മാര്‍ച്ച് 13, 2020. ഡല്‍ഹിയിലെ തണുത്ത രാത്രി. ഏതാണ്ട് 7:15 കഴിഞ്ഞിട്ടുണ്ടാവണം, ഡല്‍ഹിയില്‍ അന്ന് കൊറോണ വളരെ ചെറിയ തോതിലെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഹോസ്പിറ്റലില്‍ ജോലിയുള്ള കൂട്ടുകാരന്‍ തന്ന പുതിയ മാസ്‌കും വെച്ച് ഞാന്‍ ഡ്യൂട്ടിക്ക് പോകാന്‍ ഇറങ്ങി. സുഖദേവ് വിഹാര്‍ മെട്രോ സ്റ്റേഷനിലേക്ക് നടന്നു പോകവേ വീട്ടില്‍ ഒന്ന് ഫോണ്‍ ചെയ്തു. നാട്ടില്‍ എന്താണ് അവസ്ഥ എന്നറിയാമല്ലോ. നാട്ടില്‍ അന്ന് തന്നെ കൃത്യമായ ക്വാറന്റൈനും റൂട്ട് മാപ്പിങ്ങും ഐസൊലേഷനും ഒക്കെ തുടങ്ങിയിരുന്നു. അതിന്റെ ഒരു ആശ്വാസം ഉണ്ടായിരുന്നു. വീട്ടില്‍ എല്ലാം ഒക്കെ ആണെന്നറിഞ്ഞപ്പോ സമാധാനം. ഫോണ്‍ വെച്ചപ്പോഴേക്ക് മെട്രോ സ്റ്റേഷന്‍ എത്തി. ചെക്കിങ് കഴിഞ്ഞ് അകത്തേക്ക്.
സ്റ്റെപ്പുകള്‍ കയറി മുകളില്‍ പ്ലാറ്റഫോമില്‍ എത്തിയ ഉടനെ വാട്‌സാപ്പ് തുറന്ന് അവള്‍ക്ക് ഒരു മെസ്സേജ് അയച്ചു 'ടാ ഞാന്‍ ഡ്യൂട്ടിക്ക് പോവാണേ. ബ്രേക്കിന് ഇറങ്ങുമ്പോ വിളിക്കാം...'
മെട്രോ വന്നു...വലിയ തിരക്കില്ല... കാര്യമായി, ഇരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ശ്വാസം മുട്ടാതെ നിക്കാന്‍ ഉള്ള സ്ഥലം മതി. അല്ലെങ്കിലും ഞാന്‍ മെട്രോയില്‍ കയറിയാല്‍ അങ്ങനെ ഇരിക്കാറില്ല. വാതിലിനടുത്തുള്ള കണ്ണാടിയില്‍ ചാരി ഹെഡ്‌സെറ്റില്‍ പാട്ടും കേട്ട് ഒറ്റ നില്‍പ്. അതാണ് പതിവ്. വണ്ടി മേല്‍പ്പാലങ്ങളും തുരങ്കങ്ങളും കടന്ന് ഡല്‍ഹി വിട്ട് ഗുഡ്ഗാവിലേക്ക്. സിക്കന്ദര്‍പ്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തുമ്പോ സമയം രാത്രി 8:45, വലിയ ധൃതിയില്ല. ഒമ്പതരയ്ക്ക് ആണ് ഷിഫ്റ്റ്. നേരെ ഓഫീസിലേക്ക്.
അന്ന് ഡിഎല്‍എഫ് സൈബര്‍ സിറ്റിയില്‍ പുതിയ സെക്യൂരിറ്റി ചെക്കിംഗ് രീതികള്‍ ഒക്കെ തുടങ്ങിയിരുന്നു, ചെല്ലുന്നവരുടെ ടെമ്പറേച്ചര്‍ അളക്കുന്നു. കൈ വൃത്തിയാക്കാന്‍ സാനിറ്റൈസര്‍ തരുന്നു. എല്ലാം കഴിഞ്ഞ് ഡിപ്പാര്‍ട്‌മെന്റിലേക്ക്. സിസ്റ്റം ലോഗിന്‍ ചെയ്ത് ഇരുന്നപ്പോള്‍ ഓര്‍ത്തു, 'ശോ അകത്തു കേറുവാ എന്ന് അവളോട് പറഞ്ഞില്ലല്ലോ. ഇനി ഇറങ്ങുമ്പോള്‍ അവള്‍ പിണങ്ങാന്‍ അത് മതി..'ഓഫിസില്‍ ഫോണ്‍ അനുവദനീയമല്ലാത്ത കൊണ്ട് അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള ലോക്കറില്‍ ആണ് ബാഗ് വെക്കുന്നത്. അതുകൊണ്ട് ഇനിയിപ്പോ ബ്രേക്കിനെ മിണ്ടാന്‍ പറ്റൂ. അവള്‍ പിണങ്ങുമായിരിക്കും, കയറിയ സ്ഥിതിക്ക് ഇനി ഉടനെ ബ്രേക്ക് ഇട്ട് ഇറങ്ങാനും പറ്റില്ല. ഹാ നോക്കാം എന്ന് ഓര്‍ത്ത് ജോലി തുടങ്ങി. ഓഫിസിലും എല്ലാരുടെയും സംസാരത്തില്‍ ആശങ്ക, വര്‍ക് ഫ്രം ഹോം അനുവദിക്കുമെന്ന് കേള്‍ക്കുന്നു, സ്വന്തമായി സിസ്റ്റം വേണമെന്നും, അതല്ല സിസ്റ്റം കമ്പനി തരുമെന്നും കേള്‍ക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍, സംശയങ്ങള്‍, അങ്ങനെ എപ്പോഴും ഉള്ള പോലെയുള്ള ഒരു കളര്‍ഫുള്‍ മൂഡ് ആയിരുന്നില്ല അന്ന് ഓഫീസില്‍. ഞാന്‍ ജോലി തുടര്‍ന്നു.
അതിനിടയില്‍ അവളെ പറ്റി പറയാം, അവള്‍ (സ്വകാര്യത മാനിക്കുന്ന കാരണങ്ങളാല്‍ പേര് പറയാന്‍ സാധിക്കുന്നതല്ല, സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് ആയ ആള്‍ ആണ്), അവളെ ആദ്യം കാണുന്നത് ഫേസ്ബുക്കിലാണ്. നാട്ടില്‍ തിരുവല്ലയ്ക്ക് അടുത്താണ് വീട് എന്ന് പറഞ്ഞിരുന്നു. വീട്ടില്‍ അവളെ കൂടാതെ അച്ഛന്‍, അമ്മ, അനിയന്‍. 3 വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍ 2016 ഡിസംബറില്‍ ഞാന്‍ പ്രൊപ്പോസ് ചെയ്തു. അവള്‍ക്കും സമ്മതം. അങ്ങനെ മൂന്നര വര്‍ഷം കഴിഞ്ഞ് ഞങ്ങളുടെ ബന്ധം നാലാം വര്‍ഷത്തിലേക്ക് അടുക്കുന്ന സമയം. കഴിഞ്ഞ വര്‍ഷം, 2019-ല്‍ അവള്‍ പറഞ്ഞ പ്രകാരം ഞാന്‍ വീട്ടുകാരെ കൂട്ടി അവളുടെ വീട്ടില്‍ പോയി പെണ്ണ് ചോദിച്ചിരുന്നു, വ്യത്യസ്ത മതങ്ങള്‍ ആയിരുന്നതിന്റെ പ്രശ്‌നങ്ങള്‍ ഒന്നും ആര്‍ക്കും ഇല്ലായിരുന്നു. അവള്‍ പഠിത്തം കഴിഞ്ഞു നില്‍ക്കുന്നു, അവള്‍ ഒരു ടൈം പാസിന് വേണ്ടി അടുത്തുള്ള IELTS കോച്ചിംഗ് സെന്ററില്‍ ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ആയി ജോലി നോക്കുന്നു. വെറുതെ വീട്ടില്‍ ഇരിക്കേണ്ടല്ലോ... ഇനി 2 വര്‍ഷത്തിനുള്ളില്‍ കല്യാണം എന്നാണ് രണ്ട് വീട്ടുകാരും പറഞ്ഞിരിക്കുന്നത്.
ചിന്തകള്‍ ശരവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. കീപ്പാഡില്‍ വിരലുകളും അതെ വേഗത്തില്‍ താളം പിടിച്ചുകൊണ്ടിരുന്നു.
11:30 ആയപ്പോള്‍ വിശപ്പടിച്ചു, ബ്രേക്ക് ഇട്ട് പുറത്തേക്ക് ഇറങ്ങി.. ഫോണ്‍ എടുത്ത് നോക്കിയപ്പോ വിചാരിച്ച പോലെ തന്നെ, ഓഫിസില്‍ കയറിയപ്പോ പറയാഞ്ഞതിന് അവളുടെ പരിഭവം ഇന്‍ബോക്‌സില്‍ നിറയേ... ക്യാന്റീനില്‍ ഇരുന്ന് ഒരു വിധം അവളെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു. ഫുഡ് കഴിച്ചു, അവളോട് ഗുഡ് നൈറ്റ് പറഞ്ഞു വീണ്ടും ഫ്‌ലോറിലേക്ക്. ജോലി തുടര്‍ന്നു.
ഏസിയുടെ നേരിയ സുഖമുള്ള കാറ്റ് ഇങ്ങനെ തഴുകി തഴുകി ഫ്‌ലോറിലാകെ. ഏതാണ്ട് 1 മണി കഴിഞ്ഞിട്ടുണ്ടാവണം. രാവിലെ ശരിക്കും ഉറങ്ങാന്‍ കഴിയാത്ത കൊണ്ട് കണ്ണ് തൂങ്ങി വരുന്നു, അല്ലെങ്കില്‍ തന്നെ എനിക്ക് ഈ രാത്രിയില്‍ ഉള്ള ഷിഫ്റ്റുകള്‍ അത്ര ഇഷ്ടമല്ല.. ജീവിതമല്ലേ, സഹിച്ചല്ലേ പറ്റൂ... അര മണിക്കൂര്‍ കൂടി കഴിഞ്ഞ് ഒരു കോഫീ കുടിക്കാം.
1:30 am, March 14, 2020.
ബ്രേക്ക് ഇട്ട് ഫോണും എടുത്ത് നേരെ ലിഫ്റ്റ് ലോബിയിലേക്ക്,17ആം നിലയിലെ കഫ്റ്റീരിയയിലെ കോഫീ കിടു ആണ്.
കോഫീ മെഷീനില്‍ നിന്നും ചൂടുള്ള കോഫീ എടുത്ത് അടുത്തുള്ള ചെയറില്‍ പോയി ഇരുന്നു നെറ്റ് ഓണ്‍ ചെയ്തു.
പതിവില്ലാത്ത പോലെ ഈ രാത്രിയില്‍ ചറ പറാ അവളുടെ മെസ്സേജ്, 1 മണി അടുപ്പിച്ചു അയച്ചതാണ്, ഇപ്പോ നെറ്റ് ഓണ്‍ ആക്കിയപ്പോള്‍ ആണ് വന്നത്.
ഒന്നിന് പിറകെ ഒന്നായി പെന്റിങ് മെസേജുകള്‍ വന്നുകൊണ്ടിരിക്കുന്നു, അതിനിടയില്‍ ഒരു മെസ്സേജ് നോട്ടിഫിക്കേഷന്‍ പെട്ടെന്ന് എന്റെ കണ്ണില്‍ ഉടക്കി... 'Let's break up'... ചിന്തകള്‍ക്ക് വേഗമേറി, ഹൃദയം ഉദ്വേഗം കൊണ്ട് കുതിച്ചുവന്നു വാരിയെല്ലില്‍ ഇടിക്കുന്ന അവസ്ഥ.
എന്താവും ഇപ്പോ ഇവള്‍ ഇങ്ങനെ പറയാന്‍ എന്ന ടെന്‍ഷനോടെ ഞാന്‍ മെസേജുകള്‍ ഓരോന്നായി തുറന്നു.
അവളുടെ ഓരോ വാക്കുകളും മൂര്‍ച്ചയുള്ള കുന്തമുന പോലെ. 'നീ എന്നെ ഇതുവരെ ചതിക്കുകയായിരുന്നു, ഇനി മേലില്‍ നമ്മള്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാവാന്‍ പാടില്ല, എന്നെ ഇനി വിളിക്കാനോ കാണാനോ ശ്രമിക്കരുത്. കൂടെ നിറയേ ശാപ വാക്കുകളും...'
ഞാന്‍ അവളെ വിളിച്ചു, അപ്പുറത്ത് കാള്‍ കട്ട് ആയി. അവള്‍ ഓണ്‍ലൈന്‍ വന്നു, കാര്യം എന്താണ് എന്ന് പറഞ്ഞു.
തലേന്ന് രാവിലെ ഞാന്‍ വാട്‌സാപ്പില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു, നേരത്തെ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ ടിക് ടോക്ക് വീഡിയോ, സ്വതവേ എന്നെ നല്ല സംശയം ഉള്ള അവള്‍ക്ക് ഇനി അത് കൂടെ കണ്ടിട്ട് ദേഷ്യം വരേണ്ട എന്ന് കരുതി ഞാന്‍ ആ വീഡിയോ അവളെ ഹൈഡ് ചെയ്ത് ആണ് ഇട്ടിരുന്നത്. അത് മറ്റൊന്നും കൊണ്ടല്ല, ഈ കുട്ടി എനിക്ക് അനിയത്തിയെ പോലെ ആയിരുന്നു..'ചേട്ടാ ഈ വീഡിയോ സ്റ്റാറ്റസ് ഇടുമോ' എന്ന് അത് ചോദിച്ചപ്പോ 'പറ്റില്ല, അവള്‍ കണ്ടാല്‍ എന്നെ സംശയിക്കും' എന്ന് പറഞ്ഞു അവളെ ചെറുതാക്കാന്‍ എനിക്ക് തോന്നിയില്ല, അത്ര തന്നെ.
അവളുടെ സംശയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഇതിന് മുന്‍പും പല വട്ടം പല കാര്യങ്ങള്‍ക്കും അവള്‍ എന്നെ സംശയിച്ചു പിണങ്ങി ഇരിക്കുകയും വഴക്ക് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്റെ മനസ്സില്‍ സത്യം പറഞ്ഞാല്‍ ആ പേടിയും ഉണ്ട്. അതിനിടെ ഇനി ഞാന്‍ മറ്റൊരു കുട്ടിയുടെ വീഡിയോ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടാല്‍ തീര്‍ന്നു. ഞങ്ങള്‍ തമ്മില്‍ എന്തോ ഉണ്ടെന്ന് പറഞ്ഞു കളയും അവള്‍. അങ്ങനെ ഹൈഡ് ചെയ്ത് ഇട്ടിരുന്നതാണ്. പക്ഷെ സ്റ്റാറ്റസ് കണ്ട ആരോ അതിന്റെ സ്‌ക്രീന്‌ഷോട് എടുത്ത് അവള്‍ക്ക് അയച്ചു കൊടുത്തു.
പോരെ പൂരം, എന്നെ വിളിച്ചു പറഞ്ഞത് പോരാഞ്ഞിട്ട് അവള്‍ ആ കുട്ടിയുടെയും ഇന്‍ബോക്‌സില്‍ ചെന്ന് നല്ലത് പോലെ എന്തൊക്കെയോ പറഞ്ഞു. ആ കുട്ടി കാര്യം എന്താണ് എന്നറിയാതെ കരഞ്ഞു കലങ്ങി എന്റെ കൂട്ടുകാരനെ വിളിച്ചു, എന്നെ കിട്ടാഞ്ഞിട്ട്. അവനും ഇപ്പോ ദേ എന്നെ വിളിച്ചു ചൂട് ആവുന്നു 'അവള്‍ക്ക് ഇതെന്തിന്റെ കേടാ, ഇത്ര സംശയം ആണെങ്കില്‍ പിന്നേ എന്തിനാടാ പ്രേമമാ എന്നും പറഞ്ഞു നടക്കുന്നത്, ഇനി എന്തേലും പ്രശ്‌നം ഉണ്ടെങ്കില്‍ തന്നെ അത് നിങ്ങള്‍ തമ്മില്‍ തീര്‍ക്കേണ്ടതല്ലേ, മറ്റേ കുട്ടിയെ വിളിച്ചു ശകാരിക്കാന്‍ ഇവള്‍ക്കെന്ത് ആവശ്യം. എന്നിങ്ങനെ അവന്റെ ചോദ്യങ്ങളും വന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നിന്നു, കണ്ണ് നിറയുന്നോ, ശരീരം വിയര്‍ക്കുന്നോ...അങ്ങനെ നിന്നപ്പോള്‍ ഉണ്ട് അവളുടെ കാള്‍, ഫോണ്‍ എടുത്തു...
മറുതലയ്ക്കല്‍ അവളുടെ ശബ്ദം :
'ഇത് അവസാനത്തെ കാള്‍ ആണ്, മേലില്‍ ഇനി നീയെന്നെ വിളിക്കരുത്, നിനക്ക് മറ്റുള്ള പെണ്‍പിള്ളേരോട് മിണ്ടണം എങ്കില്‍ എന്തിനാണ് പിന്നേ ഞാന്‍, എന്നെ ചതിച്ചതിനു നീ അനുഭവിക്കും നോക്കിക്കോ....'
'ഞാന്‍ നിന്നെ എങ്ങനെ ചതിച്ചെന്നാ?' എന്ന എന്റെ ചോദ്യം, തൊണ്ട ഇടറിയതുകൊണ്ട് പുറത്ത് വരാതെ തങ്ങി നിന്നു. ആകെ വീര്‍പ്പുമുട്ടല്‍, എന്ത് ചെയ്യണം എന്നറിയില്ല. ബ്രേക്കും തീര്‍ന്നു. ഫ്‌ലോറിലേക്ക് കയറാന്‍ ഫോണ്‍ വെക്കാന്‍ പോകുമ്പോ ഉടനെ അടുത്ത കൂട്ടുകാരന്റെ മെസ്സേജ്... 'നിന്റെ അവള്‍ ഇത്രയ്ക്ക് ചീപ് ആണെന്ന് അറിഞ്ഞില്ലടാ, എന്ത് ചെയ്തിട്ടാ അവള്‍ ആ പാവം കൊച്ചിനെ വിളിച്ചു വായില്‍ തോന്നിയതൊക്കെ പറഞ്ഞത്. ഇതൊക്കെ നിന്റെ ഒറ്റ ഒരുത്തന്റെ മാത്രം കുറ്റമാ. നിര്‍ത്തേണ്ട സ്ഥാനത്ത് നിര്‍ത്തണം ഇല്ലെങ്കില്‍ ഇങ്ങനെ കുട്ടിക്കുരങ്ങന്റെ അവസ്ഥയാകും...'എന്ത് പറയണം എന്നറിയാതെ ഞാന്‍ തലക്ക് തീപ്പിടിച്ചു നിക്കുന്നു... അപ്പുറത്ത് ഫോണ്‍ കട്ട് ആയി...
ലോഗൗട്ട് ചെയ്ത് റൂമില്‍ പോയി അവള്‍ക്ക് ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാം എന്ന് വെച്ചാല്‍, അവള്‍ അവസാനത്തെ കാളിന് ശേഷം എന്നെ ഫുള്‍ ബ്ലോക്ക് ആക്കി. കോളും മെസ്സേജും ഫേസ്ബുക്കിലും വാട്‌സാപ്പിലും എല്ലാം ബ്ലോക്ക്.
ഫ്‌ലോറില്‍ ചെന്ന് ഓക്‌സ് റിഫ്രഷ് ചെയ്ത് ഒന്നുകൂടി ബ്രേക്ക് ഇട്ട് പുറത്തേക്ക് വന്നു. ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ. ഒഴിവാക്കാന്‍ അവള്‍ കാരണം കണ്ട് പിടിച്ചു പോയ പോലെ. ഒന്നും മനസിലാവുന്നില്ല, ഇന്‍സ്റ്റാഗ്രാമില്‍ നോക്കി. ഭാഗ്യം അവിടെ ബ്ലോക്ക് ആക്കിയിട്ടില്ല. ഇന്‍ബോക്‌സില്‍ ചെന്ന് പറഞ്ഞു... 'ടാ ഞാന്‍ പറയുന്നതൊന്നു കേള്‍ക്കണം, അത് കഴിഞ്ഞ് നീ എന്തും തീരുമാനിച്ചോ, അറ്റ്‌ലീസ്റ്റ് എന്നെ ഒന്ന് സംസാരിക്കാന്‍ സമ്മതിക്കണം'
മെസ്സേജ് ഡെലിവര്‍ ആയി.. അവള്‍ മെസ്സേജ് കണ്ടു... ബ്ലോക്ക്.. അവിടെയും ബ്ലോക്ക്, ആകെ ഉണ്ടായിരുന്ന വഴിയും അടഞ്ഞു, ടെന്‍ഷന്‍ കൊണ്ട് കണ്ണ് കാണാന്‍ വയ്യാത്ത അവസ്ഥ...
തിരിച്ചു ഫ്‌ളോറില്‍ വന്നു വല്ലവിധേനയും ഷിഫ്റ്റ് കംപ്ലീറ്റ് ചെയ്യ്തു പുറത്ത് ഇറങ്ങി. കൂട്ടുകാരന്റെ കാള്‍. ഞാന്‍ ഫോണ്‍ എടുത്തു. അവന്‍ എന്നോട് പറഞ്ഞു 'നീ വീട്ടില്‍ പോകണ്ട, എന്റെ റൂമിലേക്ക് വാ, നമുക്ക് അവിടെ ഇരുന്നു സംസാരിക്കാം. ഞാന്‍ അവളോട് മിണ്ടിയാരുന്നു. എന്തൊരു മനസ്സാടാ അവള്‍ടെ...എന്തൊക്കെയാ പറഞ്ഞതെന്നറിയാമോ... വീട്ടില്‍ വാ പറയാം.
മെട്രോയില്‍ വെച്ച് വീണ്ടും അവളുടെ കോള്‍. അവളും അവളുടെ അമ്മയും, എന്നെ ഒന്ന് സംസാരിക്കാന്‍ പോലും സമ്മതിക്കാതെ, ഞാന്‍ അവളെ എന്തോ ചതിച്ച പോലെ തുടരെ തുടരെ ശപിച്ചു കൊണ്ടിരിക്കുന്നു. അവസാനം വീണ്ടും പഴയ പല്ലവി പാടി കാള്‍ നിര്‍ത്തി...'മേലില്‍ ഒരു ബന്ധം ഉണ്ടാവില്ല' എന്ന്. തിരിച്ചു വിളിച്ചപ്പോള്‍ ബ്ലോക്ക് തന്നെ.
ഞാന്‍ മറ്റേ കുട്ടിക്ക് മെസ്സേജ് അയച്ചു...'മോളെ ഇത് ഇങ്ങനെ പ്രശ്‌നം ആകുമെന്ന് ഞാന്‍ ഓര്‍ത്തില്ല, അവള്‍ അങ്ങനെയൊക്കെ എടുക്കും എന്ന് പ്രതീക്ഷിച്ചില്ല, അവള്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു നിന്നോട്...'
സ്റ്റോപ്പില്‍ ഇറങ്ങി കൂട്ടുകാരന്റെ വീട്ടിലേക്ക് നടക്കുമ്പോ മമ്മിയുടെ കാള്‍. ഫോണ്‍ എടുത്തയുടനെ എന്താ ഏതാ എന്ന് പോലും അന്വേഷിക്കാതെ മമ്മി 'നീ എന്തിനാടാ കണ്ട പെണ്‍പിള്ളേരോട് ഒക്കെ കൂട്ട് കൂടുകയും മിണ്ടുകയും ചെയ്യുന്നത്, അവള്‍ എന്നെ വിളിച്ചു എന്താ പറഞ്ഞതെന്ന് അറിയുമോ. നീ ഒരിക്കലും ഗതി പിടിക്കില്ലന്ന്, ഒരമ്മയ്ക്ക് ഇത് കേള്‍ക്കുമ്പോ എങ്ങനെ ഉണ്ടാവും എന്ന് ഞാന്‍ പറഞ്ഞു തരണോ....?'
ഇത്രയും നേരം എന്റെ ഭാഗം ആരോടും പറയാന്‍ പറ്റാത്ത ദേഷ്യം ഞാന്‍ പാവം മമ്മിയോട് തീര്‍ത്തു. അതല്ലേലും അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെന്നാണല്ലോ. മമ്മി പോലും എന്റെ ഭാഗം കേള്‍ക്കാന്‍ നിന്നില്ല എന്നുള്ളതാണ് എനിക്ക് ഏറ്റവും സങ്കടം വന്നത്. ഞാന്‍ മമ്മിയോട് പറഞ്ഞു 'മമ്മി നിങ്ങള് ചുമ്മാ ഒരു ഭാഗം മാത്രം കേട്ടോണ്ട് എന്നോട് സംസാരിക്കാന്‍ വരരുത് കേട്ടല്ലോ...'പറഞ്ഞിട്ട് ഫോണ് കട്ട് ആകുമ്പോ എന്റെ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു.
മമ്മി തിരിച്ചു വിളിച്ചു... 'എന്താ മോനെ കാര്യം...'
ഞാന്‍ കാര്യങ്ങള്‍ അതുപോലെ പറഞ്ഞു. മമ്മി ഒറ്റ വാക്കേ പറഞ്ഞുള്ളു..'മറന്നേരെ ടാ... നിന്നെ മനസിലാക്കാത്ത ഒരാള്‍ നിനക്ക് എന്തിനാ?'
മറന്നേക്ക് എന്ന് പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. നമുക്ക് അങ്ങനെ അല്ലല്ലോ, വെറും സംശയവും തെറ്റിദ്ധാരണയും കാരണം ഒറ്റ നിമിഷം കൊണ്ട് അവള്‍ മറന്നു എന്നത് വേറെ കാര്യം...എനിക്ക് അതിന് പറ്റില്ലല്ലോ....
റൂമില്‍ എത്തി. കൂട്ടുകാരുടെ ശകാരം വേറെ. ആരും അശ്വസിപ്പിക്കാന്‍ ഒരു വാക്ക് പറയുന്നില്ല. അവര്‍ക്ക് ദേഷ്യം ഇവള്‍ ഒന്നുമറിയാത്ത മറ്റേ കുട്ടിയെ വിളിച്ചു വഴക്ക് പറഞ്ഞതില്‍ ആണ്. അവര്‍ പറയുന്നത് ശരിയുമാണ്. അവള്‍ക്ക് എന്നോട് പറയാമായിരുന്നു. മറ്റൊരാളെ ഇതില്‍ വലിച്ചിഴക്കേണ്ട കാര്യം എന്തായിരുന്നു. എന്തായാലും ആരും കാണാതെ കരഞ്ഞു കരഞ്ഞു ഉറങ്ങി. 4 വര്‍ഷത്തെ പ്രണയം. ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചിരിക്കുന്നു. അന്നും വൈകിട്ട് ഡ്യൂട്ടിക്ക് പോയി... അന്നത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍ 3 ദിവസം ഓഫ് ആണ്. ഞാന്‍ ഡ്യൂട്ടി കഴിഞ്ഞ് നേരെ അക്ഷര്‍ധാമിലുള്ള ചേച്ചിയുടെ വീട്ടിലേക്ക് ആണ് പോയത്. ഇപ്പോ ഒരു ചേഞ്ച് ആവശ്യമാണ്. അവിടെ ആവുമ്പോള്‍ ചേച്ചിയുടെ മകന്‍ ഉണ്ട്...കുഞ്ഞ് ആണ് അവന്റെ കൂടെ ഒക്കെ ഇരിക്കുമ്പോള്‍ മൂഡ് മാറുമായിരിക്കും. 15,16,17 തീയതികളില്‍ ഓഫ് ആയിരുന്നു...18 ആം തീയതി വൈകിട്ട് ഓഫീസില്‍ പോയി. ചെന്ന് കയറി 2-3 മണിക്കൂര്‍ കഴിഞ്ഞപ്പോ മുതല്‍ ആകെ ഒരു വെപ്രാളം പോലെ. ദേഹം ഒക്കെ ആകെ വിയര്‍ത്ത്, തല ചുറ്റുന്ന പോലെ... ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു... ബ്രേക്ക് ഇട്ട് റസ്റ്റ് റൂമില്‍ പൊയ്‌ക്കോളാന്‍ നിര്‍ദേശം കിട്ടി. ഒരു മണിക്കൂര്‍ കഴിഞ്ഞ് കുറവില്ലെങ്കില്‍ ഹോസ്പിറ്റലിലേക്ക് മാറ്റാം എന്ന്.
റസ്റ്റ് റൂം...എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല... നെഞ്ചിടിപ്പ് കൂടുന്നതേയുള്ളു. ശരീരം വെട്ടി വിയര്‍ക്കുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞും കുറവില്ലാത്തതിനാല്‍ ആംബുലന്‍സില്‍ എന്നെ തൊട്ടടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു. കാഷ്വലിറ്റി...ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്‌സ് വന്നു ഇസിജി ചെക്ക് ചെയ്യുന്നു. അദ്ദേഹം ചോദിക്കുന്നു 'നാം ക്യാ ഹൈ?'
'വൈശാഖ്.. വൈശാഖ് മോഹന്‍'...
'മലയാളി ആണോ?' നേഴ്‌സ് ചോദിച്ചു... 'അതെ...' ഞാന്‍ പറഞ്ഞു...
ഇസിജി ചെക്ക് ചെയ്ത് അദ്ദേഹം ചോദിച്ചു, എന്താണ് പെട്ടെന്ന് ടെന്‍ഷന്‍ കൂടാന്‍ കാരണം, ഹാര്‍ട്ബീറ്റ് 140 നും മുകളില്‍ ആണ്..ബിപിയും കൂടുതലാണല്ലോ...എത്ര വയസ്സായി?
'25 വയസ്സ്...' ഞാന്‍ പറഞ്ഞു...
'25 വയസ്സില്‍ ഈ ടെന്‍ഷനൊ..ഇത് പെട്ടെന്ന് ടെന്‍ഷന്‍ കൂടിയ കാരണം വന്ന ഒരു 'Nausea' ആണ്..ഉറക്കവും കുറവാണ്... '
ഞാന്‍ അദ്ദേഹത്തോട് പെട്ടെന്ന് ടെന്‍ഷന്‍ കൂടാനുള്ള കാരണം 2-3 വരിയില്‍ ഒതുക്കി പറഞ്ഞു...
അദ്ദേഹം ചോദിച്ചു 'നാട്ടില്‍ എവിടാ?'
'അടൂര്‍'
'ഞാന്‍ നൂറനാടുകാരന്‍ ആണ്. മോനെ ഇതൊക്കെ ലൈഫിന്റെ ഭാഗമല്ലേ. ഇതിനൊക്കെ ഇങ്ങനെ ചിന്തിച്ചു കൂട്ടി വീണ് പോകാന്‍ തുടങ്ങിയാല്‍ എങ്ങനാ.ഇതിലും വലിയ വീഴ്ചകള്‍ ലൈഫില്‍ ഉണ്ടാവും.അതിനെയൊക്കെ അപ്പൊ എങ്ങനെ നേരിടും...' നേഴ്‌സ് പറഞ്ഞു നിര്‍ത്തി.
'ആരെയെങ്കിലും വിളിച്ചു അറിയിക്കണോ?' അദ്ദേഹം വീണ്ടും ചോദിച്ചു.
'അറിയിക്കണം, ചേട്ടന്റ നമ്പര്‍ തരാം...'
ഞാന്‍ അക്ഷര്‍ധാമിലുള്ള ചേച്ചിയുടെ ഭര്‍ത്താവിന്റെ നമ്പര്‍ കൊടുത്തു. വെളുപ്പിന് 3 മണിക്കാണ് വിളിക്കുന്നത്. അദ്ദേഹം ഫോണ്‍ എടുത്തു, ഉടനെ വരാം എന്ന് പറഞ്ഞു.
ചേട്ടന്‍ വരുമ്പോഴേക്കും എനിക്ക് കുത്തിയിട്ടിരുന്ന ഡ്രിപ് തീര്‍ന്നു.
ചേട്ടന്റെ കൂടെ വീട്ടിലേക്ക്. അന്ന് അവധി എടുത്തു. 20 ആം തീയതി ഓഫീസിലേക്ക് പുറപ്പെട്ടപ്പോ മാനേജര്‍ വിളിച്ചു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നതല്ലേ... ഇനി ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കിയിട്ടേ ഓഫീസില്‍ വരാന്‍ പാടുള്ളു. അത് കിട്ടുന്ന വരെ ശമ്പളത്തോടെയുള്ള ലീവ്, കൊറോണ ഒന്നും അല്ല എന്ന് തെളിവ് വേണമല്ലോ. അന്ന് ഈ കൊറോണ ടെസ്റ്റ് ഒന്നും വന്നിട്ടില്ല. വന്നിട്ടില്ല എന്നല്ല ഡല്‍ഹിയില്‍ അത്ര ആക്റ്റീവ് ആയിട്ടില്ല.
തിരിച്ചു വീട്ടില്‍ ചെന്ന് പിറ്റേന്ന് മുഴുവന്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ഓടി നടന്നു. നടന്നില്ല, അതിന്റെ പിറ്റേന്ന് ജനത കര്‍ഫ്യൂ. മാര്‍ച്ച് 22, ആ ദിവസവും കടന്ന് പോയി. അതിനിടയില്‍ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ വേറെ അക്കൗണ്ട് ഒക്കെ ഉണ്ടാക്കി അവളെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഓരോ മെസ്സേജ് കാണുന്നു. ബ്ലോക്ക് ആക്കുന്നു. വീണ്ടും അക്കൗണ്ട് എടുക്കുന്നു. ബ്ലോക്ക് കിട്ടുന്നു. ഇത് തന്നെ അവസ്ഥ. അല്ലെങ്കിലും പണ്ടും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടനെ അവളുടെ ഭാഗം പറഞ്ഞിട്ട് എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ ഫോണ്‍ ഓഫ് ചെയ്യുകയാണ് പതിവ്.
പിറ്റേന്ന് 23 ആം തീയതി വൈകിട്ട് 8 മണിക്ക് പ്രധാന മന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
ശമ്പളത്തോട് കൂടിയുള്ള ലീവ് ആണ്.
ചേച്ചിയുടെ വീട്, പുതിയ അന്തരീക്ഷം...ആശ്വാസ വാക്കുകള്‍... മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരുന്ന തീ കുറച്ച് കെട്ടടങ്ങി. എങ്കിലും കനലുകള്‍ നീറിക്കൊണ്ടിരുന്നു.
ഏപ്രില്‍ 6ആം തീയതി അവള്‍ വീണ്ടും വിളിച്ചു. വീണ്ടും അതെ വാക്കുകള്‍... ഇത്തവണ പക്ഷെ ഞാന്‍ പതറിയില്ല.തിരിച്ചു പറഞ്ഞു 'ഇന്ന് വരെ ഒരു പ്രശ്‌നത്തിലും എന്നെ സംസാരിക്കാനോ എന്റെ ഭാഗം കേള്‍ക്കാനോ നീ തയ്യാറായിട്ടില്ല. ഇനി നീ ഒട്ട് കേള്‍ക്കുകയും വേണ്ട.. ഞാന്‍ ഇനി നിന്നെ വിളിക്കില്ല...'
അപ്പുറത്ത് ഒരു പതര്‍ച്ച ഉണ്ടായോ...?അതോ തോന്നിയതാണോ...?
ഈ കാര്യം അറിഞ്ഞവര്‍ എല്ലാം പറഞ്ഞു...'ഇത് അതല്ലടാ കാരണം. അവള്‍ക്ക് നിന്നെ വിട്ട്‌പോകാന്‍ ഒരു കാരണം വേണം, എന്നാല്‍ 'തേപ്പുകാരി' എന്ന പേരും കിട്ടരുത്. അല്ലാതെ മനസ്സില്‍ തട്ടിയുള്ള സ്‌നേഹത്തില്‍ ക്ഷമിക്കാന്‍ പറ്റാത്ത ഒന്നുമില്ല... '
ലോക്ക് ഡൗണില്‍ എനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി. തല തണുക്കെ ഇരുന്നു ചിന്തിച്ചു. ഉത്തരങ്ങള്‍ പതിയെ കിട്ടിത്തുടങ്ങി. എന്തുകൊണ്ട് ഇങ്ങനെ വെറും സില്ലി ആയ ഒരു കാര്യം പറഞ്ഞു അവള്‍ പോയി എന്നുള്ളതിന്റെ ഉത്തരങ്ങള്‍.
അപ്പോഴെക്കും ഈ ബന്ധം ഇനിയില്ല എന്ന സത്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഒന്ന് വെറുതെ ഇരുന്ന് പോയാല്‍ തികട്ടി വരുന്ന കരച്ചില്‍, പിന്നീട് രാത്രിയില്‍ മാത്രമായി. അത് വീണ്ടും കുറഞ്ഞു, ഫോട്ടോയോ മറ്റോ കാണുമ്പോള്‍ മാത്രമായി. ഈ കാലയളവില്‍ എനിക്ക് കാര്യങ്ങള്‍ എല്ലാം വ്യക്തമാവുകയായിരുന്നു.
അവസാനത്തെ 6-7 മാസങ്ങളില്‍ അവള്‍ ആവശ്യപ്പെട്ട ചില കാര്യങ്ങള്‍. അതിന് ഞാന്‍ നല്‍കിയ തൃപ്തികരമല്ലാത്ത ഉത്തരങ്ങള്‍... ഇവയെല്ലാം എന്റെ മനസിലൂടെ മിന്നി മാഞ്ഞു.
കല്യാണം കഴിഞ്ഞാല്‍ ഉടനെ വീട്ടില്‍ നിന്നും മാറി താമസിക്കണം. അതിന് ഞാന്‍ കൊടുത്ത ഉത്തരം..എന്റെ അപ്പനും അമ്മയും കൂടെയുള്ളത് നിനക്ക് ബുദ്ധിമുട്ട് ആണെങ്കില്‍ നമുക്ക് ഈ പരിപാടി ഇവിടെ നിര്‍ത്താം...വഴക്ക് ആയി...
അടുത്ത ആവശ്യം ഇപ്പോഴത്തെ ജോലി കളഞ്ഞു ഗള്‍ഫില്‍ പോണം. 2-3 ലോണ്‍ ഉള്ളതുകൊണ്ട് അത് പറ്റില്ല. ഗള്‍ഫില്‍ എത്തി എന്ന് തന്നെയിരിക്കട്ടെ.. പുതിയ ജോലി സെറ്റ് ആകുന്ന വരെ എങ്ങനെ ലോണ്‍ അടയ്ക്കും. വീട്ടില്‍ ആകെ ഒരു സ്ഥിരം ജോലി ഉള്ളത് എനിക്കാണ്. അത് കളഞ്ഞിട്ട് പെട്ടെന്ന് പുതിയതൊന്നും കിട്ടിയില്ലെങ്കില്‍ അത്രയും നാള്‍ വീട് ആര് നോക്കും? ലോണ്‍ അടച്ചില്ലെങ്കില്‍ വരുന്ന കേസിനു ആര് ഉത്തരം പറയും? അതുകൊണ്ട് ലോണ്‍ തീരുന്നത് വരെ സമയം തരണം...അടുത്ത വഴക്ക്...
ആവശ്യം നമ്പര്‍ 3, എന്റെ പേരില്‍ എന്തൊക്കെയുണ്ട്... ഒരു കാറും ബൈക്കും അല്ലാതെ? വീട് ഉണ്ടോ...നാട്ടുനടപ്പ് അനുസരിച്ച് വീട് അനിയനല്ലേ പോകുന്നത് ? അതുകൊണ്ട് എത്രയും പെട്ടെന്ന് വേറെ വീട് വെക്കണം.
ന്യായമായ ആവശ്യം.പക്ഷെ സമയം വേണ്ടേ..ലോണ്‍ തീര്‍ന്നാല്‍ അല്ലെ വീട് വെക്കാന്‍ അടുത്ത ലോണ്‍ എടുക്കാന്‍ പറ്റൂ?
വീണ്ടും വഴക്ക്..
ആവശ്യം നമ്പര്‍ 4 എന്റെ ബന്ധുക്കളോട് ഞാന്‍ സഹകരിക്കാന്‍ പാടില്ല...ശ്ശെടാ നീ നിന്റെ ബന്ധുക്കളോട് മിണ്ടണ്ട എന്ന് ഞാന്‍ ഇതുവരെ പറഞ്ഞിട്ടുണ്ടോ... ഇത് എന്തൊരു പാട്...? വീണ്ടും തര്‍ക്കം വഴക്ക് അവസാനം അവള്‍ അതെ പല്ലവി.... പിരിയാം... ഇങ്ങനെയുള്ള ഓരോ ആവശ്യമില്ലാത്ത ആവശ്യങ്ങള്‍ക്കും ഞാന്‍ നോ പറയുമ്പോ അവസാനം അവള്‍ പറയുന്നതാണ്... 'എങ്കില്‍ പിരിയാം'തൊട്ടതിനും പിടിച്ചതിനും പിരിയണം... ഇതെന്തൊരു കഷ്ടം ആണെന്ന് ഓര്‍ത്തു പോയി...
അടുത്ത ആവശ്യമാണ് ബഹു കേമം...
അവസാനമായി ബ്രേക്ക് അപ്പ് ആകുന്നതിനു മുന്‍പ് ഒരിക്കല്‍ അവരുടെ അമ്മ എന്നോട് ചോദിച്ചു...'മതം മാറാന്‍ പറ്റുമോ... ആരും അറിയേണ്ട. വൈശാഖ് മാത്രം മാറിയാല്‍ മതി ?
ഞാന്‍ പറഞ്ഞു പണ്ട് എന്റെ വീട്ടുകാരുടെ മുന്നില്‍ വെച്ച് നിങ്ങള്‍ ഈ ആവശ്യം ഒന്നും പറഞ്ഞില്ലല്ലോ...ഇതൊക്കെ കേട്ടുകൊണ്ട് അവള്‍ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. ഒറ്റ വാക്ക് കൊണ്ട് പോലും അവള്‍ ആ ആവശ്യത്തിനെ എതിര്‍ത്തില്ല...ഏത്?
ജാതിയും മതവുമൊക്കെ സങ്കല്‍പ്പമല്ലേ എന്ന് ഇന്നലെ വരെ പറഞ്ഞവള്‍...
ഇതിന് ഞാന്‍ തീര്‍ത്തും നോ പറഞ്ഞു... മറ്റൊന്നുമല്ല... എനിക്ക് ഒരു മതത്തിലും ദൈവത്തിലും വിശ്വാസമില്ല... ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന ഒരു പൊസിഷന്‍ എനിക്ക് ഏത് മതത്തെയും അതിന്റെ തെറ്റുകളെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യം തരുന്നുണ്ട്, ഒരു മതത്തിനു കീഴ്‌പ്പെട്ടാല്‍ ആ സ്വാതന്ത്ര്യം നഷ്ടപ്പെടും... അതുകൊണ്ട് അത് തീര്‍ത്തും ഒരു നോ ആണ്... മറിച്ച് ഞാനും പറഞ്ഞില്ലല്ലോ അവള്‍ എന്റെ മതത്തിലേക്ക് മാറണം എന്ന്?
അവള്‍ക്ക് അവളുടെ വിശ്വാസം...എനിക്ക് എന്റെ വിശ്വാസമില്ലായ്മ...ഇതാണ് നമ്മള്‍ പറഞ്ഞു വെച്ച വാക്ക്..അല്ലെങ്കില്‍ തന്നെ എത്രയോ പേര് ഒളിച്ചോടി പോകുന്നു... ജാതിയും മതവും നോക്കിയാണോ?
ഞാന്‍ ഇത്രയും പറഞ്ഞതൊക്കെയും അവള്‍ മിണ്ടാത്തെ കേട്ടിരുന്നു...
പറഞ്ഞു കഴിഞ്ഞപ്പോ അമ്മ പറഞ്ഞു 'മോനെ അത് പിന്നെ പള്ളിയില്‍ നിന്നു പറഞ്ഞു പുറത്ത് ഉള്ളവര്‍ക്ക് പെണ്ണിനെ കൊടുക്കാന്‍ തടസ്സം ഉണ്ടെന്ന്...'
ഞാന്‍ ചോദിച്ചു 'സ്‌നേഹിച്ചപ്പോ ഈ തടസങ്ങള്‍ ഒന്നും ഇല്ലായിരുന്നല്ലോ...അമ്മ ആലോചിച്ചു പറഞ്ഞാല്‍ മതി... എന്തായാലും എന്റെ തീരുമാനത്തിന് മാറ്റമില്ല...'
അത്രയും പറഞ്ഞു ഞാന്‍ ഇറങ്ങി അവിടുന്ന് വീട്ടിലേക്ക് വന്നു.
വീട്ടില്‍ വന്നയുടനെ അവളുടെ ഫോണ്‍...'നീ പോയിക്കഴിഞ്ഞു അമ്മയോട് ഞാന്‍ നല്ല വര്‍ത്തമാനം പറഞ്ഞു. അങ്ങനെ ചോദിക്കേണ്ട കാര്യം എന്തായിരുന്നു എന്ന്...'
ഞാന്‍ ചോദിച്ചു... 'അന്നേരം ഞാന്‍ ഒറ്റയ്ക്കല്ലേ സംസാരിച്ചത്? നീ സപ്പോര്‍ട്ട് ചെയ്‌തോ, ഇല്ലല്ലോ...നിനക്ക് എന്റെ അഭിപ്രായത്തോട് യോജിപ്പ് ആണെങ്കില്‍ അത് അന്നേരം പറയണം ആയിരുന്നു. എതിര്‍ത്ത് സംസാരിച്ചാല്‍ പൂട്ടിയിടുന്ന വീട്ടുകാര്‍ അല്ലല്ലോ നിന്റെയോ എന്റെയോ വീട്ടുകാര്‍... പിന്നെന്തായിരുന്നു'
ആ സംസാരം അവിടെ നിന്നു
അന്ന് മുതല്‍ ഓരോ ചെറിയ കാര്യങ്ങളും വഴക്കില്‍ തീരാന്‍ തുടങ്ങി. ഓരോ വഴക്കിനും ഒടുവില്‍ പിരിയാം എന്ന് പറയുന്നത് പതിവായി. ഞാന്‍ അപ്പോഴേല്ലാം പണ്ടെങ്ങോ കിട്ടിയ സ്‌നേഹത്തിന്റെ ഓര്‍മയില്‍ നന്ദിയുള്ള നായയെ പോലെ പിറകെ പോയി അവളെ അനുനയിപ്പിച്ചുകൊണ്ടിരുന്നു.
അവസാനം പിരിയുന്നതിന് ഒരാഴ്ച്ച മുന്‍പ്. മാര്‍ച്ച് 5 ആം തീയതി ഒന്ന് പിണങ്ങി ഒരു ദിവസം മുഴുവന്‍ മിണ്ടാതെ ഇരുന്നു. രാവിലേ തൊട്ട് രാത്രി വരെ ഞാന്‍ അങ്ങോട്ട് വിളിച്ചുകൊണ്ടിരുന്നു.
അവസാനം രാത്രിയില്‍ അവള്‍ ഫോണ്‍ എടുത്തിട്ട് പറഞ്ഞു 'പിരിയാം, എനിക്ക് വേറെ ഒരു ആളുമായി അഫയര്‍ ഉണ്ട് ' എന്ന്.എന്നിട്ടും ഞാന്‍ കേണ് അപേക്ഷിച്ച് കൂടെ നിര്‍ത്തി.
ഈ കാര്യങ്ങള്‍ എല്ലാം, ലോക്ക്ഡൗണ്‍ സമയത്തെ എന്റെ ചിന്തകളിലൂടെ കടന്നു പോയി. ഞാന്‍ തിരിച്ചറിയുകയായിരുന്നു...
ഞാന്‍ ഇട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസ് വെറും ഒരു പുകമറ ആയിരുന്നു.
ബന്ധം മുറിയുകയും വേണം. എന്നാല്‍ കാണുന്നവര്‍ക്ക് അത് അവളുടെ താല്പര്യക്കുറവ് കൊണ്ടല്ല, മറിച്ച് എന്റെ ദുര്‍നടപ്പ് കൊണ്ടാണെന്ന് തോന്നുകയും വേണം.
എന്റെ മനസില്‍ ബാക്കിയുണ്ടായിരുന്ന കനലും കെട്ടടങ്ങുകയായിരുന്നു.
സ്റ്റാറ്റസ് ഇട്ടുപോയല്ലോ എന്നുള്ള കുറ്റ ബോധത്തിന്റെ പിടിയില്‍ നിന്നും, ഞാന്‍ തെറ്റുകാരനല്ല എന്ന തിരിച്ചറിവിലേക്ക് ഞാന്‍ നീങ്ങുകയായിരുന്നു.
നാവിനു നഷ്ടപ്പെട്ട രുചി തിരിച്ചു വന്നു തുടങ്ങി, സമയം കടന്നു പോകാന്‍ തടസ്സങ്ങള്‍ ഇല്ല എന്ന് തോന്നി.
ടെന്‍ഷന്‍ കുറഞ്ഞു തുടങ്ങി. ഇനി എന്ത് എന്ന് കരുതിയിരുന്ന ഞാന്‍, ജീവിതത്തില്‍ ഇനി ഒരുപാട് ബാക്കിയുണ്ട് എന്ന് തിരിച്ചറിഞ്ഞ കാലമായിരുന്നു ലോക്ക് ഡൗണ്‍.
3 മാസങ്ങള്‍ കടന്നു പോയിരുന്നു. ഫേസ്ബുക് സംവാദങ്ങള്‍, ചില ഗ്രൂപ്പുകള്‍, ചില കൂട്ടുകാര്‍... പബ്ജി... അങ്ങനെ ലൈഫ് വീണ്ടും നേര്‍ രേഖയില്‍ നീങ്ങാന്‍ പഠിച്ചു തുടങ്ങി.
അപോഴേക്കും ഓഫീസ് സ്റ്റാര്‍ട്ട് ആയിരുന്നു... ജൂണ്‍ 12 മുതല്‍ വര്‍ക്ക് ഫ്രം ഹോം കിട്ടി... എന്റെ റൂമില്‍ തന്നെയിരുന്നു വര്‍ക്ക് ചെയ്ത് തുടങ്ങി.
അങ്ങനെ ജൂണ്‍ മാസത്തില്‍, ഡല്‍ഹിയില്‍ കടുത്ത ചൂടുള്ള ഒരു ദിവസം. വൈകിട്ട് വീട്ടില്‍ സംസാരിക്കുന്ന നേരം, മമ്മി മറ്റൊരു കല്യാണം ആലോചിക്കുന്ന കാര്യം എടുത്തിട്ടു.
ഞാന്‍ ബ്രേക്ക് അപ്പിന്റെ ട്രോമയില്‍ നിന്നും പൂര്‍ണ്ണമായും റിക്കവര്‍ ആയിരുന്നു. ഒരു മാസത്തോളം അങ്ങനെ വീട്ടുകാര്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യത്തിന് ഞാന്‍ സമ്മതം മൂളി. മറ്റൊരു കുട്ടിയെ നിങ്ങള്‍ ആലോചിച്ചുകൊള്ളൂ. നിങ്ങള്‍ കണ്ടെത്തുന്ന ആരായാലും എനിക്ക് സമ്മതം.സ്വത്തും മുതലും ഒന്നും വേണ്ട എനിക്ക്.എന്റെ അവസ്ഥകളും പരിമിതികളും അറിയുന്ന ഒരു കുട്ടി മതി.വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അത് മസ്റ്റ് ആണ്...
അവര്‍ പരിചയത്തിലും ബന്ധത്തിലും ഒക്കെ ഉള്ളവരോട് ഇക്കാര്യം അന്വേഷിക്കാന്‍ തുടങ്ങി. അധികം അന്വേഷിക്കേണ്ടി വന്നില്ല. ജൂലൈ പകുതിയോട് കൂടി ഒരു പ്രൊപോസല്‍ വന്നു. കുട്ടി പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കുന്നു. വീട്ടില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരെയാണ് അവരുടെ വീട്. ചുറ്റുപാടും ഒക്കെ കേട്ടപ്പോള്‍ കുഴപ്പമില്ല എന്ന് തോന്നി.
അതിനിടെ അവളുടെ മെസ്സേജ് വന്നിരുന്നു ഒരിക്കല്‍... ഇനി നമ്മള്‍ ഒന്നിക്കില്ല എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കാന്‍. പഴയതില്‍ നിന്നും വ്യത്യസ്തമായി ഞാന്‍ പറഞ്ഞു. 'ഒന്നിക്കുകയും വേണ്ട..നിന്റെ ആഗ്രഹവും അതായിരുന്നല്ലോ...അതിനാണല്ലോ ഇല്ലാത്ത കാരണം ഉണ്ടാക്കി നീ പോയത്..നീ പോയതിന്റെ കാരണം ആ സ്റ്റാറ്റസ് അല്ലെന്ന് എനിക്ക് മനസിലായി...'
ഈ വട്ടം അപ്പുറത്ത് ഉണ്ടായ നടുക്കം ഞാന്‍ ശരിക്കും അറിഞ്ഞു.
അവള്‍ പറഞ്ഞു 'നിന്റെ പെരുമാറ്റത്തില്‍ ഭയങ്കര വ്യത്യാസം ഉണ്ടല്ലോ'
ഞാന്‍ മറുപടി പറഞ്ഞു 'പിന്നെ എന്നും നിന്റെ കാല് പിടിക്കും എന്ന് കരുതിയോ. എന്റെ തെറ്റല്ല എന്നറിഞ്ഞ നിമിഷം തീര്‍ന്നു ആ സെന്റിമെന്റ്‌സ്...'
ഫോണ്‍ കട്ട്...
പിന്നീട് നാട്ടില്‍ നിന്നും വിളി വന്നു... എന്തായാലും വര്‍ക് ഫ്രം ഹോം അല്ലെ, പോയേക്കാം എന്ന് ഞാനും വെച്ചു. അന്ന് രാജ്യത്തുടനീളം കൊറോണ ഭീകരമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സമയം.
നാട്ടില്‍ ചെന്നാല്‍ ക്വാറന്റൈന്‍ ഇരിക്കണം. എന്റെ അനിയന്‍ അന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ് സാറിന്റെ വോളന്റിയര്‍ ടീമില്‍ ആണ്. ക്വാറന്റൈന്‍ സെന്ററില്‍ ആണ് ഡ്യൂട്ടി. അവനെ വിളിച്ചു ക്വാറന്റൈന്റെ കാര്യങ്ങള്‍ ഒക്കെ അന്വേഷിച്ചു. ജൂലൈ 24 നു ടിക്കറ്റ് ബുക്ക് ചെയ്തു. ഓഗസ്റ്റ് 3ന് ആണ് പോകേണ്ടത്. അന്ന് ട്രെയിന്‍ എറണാകുളം വരെയേ ഉള്ളു. ഡല്‍ഹി ഹസരത് നിസാമുദ്ധീനില്‍ നിന്നും എറണാകുളം പോകുന്ന മംഗള ലക്ഷദ്വീപ് സ്‌പെഷ്യല്‍ എക്‌സ്പ്രസ്സില്‍ സീറ്റ് കിട്ടി.
ഓഗസ്റ്റ് 5 ന് നാട്ടില്‍ വന്നു. 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലും ക്വാറന്റൈന്‍ ഇരുന്ന ശേഷം, ആദ്യമായി വീട്ടുകാര്‍ കണ്ടെത്തിയ കുട്ടിയെ പോയി കണ്ടു. നല്ല പെരുമാറ്റം...എന്റെ ജോലിയെയും അവസ്ഥകളെയും പറ്റിയൊക്കെ ഞാന്‍ അതിനോട് വിശദമായി പറഞ്ഞു. അതൊക്കെ കേട്ടപ്പോള്‍ അവള്‍ക്കും പ്രശ്നമൊന്നും ഇല്ലായിരുന്നു.
പിന്നേ ഉറപ്പിക്കല്‍ കഴിഞ്ഞു... നവംബര്‍ 22 ആം തീയതി നിശ്ചയവും.
ഇപ്പോ എന്റെ എല്ലാ കാര്യങ്ങളും ആ കുട്ടിക്ക് അറിയാം... ഈ പഴയ ബന്ധം ഉള്‍പ്പെടെ. എന്റെ ഏറ്റവും നല്ല സുഹൃത്തും ഇപ്പോ അവള്‍ തന്നെ, ഇനിയും രണ്ട് മാസത്തിനുള്ളില്‍ വിവാഹം ഉണ്ടാവും. സന്തോഷം സമാധാനം. ഓഗസ്റ്റില്‍ നാട്ടില്‍ വന്ന ഞാന്‍ ഇപ്പോഴും നാട്ടില്‍ തന്നെയുണ്ട്. വര്‍ക്ക് ഫ്രം ഹോം തന്നെയാണ് ഇപ്പോഴും...
കൂടിപ്പോയാല്‍ ഈ മാസം കൂടി ഉണ്ടാവും... അത് കഴിഞ്ഞാല്‍ മടങ്ങണം... രാജ്യതലസ്ഥാനത്തേക്ക്. ഇനിയുള്ള മടങ്ങി വരവ് കല്യാണത്തിന്...
അതെ, ഈ ലോക്ക് ഡൗണ്‍ കാലം എനിക്ക് തിരിച്ചറിവുകളുടെയും പുതിയ വഴിതിരിവിന്റെയും കാലം ആയിരുന്നു.
ഇപ്പോള്‍ എനിക്ക് നല്ല സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ട്.
ഇടയ്ക്ക് ബോര്‍ അടിക്കുമ്പോ, കയ്യില്‍ കിടക്കുന്ന മോതിരം, കെട്ടാന്‍ പോകുന്ന കുട്ടിയുടെ പേരുള്ള മോതിരം വിളിച്ചു പറയും... 'നീ ഒറ്റയ്ക്കല്ല, ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്, നമുക്ക് ഒന്നിച്ച്...' എന്ന്...