കാമ്പസിലെ വാകയില്‍ രക്തവര്‍ണ പൂക്കള്‍ വിരിഞ്ഞുകൊണ്ടേയിരുന്നു. ജൂണിലെ മഴത്തുള്ളികള്‍ അവയെ കൊഴിച്ചുകൊണ്ടുമിരുന്നു. കാമ്പസില്‍ ആളനക്കം നിലയ്ക്കുമ്പോള്‍ വിരിയുകയും കലാലയമുണരുന്ന ജൂണില്‍ കൊഴിഞ്ഞില്ലാതാകുകയും ചെയ്യുന്ന അസൂയപ്പൂക്കള്‍. കലാലയാങ്കണത്തില്‍ അവ തീര്‍ത്ത ചോരപ്പരവതാനി. ആ രക്തമെത്തയില്‍ ചവിട്ടിയാണ് ഞാനും അവളും കാമ്പസിലെത്തിയത്.
ഒരുമിച്ചായിരുന്നു കുന്നിന്‍ മുകളിലെ കോളേജിലേക്കുള്ള ഞങ്ങളുടെ നടത്തവും. പരസ്പരമറിയില്ല. കാമ്പസിലേക്കുള്ള കുന്നു കയറ്റത്തില്‍ അവളും അവളുടെ അച്ഛനും ഞാനും എന്റെ അച്ഛനും സമാന്തരമായി സഞ്ചരിച്ചു. മഴപ്പാച്ചിലില്‍ തകര്‍ന്ന റോഡില്‍ കുഴികള്‍ മാറി നടന്നപ്പോള്‍ പോലും ഞങ്ങള്‍ പരസ്പരം നോക്കാതെ അകലം കൂട്ടാതെ കുന്നു കയറി. റോസ് പാവാടയും ബ്ലൗസുമാണ് വേഷം. അരികുകളില്‍ കസവ് ബോര്‍ഡറുണ്ട്. പൊട്ട് വെച്ചിട്ടില്ല. വട്ടമുഖം. വള്ളിച്ചെരുപ്പ്. കയ്യില്‍ രണ്ട് പുസ്തകം. സുന്ദരിയാണെന്ന് തോന്നി.
ഞങ്ങള്‍ രണ്ടും ഒരേ ബാച്ചിലേക്കാണെന്ന് ഇരുവരുടേയും അച്ഛന്മാരുടെ സംഭാഷണങ്ങളില്‍ അറിഞ്ഞു. മഴയേയും കുഴിയേയും കുന്നിനേയും പഴിച്ചാണ് ഇരുവരുടേയും അച്ഛന്മാര്‍ പരിചയക്കാരായത്. ഇരുവരും രണ്ട് വിഭാഗങ്ങളിലേക്ക്. പഠിച്ച് പഠിച്ച് ഡോക്ടറോ എഞ്ചിനിയറോ ആകാന്‍ സയന്‍സ് ഗ്രൂപ്പിലേക്ക് അവള്‍. കണക്കപ്പിള്ളയാകാന്‍ കൊമേഴ്‌സിലേക്ക് ഞാനും.
പഠനം തുടങ്ങി. ക്ലാസുകള്‍ ഉണര്‍ന്നു. എന്റെ ക്ലാസിന്റെ നേരെ എതിരില്‍ അല്‍പം ഉയര്‍ന്ന് നിര്‍മിച്ചരിക്കുന്ന കെട്ടിടത്തിലെ ക്ലാസിലാണവള്‍ എന്ന് കണ്ടു. അവള്‍ എന്നെ കണ്ടു,പഠനം തുടങ്ങിയ ആദ്യ ദിനം തന്നെ. ഞാനും. ക്ലാസ് വിട്ട് ഇറങ്ങി വരുമ്പോഴും അവളെ കണ്ടു. അവള്‍ എന്നേയും. അതൊരു പതിവായി. വര്‍ഷം മാറിയെങ്കിലും രണ്ട് പേരുടേയും ക്ലാസ് മുറികള്‍ മാറിയില്ല. ബോര്‍ഡുകള്‍ മാത്രം മാറി. ഒന്നാം വര്‍ഷ ബി.കോം. രണ്ടാം വര്‍ഷ ബി.കോമായി. ഒന്നാം വര്‍ഷ ബി.എസ്.സി. രണ്ടാം വര്‍ഷ ബി.എസ്.സി.യും.
എതിരിലെ മുറികളിലാണ് ക്ലാസുകളെന്നതിനാല്‍ എന്നും പലതവണ കാണാന്‍ സാധിച്ചു. പക്ഷേ സംസാരിച്ചില്ല. സംസാരിക്കണമെന്നുണ്ട്. ഇനിയും വര്‍ഷങ്ങളുണ്ടല്ലോ എന്ന തോന്നല്‍. സംസാരിക്കാനുള്ള ആഗ്രഹം അവളിലുമുണ്ടെന്ന് തോന്നി. ഒരു പക്ഷേ തോന്നലാകാം. എന്നും കണ്ടും മിണ്ടാതെയും മൂന്ന് വര്‍ഷം കടന്ന് പോയത് അറിഞ്ഞില്ല. ഒരു ചെറു പുഞ്ചിരിയിലൂടെ ഒരായിരം കാര്യങ്ങള്‍ കൈമാറി. ക്ലാസുകളില്ലിത്ത ദിനങ്ങളിലും ഓര്‍മകളിലൂടെ അങ്ങിനെ ഇഷ്ടം കൈമാറി.
കാമ്പസിലെ അവസാന ദിനമെത്തി. അവളോട് സംസാരിക്കണമെന്നും മേല്‍വിലാസം വാങ്ങണമെന്നും ഉറപ്പിച്ചു. സമയത്തിനായി കാത്ത് നിന്നു. അവളുടെ ക്ലാസിലും എന്റെ ക്ലാസിലും സെന്റ് ഓഫ് ചടങ്ങുകള്‍ നടക്കുകയാണ്. പാതി മനസ് മാത്രമാണ് എന്റെ ക്ലാസിലെ സെന്റ് ഓഫ് ചടങ്ങില്‍. പകുതി അവളെ കണ്ട് സംസാരിക്കാനായി മാറ്റി വെച്ചു. രണ്ടും കല്‍പിച്ച് അവളുടെ ക്ലാസിന്റെ പടിക്കലെത്തി. എന്നെ കണ്ട് അവള് ക്ലാസില്‍ നിന്ന് ഇറങ്ങി വന്നു.
അവള്‍ അടുത്തെത്തും മുമ്പ് എന്നെ പിന്നില്‍ നിന്ന് ആരോ പിടിച്ചു വലിച്ചു. എന്റെ ക്ലാസിലെ തെറിച്ച ക്ലാസ്‌മേറ്റ് പ്രതിഭയാണ്. അവള്‍ എന്നെ പിടിച്ച് വലിച്ച് എന്റെ ക്ലാസിലെ ടീച്ചിങ്ങ് പ്ലാറ്റ്്‌ഫോമില്‍ കയറ്റി ഉറക്കെ പറഞ്ഞു-ഞാന്‍ ഇവനെ പ്രേമിക്കുന്നു. തമാശ കേട്ട് കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു. എനിക്ക് ചിരി വന്നില്ല.പുറത്തിറങ്ങി നോക്കി. അവള്‍ തിരികെ ക്ലാസിലേക്ക് പോയിരിക്കുന്നു.
രണ്ട് മിനിട്ട് കാത്തിരുന്ന് ഞാന്‍ വീണ്ടും അവളുടെ ക്ലാസ് മുറിയുടെ അടുത്തേക്ക് പോയി. എന്നെക്കണ്ട് അവള്‍ ചാടിയെണീറ്റു. ബാഗില്‍ നിന്ന് ചെറിയ പൊതിയെടുത്തു. കണ്ണില്‍ ഇതേവരെ കാണാത്ത തിളക്കം. എന്റെ അടുത്തേക്ക് അവള്‍ വരാനൊരുങ്ങി. അപ്പോള്‍ പിന്നില്‍ നിന്നൊരു വിളി. പ്രിന്‍സിപ്പാളാണ്. അദ്ദേഹം അടുത്തെത്തി ചോദിച്ചു.-ഇവിടെ ഇങ്ങനെ നിന്നാല്‍ മതിയോ. േഫാട്ടോ എടുക്കാന്‍ ഡെസ്‌കും ബെഞ്ചും മൈതാനത്ത് ഒരുക്കേണ്ടേ. അത് ചെയ്യ്-അദ്ദേഹം എന്നെകൂട്ടിക്കൊണ്ട് പോയി. ഞാന്‍ തിരിഞ്ഞ് നോക്കി. കയ്യില്‍ ചെറിയ പൊതിയുമായി ക്ലാസിന് പുറത്തെത്തി അവള്‍ കാത്ത് നില്‍ക്കുന്നു. ഒന്നും ചെയ്യാനാകാെത ഞാന്‍ പ്രിന്‍സിപ്പാളിനൊപ്പം നടന്നു.
ഫോട്ടേയെടുക്കലും കഴിഞ്ഞു. കൂട്ടുകാര്‍ എന്നെന്നേക്കുമായി പിരിഞ്ഞു. അവളുടെ ക്ലാസിന്റെ ഫോട്ടോയെടുക്കലും കഴിഞ്ഞു. അവളെ കണ്ട് സംസാരിച്ചിട്ട് മാത്രം ബാക്കി കാര്യം എന്നുറപ്പിച്ച് ഞാന്‍ നിന്നു. പറ്റുമെങ്കില്‍ അവളോട് സംസാരിച്ച് കൊണ്ട് കോളേജില്‍ നിന്ന് റോഡ് വരെ പോകണം എന്നും ഉറപ്പിച്ചു. അവള്‍ കോളേജ് കവാടത്തിലുണ്ട്. എന്നെക്കണ്ടു. എന്റെ നേരെ വരികയാണ്. മുഖത്ത് ചിരിയുണ്ട്. അങ്ങോട്ട് വരാമെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. അവള്‍ തല കുലുക്കി സമ്മതിച്ചു. കവാടം ലക്ഷ്യമിട്ട് ഞാന്‍ നടക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകരുടെ മുറി താണ്ടിയപ്പോള്‍ ആരോ എന്നെ വിളിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡാണ്. പോകാതിരിക്കാന്‍ വയ്യ. അത്ര അടുപ്പമുണ്ട് സാറുമായി. മുറിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ സാര്‍ അകത്തേക്ക് വിളിച്ചു. അടുത്ത കസേരയിലിരുത്തി. ഭാവി കാര്യങ്ങള്‍ ചോദിച്ചു. അവളെയോര്‍ത്ത് വിങ്ങുന്ന മനസുമായി ഞാനരുന്ന് എന്തെല്ലാമോ മറുപടിയായി പറഞ്ഞു.
അപ്പോള്‍ വാതില്‍ക്കല്‍ ഒരു കാല്‍പെരുമാറ്റം. അവളാണ്. എന്നെ കാണാന്‍ വന്നിരിക്കുകയാണ്. ഞാന്‍ എണീക്കാന്‍ ശ്രമിച്ചു. എന്നെ പിടിച്ചിരുത്തി സാര്‍ പുറത്തിറങ്ങി. അവളുെട നീട്ടിപ്പിടിച്ച കയ്യില്‍ ഒരു ചെറിയ പൊതി. സാര്‍ അത് വാങ്ങി. അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറയുന്നത് ഞാന്‍ കണ്ടു. സാര്‍ അവളുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ഞാന്‍ തൊണ്ടയില്‍ എന്തോ കുരുങ്ങിയ പോലുള്ള വേദനയുമായി തരിച്ചിരുന്നു.
തിരിച്ചെത്തി പൊതി മേശവലിപ്പിലിട്ട് സാര് പറഞ്ഞു-പഠിപ്പിച്ചിട്ടില്ലെങ്കിലെന്താ എന്തൊരു സ്‌നേഹം. പഠിപ്പിച്ചവരാരും ഒരു സമ്മാനവും തന്നില്ല.ആ കുട്ടി തന്നു. നന്നായി വരും. പിന്നീട് സാര്‍ എന്തെല്ലാമോ സംസാരിച്ചു. നല്ല ജോലി കിട്ടേണ്ടതിനെപ്പറ്റി. നല്ല ഭാവിയേപ്പറ്റി. ജീവഛവമായി ഇരുന്ന് ഞാന്‍ എല്ലാം കേട്ടു.പിന്നീട് സാര്‍ എന്നോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നിറങ്ങി ഞാന്‍ ഓടി. എന്റെ ക്ലാസില്‍ പോയി നോക്കി. അവളുടെ ക്ലാസിലും പോയി നോക്കി. കോളേജ് കവാടത്തിലും പോയി നോക്കി. ഇല്ല അവള്‍ പോയിരിക്കുന്നു. ആരുമില്ല. കോളേജ് കാമ്പസില്‍ അരയ്‌ക്കൊപ്പം പുല്ല് വളര്‍ന്ന് നില്‍കുന്നുണ്ട്. അതിലൂടെ റോഡിലേക്ക് നോക്കി. അങ്ങകലെ അവള്‍ നടന്നകലുന്നു. വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരമല്ല. ഓടിയാല്‍ എത്തുന്ന ദൂരമല്ല. കരയാന്‍ പോലും വരുന്നില്ല.ഞാന്‍ തലയുയര്‍ത്തി. അന്തിമാനത്ത് സൂര്യന്‍ അണയാന്‍ പോകുന്നതിന്റെ ചുകപ്പ്. മുകളിലെ വാകമരത്തില്‍ പൂക്കാലം തുടങ്ങുന്നതിന്റെ ചുകപ്പ്. ആ ചുകപ്പുകള്‍ നോക്കി ഞാന്‍ അവിടെ എത്രയോ നേരം വെറുതെ നിന്നു.