babu senappaരാള്‍ എച്ച്.ഐ.വി. പോസിറ്റീവാണെന്നു തിരിച്ചറിയുന്ന നിമിഷത്തിന് ജീവിതത്തെ കുറിച്ചുള്ള അയാളുടെ സര്‍വപ്രതീക്ഷകളെയും തകര്‍ക്കാന്‍ കഴിയും.

എന്നാല്‍  എച്ച്.ഐ.വി.എന്നത് തന്നെ സംബന്ധിച്ചിടത്തോളം മൂന്ന് അക്ഷരങ്ങള്‍ മാത്രമാണെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന ബാബു സേനപ്പയെന്ന 15കാരന്‍ നമ്മെ അദ്ഭുതപ്പെടുത്തും.

ഇത് ബാബു സേനപ്പ. എയ്ഡ്‌സ് ബാധിതരായ മാതാപിതാക്കളെ ആറാം വയസില്‍ നഷ്ടപ്പെട്ട ബെംഗളുരു സ്വദേശി. എന്നാല്‍ വാക്കുകള്‍ മാത്രമല്ല ഈ കുട്ടിയെ വ്യത്യസ്തനാക്കുന്നത്.

മികച്ചൊരു കായികതാരം കൂടിയാണ് ബാബു. പത്തു കിലോമീറ്റര്‍ ഓടിത്തീര്‍ക്കാന്‍  ബാബുവിന് വേണ്ടത് വെറും നാല്‍പതു മിനുട്ടു മാത്രം. പൂര്‍ണ ആരോഗ്യവാനായ ഒരാളെക്കാള്‍ മികച്ച പ്രകടനമാണിതെന്ന് നിസംശയം പറയാം. 

ജൂണ്‍ നാലിന് തായ്‌ലന്‍ഡില്‍ നടക്കുന്ന ലഗുണ ഫുകേത് രാജ്യാന്തര മാരത്തോണില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മിടുക്കനാണ്. മല്‍സരത്തിലെ ഏക എച്ച്.ഐ.വി. പോസിറ്റീവ് മല്‍സരാര്‍ഥിയും ബാബുവാണ്. 

കഴിഞ്ഞ ജൂണില്‍ നെതര്‍ലന്‍ഡില്‍ നടന്ന ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ ഒളിമ്പിക്‌സിലും ബാബു പങ്കെടുത്തിരുന്നു. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാമ്പ്യന്‍ ഇന്‍ മിയെന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനായ എല്‍വിസ് ജോസഫാണ് ബാബുവിന്റെ പരിശീലകന്‍. കുട്ടികളുടെ ഒളിമ്പിക്‌സില്‍ ബാബുവിനൊപ്പം മണിക് പ്രഭുവെന്ന കുട്ടിയും പങ്കെടുത്തിരുന്നു. 

കഴിവു മനസിലാക്കുകയും അഭിനന്ദിക്കുന്നതിനും പകരം എച്ച്.ഐ.വി. ബാധിതരായ കുട്ടികളെന്ന പരിഗണന മാത്രമാണ് ഒളിമ്പിക്‌സിനു ശേഷം തിരികെയെത്തിയപ്പോള്‍ ഇരുവര്‍ക്കും ലഭിച്ചതെന്ന് എല്‍വിസ് പറഞ്ഞു. 

മെല്ലെ മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഞങ്ങള്‍ എന്തിനാണ് സ്‌പോര്‍ട്‌സിനു വേണ്ട് സമയം കളയുന്നതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ അത്തരം ചോദ്യങ്ങള്‍ക്കൊന്നും ലോകനിലവാരത്തിലുള്ള കായികതാരം ആകുന്നതില്‍നിന്ന് എന്നെ പിന്തിരിപ്പിക്കാനാകില്ല- ബാബു ആത്മവിശ്വാസത്തോടെ പറയുന്നു.

ചിത്രത്തിനു കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ