കൊറോണയ്ക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവളെ ഒടുവില്‍ കണ്ടത്. പെട്ടന്നുള്ള ലോക്ക്ഡൗണ്‍ പിന്നീട് തമ്മില്‍ കാണുന്നതിനു തടസ്സമായി. അവളാണേല്‍ വീട്ടിലും. നേരില്‍പോയി കാണല്‍ നടക്കില്ല. അഞ്ചാറ് മാസത്തെ ലോക്ക്ഡൗണ്‍ ഒന്ന് അയഞ്ഞപ്പോള്‍ കണ്ടേ പറ്റു എന്ന് പരസ്പരം തീരുമാനിച്ചു. അവസാനമൊരു വഴിയും ഒപ്പിച്ചു.
ഒരു ദിവസം അവള്‍ ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്‌തെന്നു അമ്മയോട് പറഞ്ഞു. അങ്ങനെ ഞാന്‍ ഉച്ചക്ക് ഒരു 3 മണിയായപ്പോള്‍ ഒരു കറുത്ത പാന്റും ചുവന്ന ടി ഷര്‍ട്ടും ഇന്‍ഷര്‍ട്ട് ചെയ്ത് ഒരു തൊപ്പിയൊക്കെ വച്ച് ബൈക്കും എടുത്തു നേരെ വിട്ട് അവടെ വീട്ടിലോട്ട്.. പോന്ന വഴിക്ക് അടുത്ത ബേക്കറീന്ന് രണ്ടു ബര്‍ഗറും പാക്ക് ചെയ്തു വാങ്ങി അവള്‍ക്ക് കൊണ്ടുപോയി കൊടുത്തു. കണ്ടു, മിണ്ടി, വിശേഷങ്ങളൊക്കെ പറഞ്ഞു..നേരില്‍കണ്ട് മിണ്ടുന്നതിന്റെ ഫീല്‍ ഒന്ന് വേറെ തന്നെയാണ്.അകത്തൂന്ന് അമ്മായിയമ്മ പറയുന്നുണ്ടായിരുന്നു മോളെ ടിപ്പ് വല്ലോം കൊടുക്കണേന്ന്...