തൊഴിലില്ലായ്മ പ്രമേയമായി വരുന്ന കഥകളും ചലച്ചിത്രങ്ങളും കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുവരെ സാധാരണമായിരുന്നു. ആവശ്യത്തിന് പഠിപ്പ് കൈയിലുണ്ടായിട്ടും തൊഴില്‍രഹിതനായ നായകന്മാര്‍ നമ്മെ അസ്വസ്ഥരാക്കി. ജോലിയില്ലാതെ അലഞ്ഞവന്റെ പ്രണയവും സാക്ഷാത്കരിക്കപ്പെടുന്നില്ല. മനസ്സുമടുത്ത് നാടു വിടുന്ന നായകന്മാരോടൊപ്പം നമ്മള്‍ വ്യവസ്ഥിതിയെ പഴിച്ചു. ജോലിയില്ലാത്തവന്റെ നിരാശ നമ്മള്‍ ഓരോരുത്തരുടേതുമായി തീര്‍ന്നു. 

വര്‍ത്തമാന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു  കഥാവിഷ്‌കാരത്തിലും ഇപ്പോള്‍ തൊഴില്‍രഹിതന്‍ അധികം കടന്നുവരുന്നില്ല. അനുയോജ്യമായ തൊഴില്‍ തന്നിലേക്ക് നീട്ടാനായി യുവതലമുറ ഇന്ന് കാത്തിരിക്കുന്നില്ല. അഭിരുചിക്കിണങ്ങുന്ന തൊഴിലിടങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ സ്വയം അത് സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു. 'ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി', 'സ്റ്റാര്‍ട്ടപ്പില്‍ ജോലിക്കു ചേര്‍ന്നു' എന്നുള്ള മറുപടികള്‍ നമ്മളുടെ സംഭാഷണങ്ങളില്‍ സാധാരണവുമായി.

 എന്താണ് സ്റ്റാര്‍ട്ടപ്പ്? ചെറുകിട ബിസിനസും സ്റ്റാര്‍ട്ടപ്പും തമ്മില്‍ എന്താണ് വ്യത്യാസം? 'ഫോബ്‌സ്' മാസികയുടെ നിര്‍വചനമനുസരിച്ച് ഒരു പ്രശ്ന പരിഹാരത്തിനായി രൂപവത്കരിക്കുന്ന കമ്പനി. അവര്‍ നല്‍കുന്ന സേവനങ്ങള്‍ അന്നുവരെ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നില്ല. ആദ്യമായി ഒരു പ്രതിവിധി നിര്‍ശിക്കുന്നതും അത് വിജയമോ പരാജയമോ എന്ന് 'ഗാരന്റി നല്‍കാതെ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നതും ആ സ്റ്റാര്‍ട്ടപ്പ് ആണ്.
 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഇന്ന് വലിയ കമ്പനികള്‍ മുന്നോട്ടുവരുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് റിസ്‌കിനെ കുറിച്ച് ആലോചിക്കാതെ അവ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളും ദര്‍ശനങ്ങളും ആദരിക്കുന്നതുകൊണ്ടാണ് വമ്പന്‍ കമ്പനികള്‍ക്കും താത്പര്യം ഉണ്ടാകുന്നത്.
'സംഗീതം പോലെ ഇമ്പമുള്ളത്' എന്ന് പറയാനായിട്ടില്ല, പിച്ചവെച്ചു തുടങ്ങിയതേയുള്ളൂ ഈ മ്യൂസിക് സ്റ്റാര്‍ട്ടപ്പുകള്‍. ചില ഇന്ത്യന്‍ മ്യുസിക് സ്റ്റാര്‍ട്ടപ്പുകള്‍ ഇവയാണ്.
Kroomsa
ന്യൂഡല്‍ഹി ആസ്ഥാനമായ കമ്പനി. സ്വതന്ത്ര സംഗീതജ്ഞര്‍ക്കും ബാന്‍ഡുകള്‍ക്കും തങ്ങളുടെ സംഗീതം പൊതുധാരയിലേക്ക് എത്തിക്കാന്‍ 'Kroomsa' യെ സമീപിക്കാം. നിരവധി പാട്ടുകാരുടെ പെരുപ്പത്തില്‍ ഞെരുങ്ങുന്ന പുതിയ പാട്ടുകാര്‍ക്ക് അവരുടെ സംഗീതത്തെക്കുറിച്ച് വിളംബരം ചെയ്യാനുള്ള പ്ലാറ്റ്ഫോം കൂടിയാണ് ഈ കമ്പനി.
Mavrix/MySwar
ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത കണ്ടുപിടിത്ത എന്‍ജിന്‍ എന്നതാണ് 'മൈസ്വറി'ന്റെ അവകാശം. ആര്‍ട്ടിസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍, അവാര്‍ഡ് വിവരങ്ങള്‍, ചലച്ചിത്ര സംഗീതം, സ്വതന്ത്രസംഗീതം എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൊബൈല്‍ പതിപ്പുകളും ലഭ്യമാണ്.
Saavn
അമേരിക്കയാണ് ആസ്ഥാനമെങ്കിലും ഇന്ത്യന്‍ വേരുകളുള്ള കമ്പനി. വളരെ പെട്ടെന്ന് ജനപ്രീതിയാര്‍ജിക്കാന്‍ സാവന് സാധിച്ചു. കോടിക്കണക്കിന് ഗാനങ്ങളുടെ ഉടമസ്ഥാവകാശം ഈ കമ്പനി സ്വന്തമാക്കി. 'Freemium' എന്ന ബിസിനസ് മോഡലാണ് പിന്തുടരുന്നത്. അടിസ്ഥാന സേവനങ്ങള്‍ സൗജനമായി നല്‍കുകയും പ്രീമിയം സേവനങ്ങള്‍ക്ക് പണം കൈപ്പറ്റുകയും ചെയ്യുന്നതിനെയാണ് 'ഫ്രീമിയം' എന്ന് വിളിക്കുന്നത്.  ഇത്തരം കമ്പനികളുടെ മറ്റൊരു പ്രയോഗകൗശലമാണ് പരസ്യങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കുകയെന്നത്.
From Mug To Mike
മ്യൂസിക് സ്റ്റാര്‍ട്ടപ്പ് കൂട്ടത്തിലെ മലയാളി ബന്ധം 'മഗ് ടു മൈക്കി'നാകണം. 'ബാത്ത് റൂം പാട്ടുകാര്‍' എന്ന കൗതുകമുള്ള വിശേഷണത്തില്‍ നിന്നാണ് കമ്പനിപ്പേരിലെ 'മഗ്' ഉണ്ടായത്. സുനില്‍ കോശി എന്ന ടെക്കി ആരംഭിച്ച സംരംഭം. ഗായകന്‍ കൂടിയായ ഉടമ സമര്‍ഥരായ പാട്ടുകാരെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ കമ്പനി എന്നതിലുംനിന്ന് വളര്‍ന്നു. നിരവധി സംഗീത വര്‍ക്ഷോപ്പുകള്‍ നടത്തിവരുന്നതിന്റെയൊപ്പംതന്നെ, വളര്‍ന്നുവരുന്ന ഗായകര്‍ക്ക് മികച്ച റെക്കോഡിങ് അവസരങ്ങളും ഈ കമ്പനി നല്‍കുന്നുണ്ട്.
The Song Pedia
പാട്ടുകാര്‍, അവരുടെ ജീവചരിത്രം, ക്ലാസിക് ഗാനങ്ങള്‍, പുതിയ പാട്ടുകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഒരേ കുടക്കീഴില്‍ നിരന്നിരിക്കുകയാണ് 'ദ സോങ് പീഡിയ'യില്‍. 'ദീപ ബൂട്ടി' എന്ന വനിതയുടെ ആശയമാണ് സ്റ്റാര്‍ട്ടപ്പ് ആയി പിറന്നത്.

ആ പഴയകാലത്ത് പ്രഭാതത്തിലെ കാപ്പികുടിക്കൊപ്പം കേട്ട ഗാനങ്ങള്‍ എന്നെല്ലാം ഭൂതകാല ഓര്‍മകള്‍ സൂക്ഷിക്കുന്ന ദീപ, പാട്ടിന്റെ വിവരങ്ങളും വിവരണങ്ങളും ആവിഷ്‌കരിക്കുന്നത് വെറും ഒരു ബിസിനസ് േഡറ്റ എന്ന നിലയ്ക്കല്ല. മനോവികാരങ്ങള്‍ക്കനുസരിച്ചുള്ള പ്ലേ ലിസ്റ്റുകള്‍, പ്രിയ സംഗീതജ്ഞര്‍... സോങ് പീഡിയയില്‍ തിരയാന്‍ നിരവധി കാര്യങ്ങള്‍ ലഭ്യമാണ്.
 വിദേശരാജ്യങ്ങളില്‍ നിന്നുള്ള മ്യൂസിക് സ്റ്റാര്‍ട്ടപ്പുകള്‍ നിരവധിയുണ്ടല്ലോ.

'Internet of Things' എന്ന സാങ്കേതികവിദ്യയില്‍ ഊന്നി ആരംഭിച്ച 'Mind Music Lab' യൂറോപ്പിലെ ഏറ്റവും വിജയസാധ്യതയുള്ള സ്റ്റാര്‍ട്ടപ്പ് എന്ന ഖ്യാതി നേടിക്കഴിഞ്ഞു. 'Stagelink' എന്ന സ്റ്റാര്‍ട്ടപ്പ് ആര്‍ട്ടിസ്റ്റുകളുടെ കണ്‍സേര്‍ട്ട് ടൂര്‍, ആരാധകരുമായുള്ള ആശയവിനിമയം, ടിക്കറ്റ് വില്‍പ്പന എന്നിവയ്ക്കായി ആരംഭിച്ച കമ്പനിയാണ്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റീമിക്സ് നടത്താനായി തുടങ്ങിയ കമ്പനിയാണ് 'AI Music'. 'Hello Stage' ആകട്ടെ ക്ലാസിക്കല്‍ സംഗീതജ്ഞരെ ഏജന്റുകളും െപ്രാമോട്ടറുമായി ബന്ധിപ്പിക്കാനുള്ള പ്ലാറ്റ്ഫോം നല്‍കുന്നു. മ്യൂസിക് സ്‌കോറുകള്‍ ഓണ്‍ലൈന്‍ ആയി എഴുതാനുള്ള സംവിധാനം നല്‍കുന്ന കമ്പനിയാണ് 'Flat'.

പരാജയത്തിന്റെ കയ്പ്

എന്തുകൊണ്ട് പല മ്യൂസിക് സ്റ്റാര്‍ട്ടപ്പുകളും തോല്‍വി ഏറ്റുവാങ്ങുകയും പിന്‍വാങ്ങുകയും ചെയ്തു? ഏറ്റവും ഉജ്ജ്വലമായ ആശയങ്ങളുമായി തുടക്കം, മാധ്യമങ്ങള്‍ അവയെ വാഴ്ത്തി. 
എങ്കിലും പ്രതീക്ഷകള്‍ക്കൊപ്പം വളരാനാകാതെ വളരെപ്പെട്ടെന്ന് മടങ്ങി. വിദഗ്ദ്ധരുടെ വിശകലനപ്രകാരം ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. 'ലൈസന്‍സിങ്' ആണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഘടകം. മ്യൂസിക് ലൈസന്‍സിങ് നിയമങ്ങള്‍ പല രാജ്യങ്ങളിലും പല വിധത്തിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ലൈസന്‍സുകള്‍ക്കായി പണം മുഴുവന്‍ നഷ്ടപ്പെടുക, ലൈസന്‍സിങ്ങിന് മറ്റ് ഫണ്ടുകള്‍ ലഭ്യമാകാതെയുള്ള അവസ്ഥ തുടങ്ങിയവ ലൈസന്‍സിങ്ങായി ബന്ധപ്പെട്ട വെല്ലുവിളികളാണ്. 

സംരംഭകനും മറ്റ് നിക്ഷേപകരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പതിവാകുന്നു.
മികച്ചരീതിയില്‍ പബ്ലിക് റിലേഷന്‍സ് നിര്‍വഹിക്കാനാകാതെ പരാജയപ്പെട്ടവരും ഉണ്ട്. 'ഇങ്ങനെയൊരു സ്റ്റാര്‍ട്ടപ്പ് ഇതാ ഇവിടെയുണ്ട്' എന്നു വിളിച്ചുപറയാനായില്ലെങ്കില്‍ അതിലും വലിയ റിസ്‌ക് ഇല്ല. ഒരേ സേവനവുമായി പിന്നീടുവന്ന ഇതര കമ്പനിയുമായുള്ള മത്സരത്തില്‍ തോറ്റു പോയവരുമുണ്ട്. സ്ഥാപകര്‍ തന്നെ അവസാനിപ്പിച്ച സംഭവങ്ങളുമുണ്ട്. ഒരു സേവനം ആരംഭിച്ചത് തെറ്റായ സമയത്തായതുകൊണ്ട് മാത്രം പിന്നിലായി പ്പോയവരുമുണ്ട്. ആപ്പിള്‍ മ്യൂസിക് അവരുടെ 'സ്ട്രീമിങ്' സേവനം ആരംഭിച്ചത് വളരെ വൈകി യായതുകൊണ്ടുതന്നെ അവര്‍ക്ക് വിജയിക്കാനായില്ല.

പാട്ടുകാരേ... പാട്ടുപ്രേമികളേ..... ഹൃദയത്തിലെ സംഗീതത്തിന് കൂട്ടായി തലയില്‍ ആശയങ്ങള്‍ ഉദിക്കുന്നുണ്ടോ? ഒരു മ്യൂസിക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ നിങ്ങള്‍ക്കും കഴിയുമല്ലോ.