2020 മാര്‍ച്ച് മാസത്തിലെ മൂന്നാമത്തെ ദിവസത്തെ മധ്യാഹ്നം. മസ്‌കറ്റിലെ ഞങ്ങളുടെ ഒറ്റമുറി ഫ്‌ലാറ്റില്‍ വൈഷ്ണവി ഏറെത്തിരക്കിലാണ്. അന്നത്തെ രാത്രി മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും നെടുമ്പാശ്ശേരി ലക്ഷ്യമാക്കി പറന്നുയരുന്ന എയര്‍-ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ ഒരു യാത്രക്കാരി അവളാണ്.

നാട്ടില്‍ അവളുടെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കാളിയാവുക,(സിരകളില്‍ നിറയെ കമ്മ്യുണിസമാണേലും, ഭക്തിയുടെ കാര്യത്തില്‍ നോ കോമ്പ്രമൈസ്) പതിവായിക്കാണുന്ന ഡോക്ട്ടറെക്കണ്ട് മരുന്നുകള്‍ വാങ്ങുക, ഇത്യാദി ലക്ഷ്യങ്ങളോടെ പതിനഞ്ച് ദിവസത്തേക്കാണ് ഓളുടെ നാട്ടിലേക്കുള്ള യാത്ര.

'നീ പോയികഴിയുമ്പോഴുള്ള ശൂന്യത മാറ്റാന്‍ രണ്ടെണ്ണമടിക്കണം'

മദ്യനിരോധനം യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ സാധാരണ നടപ്പിലാക്കുന്ന വൈഷു അപ്പോഴത്തെ എന്റെ അഭ്യര്‍ത്ഥനക്ക് മുന്നില്‍, പാതി സമ്മതത്തോടെ തലകുലുക്കി.

'കണ്ണ് തുറന്നപ്പോള്‍ മുറ്റത്തൊരു മൈന' യെന്ന്പറയുന്നതുപോലെ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ചുവന്നദ്രാവകം നിറച്ച സ്ഫടികകുപ്പി സ്വീകരണമുറി കയ്യേറിക്കഴിഞ്ഞിരുന്നു.

അവളുടെ അഭാവത്തില്‍ അടുത്ത ഏതാനും ദിവസങ്ങളെങ്കിലും അടുക്കളയില്‍ കയറാതെ എന്നെ രക്ഷിക്കുന്നതിനായി അത്യാവശ്യം കറികള്‍ ഉണ്ടാക്കി വെക്കുക, നാട്ടില്‍ പോകുവാനുള്ള പെട്ടി കെട്ടുക തുടങ്ങിയ തിരക്കുകളിലേക്ക് ഊളിയിടുന്നതിനിടയിലുമവള്‍ സ്ഫടികക്കുപ്പിയിലെ ചുവന്ന ദ്രാവകത്തിന്റെ അളവ് കുറയുന്നതിലുള്ള പരിഭവം ഇടക്കിടെ കണ്ണുരുട്ടി എനിക്കുനേരേ പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

സമയമാര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ പിന്നെയും മുന്നോട്ട് നീങ്ങി, പകല്‍ മഞ്ഞ്, ഇരുട്ട് പിച്ചവെച്ച് തുടങ്ങിയതോടെ, പാസ്സ്‌പോര്‍ട്ടും, ടിക്കറ്റും, കൈയിലെടുത്ത് ഞങ്ങള്‍ വീടിന് പുറത്തേക്ക്.  

'ഒരു പക്ഷേ ഇനി നമ്മള്‍ തമ്മില്‍ നേരിട്ടു കണ്ടില്ലങ്കിലോ?'

എന്റെ തലച്ചോറില്‍ ഓവര്‍ടൈം ജോലി ചെയ്തിരുന്ന ചുവന്ന ദ്രാവകമാകാം എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേ  അങ്ങനെ പറയിപ്പിച്ചത്.

'പതിനഞ്ചു ദിവസം, പതിനഞ്ചു മിനിറ്റ് പോലെയങ്ങു പോകും' എന്റെ കവിളില്‍ നുള്ളിയുള്ള  മറുപടിക്കൊപ്പം രണ്ടു തുള്ളി കണ്ണീരും വൈഷു എനിക്ക് സമ്മാനിച്ചു.

മസ്‌കറ്റ് വിമാനത്താവളത്തിന് മുന്നില്‍ നിന്ന് വിവിധഭാവത്തിലുള്ള സെല്‍ഫികളെടുത്ത്, ഒടുവില്‍ കെട്ടിപ്പിടിച്ചൊരുമ്മയും തന്ന്, ചിരിക്കുവാന്‍ പരമാവധി ശ്രമിച്ച് അകത്തേക്കുകയറിയ വൈഷൂ വക തിരിഞ്ഞു നിന്നൊരോര്‍മ്മപ്പെടുത്തല്‍. 

'ഇവിടെ കൂടുതല്‍ കറങ്ങാതെ വീട്ടില്‍ പോകൂക, വീട്ടില്‍ ചെന്നാല്‍ ഇനി അടിക്കാന്‍ നില്‍ക്കണ്ട, കിടന്നുറങ്ങണം, നാളെ ഡ്യുട്ടിക്ക് പോകേണ്ടതാണ്. 

കൈവീശിക്കാണിച്ച് വൈഷു വിമാനത്താവളത്തിനുള്ളിലേക്ക് കടന്നപ്പോള്‍, അങ്ങ് ചൈനയിലെ ഹനാന്‍ മാംസമാര്‍ക്കറ്റില്‍ ഉടലെടുത്ത കൊറോണ വൈറസ്സ് ലോകത്തെയാകെ കെട്ടിവരിയുവാന്‍ യാത്ര തുടങ്ങിയ വിവരം ആരറിഞ്ഞു?

വൈഷു നാട്ടിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊറോണയും നമ്മുടെ നാട്ടില്‍ വിരുന്നെത്തി കഴിഞ്ഞിരുന്നു.

അപ്പോഴും പതിഞ്ഞ താളത്തിലുള്ള കൊറോണയുടെ കടന്നുവരവ് പതിനഞ്ച് ദിവസത്തിനുശേഷമുള്ള അവളുടെ മടങ്ങിവരവിന് ഭീഷണിയാകുമെന്ന് ഞങ്ങളുടെ ചിന്തകളില്‍പോലുമുണ്ടായില്ല. വൈഷുവിന്റെ മസ്‌കറ്റിലേക്കുള്ള മടക്കയാത്രക്ക് തലേദിവസം തന്നെ മസ്‌കറ്റ് എയര്‍പോര്‍ട്ട് അടച്ചുകൊണ്ട് ആദ്യ സൂചന നല്‍കി, അപ്പോഴും ഏറിയാല്‍ ഒരാഴ്ച്ച എന്ന വിശ്വാസം ആശങ്കള്‍ക്ക് സ്ഥാനമില്ലാതെ മനസ്സില്‍ ഇടംനേടിയിരുന്നു.

എന്നാല്‍ അധികം വൈകാതെ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വ്യോമാതിര്‍ത്തികള്‍ അടക്കുകയും, രാജ്യമാകെ അടച്ചുപൂട്ടുകയും ചെയ്തതോടെ ഉടനെ ഒരു മടക്കമെന്നത് സാധ്യമല്ലയെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞങ്ങള്‍ എത്തപ്പെട്ടു!

'ഇനി അന്ന് പറഞ്ഞത് പോലെയെങ്ങാനും സംഭവിക്കുമോ?'

വൈഷു നാട്ടിലും, ഞാന്‍ മസ്‌കറ്റിലും അടച്ചുപൂട്ടലില്‍ അകപ്പെട്ടിരിക്കുമ്പോള്‍ പലപ്പോഴും എയര്‍പോര്‍ട്ട് യാത്രക്കിടയിലെന്നില്‍ നിന്നുയര്‍ന്ന ആ അനാവശ്യ വാക്കുകള്‍ അവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.

'അതന്ന് കള്ളിന്റെ പുറത്ത് പറഞ്ഞതല്ലേ, നിനക്കെന്താ'

അവളുടെ ആശങ്കകള്‍ക്ക് മേല്‍ ആശ്വാസത്തിന്റെ ലേപനമെന്നോണം ഞാന്‍ നിസ്സാരവല്‍കരിച്ച് മറുപടി നല്‍കുമ്പോഴും, കലിതുള്ളി കടന്നുവരുന്നൊരു തിരമാലകണക്കെ ആ വാക്കുകള്‍ എന്റെ മനസ്സിനെയും ഉലച്ചുകൊണ്ടിരുന്നു..!

കൊറോണ ഭീതിയില്‍നിന്നു ലോകം മുക്തമായില്ലെങ്കിലും, ഏകദേശം രണ്ടായിരത്തി ഇരുപതിന്റെ രണ്ടാം പകുതിയോടെ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പുനരാരഭിച്ചതോടെ മസ്‌കറ്റിലേക്കുള്ള മടങ്ങിവരവിനായി വൈഷു ഒരുങ്ങവേയാണ് വിധിയുടെ വിളയാട്ടം അസുഖത്തിന്റെ രൂപത്തില്‍ വൈഷുവിന്റെ അമ്മയെ ആക്രമിക്കുന്നത്. അമ്മയുടെ പരിചരണവുമായി ആശുപത്രികളിലൂടെ അവള്‍ ഓട്ടം തുടരുമ്പോള്‍, ഇവിടെ ഞാന്‍ അര്‍ഹമായ വാര്‍ഷിക അവധി സ്വന്തമാക്കി നാട്ടിലേക്ക് പോകുവാനുള്ള ശ്രമത്തിലായിരുന്നു.

അമ്മയുടെ അസുഖം ഭേദമാകാതെ വൈഷുവിന്റെ മടങ്ങിവരവ് സാധ്യമല്ല എന്ന തിരിച്ചറിവില്‍ അവധിക്കായുള്ള എന്റെ ശ്രമങ്ങള്‍ക്ക് മുന്നിലും സാഹചര്യങ്ങള്‍ പലവിധത്തില്‍ വില്ലന്‍വേഷങ്ങളും കെട്ടിയാടി..

നവംബര്‍ 25, ഡിസംബര്‍ 6, ഏറ്റവും ഒടുവില്‍ ഈ ജാനുവരി 30, നാട്ടിലേക്കു പോകുവാന്‍ തയ്യാറെടുത്ത മൂന്നുതവണയും അവസാന നിമിഷം കടന്നുവരുന്ന ജോലിസംബന്ധമായ ചില സാഹചര്യങ്ങള്‍,എനിക്കുമുന്നില്‍ ചുവപ്പുകാര്‍ഡ് കാട്ടി ഇളിച്ചുനിന്നപ്പോള്‍  നിരാശയുടെ കരിമ്പടംചൂടി മൗനിയായി നിസ്സഹായതയുടെ തുരുത്തിലഭയം തേടുവാനെ  കഴിയുന്നുള്ളു. 

അപ്പോഴും വൈഷുവിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഇടക്കിടെ ആശങ്കയുടെ സ്വരത്തില്‍ കടന്നുവരും,
'അന്ന് എയര്‍പ്പോര്‍ട്ടിലേക്ക് പോകുന്നവഴി പറഞ്ഞത് പോലെ....'

അവളെക്കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ അനുവദിക്കാതെ മറ്റൊരു വിഷയത്തിലേക്ക് സംസാരത്തിന്റെ ഗതി തിരിച്ചുവിടുക മാത്രമാണ് അപ്പോളെന്റെ മുന്നിലുള്ള ഏക മാര്‍ഗ്ഗം.

ഇന്നിത് എഴുതുമ്പോഴും ഐഎംഒ കാളിന്റെ മറുതലക്കല്‍ വൈഷുവുണ്ട് എനിക്കൊപ്പം,

'ഇത് ഫെബ്രുവരി മാസം, അടുത്തത് മാര്‍ച്ച്, ഒരു വര്‍ഷമാകുന്നു, അതിനു മുമ്പെങ്കിലും നമുക്ക് നേരില്‍ കാണുവാന്‍ പറ്റുമോ?'

എല്ലാ വൈതരണികളെയും മറികടന്നു ഉറപ്പായും അതിനുമുമ്പ് നേരില്‍ കാണാമെന്ന എന്റെ മറുപടിക്ക് മുന്നില്‍ മറുതലക്കല്‍ അവളുടെ പുഞ്ചിരി തെളിഞ്ഞു, ആ പ്രതീക്ഷയുടെ പുഞ്ചിരി ഇത്തവണയെങ്കിലും മായില്ലയെന്ന പ്രതീക്ഷയോടെ..