കോവിഡ് കാലത്ത് എന്റെ പതിനായിരത്തി ചില്വാനം ദീര്‍ഘ ശ്വാസ-നിശ്വാസങ്ങളിലും ആയിരത്തിചില്വാനും ചോരതുപ്പിയ ചുമകളിലും നൂറ്റിചില്ലാനും കുത്തിവെക്കപ്പെട്ട പനി സൂചിയിലും മാലാഖയെ പോലെ അവളുണ്ടായിരുന്നു...അതെ,മാലാഖയെ പോലെ വെള്ള പിപിഇ കിറ്റണിഞ്ഞ് അവളെന്നും വരും...!

ഇടക്കൊക്കെ സിറിഞ്ചിനോടും നിറമുള്ള മരുന്നിനോടും കഥപറഞ്ഞ്,ക്യാനുല ഇട്ട  കൈയ്യാല്‍ ചിത്രം വരച്ചിട്ട് മുഖം കാണാതെ തന്നെ ഞാന്‍ അവളോട് പ്രണയത്തിലാവുകയായിരുന്നു. 

ആരോരുമില്ലാത്ത ആശുപത്രി രാത്രികളില്‍ പിപിഇ കിറ്റിട്ട് കൂട്ടുവന്ന അന്ന്..! രുചിയറിയാതെ കിട്ടിയതൊക്കേം തട്ടിയിരുന്ന എനിക്ക് ഐസ്വലേഷന്‍ വാര്‍ഡില്‍ കൂട്ടിരുന്ന പിറ്റേന്ന്...!
അടുത്തുള്ളവരൊക്കെ ചുമച്ചും കിതച്ചും കാണാതായപ്പോള്‍ കാക്കതൊള്ളായിരം നൊണപറഞ്ഞ് എന്നെ സമാധാനിപ്പിച്ച ഇന്ന്...!അവളെ പുകഴ്ത്താന്‍ എനിക്കറിയില്ല, വാഴ്ത്തപെട്ടാല്‍ മാത്രം അനുഗ്രഹിക്കാന്‍ ദൈവവുമല്ലല്ലോ...

പ്രിയപ്പെട്ടവളോട് ഒന്നേ പറയാനുള്ളു..ഇതുവരെ പറയാത്ത ഒന്ന്...'മിച്ചറുമണികളും, ചിതലു തട്ടിയ ജാതകവും വേണ്ട, അധികാരികള്‍ എഴുതിവെച്ച വരികള്‍ക്കിടയിലെ ഒപ്പും വേണ്ട.. നമുക്ക് പ്രണയിക്കാം...ചാവോളം പ്രണയിക്കാം...!ചീഞ്ഞുനാറി..പുഴുവരിച്ച്... മണ്ണായിപോയാലും പ്രണയിക്കാം...?'

മനുഷ്യര്‍ മറ്റുള്ളവരുടെ ശ്വാസത്തെ പോലും ഭയപ്പെടുന്ന ഈ കൊറോണകാലത്ത്,ഐസൊലേഷന്‍ വാര്‍ഡിലെ ശ്വാസ-നിശ്വാസങ്ങളില്‍ ജനിച്ച പ്രണയത്തിന്, ഒരു മഴയുടേയോ, കടലിന്റേയോ,വളപൊട്ടിന്റേയോ,മയില്‍പീലി കഥകളുടേയോ, അകമ്പടി ആവശ്യമില്ലെന്നും വിചിത്ര തിരിച്ചറിവോടെ നിന്റെ മാത്രം ഞാന്‍...