കോവിഡ്-19 ലോകമെമ്പാടും പിടിച്ച് കുലുക്കിയ നേരം, 2020 മാര്‍ച്ചില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സാങ്കേതിക പ്രാഗത്ഭ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെ സര്‍ക്കാരിനെ സഹായിക്കുവാന്‍ ക്ഷണിക്കുകയുണ്ടായി. ഗവേഷണം പാതി വഴിയെത്തിനില്‍ക്കുന്നത് കൊണ്ടും, ലോക്ഡൗണ്‍ വേഗം മാറി യൂണിവേഴ്‌സിറ്റി  വേഗം തുറക്കുമെന്നുള്ള വിശ്വാസത്തിലും ഞാന്‍ ആ കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട് കിടന്നുറങ്ങിയതല്ലാതെ മറ്റൊന്നും തന്നെ ചെയ്തിരുന്നില്ല. 

അങ്ങനെയിരിക്കെയാണ് സര്‍ക്കാരിന്റെ ഒരു കോവിഡ് റെസ്‌പോണ്‍സ് സെന്ററില്‍  പോകുവാന്‍ കൂട്ടുവേണമെന്നും പറഞ്ഞ് എന്റെ  ഒരു സുഹൃത് എന്നെ നിരന്തരം വിളിച്ച് തുടങ്ങിയത്. തൊണ്ടവേദന, പനി, ചുമ തുടങ്ങിയ എല്ലാ കോവിഡ്-19 ലക്ഷണങ്ങളും എനിക്കുണ്ടെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ അവന്‍ എന്നേം കൊണ്ട് മാര്‍ച്ച് 23 ന്  നേരം പര പര വെളുത്തപ്പോഴേക്കും ആ ഓഫീസിലേക്ക് വിട്ടു. 

അങ്ങനെ ഒരു ദിവസത്തെ ട്രെയിനിങ്ങും കഴിഞ്ഞ്,  ഒരു ചെറിയ പേടിയോടു കൂടി ഞങ്ങളും കോവിഡ്-19 പോരാളികളായി  മാറി. പേടി മറ്റൊന്നും കൊണ്ടല്ല, ട്രെയിനിങ് കഴിഞ്ഞപ്പോഴേക്കും, എനിക്ക് ചെറിയ ഒരു തൊണ്ടവേദന തുടങ്ങിയോന്ന് ഒരു സംശയം നിലവില്‍ വന്നു (ഇനി എനിക്ക് കോറോണയെങ്ങാനും ആയിരിക്കുമോ എന്നുള്ള വളരെ നിസാരമായുള്ള പേടി; മുന്‍പേ പറഞ്ഞ കള്ളം ശരിക്കും പണിതന്നതാണെന്നു വിചാരിച്ചു). പക്ഷെ അതങ്ങ് ഒരു ദിവസം കൊണ്ട് മാറിപോയി. 

അവിടെ  കയറിയിട്ട്, ഏകദേശം ഒന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു. പലര്‍ക്കും ഈ ഒരു ആരോഗ്യ അടിയന്തരാവസ്ഥയുടെ നേരത്ത്  എന്നാല്‍ കഴിയുന്ന വിധം ആശ്വാസമേക്കുവാന്‍ കഴിയുന്നുണ്ടെന്ന്  തോന്നി തുടങ്ങിയപ്പോള്‍, എനിക്ക് ചെറിയ രീതിയില്‍ ഒരു അഭിമാനമൊക്കെ തോന്നി. 

അങ്ങനെ ലോക്ക്ഡൗണിനിടക്കുള്ള ഒരു വെയിലുള്ള പകല്‍, പുറത്തെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, ഓഫീസിന്റെ കലപില ശബ്ദത്തിന്റെ ഇടയിലേക്ക് പെട്ടെന്ന് ഒരു പ്രത്യേക സുഗന്ധം പരത്തുന്ന കാറ്റു വീശി, ആ സുഗന്ധം എന്റെ ചുറ്റിനും പരക്കുന്ന  പോല്ലെ എനിക്ക് തോന്നി. കുറച്ച് സെക്കന്റുകള്‍ക്കുള്ളില്‍  എന്റെ വലത്തെ അറ്റത് കൂടെ ആരോ വന്നു അപ്പുറത്തെ കസേരയില്‍ ഇരുന്നു.

പെട്ടെന്ന് ഒരു ഞെട്ടലോടു കൂടി ഞാന്‍ മാക്‌സിമം എയര്‍ പിടിച്ച് എന്റെ വയര്‍ സെറ്റ് ആക്കി നിവര്‍ന്നിരുന്നു, മുടി കൈകൊണ്ട് ചീകി, മീശ നേരെ വച്ചു, ചരിഞ്ഞിരുന്ന കണ്ണാടി നേരെ എടുത്തു വച്ചു. എന്നിട്ട് ഒന്നും കൂടി കുറച്ച് ആത്മവിശ്വാസത്തോടെ അങ്ങോട്ട് നോക്കി.... 

അതെ അവള്‍ തന്നെ, ഇക്കാലമത്രയും ഞാന്‍ ഉണര്‍ന്നിരുന്നപ്പോള്‍ എന്റെ മനസ്സില്‍ ആരോ വരച്ചു തന്ന ചിത്രം!

ഞാന്‍ നോക്കിയിരുന്നു പോയി; അവളുടെ കരിമഷി ഇട്ട കണ്ണുകളെ, നീണ്ട മുടിയിഴകളെ, മഞ്ഞള്‍ പ്രസാദം ചാര്‍ത്തിയ നെറ്റിയെ, ചുവന്ന കവിളിനെ, കുഞ്ഞ് മൂക്കുത്തിയിട്ട ഇമ്മിണി വല്യ മൂക്കിനെ, ചുണ്ടുകളെയും. 

അതേ എന്റെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. അങ്ങോട്ട് നോക്കി വെറുപ്പിച്ചിട്ടാണോയെന്തോ, അവള്‍ എന്നെയും നോക്കി. നോക്കുക മാത്രമല്ല, അവള്‍ ഒന്ന് ചിരിക്കുകയും ചെയ്തു (മനസ്സില്‍ 'രമ്പ ഹൊ ഹൊ ഹൊ, രമ്പ ഹൊ  ഹൊ  ഹൊ'  എന്ന രാഗം നിര്‍ത്താതെ പ്ലേ ചെയ്യുന്നു). പക്ഷെ എന്റെ ഇടനെഞ്ചില്‍ ആകെ ഒരു വേദന, നല്ല ഷര്‍ട്ട് ഇടായിരുന്നു, താടി ട്രിമ്മ് ചെയ്യായിരുന്നു, മീശ ഷേപ്പ് ചെയ്യായിരുന്നു... അങ്ങനെ ആകെ ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ്മ(n.b.: അന്ന് മാസ്‌ക് നിര്‍ബന്ധം ആയി വരുന്നതേ ഉള്ളു).

പിന്നീടങ്ങോട്ട് അവളുടെ അടുത്ത സീറ്റ് പിടിക്കുവാനുള്ള മത്സരം ആയിരുന്നു. 8 മണിക്ക് അവിടെ എത്തിയാല്‍, ഒരു 8.45 - 9 ആകുമ്പോഴേക്കും ആ ഫ്‌ളോറിലേക്ക് ഒരു സുഗന്ധം പരക്കും,കൂടെ  യാര്‍ഡ്ലിയുടെ പരസ്യം പോല്ലെ അവളും. ഇങ്ങെത്തും . 

ഏറെകുറെ ആറ് മണിക്കൂര്‍ വരുന്ന ഷിഫ്റ്റുകള്‍ എനിക്ക് ആറ് മിനിറ്റ് പോല്ലെ പോയി തുടങ്ങി. അവള്‍ക്ക് ഓഫ് വരുന്ന ദിവസങ്ങള്‍ എന്റേം  ഓഫ് ആക്കുവാന്‍ ഞാന്‍ പാടുപെട്ടു, പലപ്പോഴും പണി പാളി. അങ്ങനെ ഏപ്രില്‍ പകുതിയോടെ ഞാന്‍ എന്റെ വണ്‍ വേ പ്രണയത്തിന്റെ നെക്സ്റ്റ് സ്റ്റേജിലേക്ക് കടന്നു. 

ഇടവേളകളില്‍ അവളുമായി വെറുതെ ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി സംസാരിക്കുവാന്‍ തുടങ്ങി. അവളെ കൂടുതല്‍ അറിയുവാന്‍ ശ്രമിച്ചു. അതില്‍ നിന്നും എനിക്ക് ഒന്നുറപ്പായി. ദൈവം എന്റെ മുന്നില്‍ കൊണ്ടുവന്ന് എന്റെ പെണ്ണിനെ ഇരുത്തിയിരിക്കുകയാണ്. ഇനി ബാക്കിയെങ്കിലും സ്വന്തമായി ചെയ്തില്ലെങ്കില്‍, അമ്പലത്തിലെ അടുത്ത വര്‍ഷത്തെ ഉത്സവത്തിന് എനിക്ക് പായസം തരില്ലെന്ന് എവിടുന്നോ ഒരു അശരീരി കേട്ട പോല്ലെ എനിക്ക് തോന്നി. 

ഹാ... അങ്ങനെ എന്റെ മനസ്സ് മുഴുവന്‍ അവളായി. 

അങ്ങനെ ഒരു ദിനം കുറച്ച് വൈകി, അതായത് ഒരു പത്തു മിനിറ്റ് വൈകി എത്തിയപ്പോഴേക്കും..ദാ എന്റെ സീറ്റില്‍ മറ്റൊരു രൂപം. എന്റെ സീറ്റ് പോയി! അവിടെ ഇരിക്കുവാനുള്ള എന്റെ അന്നത്തെ ശ്രമങ്ങളൊക്കെ പാഴായി. അടുത്ത ദിവസം ഞാന്‍ നേരത്തെ എത്തി.അന്നും അത് തന്നെ സംഭവിച്ചു.

'അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്, നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്'...ഈ പാട്ടും മനസ്സില്‍ പാടി ഞാന്‍ ജോലി തുടര്‍ന്ന് കൊണ്ടേ ഇരുന്നു. 

അയ്യേ, അപ്പോള്‍ എല്ലാം തീര്‍ന്നോ? 

ആഹ ! അങ്ങനെയങ്ങു പോകാന്‍ ഞാന്‍ വേറെ ജനിക്കണം! കഷ്ടപ്പെട്ട് ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കി അടുത്ത ദിവസം ഞാന്‍ എന്റെ സീറ്റ് പിടിച്ചു. പക്ഷെ അവിടെയും എന്നെ ഭാഗ്യം തുണച്ചില്ല. അവളുടെ അച്ഛന് സുഖമില്ലാത്തോണ്ട് അവള്‍ ലീവിന് പോയി. അവള്‍ ലീവ് കഴിഞ്ഞ് മടങ്ങിയെത്തും മുന്നേ എന്റെ അവിടത്തെ ഡ്യൂട്ടി തീര്‍ന്നു. അപ്പോഴേക്കും മെയ് പകുതി ആയിരുന്നു.

അവളെ ഒന്ന് കാണാന്‍ കൊതിയായിട്ട് അവിടത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും നമ്പര്‍ കണ്ടെത്തി സേവ് ചെയ്തു. പക്ഷെ അവള്‍ എന്റെ നമ്പര്‍ സേവ് ചെയ്യാത്തതുകൊണ്ട് അവളുടെ ഫോട്ടോ എനിക്ക് കാണാന്‍ പറ്റനുണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് എന്നും അവളുടെ ഇന്‍സ്റ്റയും ഫേസ്ബുക്കുമൊക്കെ നോക്കിയിരിക്കലായിരുന്നു ഇടവേളകളില്‍ എന്റെ പ്രധാന വിനോദം. 

അവളോടുള്ള സ്‌നേഹം ഉള്ളിലൊതുക്കിക്കൊണ്ട് ഞാന്‍ പതിയെ എന്റെ ജോലികളില്‍ മുഴുകി. അങ്ങനെയിരിക്കെ ഒരു ദിവസം, ഒരു ഞാറാഴ്ച്ച നട്ടുച്ചക്ക് ഒരു ഫോണ്‍ കോള്‍! ; മൊബൈലില്‍ അവളുടെ പേര് തെളിഞ്ഞു. ഞാന്‍ ചാടി വീണ്  എന്റെ  ഫോണ്‍ എടുത്തു. അവള്‍ എന്താ പറയുന്നതെന്നൊന്നും ഞാന്‍ ശ്രദ്ധിച്ചേയില്ല. അത്രയ്ക്ക് സന്തോഷമായി പോയി. എന്നെ കാണാതതുകൊണ്ട്  വിളിച്ചതാണെന്ന് കേട്ടതും ഈ 96 സിനിമയില്‍  നായകന് നായികയെ കാണുമ്പോള്‍ റിലേ പോകുന്നത് പോല്ലെ എനിക്കും തോന്നി. 

ആ ഫോണ്‍ കോളോടുകൂടി, ഞങ്ങള്‍ വാട്‌സാപ്പില്‍ വല്ലപ്പോഴും ഒരു മെസ്സേജ് ഒക്കെ ആയിക്കുവാന്‍ തുടങ്ങി. ജൂണ്‍ മാസവും, ജൂലൈ മാസം എറെക്കുറെയും അങ്ങനെ പോയി. 

അങ്ങനെ അങ്ങ് പോയാല്‍ പറ്റില്ലല്ലോ, ഞാന്‍ എന്റെ മനസ്സ് തുറക്കണ്ടേ? ശരിക്കും എനിക്ക് പേടിയാണ്. ഞാന്‍ പോയി എന്റെ അമ്മയോട് പറഞ്ഞു. അമ്മയാണെങ്കില്‍ ഒടുക്കത്തെ മാസ്സ്.. നീ വേഗം പോയി നിന്റെ ഇഷ്ടം കൊച്ചിനെ അറിയിക്കുവാന്‍ പറഞ്ഞു. ഇതൊക്കെ ഉള്ളില്‍ വച്ചു നടന്നിട്ടെന്തിനാണെന്നും കൂടെ അമ്മ അങ്ങോട്ട്  ചേര്‍ത്തു. അതോടെ എനിക്ക് കുറച്ച് ശക്തി കിട്ടി. 

അതോടെ ഞാന്‍ ഒരു മിഷന്‍ പ്ലാന്‍ ഒക്കെ ഉണ്ടാക്കി. ജൂലൈ മാസം 26 ന്,  ഉച്ചക്ക് 2.30 തൊട്ട് ഞാന്‍ എന്റെ മിഷന്‍ ആരംഭിച്ചു. 3.30ക്ക് വാട്‌സ്ആപ്പ് ലവ് ലെറ്റര്‍ റെഡി ആക്കി. 3.45ന് അമ്മ വന്ന് എന്തോ പറഞ്ഞ് കളിയാക്കിയിട്ട് പോയി, 3.55ന് പരസ്പര ബന്ധമില്ലാത്ത ഓരോ കാര്യങ്ങള്‍ പറഞ്ഞ് അവള്‍ക്ക് മെസ്സേജ് ആയിച്ചു തുടങ്ങി. 4 മണിക്ക് ഞാന്‍ ഈ ലവ് ലെറ്റര്‍ അങ്ങോട്ടു അയിച്ചു. 

അത് കണ്ട് അവള്‍ ഒന്ന് ഞെട്ടി! 

ശേഷം...!

കോവിഡിനോടുള്ള ഒരു ബഹുമാനം ജനം വെടിഞ്ഞു, കടകമ്പോളങ്ങള്‍ ആക്റ്റീവ് ആയി, കോവിഡിനെതിരെയുള്ള വാക്സിന്‍ ലോകമെമ്പാടും വിതരണം തുടങ്ങി, സ്‌കൂളുകളും കോളേജുകളും എന്തിന് തിയേറ്ററുകള്‍ വരെ തുറന്നു. 

അപ്പോള്‍ എന്റെ പ്രണയം? 

അവള്‍ ഇപ്പോഴും ഒരു കോവിഡ് പോരാളിയാണ്(ഞങ്ങള്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ സ്ഥാപനത്തില്‍ത്തന്നെ അവള്‍ക്ക് ജോലി ലഭിച്ചു). കോവിഷില്‍ഡിന്റെ ആദ്യ ഡോസ് എടുത്തിട്ട് ഇപ്പോള്‍ എന്നെ വിളിച്ചു വച്ചതേയുള്ളൂ. ഞാനാണെങ്കില്‍  ഈ വാലന്റൈന്‍സ് ഡേയ്ക്ക് അവള്‍ക്ക് കൊടുക്കുവാനുള്ള ഒരു കുഞ്ഞ് സമ്മാനവും (ഒരു ചെറിയ ഇന്‍ഡോര്‍ പ്ലാന്റ്; ഞങ്ങള്‍ രണ്ടും പ്രകൃതി സ്‌നേഹികള്‍ ആണേ) വാങ്ങി കാത്തിരിക്കുന്നു...