ചെങ്ങന്നൂര്‍-ഭരണിക്കാവ് റൂട്ടിലെ സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിലാണ്. അതും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി. കഴിഞ്ഞ ഫെബ്രുവരി 27-ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ ജിതിന്‍ പി.എസ് എന്ന 28-കാരന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അത് കേരളത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് അഭിമാനനിമിഷമായിരുന്നു.
ആലപ്പുഴ ചുനക്കര 'ജ്യോതിസില്‍' സൈനികനായ പുരുഷന്‍-ശോഭ ദമ്പതിമാരുടെ മകനാണ് ജിതിന്‍. പോളി ഡിപ്ലോമയും ബിടെക്കും കഴിഞ്ഞ് മൂന്നുവര്‍ഷത്തോളം സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ഈ യുവാവ്. ഇന്ന് മോട്ടോര്‍ വാഹന വകുപ്പില്‍ എ.എം.വി.ഐയും. പോളി പഠനകാലത്ത് മനസിലുദിച്ച ആഗ്രഹം സഫലമായ വേളയില്‍ ഒരു വാഹനപ്രേമി കൂടിയായ ജിതിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു...
പോളി ഡിപ്ലോമയും ബിടെക്കും
ആറ്റിങ്ങല്‍ ഗവ. പോളിടെക്നിക്കിലാണ് ഓട്ടോമൊബൈല്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയത്. ശേഷം പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക്കും. മോട്ടോര്‍ വാഹന വകുപ്പില്‍ ഒരു ജോലി എന്ന ആഗ്രഹം പോളി പഠനകാലത്താണ് മനസിലുദിച്ചത്. അവിടുത്തെ അധ്യാപകരാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്ന ജോലിയെക്കുറിച്ചും കഷ്ടപ്പെട്ട് പഠിച്ചാല്‍ ജോലി ലഭിക്കുമെന്നും പറഞ്ഞത്. പോളി ഡിപ്ലോമ കഴിഞ്ഞതോടെ ഹെവി ലൈസന്‍സുമെടുത്തു.
ബിടെക്ക് കഴിഞ്ഞ് ജോലി തേടി അലഞ്ഞ കാലം
ബിടെക്ക് കഴിഞ്ഞപ്പോള്‍ കോളേജില്‍ പലവിധ കമ്പനികളുടെയും ക്യാമ്പസ് ഇന്റര്‍വ്യൂകള്‍ ഉണ്ടായിരുന്നു. പക്ഷേ മിക്കതും ഐടി മേഖലയിലായതിനാല്‍ താത്പര്യം തോന്നിയില്ല. മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു താത്പര്യം. പിന്നീട് പലയിടത്തും ജോലിതേടി പോയെങ്കിലും തുച്ഛമായ ശമ്പളം മാത്രമാണ് വാഗ്ദാനം ചെയ്തത്. എല്ലായിടത്തും പതിനായിരത്തിള്‍ താഴെ മാത്രം. ഒരിടത്ത് വെറും ആറായിരം രൂപയാണ് ശമ്പളം പറഞ്ഞത്.
ഇവിടെയെല്ലാം പത്തും പന്ത്രണ്ടും മണിക്കൂറായിരിക്കും ജോലി. മാത്രമല്ല താമസ, ഭക്ഷണ ചിലവുകളും ഇതില്‍നിന്ന് കണ്ടെത്തണം. ഈ ജോലിക്ക് പോയാല്‍ ഒന്നും നടക്കില്ലെന്ന് തോന്നിയപ്പോഴാണ് ഹെവി ലൈസന്‍സ് കൈവശമുള്ളത് ഓര്‍ത്തത്. ബസ് ഡ്രൈവറായി പോയാല്‍ ദിവസം 800 രൂപ കിട്ടും. ആഴ്ചയില്‍ നാല് ദിവസം പോയാലും മതി. ബാക്കി മൂന്ന് ദിവസം പഠിക്കുകയും ചെയ്യാം. ഡ്രൈവിങ്ങും വാഹനങ്ങളും പണ്ടേ ഇഷ്ടമായതിനാല്‍ അതുതന്നെ തിരഞ്ഞെടുത്തു.
ബസ് ഡ്രൈവറുടെ സീറ്റില്‍
വാഹനങ്ങളും ഡ്രൈവിങ്ങുമെല്ലാം ഏറെ ഇഷ്ടമായതിനാല്‍ കോളേജ് പഠനകാലത്ത് അവധി ദിവസങ്ങളില്‍ വര്‍ക്ക് ഷോപ്പുകളില്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്നു. കരമൂളക്കല്‍ രാധാകൃഷ്ണന്‍ ചേട്ടന്റെ ടൂവിലര്‍ വര്‍ക് ഷോപ്പില്‍ സഹായിയായിട്ടായിരുന്നു പണി. ബിടെക്ക് കഴിഞ്ഞ് ബസ് ഡ്രൈവറായി ജോലിചെയ്തപ്പോള്‍ നാട്ടുകാരും മറ്റുപലരും മുഖം കറുപ്പിച്ചിരുന്നെങ്കിലും പതുക്കെ അതെല്ലാം മാറിയെന്നും ജിതിന്‍ പറയുന്നു.
ആദ്യകാലത്ത് ബസ് ഓടിക്കുമ്പോ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പതുക്കെ അതും മാറി. സമയം പാലിക്കുക എന്നതാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ പ്രധാന വെല്ലുവിളി. സമയത്ത് ഓടിയെത്തണം. ഒരു കിലോമീറ്റര്‍ ദൂരത്തിന് രണ്ടര മിനിറ്റാണ് സമയം. പക്ഷേ ഗതാഗതക്കുരുക്കുണ്ടായാല്‍ അതെല്ലാം താളംതെറ്റും. പിന്നെ സമയത്തിന് ഓടിയെത്തുക എന്നത് ബുദ്ധിമുട്ടാണ്. വീതി കുറഞ്ഞ റോഡുകളും ക്ലേശം സൃഷ്ടിക്കുന്നു.
സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരായ പരാതികള്‍
എല്ലാ മേഖലയിലുമെന്ന പോലെ സ്വകാര്യബസ് ജീവനക്കാര്‍ക്കിടയിലും സ്വഭാവദൂഷ്യമുള്ള ചെറിയ ഒരു വിഭാഗമുണ്ട്. നിര്‍ഭാഗ്യവശാല്‍ അവരെ ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ ബസ് മേഖലയെ വിലയിരുത്തുന്നത്. അവര്‍ കാരണമാണ് എല്ലാ തൊഴിലാളികളും ചീത്തപ്പേര് കേള്‍ക്കുന്നത്. 90 ശതമാനവും വളരെ നല്ലവരും അന്നന്നത്തെ വീട്ടുചെലവ് കണ്ടെത്താനുമായി പണിയെടുക്കുന്നവരാണ്.
ഹെവി ഡ്രൈവര്‍ സീറ്റിലെ വെല്ലുവിളികള്‍
കാറും ബൈക്കുമായി നിരത്തിലിറങ്ങുന്നവരില്‍ ചിലരൊക്കെ ബസിന് വട്ടം വെക്കുന്നതും സൈഡ് തരാതിരിക്കുന്നതും പതിവാണ്. അതിനെചൊല്ലി ചില തര്‍ക്കങ്ങളുണ്ടായിട്ടുമുണ്ട്. മണിക്കൂറുകളോളം തുടര്‍ച്ചയായി വണ്ടിയോടിക്കേണ്ടി വരുന്നത് ഹെവി ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്നമാണ്. ഡ്രൈവര്‍ സീറ്റിന് ഭാഗത്ത് അനുഭവപ്പെടുന്ന ചൂടും സഹിക്കാവുന്നതിലപ്പുറമാണ്. ചൂട് കാലത്ത് ഈ ചൂടും കൂടിയാകുമ്പോള്‍ പറയേണ്ട. ബൈക്കുകാര്‍ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യുന്നതും ബസ് ഡ്രൈവമാര്‍ക്ക് തലവേദനയാണ്.
മോട്ടോര്‍ വാഹന വകുപ്പ് ജനങ്ങളെ പിഴിയുന്നുവോ
മോട്ടോര്‍ വാഹന വകുപ്പ് ജനങ്ങളെ പിഴിയുന്നു, അമിതമായി പിഴ ഈടാക്കുന്നു തുടങ്ങിയ വാദങ്ങളോട് ജിതിന് യോജിപ്പില്ല. ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തിക്കുന്നത്. സ്വാഭാവിക മരണങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ നമ്മുടെ നാട്ടില്‍ അപകട മരണങ്ങളാണ് കൂടുതല്‍. റോഡപകടങ്ങള്‍ കുറയ്ക്കുക, അപകടങ്ങളുടെ ആഘാതം കുറയ്ക്കുക എന്നിവയെല്ലാമാണ് വകുപ്പിന്റെ ലക്ഷ്യം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നത് അവര്‍ക്ക് ഒരു പാഠമാകാനാണ്. പലരും പിഴയില്‍നിന്ന് രക്ഷപ്പെടാനാണ് ഹെല്‍മറ്റ് ധരിക്കുന്നത്. അപകടത്തിന്റെ ആഘാതം കുറയ്ക്കാനാണ് ഹെല്‍മറ്റ് ധരിക്കാന്‍ പറയുന്നത്. അങ്ങനെയെങ്കിലും മരണങ്ങള്‍ കുറയ്ക്കാമല്ലോ എന്നും ജിതിന്‍ പറയുന്നു.
ചെങ്ങന്നൂര്‍-ഭരണിക്കാവ് റൂട്ടിലെ അമൃത എന്ന ബസിലായിരുന്നു ജിതിന്‍ ആദ്യം ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. ഈ റൂട്ടിലെ മിക്ക ബസുകളുടെയും വളയം പിടിച്ചിട്ടുണ്ട്. 2013 ല്‍ ഹെവി ലൈസന്‍സ് സ്വന്തമാക്കിയ ജിതിന്‍ 2016- ല്‍ ട്രൈലര്‍ ഓടിക്കാനുള്ള ലൈസന്‍സും നേടിയിരുന്നു. ട്രൈലര്‍ ഓടിക്കാന്‍ വലിയ ആഗ്രഹമായിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്നും ഈ യുവ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജിതിന്റെ ഏക സഹോദരി ജ്യോതി പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ്ങ് കോളേജില്‍ ബിടെക്ക് വിദ്യാര്‍ഥിയാണ്.
Content Highlights: after btech joined for bus driver job now he is a asst motor vehicle inspector