമായി ബന്ധപ്പെടാം.