വാലന്റൈന്‍സ് ഡേ, റോസാപ്പൂ,ഡയറിമില്‍ക്ക്... ഹോ, എന്തൊക്കെ ബഹളങ്ങളാണ്. ചിലരൊക്കെ ഇതിനെക്കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. ഇത്രയ്‌ക്കൊക്കെ എന്താണുള്ളത്?
'ലൈനടിക്കുന്നതൊക്കെ തെറ്റാ.. ചീത്ത പിള്ളേരാ അങ്ങനൊക്കെ ചെയ്യുന്നെ' എപ്പോഴാണാവോ ഈ ചിന്ത മനസ്സില്‍ കയറിക്കൂടിയത്. ഒരു പക്ഷെ ഈ ചിന്തയായിരിക്കണം എന്നെ ഇതുവരേയും സിംഗിളായി നിലനിര്‍ത്തിയത്. കൂട്ടുകാര്‍ക്ക് അവരുടെ ചെക്കന്മാര്‍ വാങ്ങിക്കൊടുക്കുന്ന ഡയറിമില്‍ക്കുകളുടെ ഭാഗം പറ്റിയും, ബസ് സ്റ്റാന്‍ഡിലും, സ്റ്റോപ്പുകളിലും മറ്റും സംസാരിച്ചു നില്‍ക്കുന്ന ജോഡികളെ കാണുമ്പോള്‍ മാറിനിന്ന് കുറ്റം പറഞ്ഞും, വാലന്റൈന്‍സ് ഡേകളില്‍ സ്വന്തമായി ഡയറിമില്‍ക്ക് വാങ്ങി അതൊറ്റക്കു കഴിച്ചുമെല്ലാം ഞാന്‍ വര്‍ഷങ്ങള്‍ മുന്നോട്ട് നീക്കി. അതിനു പിന്നിലെല്ലാം ഒരു ചെറിയ അസൂയ കൂടിയുണ്ടായിരുന്നോ? അറിയില്ല
ദിവസങ്ങള്‍ കടന്നുപോയി. വയസ്സ് പതിനെട്ടിനോടടുക്കുന്നു. ചുറ്റിലും സിംഗിള്‍സിന്റെ എണ്ണവും കുറഞ്ഞു വരുന്നു. ഇതിനിടയില്‍ എന്റെ ചിന്തകള്‍ക്കും മാറ്റം സംഭവിച്ചുവോ? ബസ്റ്റോപ്പിനെതിരേയുള്ള മൊബൈല്‍ കടയ്ക്കു മുന്നില്‍ വൈകുന്നേരങ്ങളില്‍ തിരക്കേറുക പതിവുള്ളതാണ്. കൂടെ വരുന്ന കൂട്ടുകാരില്‍ ചിലരെ കാണാനെത്തുന്ന ചെക്കന്മാരും അക്കൂട്ടത്തിലുണ്ടാകും. പിന്നെ ബസ്സ് വരും വരെ നീണ്ടു നില്‍ക്കുന്ന സംഭാഷണങ്ങള്‍,കളിചിരികള്‍.. ഇതിനിടയിലെല്ലാം വെറും പോസ്റ്റായി നില്‍ക്കുന്ന എന്നെപ്പോലുള്ള ചിലരും.
ആ ഇടയ്ക്കാണ് അത് സംഭവിക്കുന്നത്. കൂട്ടുകാരില്‍ ചിലരുടെ കമന്റടികള്‍ കേട്ടാണ് ആ ചേട്ടനെ ശ്രദ്ധിച്ച് തുടങ്ങിയത്.. 'കടയിലെ പുതിയ സ്റ്റാഫാണെന്നു തോന്നുന്നു. എന്താണെങ്കിലും കാണാന്‍ അടിപൊളിയാണ്.'അത് ശരിയായിരുന്നു.
അവിടെ കാണാറുള്ള മറ്റ് ചേട്ടന്മാരില്‍ നിന്നും ആ ചേട്ടന്‍ വ്യത്യസ്തനായി എനിക്ക് തോന്നിയത് എന്തുകൊണ്ടാവും? ചിലപ്പോള്‍ ആ ഗൗരവമേറിയ മുഖ ഭാവമായിരിക്കാം. മനസ്സില്‍ എന്തൊക്കെയോ തോന്നുന്നതു പോലെ. ആരുമറിയാതെ ആ ചില്ലുപാളികള്‍ക്കിടയിലൂടെ എന്നും കടയ്ക്കുള്ളിലേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞിറങ്ങും. പക്ഷേ എന്തിനു വേണ്ടി? ഉത്തരം കിട്ടാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു.ഇനി ഇതിനെയാണോ പ്രണയം എന്നൊക്കെ പറയുക?
'ലൈനടിക്കുന്നത് ചീത്ത കുട്ടികളാ' എന്റെ മനസ്സ് ഇടയ്ക്കിടെ എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ഈശ്വരാ! ഇനി ഞാനും അക്കൂട്ടത്തില്‍ പെട്ട് പോയോ? പക്ഷേ കണ്ണുകള്‍ മനസ്സ് പറഞ്ഞത് അനുസരിച്ചതേയില്ല.
അത് തന്റെ പാച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഏകദേശം ഒന്നു രണ്ടാഴ്ച പിന്നിട്ടു കാണണം. അന്നാദ്യമായാണ് ആ ചേട്ടന്‍ കടയുടെ മുന്നില്‍ നില്‍ക്കുന്നത് കാണുന്നത്. ആരെയൊ കാത്തു നില്‍ക്കുന്നതുപോലെ. ആരെയായിരിക്കും? എന്തായാലും അത് നന്നായി.. ഒന്ന് ശരിക്ക് കാണാന്‍ കഴിഞ്ഞല്ലോ. പക്ഷേ അന്നെന്റെ കണ്ണുകള്‍ പിടിക്കപ്പെട്ടൂ.
ഞാന്‍ വെപ്രാളത്തില്‍ മുഖം തിരിച്ചു കളഞ്ഞു.
വീണ്ടും നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.കൂട്ടുകാര്‍ പറയുന്നത്. കേള്‍ക്കുന്നുണ്ടായിരുന്നു.'ദേ ആ ചേട്ടന്‍ റോഡ് ക്രോസ് ചെയ്തു വരുന്നു..'ഈശ്വരാ ഇങ്ങോട്ടാണല്ലോ, അതും എന്റെ നേരേക്ക്. ഞാന്‍ ടെന്‍ഷനടിച്ച് നിന്നു. അവിടുള്ളവരെല്ലാം എന്നെ തന്നെ നോക്കുന്നു. ശരീരമാകെ വിറക്കാന്‍ തുടങ്ങി. ആ ചേട്ടന്‍ എന്റെ മുന്നില്‍ വന്നു നിന്നു.
'അര്‍ജുന്റെ അനിയത്തിയല്ലെ?'എന്ന ചോദ്യം കേട്ടാണ് ഞാന്‍ തലയുയര്‍ത്തി നോക്കുന്നത്. ഞാന്‍ 'അതെ' എന്ന ഭാവത്തില്‍ തലയാട്ടി. 'ഞാന്‍ തന്നെ നോക്കി നില്‍ക്കുവാരിന്നു.'എന്നെയോ? എന്തിന്? ആ നിമിഷം മനസ്സിലൂടെ ഒരു മിന്നല്‍ പാഞ്ഞിറങ്ങി. അതില്‍ ചെറിയ സന്തോഷം കൂടിയുണ്ടായിരുന്നോ?
'ഞാന്‍ അവന്റെ ഫ്രണ്ടാണ്. ഇത് അവനൊന്ന് കൊടുക്കാവോ' എന്ന് ചോദിച്ച് ഒരു പെന്‍ ഡ്രൈവ് എനിക്ക് നേരെ നീട്ടി 'ആ' എന്ന് മറുപടി പറഞ്ഞപ്പോള്‍ അതും കയ്യില്‍ തന്ന് ഒരു ചിരിയും പാസാക്കി ചേട്ടന്‍ നടന്നു പോയി.
എനിക്കത് മറക്കാനാവാത്ത ദിവസമായിരുന്നു. വീട്ടിലെത്തി ആദ്യം ചെയ്തത് അജുവിന്റെ കയ്യില്‍ (ചേട്ടന്റെ)പെന്‍ ഡ്രൈവ് ഏല്‍പ്പിക്കുകയാണ്. ആ ചേട്ടന്റെ പേര് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എന്തോ ധൈര്യം തോന്നിയില്ല. അന്ന് രാത്രി എനിക്ക് ഉറങ്ങാനേ സാധിച്ചില്ല. എങ്കിലും എന്നെ എങ്ങനെ മനസ്സിലായിക്കാണും? എനിക്കെത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല. ദിവസങ്ങള്‍ കടന്നുപോയി. പിന്നീട് ഒരു ദിവസം സ്‌പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞ് വീട്ടില്‍ കൊണ്ട് പോകാന്‍ വന്നത് അജുവാണ്. അന്ന് അപ്രതീക്ഷിതമായാണ് അവനോടൊപ്പം ആ കടയില്‍ കയറുന്നത്. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കൂട്ടുകാരോടെല്ലാം കുറച്ച് ഗമയിലാണ് അടുത്ത ദിവസം ഇക്കാര്യം പറഞ്ഞത്. അങ്ങനെ അവരുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ആ ചേട്ടന്റെ എഫ്.ബി പേജ് കണ്ടെത്താന്‍ തീരുമാനിച്ചു. ഒടുവില്‍ അജുവില്ലാത്ത തക്കം നോക്കി അവന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നും അതും കണ്ടുപിടിച്ചു. പിന്നീട് ഞാന്‍ വലിയൊരു കള്ളത്തരം കൂടി ചെയ്തു.
അമ്മയുടെ എഫ്ബിയില്‍ കയറി ആ ചേട്ടന്റെ അക്കൗണ്ട് സേര്‍ച്ച് ചെയ്ത് ഡീറ്റെയില്‍സെല്ലാം കണ്ടുപിടിച്ചു. എന്നിട്ട് ആളുടെ കുറച്ച് ഫോട്ടോസും സ്‌ക്രീന്‍ഷോട്ടെടുത്ത് ഒരു ഇമേജ് ഹൈഡിങ് ആപ്പും ഡൗണ്‍ലോഡ് ചെയ്ത് അതില്‍ ഒളിപ്പിച്ചു വച്ചൂ..ഹൊ മനസ് നിറയെ ടെന്‍ഷനായിരുന്നു. വീട്ടില്‍ പറയാതെ ഇതൊക്കെ ചെയ്തതിലുള്ള കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു.
എങ്കിലും എല്ലാ ദിവസവും ആരും കാണാതെ ആ ഫോട്ടോസ് എടുത്തു നോക്കുന്നത് എന്റെ ശീലമായി മാറി. വീണ്ടും ദിവസങ്ങള്‍ കടന്നുപോയി.'ഓം ശാന്തി ഓശാന ' സിനിമയിലേതു പോലെയുള്ള ഒരു ട്വിസ്റ്റിനായി ഞാന്‍ കാത്തിരുന്നു. ഇഷ്ടം തുറന്നു പറഞ്ഞാലോ? അപ്പോള്‍ത്തന്നെ പറയണ്ടെന്ന് തോന്നി. എങ്ങാനും അജു അറിഞ്ഞാലോ?പക്ഷേ എപ്പോഴായാലും അറിയേണ്ടതല്ലേ?എന്നെല്ലാമുള്ള ചില പക്വതയേറിയ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കെ പെട്ടന്നൊരു ദിവസം ആ ചേട്ടനെ കടയില്‍ കാണാതായി. എന്തോ അന്ന് വല്ലാത്ത വിഷമം തോന്നി. എന്തെങ്കിലും ആവശ്യത്തിന് പോയതായിരിക്കുമെന്ന് കരുതി ഞാന്‍ സമാധാനിച്ചു.പക്ഷേ അടുത്ത ദിവസങ്ങളിലും കണ്ടില്ല. എന്തു പറ്റിക്കാണും?
ആകെ വിഷമിച്ച് ഒരു ദിവസം അമ്മയുടെ ഫോണില്‍ വാട്ട്‌സാപ്പ് സ്റ്റാറ്റസുകള്‍ കാണുന്ന സമയം.അപ്പോഴാണ് അജുവിന്റെ സ്റ്റാറ്റസും കാണുന്നത്.'Happy married life bro'എന്നിട്ട് ആ ചേട്ടനും ഏതോ ഒരു ചേച്ചിയും മാലയൊക്കെ ഇട്ട് നില്‍ക്കുന്ന ഫോട്ടോയും. എനിക്ക് വല്ലാതെ സങ്കടം വന്നു. എല്ലാം വെറുതെയായി.. എന്നാലും ഇത്ര പെട്ടെന്നോ? എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.എന്തോ.കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അന്ന് രാത്രി ഊണ് കഴിക്കുന്ന സമയം അമ്മ ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ അജു പറയുന്നത് കേട്ടു.'അവന്‍ ഒരു കുട്ടിയായിട്ടിഷ്ടത്തിലായിരുന്നു.
പക്ഷേ കുട്ടീടെ വീട്ടില്‍ സമ്മതിക്കാത്തത് കൊണ്ട് വിളിച്ചിറക്കി കൊണ്ട് വന്നു. ഇപ്പൊ കല്യാണം കഴിഞ്ഞു' എന്ന്. അങ്ങനെ അത് കഴിഞ്ഞ് കിട്ടീ.. ഏതോ ഒരു സമയത്ത് തോന്നിയ മണ്ടത്തരം. മനസ്സില്ലാ മനസ്സോടെ ഞാന്‍ ആപ്പും, ഫോട്ടോസും ഒക്കെ ഡിലീറ്റാക്കി.സിംഗിളില്‍ നിന്നും മിംഗിളാവാനുള്ള തീരുമാനം അവിടെ വെച്ചവസാനിപ്പിച്ചതാണ്. കുറച്ചു നാളുകള്‍ക്കു ശേഷം അമ്മയോടും അജുവിനോടും ഞാന്‍ ഇക്കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു. പ്രായത്തിന്റെ തമാശയായി അവരത് തള്ളിക്കളഞ്ഞു.
ഇടയ്ക്ക് ഓരോന്ന് പറയുമ്പോള്‍ അജു എന്നെ ഇതും പറഞ്ഞ് കളിയാക്കും. അവര്‍ക്ക് തമാശ. ഹും... എങ്കിലും ഞാന്‍ എത്ര ആത്മാര്‍ത്ഥമായാണ് സ്‌നേഹിച്ചതെന്ന് എനിക്കല്ലേ അറിയൂ. സ്റ്റോപ്പില്‍ ഇടയ്ക്ക് ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ ആ ചേട്ടനും ചേച്ചിയും കൂടി ബുള്ളറ്റില്‍ പോകുന്നത് കാണാറുണ്ട്. അപ്പോഴും ചേട്ടന്‍ എന്നെ നോക്കി ചിരിക്കും.ഞാനും ചിരിക്കും.
ഹാ... അങ്ങനെ ആദ്യത്തെ പ്രണയം വെറും വണ്‍സൈഡ് ലവ് ആയി അവസാനിച്ചു. പതിവുപോലെ ഈ വാലന്റൈന്‍സ് ഡേയും വെറും വെള്ളിയാഴ്ചയായി കടന്നുപോയി. എങ്കിലും ഉള്ളിലെവിടെയോ ഒരു ചെറിയ സങ്കടം ബാക്കി നില്‍ക്കുന്നുണ്ടോ? ഉണ്ടെന്ന് തോന്നുന്നു. അല്ലെങ്കിലിപ്പോഴും ആ ചില്ലു പാളികള്‍ക്കിടയിലൂടെ കണ്ണുകള്‍ കയറിയിറങ്ങില്ലല്ലോ.