ലാലയ ജീവിതത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഒരു സങ്കടം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നോള്ളൂ, സ്‌കൂള്‍ കോളേജ് പഠന കാലത്ത് ഒരിക്കല്‍ പോലും ഒരു പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല.. പലപ്പോഴും പലരെയും ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ ഉള്ളിലെ ഭയം ഇഷ്ടം തുറന്നു പറയാന്‍ അനുവദിച്ചിരുന്നില്ല.. 

അങ്ങനെ പഠന കാലം കഴിഞ്ഞു.. ജോലി തിരക്കുകളിലേയ്ക്ക് മാത്രം ശ്രദ്ധിച്ചിരുന്നപ്പോഴാണ് ദൈവ നിയോഗം എന്ന പോലെ കുട്ടികാലത്തെ സഹപാഠി എന്റെ നാട്ടിലേക്ക് എത്തുന്നത്.. എട്ടാം ക്ലാസ്സ് വരെ ഒരുമിച്ചു സ്‌കൂളില്‍ പോകുകയും, വൈകിട് കുമാരേട്ടന്റെ പെട്ടിക്കടയിലെ തേന്‍മിട്ടായി മേടിച്ചു പരസ്പരം കടിച്ചു പങ്കിടാനും മാവില്‍ എറിയാനും ഒപ്പമുണ്ടായിരുന്ന ബാല്യകാല സഖി. അന്ന് ഇഷ്ടം തുറന്ന് പറയാന്‍ എന്റെ ഉള്ളിലെ ഭയം അനുവദിച്ചിരുന്നില്ല. പലപ്പോഴും ഉള്ളിലെ ഭയം വില്ലനായി എന്റെ മുമ്പില്‍ നില്‍ക്കുമായിരുന്നു. സ്‌കൂള്‍ കാലഘട്ടം അവസാനിക്കാറായപ്പോള്‍ പിരിഞ്ഞ അവളെ പിന്നെ കാണുന്നത് കൊറോണ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്താണ്. 

ജനുവരി മാസം അവസാനം വീണ്ടും പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ ഉള്ള സാഹചര്യം ഞാന്‍ ബുദ്ധിപൂര്‍വ്വം ഉണ്ടാക്കി. പരിചയപ്പെട്ടു നമ്പര്‍ വാങ്ങി. പഴയ സുഹൃത് എന്ന നിലയില്‍ അവള്‍ എന്നോട് സംസാരിച്ചു. പതിയെ അവളോട് ഉള്ള ഇഷ്ടം വീണ്ടും എന്റെ ഉള്ളില്‍ മുളച്ചു പൊങ്ങി. അങ്ങനെ പാലാ സുലുഭ മാളില്‍ നിന്നും 370 രൂപയുടെ ഗിഫ്റ്റും വാങ്ങി പഴയ ബാല്യകാല സുഹൃത്തിനെ  പ്രൊപ്പോസ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ 22 തിയതി വൈകിട് അവളെ വിളിച്ചു എന്നും കാണാറുള്ളു സ്ഥലത്ത് വരണം എന്ന് പറഞ്ഞു. അവള്‍ സമ്മതിച്ചു. അങ്ങനെ എന്റെ ഉറക്കം ഇല്ലാത്ത രാത്രിയുടെ കണക്കില്‍ ഒരു രാത്രി കൂടി ചേര്‍ക്കപ്പെട്ടു. അന്ന് ചില പൊടി കൈകള്‍ പരീക്ഷിച്ചു. മഞ്ഞള്‍ തേച്ചു പിടിപ്പിച്ചു.  മനോഹരമായ പിറ്റേദിവസം സ്വപ്നം കണ്ട് വരാന്തയില്‍ അങ്ങനെ ഇരുന്നു. പതിവില്ലാത്ത സന്തോഷം കണ്ട എന്റെ അമ്മ കാര്യം തിരക്കിയെങ്കിലും സംശയം തോന്നാത്ത രീതിയില്‍ ഞാന്‍ മറുപടി നല്‍കി. ഒരുപാട് വര്‍ഷത്തേ ആഗ്രഹമാണ് ഒരു പെണ്ണിനോട് ധൈര്യമായി ഇഷ്ടം തുറന്നു പറയുക എന്നത്..വളരെ അധികം സന്തോഷത്തിലായിരുന്നു ഞാന്‍.

എന്നാല്‍ ആ സന്തോഷം അതികം നേരം നീണ്ടു നിന്നില്ല.. ഏകദേശം രാത്രി 8 മണിയോടെ ഒരു വാഹനത്തില്‍ ഉച്ഛഭാഷണി. നാളെ മുതല്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്കല്‍ ഡൗണ്‍.....! ആരും പുറത്തിറങ്ങാന്‍ പാടില്ല എന്ന് സര്‍ക്കാര്‍ നിര്‍ദേശം.. ആ അനൗണ്‍സ്‌മെന്റ് എന്റെ മരണ വിളി പോലെ എനിക്ക് തോന്നി.. ഓര്‍മ്മ വച്ച കാലം മുതല്‍ ഉള്ള ഒരു ആഗ്രഹം പിന്നെയും നീളുന്നത് എനിക്ക് താങ്ങാനായില്ല.. ആരൊക്കയോ, എന്തൊക്കയോ, പറഞ്ഞു എന്റെ മുന്നില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. എന്റെ സകല കിളിയും പറന്നു. ഏകദേശം പത്തു മിനിറ്റോളം ആ ഹാങ്ങോവറില്‍ ഞാന്‍ ഇരുന്നു.. അമ്മ അത്താഴം കഴിക്കാന്‍ വിളിച്ചത് പോലും ഞാന്‍ അറിഞ്ഞില്ല. അങ്ങനെ കുറേ സമയം കഴിഞ്ഞ് ഞാന്‍ മുറിയിലേക്ക് പോയി. പിറ്റേദിവസം അവള്‍ക്ക് കൊടുക്കാന്‍ വച്ച ഗിഫ്റ്റ് എന്നെ നോക്കി കളിയാക്കുന്നതുപോലെ എനിക്ക് തോന്നി. ആദ്യമായി ധൈര്യത്തോടെ ഒരു പെണ്ണിനോട് ഇഷ്ടം പറയാന്‍ പോകുന്നത് എന്റെ ജീവിത ലക്ഷ്യം എന്ന് തന്നെ പറയാം..കൊറോണ ലോക്ക് ഡൗണ്‍ എന്റെ ജീവിതം ആകെ പാളം തെറ്റിച്ചു. അങ്ങനെ 24 തിയതി മരണവീട്ടില്‍ നിശബ്ദത മനസ്സിലേറി ഞാന്‍ കിടന്നു. പിറ്റേദിവസം അവളോട് പതിവുപോലെ തന്നെ മെസ്സേജ് അയച്ചു. പക്ഷെ ഉള്ളിലെ പ്രണയാഭ്യര്‍ത്ഥന എന്റെ മനസ്സിനെ വല്ലാതെ അലട്ടി. പ്രണയാഭ്യര്‍ത്ഥന നേരില്‍ തന്നെ പറയണം എന്ന എന്റെ ഒറ്റ വാശിയാണ് എല്ലാത്തിനും കാരണം. കാലത്തിനൊത്ത് വാട്‌സാപ്പ് പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ മതിയെന്ന് പിന്നീട് പലപ്പോഴും ചിന്തിച്ചു.. 

അങ്ങനെ കുറച്ചു കാലം മുമ്പ് എനിക്ക് പതിവില്ലാതെ ഒരു മെസ്സേജ് വന്നു.. അത് അവളുടെ മെസ്സേജ് ആയിരുന്നു. വിഷയം ഒളിച്ചോട്ടം തന്നെ. ലോക്ക് ഡൗണ്‍ സമയത്ത് tiktok അവള്‍ അക്കൗണ്ട് തുടങ്ങി ഏതോ ഒരുത്തനും ആയിട്ട് പ്രണയത്തിലായി.. എന്റെ വിധി.. അല്ലാതെ എന്ത് പറയാന്‍.ആരോടു പറയാന്‍ ആര് കേള്‍ക്കാന്‍ എന്റെ അവസ്ഥ.. ആദ്യമായി പ്രണയം പറയാന്‍ തയ്യാറെടുത്ത ഞാന്‍ കാമുകിക്ക് വേണ്ടി ഒളിച്ചോടാന്‍ കൂട്ട് നില്‍ക്കേണ്ടി വരുന്ന അവസ്ഥ. ലോക്ക് ഡൗണ്‍ കൊറോണക്ക് എതിരെ പ്രതിരോധം ആയിരുന്നു എങ്കിലും എനിക്ക് ഉള്ള പണി പോലെ തോന്നി. വിധി ഒരു വല്ലാത്ത സംഭവം തന്നെ ആണെ. അങ്ങനെ ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നു. അവരുടെ കല്യാണവും കഴിഞ്ഞു. ഞാന്‍ ഇപ്പോഴും ഒരു പെണ്ണിനോട് ഇഷ്ടം തുറന്നു പറയാന്‍ ധൈര്യം ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു. കൊറോണയും. ലോക്ക്ഡൗണും ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സംഭവങ്ങള്‍ ആണ്.. ഏറ്റവും വലിയ സങ്കടം അതല്ല. അന്ന് അവള്‍ക്ക് കൊടുക്കാന്‍ മേടിച്ചു വച്ച ഗിഫ്റ്റ് തേപ്പ് പോലും കഴിയാത്ത എന്റെ വീട്ടിലെ ഷോക്ക് കേസില്‍ ഇപ്പോഴും ഇരിപ്പുണ്ട്. ഇടയ്ക്ക് അത്  കാണുമ്പോള്‍ എനിക്ക് അങ്ങ് എന്തോ പോലെ ആണ്. സങ്കടം ആണോ, ദേഷ്യം ആണോ ഒന്നും അറിയില്ല. അവള്‍ കെട്ടി രണ്ടു കൊച്ച് ആയാലും ഞാന്‍ ഇങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക്ക് ഏകദേശം മനസിലായി. കൊറോണ നിന്നെ മറക്കില്ലാട്ടോ....