ജീവിതത്തിൽ ഒരു മനുഷ്യനു കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമേതെന്നു ചോദിച്ചാൽ ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്തുക, അവരുടെകൂടെ സന്തോഷകരമായി ജീവിക്കുക എന്നതാണ്. ഞാൻ അക്കാര്യത്തിൽ അനുഗൃഹീതയാണ്. സനൂപിന്റേതും എന്റേതും പ്രണയവിവാഹമായിരുന്നു. 

ഓർക്കാപ്പുറത്ത് പെയ്യുന്ന മഴപോലെ സനൂപ് ജീവിതത്തിലേക്ക് വന്നുകയറുകയായിരുന്നു.  ഏതോ പ്രതീക്ഷിക്കാത്ത  നിമിഷത്തിൽ  തേടിവരികയും കണ്ടുമുട്ടുകയും ചെയ്തു.  പ്രണയം നമ്മെ വിസ്മയിപ്പിക്കുന്നതായെല്ലാം  പറഞ്ഞുകേട്ട അറിവേ അതുവരെ ഉണ്ടായിരുന്നുള്ളൂ... ഞാനും സനൂപും ഒരേ കോളേജിൽ പഠിച്ചവരാണ്. എന്നാൽ, എനിക്ക് പരിചയമുണ്ടായിരുന്നില്ല. പിന്നീട് സിനിമയിൽ അഭിനയിച്ചുതുടങ്ങിയപ്പോൾ സോഷ്യൽ മീഡിയവഴിയാണ് ആദ്യമായി സനൂപ് ഒരു അഭിനന്ദനസന്ദേശം അയക്കുന്നത്. അപ്പോഴാണ് ഒരേ കോളേജിൽ പഠിച്ചവരാണെന്നറിഞ്ഞത്. 

പിന്നെയും കുറെക്കാലം കഴിഞ്ഞാണ് നേരിൽ കാണുന്നതും പരിചയം സൗഹൃദമാകുന്നതും സൗഹൃദം പ്രണയത്തിലേക്ക്‌ നീങ്ങുന്നതും. ഇക്കഴിഞ്ഞ ജനുവരിയിൽ ഞങ്ങൾ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. സനൂപ് മർച്ചന്റ് നേവിയിലാണ്. ഞാൻ സിനിമാ അഭിനയത്തിലും. രണ്ടുപേരുടെയും കരിയറിനെ ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നുണ്ട്. ആ ബഹുമാനം തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം.