''ഒറ്റപ്പെടുന്നുണ്ടോ, എങ്കില്‍ നിങ്ങള്‍ യാത്രചെയ്യണം. അതും കൂട്ടമായല്ല. ഒറ്റയ്ക്ക്... ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്രചെയ്തവര് പിന്നീട് കൂടെയാരെയും കൂട്ടില്ല'' തനൂറ സ്വേതാമേനോന്റെ വാക്കുകളാണിത്. ജീവിതത്തില്‍ പലപ്രതിസന്ധികളും നേരിട്ടപ്പോഴാണ് സ്വേത യാത്രകളെ ഇഷ്ടപ്പെട്ടുതുടങ്ങിയത്.
മുപ്പത്തിനാലുകാരിയായ ഇവര്‍ മൂന്നുവര്‍ഷംകൊണ്ട് വിയറ്റ്നാം, കൊളംബിയ, ശ്രീലങ്ക, കെനിയ, യുഗാണ്‍ഡ, ഭൂട്ടാന്, തായ്ലാന്ഡ്, ഇന്‍ഡൊനീഷ്യ ഉള്‍പ്പെടെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മികച്ച ഫാഷന്‍ ഡിസൈനര്കൂടിയാണിവര്. വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ മാനസികമായി തളര്‍ന്ന സ്വേതയ്ക്ക് യാത്രകളാണ് ആത്മവിശ്വാസവും ധൈര്യവും നല്‍കിയത്. ചോറ്റാനിക്കര സ്വദേശിയായ ഇവര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കോഴിക്കോട്ടാണ് താമസിക്കുന്നത്.
5000 രൂപയില്‍നിന്നാരംഭിച്ച കച്ചവടം
5000 രൂപയ്ക്ക് ബെംഗളൂരുവില്‍നിന്ന് വസ്ത്രങ്ങള്‍ വിലയ്ക്കെടുത്ത് വീടിനടുത്തുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വില്‍പ്പന നടത്തിയാണ് സ്വേത കച്ചവടരംഗത്തേക്ക് വന്നത്. തന്റെ ആവശ്യത്തിനുള്ള പണം ഒറ്റയ്ക്ക് ഉണ്ടാക്കണമെന്നുള്ള ചിന്തയില്‍നിന്ന് തുടങ്ങിയ ആ കച്ചവടം സ്വേതയെ ഇന്നെത്തിച്ചത് ലക്ഷങ്ങള്‍ വരുമാനമുള്ള യുവസംരംഭകയെന്ന പദവിയിലാണ്.
ലോകത്തിലെ ആറുരാജ്യങ്ങളിലേക്ക് കുട്ടികളുടെ വസ്ത്രങ്ങള്‍ കയറ്റിയയക്കുന്നുണ്ടിവര്. 'സെറ' എന്ന ബ്രാന്‍ഡിലുള്ള വസ്ത്രങ്ങള്‍ക്ക് വിദേശത്ത് ആവശ്യക്കാരേറെയാണ്.
ഡിസൈനറായി തുടക്കം
തനൂറ എന്ന ബ്രാന്‍ഡ് നെയിമില്‍ വെഡ്ഡിങ് ഡിസൈനറായിട്ടായിരുന്നു തുടക്കം. ആയിരത്തിയഞ്ഞൂലധികം പേഴ്സണലൈസ്ഡ് കല്യാണവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു. അതിനിടെ എന്തിനാണ് ബിസിനസ് ചെറിയൊരു ചുറ്റുവട്ടത്തുമാത്രം നടത്തുന്നതെന്നുള്ള ചിന്തയുണ്ടായി. യാത്രകളില്‍നിന്നാണ് അത്തരമൊരു ചോദ്യമുണ്ടായത്. എന്തുകൊണ്ട് വസ്ത്രങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റിയയച്ചുകൂടാ എന്നുതോന്നി. അങ്ങനെ എക്സ്പോര്‍ട്ടിങ് രംഗത്ത് തുടക്കമിട്ടു. ബ്രൈഡല്‍ വെയര്‍ ബിസിനസിനെക്കാള്‍ തിളങ്ങുക കുട്ടികളുടെ വസ്ത്രവിപണിയാണെന്ന് മനസ്സിലാക്കിയതോടെ അതിലേക്കുമാറി.
ഇപ്പോള്‍ ചെന്നൈ, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ മാനുഫാക്ചറിങ് യൂണിറ്റുണ്ട്.
ഫാഷന്‍ ഡിസൈന്‍ പഠിച്ച് ബിസിനസിലേക്ക്
ഫാഷന്‍ ഡിസൈനിങ് പഠിച്ചത് ഇഷ്ടത്തോടെയാണ്. പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായിമാറുകയായിരുന്നു. എന്നാല്‍, ഇന്നുകാണുന്ന വളര്‍ച്ചയ്ക്കുപിന്നില്‍ പാഷനെക്കാള് ഉപജീവനമെന്ന ലക്ഷ്യമായിരുന്നെന്ന് പറയാം. 2012 വരെ കുടുംബശ്രീ മുഖേന കച്ചവടം നടത്തുകയായിരുന്നു. പിന്നീട് മാനസികമായും സാമ്പത്തികമായും തളര്‍ന്ന എനിക്ക് മുമ്പോട്ടുള്ള ജീവിതമെന്നത് ചോദ്യചിഹ്നമായി. വളരെനാള്‍ ഡിപ്രഷന് സ്റ്റേജിലൂടെ കടന്നുപോയി. എന്റെ കൈയിലുണ്ടായിരുന്നത് അഞ്ചുലക്ഷം രൂപയായിരുന്നു. അതില്‍നിന്നാണ് പിന്നീട് ബിസിനസ് തുടങ്ങിയത്. കേരളത്തില്‍ കച്ചവടം നടത്തുന്നതുപോലെ വിദേശത്തും കച്ചവടം ചെയ്യാമെന്നുതോന്നി. യാത്രകളിലൂടെയാണ് അത്തരം ചിന്തകളും ഉണ്ടായത്. അങ്ങനെയാണ് കയറ്റുമതിയെക്കുറിച്ച് ചിന്തിച്ചത്. അത് 'സെറ'യുടെ തുടക്കത്തിനുകാരണമായി. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാമെടുക്കാന് എന്നെ പ്രാപ്തയാക്കിയത് യാത്രകളാണെന്ന് പറയാം. യാത്രകളാണ് ഉയരങ്ങളിലെത്തിച്ചതും എന്തും തരണംചെയ്യാനുള്ള ആത്മധൈര്യം തന്നതും. എല്ലാമാസവും യാത്രകള്‍ക്കായി കുറച്ചുദിവസം മാറ്റിവെക്കാറുണ്ട്.
കേരളത്തില്‍ ആദ്യ യൂണിറ്റ്
ഫെബ്രുവരി അവസാനത്തോടെ 'സെറ'യുടെ കേരളത്തിലെ ആദ്യ യൂണിറ്റ് തൃശ്ശൂരില്‍ തുടങ്ങി. അവിടെ സ്ത്രീകള്‍ക്കുമാത്രമാണ് ജോലിനല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി തൃശ്ശൂരിലെ ഒരുഗ്രാമത്തിലെ 60 സ്ത്രീകള്‍ക്ക് ജോലിനല്‍കും. സ്ത്രീകളെ മുന്‍പന്തിയില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.
Content Highlights: Thanura Swetha Menon solo traveler and business women