ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയത് ഒരു മഴക്കാല സന്ധ്യയിലായിരുന്നു. അന്ന് ആ വൃശ്ചികത്തിലെ രാത്രിമഴയില്‍ ഓര്‍ക്കാപ്പുറത്ത് നീ കയറി വന്നത് എന്റെ ഹൃദയത്തിലേക്ക് ആയിരുന്നുവെന്ന് നീ അറിയുന്നുണ്ടോ?
ഒരു വ്യാഴവട്ടത്തിന് മുമ്പ് നമ്മള്‍ ആദ്യമായി കാണുമ്പോള്‍ പ്രതീക്ഷിച്ചിരുന്നോ ഇത്ര വൈകി നമ്മള്‍ വേര്‍പിരിയാനാവാത്തവിധം ഒന്നാകുമെന്ന്. പ്രണയത്തിനും സൗഹൃദത്തിനും ഇടയില്‍ ഉള്ള ഒരു യാത്ര. അരുതാത്തതായതിനാലാവാം നമ്മുടെ പ്രണയം ഇത്രമേല്‍ മനോഹരവും ആഴമേറിയതുമാവുന്നത്. നമുക്ക് മാത്രമറിയുന്ന നമ്മുടെ ഇടങ്ങള്‍, അതില്‍ നിറയെ ആസ്വദിക്കാന്‍ ചൂടും തണുപ്പും നിറഞ്ഞ കുറേ ഓര്‍മ്മകള്‍.

നമ്മുടെ പ്രണയം കണ്ണെത്താ ദൂരത്തോളം നീളത്തില്‍ കിടക്കുന്ന റെയില്‍ പാളങ്ങളെ പോലെയാണ്. ഇടയ്ക്കിടെ കൂട്ടിമുട്ടിയും ഒന്നുചേര്‍ന്നും പിന്നെ വേര്‍പെട്ടും ഒരു നിശ്ചിത അകലത്തില്‍ നമ്മുടെ പ്രണയം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

ഇന്ന് ഞാന്‍ നിന്നിലഗാധമായി ലയിച്ചുപോയിരിക്കുന്നു. പ്രണയമൊരു പുകമഞ്ഞു പോലെ അവ്യക്തവും നിറമില്ലാത്തതുമാവാം. പക്ഷെ നിന്നോടുള്ള പ്രണയം തരുന്ന ആര്‍ദ്രമാം തണുപ്പാണ് ഇന്നെന്റെ
അതിജീവനത്തിന്റെ ജീവശ്വാസം.. നിന്റെ ഓരോവാക്കിലും ഞാനൊരു കഥ മെനയുന്നു. ഓരോ നോട്ടത്തിലും കവിതയും. എനിക്കറിയില്ല നിനക്ക് ഞാനാരാണെന്ന്. പക്ഷെ എനിക്ക് നീയില്ലാതെ ജീവിതമില്ലെന്നു ഞാന്‍ തിരിച്ചറിയുന്നു. നമ്മള്‍ ഒരുമിച്ചുപോയ യാത്രകള്‍, കണ്ട സിനിമകള്‍, ഇരുന്നയിടങ്ങള്‍, ഒക്കെയും വീണ്ടും വീണ്ടും എന്നെ നിന്നില്‍ തളയ്ക്കുന്നു. പ്രണയമാണെനിക്ക് നിന്നോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങളോടും നമ്മെ തഴുകിയ കാറ്റിനോടും അന്നുമുതലിന്നുവരെ കൂട്ടുവന്ന മഴയോടും. നീയടുത്തുള്ളപ്പോള്‍ പെയ്യുന്ന മഴയ്ക്കാണ് ഭംഗി കൂടുതല്‍. നിന്നോട് മാത്രേ ഇനി എനിക്ക് പറഞ്ഞു തീരാത്ത കഥകള്‍ പറയാനുള്ളൂ.

നമുക്കിടയിലിനി ഒന്നുമില്ലെന്നറിയാം.. എന്നാലും അന്നുമിന്നും എനിക്ക് നിന്റെ സ്ഥാനത്തു നീമാത്രം മതി. ഓരോ വഴക്കിനും പിണക്കത്തിനും ശേഷം നമ്മുടെ ബന്ധം പിരിയാനാവാത്തവിധത്തില്‍ പൂര്‍വ്വാധികം തീവ്രതയോടെ എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ജലവിദ്യക്കാരാ..ഒരായുധവുമെടുക്കാതെ ഒരുതുള്ളിചോരപോലും പൊടിയാതെ എത്രയോതവണ നീയെന്നെ കൊന്നിരിക്കുന്നു... എന്നിട്ടും ഒരു മടങ്ങിപ്പോക്കില്ലാതെ ഞാന്‍ നിന്നിലേക്കുതന്നെ തിരിച്ചെത്തുന്നു.

സ്വന്തമാക്കലല്ല പ്രണയമെന്നു ഞാനിന്ന് തിരിച്ചറിയുന്നു. ആത്മാവുകൊണ്ടൊന്നാവാന്‍ എന്തിന് സ്വന്തമാക്കണം. പൂര്‍ത്തീകരിക്കാനാവാത്തതിന് ഭംഗിയേറുമോ? നമ്മുടെ ബന്ധത്തിന് ഒരിക്കലും കൂടിച്ചേരുമെന്നുള്ള പ്രതീക്ഷയില്ല... പരിസമാപ്തിയുമില്ല..