അടൂര്‍(പത്തനംതിട്ട): ഒറ്റയ്ക്കുള്ള യാത്രയില്‍ മധ്യവയസ്സ് പിന്നിട്ടിരുന്നു രാജനും സരസ്വതിയും. ഇനിയുള്ള ജീവിതവും അങ്ങനെയാകുമെന്നാണ് കരുതിയത്. പക്ഷേ, പ്രണയത്തിന് പ്രായമില്ലെന്ന തിരിച്ചറിവിലാണിപ്പോള്‍ ഇരുവരും. അടൂരില്‍ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തില്‍ ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. ഈ വാലെന്റെന്‍സ് ദിനത്തില്‍ 58 കാരനായ രാജനും 65-കാരിയായ സരസ്വതിയും വിവാഹിതരാകും.

തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജന്‍. വര്‍ഷങ്ങളായി, ശബരിമല സീസണില്‍ പമ്പയിലും പരിസരത്തുമുള്ള കടകളില്‍ പാചകം ചെയ്തുവരുകയായിരുന്നു. നാട്ടിലേക്ക് പണമയച്ചുകൊടുക്കും. സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ച രാജന്‍ വിവാഹം കഴിക്കാന്‍ മറന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണായതോടെ രാജനെ, അന്നത്തെ പമ്പ സി.ഐ. പി.എം. ലിബിയാണ് 2020 ഏപ്രില്‍ 18-ന് മഹാത്മയിലെത്തിച്ചത്. ഇപ്പോള്‍ വയോജനങ്ങളെ സംരക്ഷിച്ചും പാചകം ചെയ്തും ഇവിടെ ജീവിക്കുന്നു.

അടൂര്‍ മണ്ണടി പുളിക്കല്‍ സരസ്വതി (65) ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് 2018 ഫെബ്രുവരി രണ്ടിന് മഹാത്മയിലെത്തിച്ചത്. അവിവാഹിതയായ, സംസാരവൈകല്യമുള്ള സരസ്വതിയുടെ മാതാപിതാക്കള്‍ മരിച്ചതോടെയാണ് തനിച്ചായത്. പരസ്പരം ഇഷ്ടപ്പെടുന്നെന്ന വിവരം ഇവര്‍തന്നെയാണ് മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയോടും സെക്രട്ടറി എ. പ്രിഷില്‍ഡയോടും പറഞ്ഞത്.