പ്രണയിക്കുന്നവർക്ക് മതം മാത്രമല്ല, ഭാഷയും തടസ്സമല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് എമീമയും ബിനീഷും. വടക്കാഞ്ചേരി സബ്‌ രജിസ്ട്രാർ ഓഫീസിൽ നടന്ന വിവാഹവേളയിൽ പ്രിയന് പിന്തുണയേകി എമീമയും ആംഗ്യഭാഷയിൽ പ്രതിജ്ഞ ചൊല്ലി.  രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ പോലും വിതുമ്പിയ നിമിഷം.

പത്ത് വർഷം മുൻപ് കുരിയച്ചിറയിലെ യഹോവാ സാക്ഷികളുടെ പള്ളിയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പള്ളിയുടെ സ്‌കൂൾ ഓഫ് സൈൻ ലാംഗ്വേജിൽ (ആംഗ്യഭാഷ) നിത്യ സന്ദർശകനായിരുന്നു ബിനീഷ്. പരസ്പരം പരിചയപ്പെട്ടതോടെ ബിനീഷിനോട് സംസാരിക്കാനായി എമീമ ആംഗ്യഭാഷ പഠിച്ചെടുത്തു. സംസാരശേഷിയില്ലെങ്കിലും ബിനീഷിന്റെ വ്യക്തിത്വം എമീമയെ ഏറെ ആകർഷിച്ചു. ഒടുവിൽ മതവ്യത്യാസം തടസ്സമാകാതെ കുടുംബങ്ങളുടെ അനുവാദത്തോടെ വടക്കാഞ്ചേരി സബ്‌ രജിസ്ട്രാർ ഓഫീസിൽ  കഴിഞ്ഞദിവസം വിവാഹിതരായി. ശനിയാഴ്ച ബിനീഷിന്റെ വസതിയിൽ വിവാഹസത്കാരവും നടന്നു.   

പുതുരുത്തി പുതുവാമുക്കിൽ ഭാസ്‌കരന്റെയും കോമളയുടെയും മൂന്നു മക്കളിൽ മൂത്തവനാണ് ബിനീഷ്. ജന്മനാ സംസാരശേഷിയില്ലാത്ത ബിനീഷ് പഠിച്ചത് കുന്നംകുളത്തെ സ്‌പെഷ്യൽ സ്‌കൂളിലാണ്. പ്ലസ്ടുവിന് ശേഷം കംപ്യൂട്ടർ ഡിസൈനിങ് പഠിച്ച് ഇപ്പോൾ അത്താണി കെൽട്രോണിന് സമീപം സ്റ്റിക്കർ നമ്പർ പ്ലേറ്റ് ജോലികൾ ചെയ്യുന്ന ‘ബി ഫോർ യു’ എന്ന സ്ഥാപനം  നടത്തുന്നു. പുത്തൂർ വള്ളപ്പുറത്ത് ഗീവർഗ്ഗീസിന്റെയും ജോയ്‌സിയുടെയും ഇളയ മകളാണ് എമീമ. പ്ലസ്ടുവും കംപ്യൂട്ടർ കോഴ്‌സും കഴിഞ്ഞ എമീമ ഇനി ബിനീഷിന്റെ ശബ്ദമായി മാറും.