പ്രണയം എന്നും മനുഷ്യമനസ്സിന്റെ അടങ്ങാത്ത തേടലാണ്. വിതുമ്പലാണ്. പ്രകൃതിയോട്, ദൈവത്തോട്, ആശയത്തോട്, ആണിന് പെണ്ണിനോട്, പെണ്ണിന് ആണിനോട്, ആണിനാണിനോടും പെണ്ണിന് പെണ്ണിനോടും എല്ലാം ആ വെമ്പല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിരന്തരം പരാജയപ്പെടുമ്പോഴും നോവിന്റെ ഇരുള്‍ക്കയത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വീണ്ടും പ്രണയംതേടുന്ന മനസ്സുപോലെ നിഗൂഢമായ മറ്റൊന്നുംതന്നെ നാം അനുഭവിച്ചിരിക്കാനിടയില്ല.

സൗഹൃദത്തിന്റെ സൗമ്യതയില്‍നിന്നു തുടങ്ങി പ്രണയത്തിന്റെ ഹര്‍ഷോന്മാദത്തിലൂടെ കയറിയിറങ്ങി വിവാഹത്തിന്റെ, ഒന്നിച്ചുള്ള ജീവിതത്തിന്റെ യാഥാര്‍ഥ്യത്തിലെത്തുന്നതാണ് പ്രണയസാഫല്യമെന്നാണ് പൊതുവെ വെപ്പ്. ആ വെപ്പ് തന്നെയാണ് നമ്മുടെ ജീവിതത്തിന്റെ സഹജതയെ അലോസരപ്പെടുത്തുന്നത്.

പ്രണയത്തിലാകുന്നവര്‍ പ്രണയത്തിന്റെ ആ വിങ്ങിനില്‍ക്കുന്ന സുഖാവസ്ഥയല്ലാത്തതെല്ലാം ജീവിതമല്ലെന്ന് തീരുമാനിക്കുന്നിടത്താണ് പ്രണയംപോലും ഇരുട്ടായി മാറുന്നത്. പ്രണയം ഏറ്റവുമധികം നോവുന്നതും അവിടെയാണ്. തന്നിലെ സൗഹൃദം നഷ്ടപ്പെട്ടു പോകുന്നല്ലോ എന്ന നോവുതന്നെയാകും പ്രണയത്തിന്റെ ഏറ്റവും വലിയ വേദന.

സൗഹൃദത്തിന്റെ ആഴത്തെ അനുഭവിക്കുകയും നാം പൊതുവേ പറഞ്ഞുപോരുന്ന പ്രണയത്തിലേക്ക് പ്രവേശിക്കാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയുണ്ട്. ബന്ധങ്ങളില്‍ ഏറ്റവും സ്വതന്ത്രവും സ്വാസ്ഥ്യവും അനുഭവിച്ചിട്ടുള്ളത് അവിടെയാണ്. പരസ്പര ബഹുമാനത്തിന്റെ പാരസ്പര്യം നിറഞ്ഞ ഒരിടമാണത്. അനാവശ്യമായ ഇടപെടലുകളോ പരാതിപരിഭവങ്ങളോ ഇല്ലാത്ത ആ സ്വാസ്ഥ്യത്തെയാണ് നാം ലക്ഷ്യമാക്കുന്നതെങ്കില്‍, അതിനായുള്ള ക്ഷമയും കരുതലും നാം ഹൃദയത്തില്‍ സൂക്ഷിക്കുന്നെങ്കില്‍, പ്രണയം പുതിയ തലങ്ങളെ പ്രാപിക്കുന്നതുകണ്ട് നമുക്ക് ആഹ്ലാദിക്കാനാകും.

ശീലവിധേയമായ ജൈവികധാരകളില്‍ നിന്നുള്ള മുക്തിയാണ് അവിടെ നാം അനുഭവിക്കുക. പേരിട്ടു വിളിക്കാനാവാത്ത പുതിയൊരനുഭവംപോലെ അതുനമ്മെ പുല്കി നില്ക്കും. ഓരോരുത്തരുടെയും ജീവിതമണ്ഡലത്തെ അത് പ്രകാശപൂര്‍ണമാക്കും. പരസ്പരം താങ്ങും തണലുമാവുകയും അവരവരായിരിക്കാന്‍ സ്വാതന്ത്ര്യം നല്കുകയും ചെയ്യുന്ന ഒരാകാശം വികസിച്ചുവരും. സൗഹൃദമെന്നോ പ്രണയമെന്നോ ഒന്നും പറയാനാവാത്ത ഒരാഴം അവിടെ സ്വാസ്ഥ്യമായി നിറയുന്നത് നാം അനുഭവിക്കും. ആഗ്രഹങ്ങളുടെ വേലിയേറ്റങ്ങളില്ലാത്ത പ്രശാന്തി അവിടെ പ്രസരിക്കും. വൈകാരികതയുടെ ഏറ്റവും ഉദാത്തമായ, ദൈവീകതയിലേക്കുള്ള ആദ്യചുവടുവെപ്പായ ഒരു മഹനീയാവസ്ഥയായാണ് അതിനെ മിസ്റ്റിക്കുകള്‍ കാണുന്നത്.

നമുക്ക് തനിയെ നില്‍ക്കാനാവില്ല. ആരെങ്കിലുമൊക്കെ നമുക്കൊപ്പം വേണം. ആ വേഴ്ച കഴിയുന്നത്ര സ്‌നേഹമസൃണമാകണം. ഹൃദ്യമാകണം. അതിനായിത്തന്നെയാണ് നാം ആരുമായും എന്തുമായും അടുക്കുന്നത്. അടുപ്പിക്കുന്നത്. എന്നാല്‍ അത് തന്റെതന്നെ നിലനില്‍പിനെ താറുമാറാക്കുന്ന അവസ്ഥയിലേക്ക് നയിക്കുമ്പോഴാണ് തനിയെത്തന്നെ നിന്നാല്‍മതിയെന്ന തീരുമാനത്തിലേക്ക് നമ്മെ എത്തിക്കുന്നത്. നാം മനുഷ്യര്‍ ശാരീരികമായും മാനസികമായും ബൗദ്ധികമായും സ്വാശ്രയജീവികളോ പരാശ്രയജീവികളോ അല്ല. മറിച്ച്, പരസ്പരാശ്രയത്തിലൂടെ വികസിച്ചു വരേണ്ടവരാണ്. ആ സഹകരണത്തിന്റെ വഴിയാണ് ചേര്‍ന്നുനില്ക്കുന്നവര്‍ മനസ്സിലാക്കേണ്ടത്. നാം തേടുന്ന സ്‌നേഹവും സ്വാതന്ത്ര്യവും തന്റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കുന്നതിലല്ലെന്നും തന്റെ ഇഷ്ടംപോലെതന്നെ ചേര്‍ന്നു നില്ക്കുന്നവരുടെയും ഇഷ്ടത്തെ മാനിക്കുന്നതിലുമാണെന്നും തിരിച്ചറിയുന്നിടത്താണ് സ്‌നേഹത്തിന്, സ്വാതന്ത്ര്യത്തിന് അതിന്റെ സ്വാഭാവികമായ ആകാശങ്ങളിലേക്ക് ചിറകു വിരിച്ച് പറക്കാനാകുക.

നമുക്ക് പൊതുവെ സ്‌നേഹം തോന്നുന്നത് നമ്മുടെ ഇഷ്ടങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരോടാണ്. അങ്ങനെ സ്‌നേഹത്തോടെ നാം ചേര്‍ത്തുപിടിച്ചവര്‍ നമ്മുടെ ഇഷ്ടത്തിനെതിരായി ചിന്തിക്കുകയോ പറയുകയോ ചെയ്യുകയോ ചെയ്താല്‍ ഉടന്‍ അവര്‍ നമ്മുടെ ശത്രുക്കളായി മാറുന്നു. അവരെ നാം തള്ളിമാറ്റുന്നു. അപ്പോഴാണ് നാം അറിയുന്നത് നാം നമ്മെയോ അവരെയോ അല്ല സ്‌നേഹിച്ചിരുന്നത്, മറിച്ച് നമ്മുടെ ഇഷ്ടങ്ങളെയായിരുന്നു എന്ന്. ആ ഇഷ്ടങ്ങളെയാണ് നാം വികസിപ്പിച്ച് ഹിതങ്ങളാക്കി മാറ്റേണ്ടത്. എങ്കിലേ ജീവിതത്തിന് സജീവതയുണ്ടാകൂ. ഹൃദ്യതയുണ്ടാകൂ. അല്ലാത്തിടത്തോളം അഹന്തയുടെ പരുപരുത്തയിടങ്ങളില്‍ ഞെരിഞ്ഞമരുകയെന്ന വിധിയായിരിക്കും ഫലം.

പകര്‍ന്നു കൊടുക്കുന്നിടത്താണ് സ്‌നേഹം. വ്യക്തി എന്നത് ഒരു ഏകകമല്ല. റൂമിയുടെ വാക്കുകളാണ് ഏറ്റവും നല്ല ഉദാഹരണം: 'ഞാന്‍ കടലിലെ ഒരു തുള്ളി ജലമല്ല, ഒരു തുള്ളി ജലത്തിലെ കടലാണ്.'

ഞാന്‍ എന്നത് അപ്പുറത്തിരിക്കുന്നവര്‍ കൂടി ചേര്‍ന്നതാണെന്നറിയുമ്പോഴാണ് ഇഷ്ടങ്ങള്‍ അപ്പുറത്തിരിക്കുന്നവരോടുകൂടി ചേര്‍ന്നതാവണമെന്ന അറിവിലേക്ക് നാം വികസിക്കുക. നമുക്ക് ഇഷ്ടമുള്ളത് ജീവിക്കുമ്പോള്‍ അപ്പുറത്തിരിക്കുന്നവരുടെ ഇഷ്ടത്തെക്കൂടി മാനിച്ചാവണമെന്ന വിവേകം അവിടെയാണ് വിരിഞ്ഞുവരിക. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിന്നായ് വരേണം' എന്ന നാരായണഗുരുവിന്റെ വാക്കുകളാണ് റൂമിയ്‌ക്കൊപ്പം ചേര്‍ത്തുവെച്ച് നാം മനസ്സിലാക്കേണ്ടത്. പരമപ്രേമരൂപമാണ് ഭക്തിയെന്നു പറയും. നമുക്ക് നമ്മോടും ചുറ്റുമുള്ളവരോടും ചുറ്റുമുള്ളതിനോടും സ്‌നേഹം തോന്നണമെങ്കില്‍ നാം സ്‌നേഹത്തെ സ്‌നേഹിച്ചു തുടങ്ങേണ്ടതുണ്ട്.

അതിന് ആദ്യമേ വേണ്ടത് കൃതജ്ഞതയുള്ള ഒരു ഹൃദയമാണെന്നാണ് അനുഭവികള്‍ പറയുക. പ്രപഞ്ചത്തിലേക്ക് തുറന്നുവെച്ച കണ്ണുകളാണ് അതിന് നമുക്കാവശ്യം. മനുഷ്യകേന്ദ്രിതമായ ചിന്തകളില്‍നിന്ന് പ്രപഞ്ചകേന്ദ്രിതമായ ദര്‍ശനങ്ങളിലേക്ക് ഹൃദയം വികസിക്കുമ്പോഴാണ് നാം സ്‌നേഹത്തെ സ്‌നേഹിച്ചു തുടങ്ങുക.

നാം എത്രമാത്രം മൂല്യവത്തായ ഒരു ഏകകമാണെന്ന് അവിടെയാണ് നമുക്ക് തെളിഞ്ഞുകിട്ടുക. ആ തെളിമയിലാണ് പ്രണയത്തിന്റെ ഉദാത്തമായ ആ ഭാവത്തെ നാം പുല്‍കുക. പരാതിപരിഭവങ്ങളുടെ തരിശുനിലത്തുനിന്നും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പച്ചപ്പിലേക്ക് നാം മെല്ലെ നടന്നു തുടങ്ങും.