കൊച്ചി: ഗിന്നസ് റെക്കോഡ് കേരളത്തെ തേടി നിരവധി തവണ എത്തിയിട്ടുണ്ട്. എന്നാല്‍, അക്കാദമി വിഭാഗത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ലോക ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 'ലൈഫോളജി' എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭം.

തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ട് അപ്പ് ലോകത്തിലെ ഏറ്റവും വലിയ കരിയര്‍ അസസ്മെന്റ് ടെസ്റ്റ് നടത്തിയാണ് റെക്കോഡ് സ്വന്തമാക്കിയത്. നിരവധി കുട്ടികളെയാണ് ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാന്‍ ഇവര്‍ മനഃശാസ്ത്രപരമായി പ്രാപ്തരാക്കിയിട്ടുള്ളത്. ഒരേസമയം 2,077 കുട്ടികള്‍ക്ക് കരിയര്‍ അസസ്മെന്റ് (തൊഴില്‍ കണ്ടെത്താന്‍) ടെസ്റ്റ് നടത്തിയതിനാണ് ഈ നേട്ടം.

സി.ഇ.ഒ. പ്രവീണ്‍ പരമേശ്വര്‍, ഡയറക്ടര്‍മാരായ രാഹുല്‍ ഈശ്വര്‍, രാഹുല്‍ ജെ. നായര്‍ എന്നിവരടക്കം 14 പേരാണ് ഈ സ്റ്റാര്‍ട്ട് അപ്പിനു പിന്നിലുള്ളത്. എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ് കരിയര്‍ അസസ്മെന്റ് നല്‍കുന്നത്.

പഠനത്തിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ എന്ത് തിരഞ്ഞെടുക്കണമെന്ന് കുട്ടികള്‍ പലപ്പോഴും ആശങ്കയിലാണ്. ഏത് മേഖല തിരഞ്ഞെടുക്കണമെന്നതിന് കുട്ടികളെ തന്നെ പ്രാപ്തരാക്കുകയാണ് കരിയര്‍ അസസ്മെന്റിലൂടെ ലൈഫോളജി ചെയ്യുന്നതെന്ന് പ്രവീണ്‍ പരമേശ്വര്‍ പറയുന്നു.

നാല് വിദേശ രാജ്യങ്ങളില്‍നിന്നുള്ള സൈക്കോളജിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ഒരു മണിക്കൂര്‍ നീളുന്ന പരീക്ഷ, അഭിമുഖം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായാണ് അസസ്മെന്റ് നടക്കുന്നത്. ഇതിലൂടെ മാനസിക സമ്മര്‍ദങ്ങളൊന്നുമില്ലാതെ കുട്ടികള്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ഒപ്പം, അക്കാദമിക് കോഴ്സുകളുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും നല്‍കുന്നു.

കേരളം കൂടാതെ ലൈഫോളജി മറ്റ് സംസ്ഥാനങ്ങളിലുള്ള കുട്ടികള്‍ക്കും ഇത്തരം കരിയര്‍ അസസ്മെന്റ് പരിപാടികള്‍ ഇതിനോടകം സംഘടിപ്പിച്ചു വരികയാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ കരിയര്‍ അസസ്മെന്റ് സേവനം നല്‍കുന്നുണ്ട്.

37 രാജ്യങ്ങള്‍ പങ്കെടുത്ത് ചൈനയില്‍ നടന്ന കരിയര്‍ കോണ്‍ഫറന്‍സില്‍ പ്രവീണ്‍ ലൈഫോളജിയെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനം ലഭ്യമാക്കുന്നതിനായി ലൈഫോളജി ഐ.ടി. മിഷനുമായി ധാരണയിലെത്തിയിട്ടുണ്ട്.