രിക്കല്‍ നടക്കാനാവാത്ത കുഞ്ഞിനെ തോളിലേറ്റി ജോണ്‍ സ്‌കൂളിന്റെ പടികള്‍ കയറുമ്പോള്‍ മനസാക്ഷിയില്ലാത്തവര്‍ പരിഹസിച്ചു- ''ഓരോരോ ആഗ്രഹങ്ങളേ...'' പിന്നാലെ അവളുടെ അനിയത്തിയും ഒരു കൈത്താങ്ങില്ലാതെ ചലിക്കാനാവാത്ത അവസ്ഥയിലേക്ക് വീണപ്പോഴും ജോണെന്ന അച്ഛനും മേരിയെന്ന അമ്മയും ഒരിക്കലും തളര്‍ന്നില്ല. രണ്ടുമക്കളുടെയും കൈകളും കാലുകളുമായി അവരൊപ്പം നിന്നു.

വയനാട് പുല്‍പ്പള്ളി സ്വദേശികളായ ജോണിന്റെയും മേരിയുടെയും മക്കളാണ് ജിമി ജോണും സുമി ജോണും. ഇരുവരുടെയും ജീവിതം വര്‍ഷങ്ങളായി വീല്‍ചെയറിലാണ്. എന്നാല്‍ തളര്‍ച്ച ശരീരത്തിനേയുള്ളൂ. മനസ്സിനില്ല. ഇന്ന്, സ്വന്തം വിദ്യാര്‍ഥികള്‍ക്ക് മാതൃകയായി അവരുടെ മുന്നോട്ടുള്ള വഴികളില്‍ ഊര്‍ജമാവുകയാണ് ഈ രണ്ട് അധ്യാപികമാരായ സഹോദരിമാര്‍. ആറുവയസ്സുവരെ സാധാരണ കുട്ടികളെപ്പോലെ ഓടിക്കളിച്ചാണ് ഇരുവരും വളര്‍ന്നത്. എന്നാല്‍ ഇടയ്ക്കിടെ ജിമിയുടെ പിഞ്ചുകാലുകള്‍ ഇടറി. ഇടയ്ക്കിടെ വീഴാന്‍ തുടങ്ങി. ആദ്യം അത് ആരും കാര്യമാക്കിയില്ല. പതിയെ വീഴ്ചകളുടെ എണ്ണം കൂടി, ഇടവേളകള്‍ കുറഞ്ഞു. വീണുകഴിഞ്ഞാല്‍ ഒറ്റയ്ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായി. എങ്കിലും വാശിയോടെ ജിമി വീണ്ടും ഓടി. അനിയത്തി സുമി പിന്നാലെയും. മകളുടെ കൈകാലുകള്‍ക്ക് ബലം കുറയുന്നുവെന്ന് തോന്നിയപ്പോള്‍ ജോണും മേരിയും  അവരെ ഡോക്ടറെ കാണിച്ചു. വിശദമായ പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ഇത് മസ്‌കുലര്‍ ഡിസ്‌ട്രോഫിയെന്ന അപൂര്‍വരോഗമാണെന്ന് ഡോക്ടര്‍ വിധിയെഴുതി. ശരീരപേശികള്‍ തളരുന്ന രോഗമാണിത്. ജീവിതകാലം മുഴുവന്‍ മകള്‍ വീല്‍ചെയറില്‍ കഴിയേണ്ടി വരുമെന്ന് കേട്ട ജോണും മേരിയും ഞെട്ടി. പകച്ചുനിന്നു. ജിമിക്ക് ഒന്നും മനസ്സിലായില്ല. ആ അമ്പരപ്പിനിടെ ഡോക്ടര്‍ ഒന്നുകൂടി പറഞ്ഞു. ഇതൊരു ജനിതക രോഗമാണ്. ജിമിയുടെ അനുജത്തി സുമിക്കും വൈകാതെ ഈ രോഗം ഉണ്ടാകും!.

ശരീരം മുഴുവന്‍ തളര്‍ന്നതോടെ ജിമിക്ക് സ്‌കൂള്‍ അന്യമായി. മുഴുവന്‍ സമയവും വീല്‍ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയായി. കൈവിരലുകള്‍ മാത്രം അനക്കാം എന്ന അവസ്ഥയായി. ചെറുചലനങ്ങളുള്ള ആ കുഞ്ഞുവിരലുകളില്‍ അവള്‍ പേന പിടിച്ചു തുടങ്ങി. വീട് പാഠശാലയായി. അമ്മ അധ്യാപികയും. ജിമിയുടെ ശരീരത്തെ തളര്‍ത്താന്‍ രോഗത്തിന് കഴിഞ്ഞു. പക്ഷേ മനസ്സിനെ കീഴ്‌പ്പെടുത്താനായില്ല. അവളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ അക്ഷരങ്ങള്‍ കീഴടങ്ങി. പരീക്ഷയെഴുതാന്‍ മാത്രമായി അവള്‍ സ്‌കൂളിലെത്തും. പെരിക്കല്ലൂര്‍ സെന്റ് തോമസ് എല്‍.പി.സ്‌കൂള്‍, കബനിഗിരി സെന്റ് മേരീസ് യു.പി. സ്‌കൂള്‍, നിര്‍മ്മല ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷാ ഹാളില്‍ അവളുമെത്തി. 

വൈകാതെ ഡോക്ടര്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. ജിമിക്ക് പിന്നാലെ സുമിയും ജോണിന്റെ കൈകളിലേക്കൊതുങ്ങി. പക്ഷേ, ജോണും മേരിയും തളര്‍ന്നില്ല. വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മക്കളുടെ ജീവിതം കെട്ടുപോകരുതെന്ന് അവര്‍ തീരുമാനിച്ചു. ടി.വിയോ പത്രമോ ഇല്ലാത്ത വീട്ടിലേക്ക് വാര്‍ത്തകളെല്ലാം ജോണ്‍ കൊണ്ടുവന്നു. ഗ്രാമസഭകളില്‍ നിന്നുള്ള വിശേഷങ്ങള്‍ അമ്മയും എത്തിച്ചു. ജിമിയും സുമിയും അങ്ങനെ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങി. 

സ്‌കൂളിലെത്താത്ത ഇരുവര്‍ക്കും പാഠഭാഗങ്ങളുമായി അധ്യാപകരായ മധുവും സോമനും ബീനുവും വീട്ടിലെത്തി. പഠനത്തിന് കംപ്യൂട്ടര്‍ വാങ്ങിനല്‍കാനും മനസ്സില്‍ കാരുണ്യം വറ്റാത്തവരുണ്ടായി. ഇവരുടെയെല്ലാം സ്‌നേഹത്തിന് ജിമി പകരം നല്‍കിയത് 2007 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങിയാണ്. 2009 ല്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടുവും പാസ്സായി. 

തുടര്‍ന്ന് നാട്ടിലെ കോളേജില്‍ ബി.എ. ഹിസ്റ്ററിക്ക് പ്രവേശനം നേടി. എന്നാല്‍ ക്ലാസില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ ഹാജര്‍ കുറവിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ തടസ്സമായി. പ്രശ്‌നപരിഹാരത്തിനായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് ഫലവത്തായില്ല. അങ്ങനെ മൂന്നുവര്‍ഷത്തോളം ജിമിക്ക് നഷ്ടപ്പെട്ടു. 

ഇതിനിടയില്‍ സുമിയും മികച്ച വിജയത്തോടെ പത്താം ക്ലാസും പ്ലസ്ടുവും കടന്നു. അതോടെ ഇരുവരും ഒന്നിച്ച് പഠിക്കാന്‍ തിരുമാനിച്ചു. 

അങ്ങനെയാണ് കോഴിക്കോട്ടെ ബിസിനസ്സുകാരനായ തോട്ടത്തില്‍ റഷീദ് ഇവരുടെ സഹായത്തിനെത്തിയത്. എന്നാല്‍ ശരീരമനക്കാന്‍ പോലുമാവാത്ത ഈ സഹോദരിമാര്‍ക്ക് പ്രവേശനം നല്‍കാന്‍ പലരും വിസമ്മതിച്ചു. ഇക്കാര്യങ്ങളറിഞ്ഞ ജെ.ഡി.ടി. ഇസ്ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇരുവര്‍ക്കും അവിടെ പ്രവേശനം നല്‍കി. ഒപ്പം പഠനച്ചെലവുകളും മറ്റും ഏറ്റെടുക്കുകയും ചെയ്തു. മക്കളുടെ കാര്യങ്ങള്‍ക്ക് മുഴുവന്‍ സമയവും അമ്മ ഒപ്പം വേണമായിരുന്നു. അതിനാല്‍ അമ്മയ്ക്ക് ഹോസ്റ്റല്‍ വാര്‍ഡനായി ജോലിയും നല്‍കി. 

മള്‍ട്ടിമീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദത്തിനാണ് ഇരുവര്‍ക്കും പ്രവേശനം ലഭിച്ചത്. പരീക്ഷകളിലെല്ലാം ഇവര്‍ നേടിയത് തിളക്കമുള്ള വിജയങ്ങള്‍. കോഴ്‌സിന്റെ ഭാഗമായി ഇവര്‍ രണ്ട് വിഷ്വല്‍ പോജക്ടുകളും ചെയ്തു- ഒരു ഡോക്യുമെന്ററിയും ഒരു ഹ്രസ്വ ചിത്രവും. സ്വന്തം കഥ തന്നെയാണ് 9.45 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ലൈഫ് ഓണ്‍ വീല്‍സ്' എന്ന ഡോക്യുമെന്ററിയില്‍ ജിമി ചിത്രീകരിച്ചത്. 'സമാധി' എന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും ജിമി തന്നെ ചെയ്തു. 'ബിഗ് വണ്‍' എന്ന ഹ്രസ്വചിത്രമാണ് സുമി ഒരുക്കിയത്. 

മൂന്നുവര്‍ഷത്തെ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കി കാലിക്കറ്റ് സര്‍വകലാശാല ഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക് നേടിയത് ജിമി തന്നെ. ഉയര്‍ന്ന മാര്‍ക്കുമായി സുമിയും ബിരുദം നേടി. അവിടെ നിന്ന് തന്നെ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ അവിടെ തന്നെ അധ്യാപികമാരായി ജോലി ചെയ്യുകയാണ് ഇരുവരും. 

'റൈഡ് വിത്ത് ജിമി ആന്‍ഡ് സുമി' എന്ന യൂട്യൂബ് ചാനലിലും ഇപ്പോള്‍ ഇവര്‍ക്കുണ്ട്. ഈസ്റ്റേണ്‍ ഭൂമിക അവാര്‍ഡ്, വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള യെസ് ബാങ്ക് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ഇരുവരെയും തേടിയെത്തി.

അതെ... ശരീരം തളര്‍ന്ന മക്കളെ തോളിലേറ്റി സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിച്ച അച്ഛന്‍ ജോണിനും, ജീവിതത്തില്‍  തോല്‍ക്കാതെ മുന്നേറണമെന്ന് മക്കളെ ഓര്‍മ്മിപ്പിച്ച് പ്രോത്സാഹിപ്പിച്ച അമ്മ മേരിക്കും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല; അവരുടെ മക്കള്‍ സ്വന്തം പരിമിതികളെ മറികടന്ന് മുന്നേറുകയാണ്... അഭിമാനത്തോടെ...

Content Highlights: Youth Day 2020, Jimy John and Sumy John shares her life story