കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാർത്ഥി സംരംഭങ്ങളിൽ പെടുന്നവയാണ് ‘അഗ്രിമ’യും ‘റിയാഫൈ’യും. സ്റ്റാർട്ടപ്പ് വില്ലേജ് കാലയളവിൽ തുടങ്ങിയതാണ് ഇവ. നിഖിലും ജോണും നേതൃത്വം നൽകുന്ന ഈ സ്ഥാപനങ്ങൾക്കും അവ ഇതുവരെ കരസ്ഥമാക്കിയ അംഗീകാരങ്ങൾക്കും സാമ്യങ്ങൾ ഏറെയാണ്.

രണ്ടും ഫൈനൽ ഇയർ പ്രോജക്ടിൽ നിന്നും തുടങ്ങിയവ. രണ്ടും പേറ്റന്റ് ലഭിച്ച പ്രോജക്ടുകളും. രണ്ട്‌ സ്ഥാപനങ്ങൾക്കും നൂറിലധികം രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന്‌ ഉപഭോക്താക്കൾ. ഇവയുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 

മൊബൈൽ ആപ്ലിക്കേഷൻ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ‘ഗൂഗിൾ’ അവരുടെ പ്രത്യേക അംഗീകാര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, ഇന്ത്യയിൽ നിന്നുള്ള മൂന്ന്‌ സ്ഥാപനങ്ങളിൽ രണ്ടെണ്ണം ഇവയാണ്. മികച്ച സ്റ്റാർട്ടപ്പ് അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ഇവരെത്തേടി ഇതിനകം എത്തിക്കഴിഞ്ഞു.

ഇതിന്റെ സ്ഥാപകരായ നിഖിലിനെയും ജോണിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. രണ്ടുപേരും കോലഞ്ചേരിയിലെ ശ്രീ നാരായണ ഗുരുകുലം കോളേജിൽ നിന്ന്‌ എൻജിനീയറിങ്‌ ബിരുദം നേടിയവരാണ്‌. ‘ടെക്ഫെസ്റ്റ്’ ഉൾപ്പെടെയുള്ള പരിപാടികളിലൂടെ കലാലയത്തിൽ ഒരു സാങ്കേതിക സംസ്കാരം വളത്താൻ തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചവർ.  ​

എന്നാൽ, കോളേജിനെക്കാളും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളെക്കാളുമെല്ലാം ഉപരിയായി ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്,  ജീവിതത്തിൽ പ്രഭാവം ചെലുത്തിയ ഒരു 'പ്രോജക്ട് ഗൈഡ്'. പി.കെ.കെ. തമ്പി എന്ന അവരുടെ അധ്യാപകൻ.

തമ്പി ഇഫക്ട്
നിരന്തരമായ പ്രോത്സാഹനത്തിലൂടെയും സാങ്കേതിക മാർഗ നിർദേശങ്ങളിലൂടെയുമാണ് ‘തമ്പിസാർ’ വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായി മാറുന്നത്. ടെക്ഫെസ്റ്റുകളിലൂടെയും ഫൈനൽ ഇയർ പ്രോജക്ടിലൂടെയുമെല്ലാം അത് വളരുന്നു.

സ്വന്തം സമ്പാദ്യത്തിൽ നിന്ന് വിദ്യാർത്ഥികൾക്കായി ചെലവഴിക്കാനും ക്ലാസ്‌ സമയം കഴിഞ്ഞ് വെളുക്കുവോളം ലാബിൽ ചെലവഴിക്കാനും അദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നില്ല. ആദ്യ പേറ്റന്റ് ഫയൽ ചെയ്യുന്നതിനായുള്ള ചെന്നൈ യാത്രയും തമ്പിസാറിനൊപ്പം ആയിരുന്നുവെന്ന് നിഖിലും ജോണും ഒാർക്കുന്നു.  

കോളേജിലെ ലാബുകൾ എപ്പോൾ വേണമെങ്കിലും എത്ര നേരത്തേക്ക് വേണമെങ്കിലും ഉപയോഗിക്കാൻ പറ്റുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു അദ്ദേഹം. ഇതിനായി പലപ്പോഴും പുലർച്ചെ രണ്ടും മൂന്നും മണി വരെ ലാബുകളിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരിക്കും.

കഴിവുകളെ പരിപോഷിപ്പിക്കുന്ന വ്യത്യസ്തമായ പ്രോജക്ടകൾ ഏറ്റെടുക്കാൻ പ്രചോദനവും ധൈര്യവും നല്കിയതും ഈ അധ്യാപകൻ തന്നെ. തമ്പിസാർ എന്ന വ്യക്തി ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ, മറ്റെല്ലാവരെയും പോലെ ഏതെങ്കിലും ഐ.ടി. കമ്പനിയിലൊതുങ്ങിയേനെ ജീവിതമെന്ന് ജോൺ തീർത്തു പറയുന്നു.

തമ്പിസാർ ഇല്ലായിരുന്നെങ്കിൽ കോളേജിൽ ഇത്തരം ലാബുകൾ ഉണ്ടായിരുന്നു എന്നതു പോലും അറിയില്ലായിരുന്നു എന്ന് നിഖിൽ സാക്ഷ്യപ്പെടുത്തുന്നു. ആദ്യമായി സെർവർ മുറി കാണുന്നത്  ഇദ്ദേഹത്തോടൊപ്പമാണത്രേ! ഈ കഥ പറയുമ്പോൾ കൗതുകകരമായ മറ്റൊരു കാര്യവും നിഖിൽ പങ്കിടുകയുണ്ടായി.

തന്റെ ഓരോ സെർവറുകളും അദ്ദേഹത്തിന് കുട്ടികളെപ്പോലെ ആണത്രേ. ഓരോ സെർവറുകൾക്കും പ്രത്യേകം പേരുകളും അദ്ദേഹം നൽകിയിട്ടുണ്ട്.

കർമയോഗികൾ
തമ്പിസാറിനെ പോലുള്ള കർമനിരതരായ അധ്യാപകരാണ് നമ്മുടെ കലാലയങ്ങളിൽ സാങ്കേതിക സംസ്കാരത്തിന്റെ വിത്തുകൾ പാകുന്നതും അത് തഴച്ചുവളരാൻ വേണ്ടുന്ന സാഹചര്യം ഒരുക്കുന്നതും. മികച്ച അടിത്തറയുണ്ടെങ്കിലേ ഒരു സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംരംഭകത്വ സംസ്കാരം പടുത്തുയർത്താനാകൂ.

കൂടുതൽ നിഖിലും ജോണുമെല്ലാം ഉയർന്നുവരാൻ അത് ആവശ്യമാണ്. ഇത്തരം ഒട്ടേറെ അധ്യാപകർ നമ്മുടെ കലാലയങ്ങളിലുണ്ട്. നമ്മുടെ ഏതൊക്കെ കലായലങ്ങളിൽ നിന്ന് സംരംഭങ്ങൾ ഉത്ഭവിച്ചിട്ടുണ്ടോ അവിടെയെല്ലാം ഇത്തരത്തിലുള്ള കഥകൾ ഉണ്ടാകും, അതുറപ്പാണ്.

യഥാർത്ഥ അദൃശ്യ ശക്തികൾ നമ്മുടെ ചില അധ്യാപകർ തന്നെയാണ് എന്ന് ചുരുക്കം.

ശ്രേഷ്ഠം
നിഖിലിന്റെ സ്ഥാപനമായ ‘അഗ്രിമ’ എന്ന പേരിന്റെ ഉത്ഭവവും തമ്പിസാറിൽ നിന്നുതന്നെ. അദ്ദേഹത്തിന്റെ കാറിൽ എഴുതപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഒരു വാക്കായിരുന്നു  അത്. ‘അഗ്രിമ’ എന്നാൽ ‘ശ്രേഷ്ഠമായത്’ എന്നർത്ഥം. ശ്രേഷ്ഠമായ ആ വാക്ക് തന്നെ തങ്ങളുടെ സ്ഥാപനത്തിന്റെ പേരായി നിഖിൽ തിരുമാനിച്ചു.

തമ്പിസാറിനെക്കുറിച്ച് ചോദിച്ചപ്പോൾ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു നിഖിലും ജോണും. അവരുടെ വാക്കുകളിൽ ഉടനീളം അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും നന്ദിയുമെല്ലാം പ്രകടമായിരുന്നു.  അതു തന്നെയല്ലേ അവർക്ക്, അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മഹത്തായ ഗുരുദക്ഷിണയും!

കേരള സ്റ്റാർട്ടപ്പ് മിഷൻ കൺസൾട്ടന്റ്, സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥാപക സി.ഇ.ഒ. ആണ് ലേഖകന്‍