'മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണു'എന്ന അവസ്ഥ ആരുന്നു കൊറോണക്കാലത്ത് പലര്‍ക്കും.. വിവാഹ സ്വപ്നങ്ങള്‍ കണ്ടു നടന്നവരും നാളുകള്‍ക്ക് ശേഷം പ്രേമഭാജനത്തേയും ജീവിതപങ്കാളിയെയും കാണാന്‍ കൊതിച്ചു നിന്നവര്‍ക്കുമൊക്കെ കൊറോണ സമ്മാനിച്ചത് വിരഹവും വേര്‍പാടും ഒക്കെ ആയിരിക്കും. പക്ഷേ എനിക്ക് നേരെ മറിച്ചായിരുന്നു..! 

പ്രണയത്തിന്റെ ആറാം വാര്‍ഷികവും വിവാഹത്തിന്റെ നാലാം വാര്‍ഷികവും കഴിഞ്ഞെങ്കിലും ഈ കൊറോണ വന്നത് കൊണ്ട് മാത്രമാണ് കെട്ടിയോന്റെ കൂടെ ഒരു 8 മാസം തികച്ചു നില്‍ക്കാന്‍ പറ്റിയത്. മൂപ്പര്‍ മര്‍ച്ചന്റ് നേവിയില്‍ ആയതുകൊണ്ട് 6 മാസം കടലില്‍ ആയിരിക്കും. നാട്ടില്‍ വരുമ്പോള്‍ ഒന്നെങ്കില്‍ എനിക്ക് ജോലിക്ക് പോകണം അല്ലെങ്കില്‍ പുള്ളിക്ക് ജോലിയുടെ ഭാഗമായിട്ടുള്ള കോഴ്‌സ് ചെയ്യാന്‍ കാണും. എന്തായാലും ഇതൊന്നും ഇല്ലാതെ 8 മാസത്തോളം മുഴുവന്‍ സമയം ഞങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കാന്‍ പറ്റി. പുതിയ പാചക പരീക്ഷണങ്ങളും കേക്ക് ഉണ്ടാക്കലും സിനിമ കാണലും ഒക്കെ ആയിട്ട് ഞങ്ങളങ്ങ് അടിച്ചു പൊളിച്ചു. 

ട്രിപ്പ് പോകാന്‍ പറ്റാത്തതിന്റെ സങ്കടം തീര്‍ക്കാനായിട്ട് വീടിന് അടുത്തുണ്ടായിട്ടും ഇത് വരെ പോകാന്‍ സമയം കിട്ടാതിരുന്ന സ്ഥലങ്ങളില്‍ ഒക്കെ അങ്ങ് പോയി. കൂട്ടത്തില്‍ ചുമ്മാ ഒരു യൂട്യൂബ് ചാനലും തുടങ്ങി. വെറുതെ ഒരു തമാശക്ക് ഞങ്ങളുടെ പരീക്ഷണങ്ങളും യാത്രകളുമൊക്കെ അപ്ലോഡ് ചെയ്ത് തുടങ്ങിയ ചാനല്‍ ഞങ്ങളെ പോലും ഞെട്ടിച്ചു കൊണ്ട് അത്യാവശ്യം നല്ല രീതിയില്‍ പച്ച പിടിച്ചു എന്നത് മറ്റൊരു സത്യം. ഒരു വര്‍ഷം വെറുതെ അങ്ങു പോയെങ്കിലും ആദ്യമായിട്ട് കെട്ടിയോന്റെ കൂടെ ക്രിസ്മസും ഈസ്റ്ററും വാലന്റൈന്‍സ് ഡേയും എന്റെയും മോളുടെയും പിറന്നാളും ഒക്കെ ആഘോഷിക്കാന്‍ പറ്റി.

ഇത്രയും നാള്‍ ഒന്നിച്ചു നില്‍ക്കാന്‍ പറ്റി എന്നത് കൊണ്ട് തന്നെ മറ്റു പലരുടെയും പ്രണയത്തെ കരിച്ചു കളഞ്ഞ കൊറോണ കാരണം ഞങ്ങളുടെ പ്രണയം കൂടുതല്‍ തളിര്‍ക്കുകയാണ് ചെയ്തത്.