2008ലെ കോളേജ് മാഗസിനിലെ ലേഖനത്തില്‍ അച്ചടിച്ചുവന്ന എഴുത്തുകാരിയുടെ പാസ്സ്‌പോര്‍ട് സൈസ് ഫോട്ടോ നോക്കി ഞാന്‍ ആ രാവില്‍ തനിച്ചിരുന്നു. ആരോടും പറയാതെ ഹൃദയത്തില്‍ ഒളിപ്പിച്ച് വെച്ച പ്രണയത്തിന്റെ ഒത്തു ചേരലായിരുന്നു അത്. 

ക്ലാസ്സ്മുറിയിലെ പെണ്‍കുട്ടികളില്‍ ആകെയുള്ള സുഹൃത്താണവള്‍. നല്ല സൗഹൃദത്തിന് അവള്‍ പകുത്തു തന്ന സ്ഥലത്ത് പ്രണയം ഒളിപ്പിച്ച ദുഷ്ടനാണ് ഞാന്‍. സൗഹൃദം തീര്‍ത്ത യാത്രയില്‍ എപ്പോഴോ അറിയാതെ അവളോടുള്ള പ്രണയം എന്നില്‍ ചേര്‍ന്നതാണ്. പറയാതെ, പങ്കുവെക്കാതെ, പ്രകടിപ്പിക്കാതെ എന്റെ പ്രണയത്തെ ഞാന്‍ എന്നില്‍ മാത്രമായി ഒളിപ്പിച്ചു വെച്ചു. പ്രണയത്തിന്റെ അവളുടെ നോട്ടത്തേക്കാള്‍ അവള്‍ തീര്‍ത്തേക്കാവുന്ന അകല്‍ച്ചയെ കുറിച്ചോര്‍ത് ഞാന്‍ ഏകനായി നടന്ന് തീര്‍ത്തു.

ഇനി യാത്ര പറച്ചിലിന്റെ കാലമാണ്. 4 വര്‍ഷത്തെ എഞ്ചിനീയറിങ് പഠനം ഈ ആഴ്ച അവസാനിക്കുന്നു. ഇനി ജീവിതത്തിന്റെ പല കോണിലേക്ക് ഞങ്ങള്‍ യാത്ര തിരിക്കുന്നു. ഒടുവിലെ കാഴ്ചയില്‍ പറയാത്ത പ്രണയത്തിന്റെ കെട്ടഴിച്ച് അവളുടെ മുന്നിലേക്ക് വെക്കാന്‍ ഇപ്പോഴെന്റെ മനസ് പറയുന്നു. 

ഇല്ല, എനിക് സാധിക്കില്ല. അവള്‍ എന്നെ വെറുക്കും, ഞാന്‍ സൗഹൃദം മറയാക്കി പ്രണയം ഒളിപ്പിച്ച ചതിയാനാകും, യാത്ര പറയുന്ന വേദിയില്‍ അവളുടെ മുന്നില്‍ ഞാന്‍ എന്ന കപടന്‍ പ്രകടമാകും.

ഇല്ല, എനിക് സാധിക്കില്ല.!എന്റെ സ്വപ്നങ്ങള്‍ എനില്‍ തന്നെ അവശേഷികട്ടെ.
മാഗസീനും നെഞ്ചോട് ചേര്‍ത്ത് മുറിയിലെ ഇരുട്ടില്‍ ഞാന്‍ തനിച്ചിരുന്നു. ഓര്‍ത്തെടുക്കാനാവാത്ത പ്രണയ ഓര്‍മകളില്‍ കൂട്ടായി മിഴിനീര്‍ തുള്ളികള്‍ കവിളിനെ നനച്ചുകൊണ്ടിരുന്നു.

'ബീപ്പ്'

ഇരുട്ട് മൂടിയ മുറിയില്‍ പ്രകാശമായി മൊബൈല്‍ ഫോണിലെ ചെറിയ ഡിസ്‌പ്ലേ വിന്‍ഡോയില്‍ മെസ്സേജ് നോട്ടിഫിക്കേഷന്‍ തെളഞ്ഞു.

എടുത്ത് നോക്കിയപ്പോള്‍ ഞാന്‍ ആരെകുറിച് ഓര്‍ത്തുവോ അവളുടെ ഗുഡ്‌നൈറ്റ് മെസ്സേജ്. അല്ല, എന്റെ നല്ല കൂട്ടുകാരിയുടെ മെസ്സേജ്. 

പറയാതെ ഒളിപ്പിച്ച പ്രണയം പറയാന്‍ എന്റെ മനസ് മന്ത്രിച്ചു.

'സൂപ്പര്‍ ആയിട്ടുണ്ട്'

'എന്ത്?'

എന്റെ മെസ്സേജിന് അവളുടെ മറുപടി.

'അല്ല, മാഗസിനില്‍ എഴുതിയ ലേഖനം സൂപ്പര്‍ ആണെന്ന്.' വിഷയത്തെ വഴിമാറി ഞാന്‍

'ഹോ, അത് കുറച് ഗൂഗിള്‍ ഒക്കെ നോക്കി എഴുതിയതാണ്' ഉറങ്ങുന്നില്ലേ?

ഞങ്ങളുടെ ചെറിയ സംഭാഷണം പുരോഗമിച്ചു കൊണ്ടിരുന്നു..

'അതേയ്, എനിക് ഒരു കാര്യം പറയാനുണ്ട്' 

'എന്താണ്' ഉത്തരം പറയാന്‍ അവളുടെ അനുമതി.

'ഞാന്‍ സൂപ്പര്‍ ആണെന്ന് പറഞ്ഞത് ലേഖനത്തെ കുറിച്ചല്ല, നിന്റെ ഫോട്ടോ കണ്ടിട്ടാണ്, എനിക് ഇഷ്ടമായിരുന്നു നിന്നെ.'

ഒറ്റ വരിയില്‍ ഞാന്‍ അയച്ച എന്റെ പ്രണയ സന്ദേശത്തിന് മൗനമായിരുന്നു മറുപടി.

എന്റെ മനസ് എന്തോ അസ്വസ്ഥത പ്രകടിപ്പിച്ചു. ചെയ്തുപോയത് പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥയെക്കുറിച്ച് ഞാന്‍ അസ്വസ്ഥനായി.

കുറ്റപ്പെടുത്തലുകള്‍ ആവര്‍ത്തിച്ചു ചെയ്ത് രാത്രിയുടെ ഇരുട്ടില്‍ ഞാന്‍ വീണ്ടും ഏകനായി മിഴി നനച്ചിരുന്നു.

വീണ്ടും പ്രകാശമായി മൊബൈല്‍ ശബ്ദിച്ചു.

'നിന്റെ ഈ വാക്ക് കേള്‍ക്കാന്‍ ഞാന്‍ എത്ര കൊതിച്ചിരുന്നു എന്ന് അറിയോ' 

വൈകിയ എന്റെ പ്രണയത്തിന്റെ ശബ്ദത്തെ കുറ്റപ്പെടുത്തുന്നതായിരുന്നു അവളുടെ സന്ദേശം.

നഷ്ട പ്രണയത്തിന്റെ ഓര്‍മയില്‍ ഞങ്ങളുടെ മിഴികള്‍ നനയുമ്പോള്‍ പ്രണയം പറയാന്‍ മറന്ന രണ്ട് ആത്മാക്കളെ കണ്ട് ആകാശത്ത് താരകങ്ങള്‍ ചിരിച്ചുകൊണ്ടിരുന്നു..