സൂക്ഷ്മദര്‍ശനിക്കു പോലും കണ്ടെത്താന്‍ പ്രയാസമുള്ള ഒരു രോഗാണു ലോകത്തെ സ്തംഭിപ്പിച്ച നാളുകളിലൂടെയാണ് ലോകം കടന്നു പോകുന്നത്. ലോകമഹായുദ്ധത്തിന് സമാനമായ രീതിയില്‍ ലോകരാജ്യങ്ങള്‍ സകല സാങ്കേതികവിദ്യയും എടുത്തുപയോഗിച്ചു നടത്തുന്ന കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ നമ്മുടെ കേരളവും ഒരു നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. സമയവും കാലവും ദിനരാത്രങ്ങളും യാന്ത്രികമായി കടന്നു പോകുന്ന കോവിഡ് കാലത്ത് ദൈനംദിന ജീവിതത്തിന്റെ ഗതി തന്നെ മാറി.

ലോക്ഡൗണ്‍ കാലത്തെ മാറിയ ജീവിതചര്യകളും വെല്ലുവിളികളും നമ്മുടെ യുവാക്കളെ എങ്ങനെയാവാം സ്വാധീനിച്ചത്.  ബോറഡിപ്പിക്കുന്ന ഈ ദിനങ്ങളെ എപ്പോഴും ഫോണിലോ ലാപ്പിലോ ടിവിയിലോ നോക്കിയിരുന്ന് കൊല്ലുകയായിരുന്നോ അവര്‍. ഈ സമയത്തെ മാനസിക സമ്മര്‍ദ്ദങ്ങളെ അവരെങ്ങനെയാവും മറികടന്നിട്ടുണ്ടാവുക. ലോകം വീടിനുള്ളിലേക്ക് ചുരുങ്ങിയ ലോക് ഡൗണ്‍ കാലത്തെ യുവാക്കള്‍ എങ്ങനെയാവും അതിജീവിക്കുന്നത്. 

15 മുതല്‍ 30 വയസ് വരെയുള്ള 2000 യുവജനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മുപ്പത് ശതമാനവും അതിന്റെ എല്ലാ സാധ്യതകളെയും പരീക്ഷിച്ചവരാണ്. പഴയ സൗഹൃദങ്ങള്‍ കണ്ടെത്താനും അവ പൊടി തട്ടിയെടുത്ത് ഊഷ്മളമാക്കാനും ഈ സമയം ഉപയോഗിച്ചവരാണ് യുവാക്കളില്‍ ഏറെയും. 20 നും 25 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ് സര്‍വേയില്‍ തങ്ങളുടെ പ്രതികരണങ്ങള്‍ കൂടുതലും അറിയിച്ചത്. ജനപ്രിയ പരിപാടികളുടെ എപ്പിസോഡുകളൊന്നും ഇപ്പോഴില്ലാത്തതിനാല്‍ ടെലിവിഷന് മുന്നില്‍ സമയം ചിലവഴിച്ചവര്‍ കുറവാണ്, 19.9 ശതമാനം മാത്രം. 27.2 ശതമാനം ആളുകള്‍ ടെലിവിഷനെ ഒട്ടും ആശ്രയിക്കാത്തവരാണ്. 

mobile
മൊബൈല്‍ നന്നായി ഉപയോഗിച്ചവര്‍  30% ,  തീരെ ഉപയോഗിക്കാത്തവര്‍ 1.4

ക്വാറന്റൈന്‍ കാലത്ത് രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള ആഭിമുഖ്യത്തേക്കാള്‍ മതചടങ്ങുകളോടാണ് യുവാക്കള്‍ കൂടുതല്‍ താല്‍പര്യം കാണിച്ചതെന്ന് പഠനം തെളിയിക്കുന്നു. ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തവര്‍ 27.1 ശതമാനമുള്ളപ്പോള്‍ സൈബര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ 9.1 ശതമാനം മാത്രം. ഇതിനെല്ലാം പുറമേ കുടുംബബന്ധങ്ങളില്‍ നല്ലമാറ്റങ്ങളുണ്ടാതായി 32.4 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.

കൊറോണ രോഗം കീഴ്‌മേല്‍ മറിച്ച ഒരുകാര്യം നമ്മുടെ വിദ്യാഭ്യാസ മേഖലയെയാണ്. പരീക്ഷകളുടെ സമയമായ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ പഠനങ്ങള്‍ക്ക് വേണ്ടി ഒരു ദിവസം എത്ര സമയം ചെലവഴിച്ചു എന്നതും പഠനവിഷയമായി. പലരും നേരത്തെ കിട്ടിയ അവധിക്കാലത്തിന്റെ ത്രില്ലിലായിരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികളും പഠനത്തിനായി രണ്ട് മണിക്കൂറെങ്കിലും ദിവസവും മാറ്റിവച്ചതായി കാണാം. നാല് മണിക്കൂര്‍ പഠിച്ചവര്‍ 14 ശതമാനമുണ്ട്. 28 ശതമാനം കുട്ടികളും പഠനമേ നടത്തിയിട്ടില്ല. 

study
47 ശതമാനം കുട്ടികളും പഠനത്തിനായി രണ്ട് മണിക്കൂറെങ്കിലും ദിവസവും മാറ്റിവച്ചു

യുവാക്കള്‍ ലോക്ക് ഡൗണ്‍ കാലത്ത് കൈമെയ് മറന്ന് അധ്വാനിച്ച ഒരു മേഖല പാചക രംഗമാണ്. ഡാല്‍ഗോണ കോഫി മുതല്‍ ബക്കറ്റ് ചിക്കന്‍ വരെ പരീക്ഷിച്ചത് യുവാക്കളാണ്. പുതിയ പാചകരീതികള്‍ പരീക്ഷിക്കുക, വീട്ടില്‍ പാചകത്തിന് സഹായിക്കുക, സോഷ്യല്‍ മീഡിയയില്‍ ഇവ പങ്കുവയ്ക്കുക... ഇതായിരുന്നു മിക്കവരുടെയും ലക്ഷ്യം. പതിമൂന്ന് ശതമാനം ആളുകള്‍ നാല് മണിക്കൂറില്‍ കൂടുതല്‍ ഇത്തരത്തില്‍ സമയം ചെലവഴിച്ചപ്പോള്‍ 37 ശതമാനം ആളുകള്‍ ഒരു മണിക്കൂറോളം സമയമാണ് പാചക പരീക്ഷണത്തിനായി മാറ്റി വച്ചത്. 27 ശതമാനം ആളുകള്‍ പാചകത്തിന്റെ ഏവയലത്ത് പോലും വന്നതുമില്ല. 

കൊറോണ ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് തൊഴില്‍ മേഖലയില്‍ ആണ്. ലോക്ക്ഡൗണ്‍ കാലഘട്ടം മുഴുവനും ജനങ്ങള്‍ക്ക് തൊഴില്‍ ശാലകളില്‍ നിന്നും, തനത് മേഖലകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവന്നു. 42 ശതമാനം ആളുകളും ജോലി ഒന്നും ചെയ്യാന്‍ കഴിയാതെ വീട്ടില്‍ വെറുതേ ഇരുന്നവരാണ്. എന്നാല്‍ 21 ശതമാനം പേര്‍ക്കും തൊഴില്‍ വീട്ടില്‍ ഇരുന്നു ചെയ്യാന്‍ കഴിഞ്ഞു പ്രത്യേകിച്ച് ഐടി മേഖല, കുടില്‍വ്യവസായം, കരകൗശലം എന്നിങ്ങനെയുള്ളവയില്‍. എന്നാല്‍ കുറച്ച്  യുവാക്കള്‍ അവരുടെ സര്‍ഗ്ഗാത്മശേഷികള്‍ വര്‍ധിപ്പിക്കാന്‍ ഈ കാലം ഉപയോഗപ്പെടുത്തി. 39.7 ശതമാനം അവരുടെ ദിവസത്തിലെ ഒരുമണിക്കൂര്‍ എങ്കിലും ഇങ്ങനെ ചെലവഴിച്ചതായി കാണാം. 9.9 ശതമാനം യുവാക്കള്‍ നാലു മണിക്കൂറിലേറെ വായനക്കായി സമയം ചിലവിട്ടപ്പോള്‍ 31.4 ശതമാനം ഒന്നും ചെയ്യാനില്ലാതിരുന്നിട്ടും തീരെ വായനയോട് താത്പര്യം കാണിച്ചില്ല.

കൊറോണയില്‍ ലോക്ക്ഡൗണായപ്പോള്‍ ജീവിതം ലോക്ക്ഡൗണാകാതിരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിയവരില്‍ 26.2 ശതമാനം യുവാക്കളാണ്.  എന്നാല്‍ കര്‍ശന വിലക്കുകളുള്ളതിനാല്‍ 62.6 ശതമാനം ആളുകള്‍ക്കും ഇവയില്‍ നിന്നെല്ലാം വിട്ട് വീട്ടില്‍ തന്നെയിരിക്കേണ്ടി വന്നതായി സര്‍വേ സൂചിപ്പിക്കുന്നു. 

ലോക്ക്ഡൗണ്‍ പുത്തന്‍ തലമുറയെ ധാരാളം നന്മകളിലേയ്ക്കും തിരിച്ചറിവുകളിലേയ്ക്കും എത്തിച്ചെന്ന് വേണം കരുതാന്‍. വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളും ദൃഢമാക്കുന്നതിനൊപ്പം സ്വയം കണ്ടെത്തലിന്റേതു കൂടിയായിരുന്നു അവര്‍ക്ക് ഈ കാലം.

(കോഴിക്കോട് എന്‍.ഐ.ടി റിട്ടയേര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. രഘുനാഥന്‍ ടി. യുടെ നേതൃത്വത്തില്‍ കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രൊഫര്‍മാരായ ജിമി ജോണും സുമി ജോണും നടത്തിയ പഠനം)

Content Highlights: Survey about youth and Corona Lock Down