നി എന്തെന്നോ എങ്ങനെയെന്നോ അറിയാതെ പൊടുന്നനെയായിരുന്നു വീണ എന്ന ഇരുപത്തിയഞ്ചുകാരിയുടെ വീൽചെയർ ജീവിതത്തിലേക്കുള്ള വീഴ്ച. എന്നാൽ ഇന്ന് അറിയപ്പെടുന്ന അവതാരക ആണ് വീണ, അതും ഇന്ത്യയിലെ തന്നെ ആദ്യത്തെ വീല്‍ചെയര്‍ ടിവി അവതാരിക. പാകിസ്താനിലെ വീല്‍ചെയര്‍ ആങ്കറായ മുനീബ മസാരിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സ്വന്തം സ്വപ്നത്തെ കൈപ്പിടിയിലാക്കിയ ജീവിതകഥയാണ് ഈ കൊടുങ്ങല്ലൂരുകാരിക്ക് പങ്കുവെയ്ക്കാനുള്ളത്.

സ്വന്തം കാലില്‍ നടക്കാനും കാര്യങ്ങള്‍ ചെയ്യാനും സാധിക്കുമായിരുന്ന വീണ അപ്രതീക്ഷിതമായാണ് വീല്‍ചെയറിലായത്. വീണയുടെ വാക്കുകളില്‍ പറഞ്ഞാല്‍ 'രണ്ട് വര്‍ഷം മുന്‍പാണ് നേരത്തെ ഉള്ളിലുണ്ടായിരുന്ന ഒരു വില്ലന്‍ തനിസ്വരൂപമെടുത്തത്, അതോടെ വീല്‍ചെയറിലായി. 'സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ജനിതക രോഗമായിരുന്നു വീണയ്ക്ക്. നടക്കുന്നതിനിടെ ഇടയ്ക്കുള്ള വീഴ്ചയായിരുന്നു ആദ്യലക്ഷണങ്ങള്‍. വളരും തോറും വീഴ്ച പതിവായി, ശരീരം വളരുന്നതിനോടൊപ്പം ക്ഷീണവും കൂടിക്കൂടി വന്നു, നടക്കാന്‍ ബുദ്ധിമുട്ടേറി. എട്ടാം ക്ലാസ്സിലെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസിലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന രോഗമാണ് തനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞത്.

ഈ രോഗത്തിന് ചികിത്സയില്ല, ഫിസിയോതെറാപ്പിയിലൂടെ ആരോഗ്യസ്ഥിതി നിലനിര്‍ത്താം എന്നായിരുന്നു ചികിത്സിച്ച ഡോക്ടര്‍ നല്‍കിയ മറുപടി. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുതുടങ്ങിയെങ്കിലും രോഗശമനത്തിനായി വര്‍ഷങ്ങളോളം പല ആശുപത്രികളില്‍ നിരവധി ഡോക്ടര്‍മാരെ പോയി കണ്ടു. പക്ഷെ അസുഖം മാറുമോ എന്ന ചോദ്യത്തിന് മാത്രം ഉത്തരമുണ്ടായില്ല. രോഗത്തിന്റെ തീവ്രത കൂടിയും കുറഞ്ഞും വര്‍ഷങ്ങള്‍ അങ്ങനെ പോയി. എന്നാല്‍ മാല്യങ്കര എസ്എന്‍എം കോളേജിലെ പി.ജി ബോട്ടണി പഠനത്തിനിടെ രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുകയും എന്നന്നേക്കുമായി വീണ വീല്‍ചെയറിലാവുകയും ചെയ്തു.

2017 ഏപ്രില്‍...ജീവിതത്തിലെ ടേണിങ് പോയിന്റ് എന്ന് വീണ പറയുന്ന സമയം. തന്റെ രോഗത്തെ കുറിച്ച് ഒരുപാട് അന്വേഷിച്ചു, കണ്ടെത്തിയതെല്ലാം ഇനി പഴയപോലെ ആവാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം മാത്രം. ശരീരത്തിനൊപ്പം വീണയുടെ മനസ്സും തകര്‍ന്നു. അവസാന ശ്രമമെന്നോണമാണ് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോ. ബോബി വര്‍ക്കിയെ കണ്ടത്. ഈ അവസ്ഥ ഒന്നിനും അവസാനമല്ലെന്ന തിരിച്ചറിവ് നല്‍കുന്നതിനൊപ്പം സമാന അവസ്ഥയിലുള്ള കൃഷ്ണകുമാര്‍ എന്ന ആളെ കൂടി ഡോക്ടര്‍ വീണയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സ്വന്തം അവസ്ഥയോര്‍ത്ത് വിഷാദത്തിലകപ്പെട്ട വീണയ്ക്ക് വഴിത്തിരിവായത് ഈ കൂടിക്കാഴ്ചയായിരുന്നു.

വീല്‍ചെയറില്‍ നിന്നും മൈന്‍ഡിലേക്ക്

കൃഷ്ണകുമാറിനെ പരിചയപ്പെട്ടതിലൂടെയാണ് കേരളത്തില്‍ സമാന അവസ്ഥ നേരിടുന്നവരുടെ കൂട്ടായ്മയായ മൈന്‍ഡിലേക്ക് ( mobility in distrophy) വീണ എത്തിപ്പെടുന്നത്. വീല്‍ചെയറില്‍ നിന്നും ജീവിതം കോര്‍ത്തെടുക്കുന്ന മൈന്‍ഡിലെ ആളുകള്‍ പുതിയ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് വീണയ്ക്ക് നല്‍കിയത്. അങ്ങനെയിരിക്കെയാണ് പാകിസ്താനിലെ വീല്‍ചെയര്‍ ആങ്കറായ മുനീബ മസാരിയെ കുറിച്ച് വീണ അറിയുന്നതും എന്തുകൊണ്ട് തനിക്കും ഒരു ടിവി അവതാരക ആയിക്കൂടെന്ന ചോദ്യം വീണയുടെ ഉള്ളില്‍ ഉയരുന്നതും. അങ്ങനെ അവളും ആ സ്വപ്നത്തെ മനസ്സില്‍ ഒപ്പം കൂട്ടി. ഉറ്റസുഹൃത്തായ കൃഷ്ണകുമാറിനോട് ഇക്കാര്യം പറഞ്ഞതോടെ വീണയുടെ സ്വപ്നം അവളുടെ പ്രിയപ്പെട്ടവരും കൂടെക്കൂട്ടി. അങ്ങനെയാണ് വീണ ആദ്യമായി അവതാരകയായി രംഗത്തേക്കെത്തിയത്.

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടി വീൽചെയറിലിരുന്ന് ആങ്കര്‍ ചെയ്തുകൊണ്ടായിരുന്നു വീണയുടെ തുടക്കം. പിന്നെ അത് ചില ഓണ്‍ലൈന്‍ ചാനലുകളുടെ പരിപാടിയിലേക്കെത്തി. ക്യാമറയെ നേരിടാന്‍ അവസരം ലഭിച്ചെങ്കിലും ടിവി ആങ്കര്‍ എന്ന സ്വപ്നം ബാക്കിയായി. എന്നാല്‍ പരിശ്രമങ്ങള്‍ പിന്നെയും നീണ്ടപ്പോള്‍ ഇക്കഴിഞ്ഞ ഓണത്തിന് ഗുഡ്‌നെസ്സ് ടിവിയുടെ ഓണം പരിപാടി അവതരിപ്പിച്ചുകൊണ്ട് വീല്‍ചെയര്‍ ടെലിവിഷന്‍ ആങ്കര്‍ എന്ന തന്റെ സ്വപ്നം വീണ കൈപ്പടിയിലാക്കി. കേരളത്തിലെ ആദ്യ വീല്‍ചെയര്‍ ആങ്കര്‍ എന്ന സ്വപ്നം കണ്ടിരുന്ന വീണ ഇന്ന് ഇന്ത്യയിലെ തന്നെ ആദ്യത്തെ വീല്‍ചെയര്‍ ടിവി ആങ്കര്‍ എന്ന സ്ഥാനം കൂടിയാണ് നേടിയിരിക്കുന്നത്.

തളരില്ല, ഇനിയും മുന്നോട്ട്

താന്‍ കണ്ട സ്വപ്നത്തിന്റെ ആദ്യത്തെ ചുവടാണ് ഇത് എന്നാണ് വീണ പറയുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച സ്വപ്നങ്ങളെ കാലം തന്നെ മുന്നിലേക്കെത്തിക്കുകയായിരുന്നു. നമ്മള്‍ ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അത് നടത്തിത്തരാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന് പൗലോ കൊയ്ലോ എഴുതിവെച്ചതു പോലെ തന്നെയാണ് എന്റെ ജീവിതവും. ലോകം മുഴുവന്‍ കൂടെയില്ലെങ്കിലും എന്നും എന്റെ കൂടെയുള്ള ചിലരുണ്ട്, ഞാന്‍ പോകുമ്പോള്‍ കൂടെ വരുന്നവര്‍, ഞാന്‍ സ്വപ്നം കാണുമ്പോള്‍ അത് പങ്കിടുന്നവര്‍.. അവരാണെന്റെ ശക്തി.

wheel chair anchor veena venugopal
 വീണ സുഹൃത്തുക്കള്‍ക്കൊപ്പം | ചിത്രം രാഹുല്‍ ജി.ആര്‍

വീല്‍ചെയര്‍ ജീവിതത്തിന്റെ ഫുള്‍സ്റ്റോപ്പ് ആവുമെന്നാണ് ഒരുഘട്ടത്തില്‍ ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ വീല്‍ചെയറായിരുന്നു എന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ്. പിജി കഴിഞ്ഞ് കൃഷി ഓഫീസറാവണമെന്ന് ആഗ്രഹിച്ചിരുന്ന എന്നെ അതിലും നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത് ഈ വീല്‍ചെയറാണ്. പുതിയ കാഴ്ചകളിലേക്കും പുതിയ ലോകത്തേക്കും എന്നെ കൊണ്ടുപോവുന്നതും ഈ വീല്‍ചെയറാണ്.. സത്യം പറഞ്ഞാല്‍ ഇത് എനിക്ക് വീല്‍ചെയറല്ല, എന്റെ വിക്ടറി ചെയറാണ്.

Content Highlights: India's First Wheel Chair Anchor Veena Venugopal, Inspirational Story, Muscular Atrophy