ത്തവണത്തെ സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍നിന്ന് റാങ്ക് പട്ടികയില്‍ ഇടംനേടിയ ഏറ്റവും പ്രായ കുറഞ്ഞ രണ്ടുപേരാണ് സഫ്ന നസറുദ്ദീനും റുമൈസ ഫാത്തിമയും. ചിട്ടയായ പഠനത്തോടെ 23-കാരി സഫ്നയും 22-കാരിയായ റുമൈസയും തങ്ങളുടെ സ്വപ്നം വെട്ടിപിടിച്ചപ്പോള്‍ അത് ഭാവിതലമുറയ്ക്കൊരു മാതൃക കൂടിയാണ്. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 45-ാം റാങ്ക് നേടിയ സഫ്നയുടെയും 185-ാം റാങ്ക് നേടിയ റുമൈസയുടെയും വിശേഷങ്ങളിലൂടെ

റാങ്ക് കിട്ടിയിട്ടും പി.ജി.യ്ക്ക് പോയില്ല, സിവില്‍ സര്‍വീസസ് പരിശീലനത്തിന്


2018ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം നേരെ വെച്ചുപിടിച്ചത് സിവില്‍ സര്‍വീസസ് പരിശീലനത്തിന്. 2019-ലെ സിവില്‍ സര്‍വീസസ് പരീക്ഷയിലെ ആദ്യശ്രമത്തില്‍ തന്നെ സ്വന്തമാക്കിയത് 45-ാം റാങ്കും. സിവില്‍ സര്‍വീസസ് മോഹിക്കുന്ന ഏതൊരാളും കൊതിക്കുന്ന സ്വപ്നതുല്യമായ നേട്ടമാണ് തിരുവനന്തപുരം പേയാട് സ്വദേശി സഫ്‌ന നസറുദ്ദീന്‍ എന്ന 23-കാരി തന്റെ കഠിനാധ്വാനത്തിലൂടെ എത്തിപ്പിടിച്ചിരിക്കുന്നത്.

സ്‌കൂള്‍ പഠനകാലം തൊട്ടേ മനസിലുണ്ടായിരുന്നതായിരുന്നു സിവില്‍ സര്‍വീസസ് എന്ന ലക്ഷ്യം. ഓരോഘട്ടത്തിലും അത് മിനുക്കിയെടുത്തു. പത്താം ക്ലാസ് വരെ പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്ത് പാങ്ങോട് കേന്ദ്രീയ വിദ്യാലയയിലും. 2015-ല്‍ ബി.എ. സാമ്പത്തികശാസ്ത്രത്തിന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍. 2018-ല്‍ ഒന്നാം റാങ്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സഫ്‌ന അന്നേ മനസിലുറപ്പിച്ചു. പി.ജി. അല്ല, അടുത്തത് സിവില്‍ സര്‍വീസ് പരിശീലനമാണെന്ന്. ഒരു വര്‍ഷം തിരുവനന്തപുരം ഫോര്‍ച്യൂണ്‍ അക്കാദമിയിലായിരുന്നു പരിശീലനം.  

safna nazarudheen
സഫ്‌ന നസറുദ്ദീന്‍

സിലബസ് അനുസരിച്ച് ചിട്ടയായ പഠനമായിരുന്നു തന്റെ രീതിയെന്ന് സഫ്‌ന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പഠനത്തിനാവശ്യമായ പുസ്തകങ്ങളെല്ലാം കണ്ടെത്തി. തെറ്റുകള്‍ മനസിലാക്കി, അത് തിരുത്തി മുന്നോട്ടുപോയി. ഒരു ദിവസം ഇത്ര മണിക്കൂര്‍ എന്നരീതിയിലായിരുന്നില്ല പഠനം, പക്ഷേ, ഓരോ ദിവസവും എത്ര പഠിക്കണമെന്ന് ആദ്യതന്നെ മുന്‍കൂട്ടി തീരുമാനിക്കും. അത് പൂര്‍ത്തിയാക്കുകയും ചെയ്യും.

പരിശീലനത്തിന് ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം ഡീആക്ടിവേറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കും.

പരീക്ഷയും അഭിമുഖവുമെല്ലാം മികച്ചതായിരുന്നു. പരീക്ഷയ്ക്കും അഭിമുഖത്തിനും മുമ്പ് കടമ്പ കടക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ, എല്ലാം ഭംഗിയായി കഴിഞ്ഞു. എല്ലാ പിന്തുണയും നല്‍കിയ കുടുംബാംഗങ്ങള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവര്‍ക്കും വളരെയധികം നന്ദിയുണ്ട്-സഫ്‌ന പറഞ്ഞു.

സത്യസന്ധയായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുമെന്നാണ് സഫ്‌ന നല്‍കുന്ന ഉറപ്പ്. സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെ പിന്നോക്കംനില്‍ക്കുന്നവരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും സഫ്‌ന പറയുന്നു. 2018-ല്‍ കോളേജില്‍ ഒന്നാം റാങ്കോടെയാണ് സഫ്‌ന ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പ്ലസ്ടുവില്‍ ദേശീയതലത്തിലും റാങ്കുകാരിയായിരുന്നു.
 
റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടറായ ഹാജ നസറുദ്ദീനാണ് സഫ്‌നയുടെ പിതാവ്. മാതാവ് എ.എന്‍. റംല കാട്ടാക്കട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരിയാണ്. ഫര്‍ഹാന നസറുദ്ദീന്‍, ഫസ്‌ന നസറുദ്ദീന്‍ എന്നിവര്‍ സഹോദരിമാര്‍.

റുമൈസ ഫാത്തിമ
റുമൈസ ഫാത്തിമ 

ഗോള്‍ഡ്മാന്‍ സാക്സിലെ ജോലി വേണ്ടെന്ന് വെച്ച് സിവില്‍ സര്‍വീസിലേക്ക്

ഗോള്‍ഡ്മാന്‍ സാക്സ് എന്ന അമേരിക്കന്‍ ബാങ്കിങ് സ്ഥാപനത്തിലെ ജോലി വേണ്ടെന്ന് വെച്ചാണ് ഗുരുവായൂര്‍ സ്വദേശി റുമൈസ ഫാത്തിമ സിവില്‍ സര്‍വീസസ് പരിശീലനത്തിന് പോയത്. സ്‌കൂള്‍തലം മുതല്‍ മനസിലുണ്ടായിരുന്ന ആഗ്രഹത്തിന് മുന്നില്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ മോഹനശമ്പള വാഗ്ദാനമൊന്നും വിലപ്പോയില്ല. ഒടുവില്‍ ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 185-ാം റാങ്ക് നേടി റുമൈസ തന്റെ സ്വപ്നം നേടിയെടുക്കുകയും ചെയ്തു.

ഗുരുവായൂര്‍ കാരക്കാട് പുത്തന്‍പുരയില്‍ വീട്ടില്‍ ആര്‍.വി. അബ്ദുള്‍ ലത്തീഫിന്റെയും വി.കെ. സക്കീനയുടെയും മകളാണ് ആര്‍.വി. റുമൈസ ഫാത്തിമ എന്ന 22-കാരി. പത്താം ക്ലാസ് വരെ പാവറട്ടി സര്‍ സയ്യിദ് സ്‌കൂളിലായിരുന്നു പഠനം. പത്താംതരത്തില്‍ ഫുള്‍ എവണ്‍ ഗ്രേഡ് നേടിയിട്ടും സിവില്‍ സര്‍വീസ് മോഹം മനസിലുണ്ടായിരുന്നതിനാല്‍ ഹയര്‍സെക്കന്‍ഡറിക്ക് കൊമേഴ്സ് ഗ്രൂപ്പാണ് തിരഞ്ഞെടുത്തത്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. സ്‌കൂളില്‍നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍ ബി.എ. ഇക്കണോമിക്സിന് ചേര്‍ന്നു. 2018-ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷം തിരുവനന്തപുരം ഐലേണ്‍ അക്കാദമിയില്‍ സിവില്‍ സര്‍വീസസ് പരിശീലനവും.

ചെറുപ്പം മുതലേ ധാരാളം വായിക്കുന്നതും സ്ഥിരമായ പത്രവായനയും പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഏറെ സഹായിച്ചെന്ന് റുമൈസ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പരിശീലന കാലയളവില്‍ റെഗുലര്‍ ക്ലാസിന് പുറമേ ദിവസം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും പഠിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ അനുഭവങ്ങളില്‍നിന്ന് അവര്‍ക്ക് സംഭവിച്ച തെറ്റുകളും മറ്റും മനസിലാക്കി. അതെല്ലാം തിരുത്തി പഠിച്ചു. എട്ട് മണിക്കൂര്‍ വരെയൊക്കെ മിക്കദിവസങ്ങളിലും പഠിച്ചിരുന്നു. ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സമയം ചിലവഴിക്കുന്നതും കുറച്ചു.

അഭിമുഖത്തില്‍ പ്രധാനമായും ഐച്ഛിക വിഷയമായ ഇക്കണോമിക്സിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും. ഗോള്‍ഡ്മാന്‍ സാക്സിലെ ജോലി വേണ്ടെന്ന് വെച്ച് എന്തിനാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തതെന്നായിരുന്നു ആദ്യത്തെ ചോദ്യം. നോട്ട് നിരോധനം, വിദ്യാര്‍ഥി രാഷ്ട്രീയം, സ്ത്രീശാക്തീകരണം, കേരള മോഡല്‍ വികസനവും ആദിവാസി വിഭാഗങ്ങളിലെ ശിശുമരണങ്ങളുമെല്ലാം ചോദ്യങ്ങളായി വന്നു. അഭിമുഖത്തിന് ശേഷം റാങ്ക് പട്ടികയില്‍ ഇടംനേടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.

ബി.എ. ഇക്കണോമിക്സ് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് മാസം ഗോള്‍ഡ്മാന്‍ സാക്സില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നു. അതിന് ശേഷം ഓഫര്‍ ലെറ്റര്‍ വന്നു. പ്രതിവര്‍ഷം ആറ് ലക്ഷത്തിലധികം രൂപയായിരുന്നു ശമ്പളവാഗ്ദാനം. എന്നാല്‍ മനസില്‍ സിവില്‍ സര്‍വീസ് ആഗ്രഹമുണ്ടായിരുന്നതിനാല്‍ കോളേജിലെ മറ്റ് പ്ലേസ്മെന്റ് അഭിമുഖങ്ങളില്‍ പങ്കെടുത്തില്ല. തിരിച്ച് നാട്ടിലേക്ക് മടങ്ങി ഐലേണ്‍ അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു- റുമൈസ പറഞ്ഞു.

സ്‌കൂള്‍തലം മുതല്‍ ക്വിസ് മത്സരങ്ങളിലും ഡിബേറ്റുകളിലും സജീവമായിരുന്നു ഈ ഗുരുവായൂര്‍ക്കാരി. ഹൈദരാബാദ് നാഷണല്‍ ലോ യൂണിവേഴ്സിറ്റി ദേശീയതലത്തില്‍ സംഘടിപ്പിച്ച ഡിബേറ്റ് മത്സരത്തിലെ ചാമ്പ്യന്‍ കൂടിയാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന് ആഗോളതലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം.

ഗുരുവായൂര്‍ ഇന്ദ്രനീലം ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടറാണ് റുമൈസയുടെ പിതാവ് ആര്‍.വി. അബ്ദുള്‍ ലത്തീഫ്. മാതാവ് വി.കെ. സക്കീന. ഡോ. സാദിയ മാഹിര്‍, കോഴിക്കോട് ഐ.ഐ.എമ്മില്‍ എക്സിക്യുട്ടീവ് എം.ബി.എ. വിദ്യാര്‍ഥിയായ മുഹമ്മദ് സിയാദ് എന്നിവര്‍ സഹോദരങ്ങള്‍.

Content Highlights: Civil Service Toppers