ആറു വര്‍ഷത്തെ പ്രണയത്തിലും, ഏഴു വര്‍ഷത്തെ വിവാഹ ജീവിതത്തിലും ഞങ്ങള്‍ക്കിടയില്‍ ഇതുവരെ ഇത്രയും അകല്‍ച്ച വരുത്താന്‍ (പേടിക്കേണ്ട 10 ദിവസത്തെ മാത്രം), ആര്‍ക്കും സാധിച്ചിട്ടില്ല, അപ്പോഴാണ് കൊറോണ എന്നൊരു ചുള്ളന്‍ ചാലഞ്ച് ഏറ്റെടുത്ത് മുന്നോട്ടു വന്നത്. ആശങ്കയുടെ നാളുകള്‍ തുടങ്ങിയത് മാര്‍ച്ച് 10 മുതലാണ്, ഞങ്ങള്‍ കോറോണയെ വകവെക്കാതെ 'റാസല്‍ ഖൈമയിലെ ആ വലിയ വീട്ടില്‍' അവധി ആഘോഷിച്ചു വന്നതിനു ശേഷം.
ആദ്യം ഒപിയില്‍ ഒരു കൊറോണ രോഗി ഉണ്ടെന്നു പറഞ്ഞു ഒരുദിവസം മെസ്സേജ് വന്നു, പിന്നെ പുള്ളിക്കാരിക്ക് (പറയാന്‍ മറന്നു ഒരു ശുശ്രൂഷക ആണുട്ടോ, വെള്ള ഉടുപ്പിന് പകരം പച്ച ഉടുപ്പിട്ട ഐ.സി.യു നേഴ്‌സ്) ഡ്യൂട്ടി കൊറോണ സംശയിക്കുന്നവരുടെ വാര്‍ഡിലേക്ക് മാറ്റി എന്ന് പറഞ്ഞു, നാക്കെടുത്തില്ല കൊറോണ രോഗികളുടെ വാര്‍ഡില്‍ ലാന്‍ഡ് ചെയ്തു. പ്രൊമോഷന്‍ വളരെ പെട്ടന്നായിരുന്നു. 'വാട്ട് എ ബോംബ്‌ളാസ്റ്റിക് എക്‌സ്‌പ്ലോഷന്‍'.
ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിന്റെ ആദ്യാക്ഷരങ്ങള്‍ ഞാന്‍ പഠിച്ചു തുടങ്ങിയ നാളുകള്‍, വൈറസ്, ബാക്ടീരിയ, ഹാന്‍ഡ് വാഷിങ്, പി.പി.ഇ, ക്വാറന്റൈന്‍, ഐസൊലേഷന്‍ അങ്ങനെ പോയി ആ ലിസ്റ്റ്. ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഭാര്യ ബാഗിലും ചോറു പാത്രത്തിലും ആന്റിബാക്റ്റീരിയല്‍ സ്‌പ്രൈ അടിക്കുന്നതും, മകനെ അകല്‍ച്ചയോടെ മാറ്റിനിര്‍ത്തുന്നതും, മറ്റൊരു മുറിയില്‍ താമസമാക്കിയതും, ഞങ്ങളൊന്നിച്ചു ടീവി കാണാത്തതും ,തുടക്കത്തില്‍ ഒരു ചെറിയ സംഭ്രമം ഉണ്ടാക്കിയെങ്കിലും പിന്നെ അത് ശീലമായി ...'ജസ്റ്റ് ഫോര്‍ ഹൊറര്‍' എന്നാണ് കരുതിയത്, പക്ഷെ പിന്നീട് മനസ്സിലായി അതൊരു സ്‌നേഹത്തിന്റെ കരുതലായിരുന്നു എന്ന്. അമ്മയില്‍ തന്റെ സൂപ്പര്‍ ഹീറോയെ മകന്‍ കണ്ടു തുടങ്ങിയിരിക്കുന്നു. മൂന്നു നേരം ആവി പിടിക്കല്‍, നാരങ്ങാ/ചെറുചൂട് വെള്ളം, വിറ്റാമിന്‍ സി ഇത്യാദി ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായി.
മൂന്ന് നാല് ആഴ്ചകള്‍ പിന്നിട്ടു, ദിവസവും മൂന്ന് മുതല്‍ അഞ്ചു വരെ രോഗികളുടെ വിശേഷങ്ങള്‍ പറയും, അവരുടെ ബുദ്ധിമുട്ടുകള്‍, ചെറിയ ചില വാശികള്‍, നൊമ്പരങ്ങള്‍ , ആവശ്യങ്ങള്‍, ചില മരണങ്ങള്‍ എല്ലാം. ഇടക്കിടക്ക് ചില പിപിഇ / മാസ്‌ക് സെല്‍ഫീസ്, അതൊരു ഫീല്‍ ആണ്, സെല്‍ഫി പ്രേമികള്‍ക്ക് മനസിലാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്നെ പ്രേരിപ്പിച്ച ദിവസങ്ങള്‍ വേഗത്തില്‍ കടന്നു പോയി.
ചുള്ളന്റെ രംഗപ്രവേശം
ഏപ്രില്‍ 22, ഒരു ചെറിയ പനി, പാരസെറ്റമോള്‍ എടുക്കുന്നില്ലെന്നു വാശിയില്‍ പറഞ്ഞു, വന്ന പനി ഇതു കേട്ട് അതിന്റെ വാശിക്കും പോയി... അടുത്ത ദിവസം കൊറോണ എന്നാല്‍ എന്താ എന്നും ചോദിച്ചു ഡ്യൂട്ടിക്ക് പോയി, വാര്‍ഡിന്റെ പേരുമാത്രം മറന്നില്ലെന്നു തോന്നുന്നു.. ഏപ്രില്‍ 24 , ഓഫ് ഡേ ആണ് , രാവിലെ മുതല്‍ വീണ്ടും ചുള്ളന്‍ പണി തുടങ്ങി, എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റ് പോയി, ഡോക്ടര്‍ പാരസെറ്റമോള്‍ ഐവി കൊടുത്തു, പനി പോയി, പക്ഷെ പണി പിന്നെയും ബാക്കി. ഇനി പനി വന്നാല്‍ അഡ്മിറ്റ് ആകണം എന്ന ഉപദേശത്തോടെ വീട്ടില്‍, വീണ്ടും പാതിരാത്രി പനി, കുടച്ചില്‍, ചെറിയ ശ്വാസ തടസം, ഞാന്‍ ശബ്ദം കേട്ട് ഉണരുമ്പോള്‍ ബാഗ് പാക്ക് ചെയ്തു സോളോ ട്രിപ്പ് പോകാനെന്ന പോലെ ഒരാള്‍, പകച്ചു പോയി എന്റെ ബാല്യം. 'പോയി കിടന്നുറങ്ങു പെണ്ണെ' എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും കട്ടക്ക് കൂടെ പോയി.
അഡ്മിറ്റ് ആയി രണ്ടാം ദിവസം HRCT ടെസ്റ്റ് ചെയ്തു. ന്യൂമോണിയ ഉണ്ടെന്നറിഞ്ഞു, ഞാന്‍ ഒന്ന് പതറി, പക്ഷെ പൊരുതാനുറച്ചവള്‍ക്കു എന്ത് പതര്‍ച്ച, ലക്ഷണങ്ങള്‍ കണ്ടു റിസള്‍ട്ട് വരുന്നതിനു മുന്‍പ് ഡോക്ടര്‍ 'ട്രംപ് അണ്ണന്റെ' hydroxychloroquine കൊടുത്തു തുടങ്ങി, ഒപ്പം ന്യൂമോണിയ ട്രീറ്റുമെന്റും.. രണ്ടു ദിവസം കഴിഞ്ഞു കോവിഡ് ടെസ്റ്റ് റിസള്‍ട്ട് വന്നു, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല പോരാളിയെ പോലെ എതിരാളിയും പോസിറ്റീവ്.. ചൈനയില്‍ ഉണ്ടെന്നു കേട്ടപ്പോള്‍ , ഇറാനില്‍ കറങ്ങിയെന്നറിഞ്ഞപ്പോള്‍, ഇറ്റലിയെ തേച്ചു പിസ്സ പോലെ പരത്തി എന്നും, ലോക നായകരെ വിരട്ടി എന്നും ഒക്കെ അറിഞ്ഞപ്പോള്‍ മുതല്‍ ഭയപ്പെട്ട എന്തോ ഒന്ന് ഇപ്പോള്‍ ജീവിതത്തിലെ ഒരു പരീക്ഷണം ആയി മാറിയിരിക്കുന്നു ...
അധികം ആരെയും അറിയിച്ചില്ല, ടെന്‍ഷന്‍ അടിപ്പിക്കേണ്ട എന്ന് കരുതി. വിവരം അറിഞ്ഞ സുഹൃത്തുക്കളുടെയും , ബന്ധുക്കളുടെയും, സഹപ്രവര്‍ത്തകരുടെയും സപ്പോര്‍ട്ടും മോട്ടിവേഷനും ഒരുപാട് ലഭിച്ച ദിനങ്ങള്‍. ദുബായ് പള്ളിയിലെ വികാരി അച്ഛന്‍ പ്രാര്‍ത്ഥനക്കു പുതിയ പ്രയര്‍ ഗ്രൂപ്പ് ഉണ്ടാക്കി ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം ഓര്‍ത്തു. കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ (സ്വന്തം ആശുപത്രി) ഡോക്ടര്‍, സ്‌നേഹസമ്പന്നരായ സഹമാലാഖമാര്‍.. മറക്കില്ല ഒന്നും. നന്ദി മാത്രം, ഒപ്പം എല്ലാവര്‍ക്കും വേണ്ടി ഒരുപാട് പ്രാര്‍ത്ഥനയും. ഇതിനിടയില്‍ ദൈവത്തിന്റെ കരസ്പര്‍ശം പതിഞ്ഞ മൂന്ന് ടെസ്റ്റ് റിസള്‍ട്ടുകള്‍ (എന്റെ , മകന്റെ, ഭാര്യ മാതാവിന്റെ), മൂന്നും നെഗറ്റീവ്. ഈ റിസള്‍ട്ടുകള്‍ പോരാളിയെ കൂടുതല്‍ കരുത്തുള്ളവളാക്കി, കാരണം ഞങ്ങളായിരുന്നു അവളുടെ വേദന.
'വൈറലായ കോറോണയെക്കാള്‍' ഭേദം ബോറനായ ഈ ഞാന്‍ തന്നെയാണ് എന്ന് മനസിലാക്കി മെയ് 4ന് ചുള്ളനെ ഉപേക്ഷിച്ചു പ്രിയതമ വീട്ടിലെത്തി... ഞങ്ങളെ കരുതിയ ദൈവത്തിന് നന്ദി
ഈ പ്രേമലേഖനം ഒരു മാലാഖക്കു മാത്രമല്ല (ജാങ്കോ, ഞാന്‍ പെട്ടു..), മറിച്ച് പിപിഇ എന്ന സുരക്ഷാ കവചത്തില്‍ ആത്മധൈര്യം കുത്തിനിറച്ച്, സ്വന്തം കുടുംബത്തെ സ്‌നേഹത്തിന്റെ കരുതലോടെ അകറ്റി നിര്‍ത്തി, സഹജീവികളിലെ കോവിഡ് രോഗിയെ ഏറ്റെടുക്കുകയും, അവര്‍ ടെസ്റ്റ് നെഗറ്റീവ് ആകുന്നത് വരെ മാനസികമായി അവരെ പോസിറ്റീവ് ആക്കി നിര്‍ത്തുകയും, ഒടുവില്‍ നിങ്ങള്‍ വിജയിച്ചു എന്ന് പറഞ്ഞു യാത്രയാക്കുകയും ചെയ്യുന്നു ഒരു കൂട്ടം മാലാഖമാര്‍ക്കു വേണ്ടിയുള്ളതാണ്. മനസ്സിലെ സ്‌നേഹം മുഴുവന്‍ നിങ്ങള്‍ക്കായി..