കഴിഞ്ഞ വര്‍ഷത്തെ നാട്ടിലെ ഉത്സവത്തിന് എന്തായാലും കാണാമെന്ന് നീ പറഞ്ഞതു കൊണ്ട് സന്തോഷം തലയ്ക്കടിച്ച് നീണ്ട രണ്ടു ദിവസം ഞാനുറങ്ങിയിരുന്നില്ല. പെട്ടെന്നാണ് മാര്‍ച്ചില്‍ അമ്മുവിന്റെ പരീക്ഷ മാറ്റി വച്ച് കൊറോണ സ്ഥലം കൈയ്യടക്കിയത്. പിന്നീട് നീണ്ട മാസങ്ങള്‍ ഒരടച്ചിരിപ്പു കാലമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ ഇതൊക്കെ മാറി നമ്മള്‍ കണ്ടുമുട്ടുമെന്നായിരുന്നു അന്നെന്റെ തോന്നല്‍. അടച്ചിടല്‍ പ്രഖ്യാപിച്ചതിന്റെ തലേ ദിവസം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അമ്മയുടെ കൂടെ രാജേട്ടന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ നിനക്കിഷ്ടമുള്ള ഒരു നീല ഐ ലൈനര്‍ ഞാന്‍ വാങ്ങി. ഇടയ്‌ക്കെപ്പോഴെങ്കിലും നിന്നെ കാണുമെന്നായിരുന്നു അന്നും പ്രതീക്ഷ. സത്യം പറയാലോ അരിയുടേയും പയറിന്റേയും കൂടെ ഐ ലൈനറും ബില്ലടിച്ചപ്പോള്‍ അമ്മ എന്നെ നോക്കി ദഹിപ്പിച്ചു. ഇതൊരു അവശ്യ വസ്തുവാണോന്ന് രാജേട്ടനും ചോദിച്ചു. നീലക്കണ്ണുമായ് നിന്റെ മുന്നില്‍ വരാനുള്ള എന്റെ സന്തോഷം അതോടെ കെട്ടുപോയി. പിന്നീടാണ് നാട്ടിലേയ്ക്കുള്ള ഫളൈറ്റ് ഒക്കെ കാന്‍സല്‍ ചെയ്‌തെന്ന് അറിഞ്ഞത്. നിന്നെയൊരിക്കലും കാണാനാവില്ലേ ഇനിയെന്നോര്‍ത്ത് ഉറങ്ങാത്ത രാത്രികള്‍ ഇപ്പോഴും ഇടയ്ക്കിടെ തുടരുന്നുണ്ട്. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും 'കാണാതെ മരിക്കുമോ' എന്ന കര്‍ണ്ണശപഥം കഥകളിയിലെ വരി ഇടയ്ക്കിടെയോര്‍മ്മ വരുന്നു. അതു പണ്ടു നീയെനിയ്ക്കു പാടിത്തരാറുളളപ്പോള്‍ മത്തങ്ങ പോലെ വീര്‍ത്തു വരുന്ന കവിളുകളുള്ള നിന്നെയും.
പിന്നീടുള്ള കാലങ്ങള്‍ അതിജീവനത്തിന്റേതായിരുന്നു. സങ്കടം മാറാന്‍, നിന്നെയോര്‍ക്കാതിരിക്കാന്‍ ഞാന്‍ നടത്തിയ പാചക പരീക്ഷണങ്ങള്‍ക്ക് കണക്കില്ല. എന്നിട്ടുമൊടുവില്‍ ഇതൊന്നും ആസ്വദിക്കാനാവാതെ തളര്‍ന്നിട്ടുണ്ട്. നിന്നെക്കാണാനാവാതെ ജീവിതം മുന്നോട്ടു നീങ്ങില്ലെന്ന സങ്കടക്കടലില്‍ മുങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയില്‍ നിന്ന് ഏകദേശം എട്ടു മാസത്തിലേയ്ക്ക് അടച്ചിരിപ്പു നീണ്ടപ്പോള്‍ നീയെന്ന വഴിയിലേയ്ക്ക് ഞാന്‍ കൂടുതല്‍ ഒട്ടിച്ചേര്‍ന്നതു പോലെ. തനിച്ചാവുമ്പോഴാണ് സ്‌നേഹരാഹിത്യം പോലെ സ്‌നേഹവും തെളിയുന്നതെന്ന് തോന്നുന്നു. ഈ പ്രണയ ദിനത്തിന് നീ പ്രവാസം മതിയാക്കി തിരിച്ചു വരുന്നതും കാത്തിരിക്കയാണ് ഞാന്‍.
നമ്മളൊരുമിച്ചു പാടാറുള്ള..
'കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്റെ നക്ഷത്രജാലകത്തില്‍ കൂട ജന്മാന്തരങ്ങളെക്കണ്ടു മൂര്‍ച്ചിച്ചതും
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദ നാടകരംഗ സ്മരണകള്‍'. എന്ന പ്രശസ്ത കവി ബാലചന്ദന്‍ ചുള്ളിക്കാടിന്റെ വരികള്‍ ഏതു സങ്കടത്തിലും നിന്റെയോര്‍മ്മകള്‍ കോര്‍ത്തു തന്ന് എനിക്കൊരു തലോടലാവാറുണ്ട്.
നിന്റെയോര്‍മ്മയിലെരിഞ്ഞ് നിന്നെയിങ്ങനെ കാത്തിരിക്കുമ്പോള്‍ ന്റെ മത്തങ്ങേ..സ്‌നേഹത്തിനെന്തൊരു തെളിച്ചമാണ്..നിന്നെപ്പോലെ..