വളെ ഞാനെന്റെ മനസില്‍ ചേര്‍ത്ത് നടക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിടുന്നു. നേരില്‍ കാണുമ്പോള്‍ പറയണം പറയണം എന്നു മനസ് വെമ്പല്‍ കൊള്ളുമ്പോഴും എവിടെയോ ഉള്ളിനുള്ളില്‍ പേടിയോ അവളെ നഷ്ടപ്പെടുമോ എന്നുള്ള ഒരു മിഥ്യാധാരണയോ എന്നെ അലട്ടിയിരുന്നു. എന്റെ പ്രണയം ഒരിക്കലും ഞാന്‍ അവളെ അറിയിച്ചിരുന്നില്ല. എന്നിലെ പ്രണയം അവള്‍ക്ക് അറിയാമായിരുന്നു എന്ന് എനിക്ക് അറിയുകയുമില്ല.

സുഹൃത്തുക്കള്‍ വഴി ആ വാര്‍ത്ത ഞാനും അറിഞ്ഞു. അവളുടെ വീട്ടില്‍  വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നു.  ഇനി അമാന്തിച്ചിട്ട് കാര്യമില്ല, എന്നിലെ ഇഷ്ടം അവളെ അറിയിക്കുക തന്നെ വേണം എന്ന ഉറച്ച തീരുമാനം ആയി. ഇടവഴിയില്‍ വെച്ച് ഞങ്ങള്‍ രണ്ടുപേരും കാണാനിടയായി. ഇതുതന്നെ അവളോട് പറയാനുള്ള അവസരം, വരുന്നതു വരട്ടെ എന്ന വിചാരത്തില്‍ അവള്‍ അടുത്തെത്തിയതും ഒരു പുഞ്ചിരി നല്‍കി അവള്‍ കടന്നു പോയി. ആ ചിരിയില്‍ ഞാനെന്റെ തുറന്നുപറച്ചില്‍ എവിടെയോ വെച്ച് മറന്നു.

ഇനിയൊരു അവസരത്തിനു വേണ്ടിയുള്ള കാത്തിരിപ്പായി. വീണ്ടും തമ്മില്‍ കാണുവാനിടയായി. അന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ചാറ്റല്‍മഴയുടെ അകമ്പടി കൂടിയുണ്ടായിരുന്നു. ആ മഴയുടെ കുഞ്ഞ് ശബ്ദത്തില്‍ ഞാന്‍ എന്റെ ഇഷ്ടം അവളോട് പറഞ്ഞു. മാസ്‌ക് ഉള്ളതുകൊണ്ട് അവള്‍ കേള്‍ക്കില്ല എന്ന ധൈര്യത്തോടെ. പക്ഷേ എന്റെ തുറന്നുപറച്ചിന് വേണ്ടി കാത്തിരുന്ന അവളുടെ ചെവികള്‍ക്ക് അത് വ്യക്തമായി കേള്‍ക്കാമായിരുന്നു.

അവളുടെ ഇഷ്ടം അവളെന്നോടും പറഞ്ഞു. ഇന്ന് അവള്‍ എന്റെ ജീവിത സഖി ആണ്. ഒരുപക്ഷേ നഗ്നമായ മുഖത്തോടെ ആണെങ്കില്‍ അവളുടെ മുഖത്ത് നോക്കി എനിക്ക് അത് പറയുവാന്‍ സാധിക്കുമായിരുന്നില്ല. ആ മാസ്‌ക് തന്ന പിന്‍ബലം അത് എത്രയോ വലുതാണ്. മറക്കില്ല മാസ്‌കെ നിന്നെ അവള്‍ ഉള്ള കാലത്തോളം.

Content Highlights: Valentines day 2021