ന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് ആദ്യമായി ഞാനവനെ കെട്ടിപ്പിടിച്ചത്. അത് റൊമാന്‍സ് അല്ലായിരുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. കട്ട റൊമാന്‍സ് തന്നെയായിരുന്നു. അനീഷ് സെബാസ്റ്റ്യന്‍ കരയുന്നത് കാണാന്‍ എന്റെ മനസ്സിന് ത്രാണിയില്ലായിരുന്നു. മഴ പെയ്താല്‍ അവന്‍ കരയും. ഇടി വെട്ടിയാല്‍ അവന്‍ പൊട്ടിക്കരയും. മഴയും ഇടിയുമൊക്കെ ഇടം കയ്യിലിട്ട് അമ്മാനമാടുന്ന ഞങ്ങള്‍ നാടന്‍പിള്ളേരുടെ ഇടയില്‍ കോട്ടയം ഭാഷയും കൊണ്ട്  നട്ടംതിരിഞ്ഞ അനീഷ് സെബാസ്റ്റ്യനെ ഞാന്‍ വലയിലാക്കിയത് അല്‍പം സിമ്പതിയും എമ്പതിയും സമാസമം ചേര്‍ത്ത് മഴയും ഇടിയും വരുന്ന സമയത്ത് ചേരുംപടിപോലെ ചേര്‍ത്തുകൊണ്ടായിരുന്നു. അവന്‍ അമ്മയെ കാണണമെന്ന് പറഞ്ഞ് ഉച്ചത്തില്‍ കരയും. ഞാന്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കും. ഇടയ്ക്ക് എനിക്ക് കെട്ടിപ്പിടിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ അവനോട് പറയും ഇപ്പോള്‍ ഇടിവെട്ടും എന്ന്. അവന്‍ എന്റെയരികിലേക്ക് കൂടുതല്‍ പറ്റിച്ചേര്‍ന്നിരിക്കും. ലോകം കീഴടക്കിയ ആഹ്ലാദം ഉള്ളില്‍ നുരഞ്ഞുപൊങ്ങുന്നതിന്റെ ആരവം ചെവിയോര്‍ത്താല്‍ ഇന്നും കേള്‍ക്കാം.

കൂടുതല്‍ കാലം അവനെ എന്റെ അക്കൗണ്ടില്‍ത്തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അരക്കൊല്ലപ്പരീക്ഷയോടെ മഴകഴിഞ്ഞതാണ് ഒന്നാമത്തെ പ്രശ്നം. ആരിഫ്ഖാന്‍, ആമ സുബീഷ്, കടുവാക്കണ്ണന്‍ ഷിജു, നെറ്റിങ്ങാപ്പൊട്ടന്‍ ബൈജു...ഇവരുടെ ഗ്യാങ് അനീഷ് സെബാസ്റ്റ്യനെ എന്റെയടുക്കല്‍ നിന്നും റാഞ്ചിക്കൊണ്ടുപോയി. ആകെ വിരക്തിയായി പിന്നെ. ഏഴാം ക്ലാസുവരെ ആ വിരക്തി തുടര്‍ന്നു. പക്ഷേ ഇടയില്‍ കൂട്ടുകാരികള്‍ക്കിടയില്‍ മുളപൊട്ടിയ ചില ഇന്റേണല്‍ റൊമാന്‍സിനെ ഞാന്‍ മുട്ടത്തോട് പൊടിച്ചുകളയുന്നതുപോലെ ഞെരിച്ചമര്‍ത്താനും മറന്നില്ല.

ഹൈസ്‌കൂള്‍ കാലമായപ്പോളേയ്ക്കും ആണ്‍കുട്ടികളോട് കോഴിപ്പോരിന് മുതിരുന്നപോലായിരുന്നു. ആര്‍ക്കെങ്കിലും എന്നോടെന്തെങ്കിലും വികാരം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നിര്‍വികാരം മാത്രമായിരിക്കും. ഞാനാണേല്‍ ഉച്ചയ്ക്കെപ്പോളെങ്കിലും അനീഷിനെ കണ്ടുമുട്ടിയാല്‍ പിന്നെ ഫ്യൂസുപോയതുപോലാവും. അവന്‍ മൈന്‍ഡുചെയ്യാതെ പോകും. അവന്‍ ആ കെട്ടിപ്പിടുത്തമൊക്കെ മറന്നുപോയിട്ടുണ്ടാകും. (a+b)2 നോട് നീതി പുലര്‍ത്താനുള്ള ശ്രമത്തിലായിരുന്നു പാവം. അങ്ങനെയിരിക്കെയാണ് ഒരു കത്ത് കിട്ടുന്നത്. നിന്റെ കുസൃതികള്‍ എല്ലാം ഇഷ്ടമുള്ള ഒരാളുണ്ട്. കണ്ടുപിടിക്കാമോ.

പിന്നെ സമ്മര്‍ ഇന്‍ ബത്ലഹേമിലെ പാട്ടും പാടിയായിരുന്നു നടത്തം. ആ ഒരൊറ്റവരി കത്തിന് കൊടുക്കാന്‍ പറ്റാവുന്നതിലും അപ്പുറം പബ്ളിസിറ്റി കൊടുത്തു. ആളെ കണ്ടുപിടിക്കാന്‍ സ്‌കൂളിലെ പ്രധാന സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് ടീം ഷബ്നയും കൂട്ടരും മറ്റ് ഉത്തരവാദിത്തങ്ങളായ പാരവെയ്പ്പ്, കത്ത് കൈമാറല്‍, കാത്തിരിക്കല്‍ തുടങ്ങിയവയെല്ലാമുപേക്ഷിച്ച് അന്വേഷണത്തിനിറങ്ങി. പക്ഷേ പ്രതിയെ കിട്ടിയില്ല. ഇന്നേവരെ. ഒന്നുകില്‍ എനിക്കിട്ടു പണികിട്ടിയത് അല്ലെങ്കില്‍ പേടികൊണ്ട് വെളിപ്പെടുത്താത്തത്. സന്ധ്യയ്ക്കു വിരിഞ്ഞ സുഗന്ധരാജന്‍ അഞ്ചാറെണ്ണം ദിവസവും പൊട്ടിച്ച് ബാഗിലിട്ടത് മിച്ചം!(ഒടുക്കം ചീഞ്ഞുനാറിയ ബാഗ് അമ്മയെടുത്ത് വലിച്ചെറിഞ്ഞത് മറ്റൊരു സംഭവം.)

നിന്നെയെനിക്കിഷ്ടമാണ് എന്ന് കഷ്ടപ്പെട്ട് ഒരുത്തനെക്കൊണ്ട് പറയിച്ചത് പ്ലസ് ടുവില്‍ പഠിക്കുമ്പോളാണ്. അതാണേല്‍ വല്ലാത്ത ട്രാജഡിയായിപ്പോയി. അവന്‍ കത്തെഴുതാമോ എന്നുചോദിച്ചു. ഞാന്‍ എഴുതി. ടീച്ചര്‍ പിടിച്ചു. അവന്‍ കാലുമാറി. അന്നാണ് ടീച്ചര്‍ ഗാട്ടും കാണാച്ചരടും എന്ന ലേഖനത്തില്‍ നിന്നും ചോദ്യങ്ങള്‍ ചോദിച്ചത്. എന്താണ് ഗാട്ട്, എന്താണ് ആസിയാന്‍? നിരനിരയായി ചോദ്യങ്ങളുയര്‍ന്നു. ഞാന്‍ മാത്രമല്ല. ക്ളാസ് ഒന്നാകെ എഴുന്നേറ്റുനിന്നു. അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ചോദ്യത്തിനുമുന്നില്‍ എല്ലാ പഠിപ്പിസ്റ്റുകളും പതറി. അടി ചിതറിവീണുകൊണ്ടേയിരുന്നു. ഒരു കത്ത് നല്‍കിയ സമ്പാദ്യം. എല്ലാ കൈവെള്ളകളിലേയും ചുവപ്പ് വരകള്‍ എന്നെ നോക്കി പല്ലിറുമ്മി. ക്ലാസ് വിടാനുള്ള ആദ്യബെല്ലടിച്ചതും അവന്‍ ഇറങ്ങിയോടി. അതിനു ശേഷം ഞങ്ങള്‍ സംസാരിച്ചിട്ടില്ല. നേരില്‍ കണ്ടാല്‍ മിണ്ടാറുമില്ല. സഹിക്കില്ല ഞാന്‍.

ഡിഗ്രിയായപ്പോളേക്കും പ്രണയമൊക്കെ എന്ത് എന്ന ലെവലിലായി. വീട്ടിലെ അടുപ്പിലെ യാഥാര്‍ഥ്യങ്ങളോട് അമ്മ അത്രയും കാലം പൊരുതിപ്പിടിച്ചുനിന്നതൊന്നും അറിഞ്ഞിരുന്നില്ല, പറഞ്ഞിരുന്നില്ല എന്നൊന്നും ന്യായീകരിക്കാനുള്ള തൊലിക്കട്ടിയില്ലായിരുന്നു. ഇന്ന് ഉണ്ടത് എന്തെല്ലാം വിറ്റുപെറുക്കിയിട്ടാണെന്ന കാര്യം ഓരോ ദിവസവും അമ്മ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ഒരു വാഴക്കുലവെട്ടി കയ്യില്‍ തന്നു. എന്നിട്ടു പറഞ്ഞു പുരുഷുവേട്ടന്റെ കടയില്‍ പോയി അത് വിറ്റ് പഞ്ചസാരയും ചായപ്പൊടിയും വാങ്ങാന്‍. സഞ്ചിയിലാക്കിയ കുല പുരുഷുവേട്ടന്റെ മുമ്പിലേക്ക് വച്ചപ്പോള്‍ മൂപ്പര്‍ പറഞ്ഞു, ഇത് തൂക്കാന്‍ മാത്രമില്ലെന്ന്. കുഴഞ്ഞുവീഴുമോ എന്ന് പേടിച്ചുപോയി.  തോറ്റുകൊടുത്തില്ല, അവിടെ അടവിറക്കി. അയ്യോ വെട്ടിവെച്ച കൊല മാറിപ്പോയല്ലോ പുരുഷുവേട്ടാ... ഇനി അതെടുക്കാനായി പോകണ്ടേ? സാരല്ല, അത് കൊണ്ടത്തന്നാല്‍ മതിയെന്നും പറഞ്ഞ് പുള്ളിക്കാരന്‍ സാധനങ്ങള്‍ തന്നു. വീട്ടിലെത്തിയ ഉടന്‍ അമ്മ വെട്ടിയിട്ട വാഴക്കുണ്ടയില്‍ പോയി തൂമ്പായെടുത്ത് അഞ്ചാറ് വാഴക്കന്നുകള്‍ കുഴിവെട്ടി നട്ടു. അത് വലുതായിട്ട് കുലയെടുത്തിട്ട് വേണം പുരുഷുവേട്ടന് കൊണ്ടുക്കൊടുക്കാന്‍.!
 
അതിനിടയില്‍ പ്രണയത്തിന് കാര്യമാത്രപ്രസക്തമായ റോള്‍ ഇല്ലായിരുന്നു എന്നുവേണം അനുമാനിക്കാന്‍. എന്നാലും എന്റേതുമൊരു തരളഹൃദയമല്ലേ. ആര്‍ക്കും ചേതമിലാത്ത ഒരു പ്രണയമുണ്ടായി. ഗുരുവായൂരപ്പന്‍ കോളേജിന്റെ കുന്നിറങ്ങാനും കയറാനും ഒരു പ്രണയമൊന്നുമില്ലെങ്കില്‍ വല്യപ്രയാസം തന്നെയാണ്. അങ്ങനെ കുന്നിറങ്ങാനും കയറാനുമായി കൈത്താങ്ങുപോലെ ഒരു പ്രണയം വന്നുപെട്ടു. വന്‍ദുരന്തമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഒന്നുരണ്ടുദിവസമൊക്കെ നല്ല രീതിയില്‍ കുന്നിറങ്ങി. പിന്നെ അവന്‍ എന്റെ മുമ്പില്‍ വന്നിരുന്നാല്‍ കരയാന്‍ തുടങ്ങും. അച്ഛന്‍ എന്തു വിചാരിക്കും, അമ്മയ്ക്ക് അറ്റാക്ക് വരും, പെങ്ങള്‍ക്ക് നല്ല ആലോചന വരില്ല... അങ്ങനേ പോകും പരിതാപങ്ങള്‍. കാര്യം ചുരുക്കിപ്പറയാം. അവന്‍ നമ്പൂരിയാണ്. ഒരു അമ്പലത്തില്‍  ശാന്തിയുള്ളതുകൊണ്ട് ദിവസവും പായസം കൊണ്ടത്തരും (എനിക്ക് ആകെകിട്ടിയ ലാഭം അതാണ്). ഭാവിയില്‍ കല്യാണം കഴിക്കേണ്ടിവന്നാല്‍ എന്തുചെയ്യും എന്നോര്‍ത്താണ് അവന്റെ ടെന്‍ഷന്‍ മുഴുവന്‍. തലവേദനയായിത്തുടങ്ങിയപ്പോള്‍ ഞാന്‍ നെയ്പ്പായസം തിരിച്ചുകൊടുത്ത് ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലേക്ക് നീട്ടിവലിച്ചൊരു നടത്തം നടന്നു. അവിടെ ക്ലാസിലപ്പോള്‍ ഷീലാമിസ് കഥാര്‍സിസും ട്രാജിക് ഫ്ളോയും പഠിപ്പിക്കുകയായിരുന്നു.

ഇടയ്ക്ക് ഉള്ളിലുള്ള റൊമാന്റിക് ആലോചനകള്‍  മുറുകുമ്പോള്‍ പ്രായത്തിന്റെതാണെന്ന് മനസ്സിലാക്കി അമ്മമ്മ പറയും, ദാ...അറ്റ കണ്ണിയും വീണനിലവും ഇല്ലാട്ടോ. ഒറ്റമഴപ്പെയ്ത്തില്‍ മൊട്ടിട്ടുകൂമ്പിയ മരമുല്ലയെ നോക്കി ഞാന്‍ പ്രാകും, നിനക്കൊന്നും ഒരു ഉളുപ്പുമില്ലേ ഇങ്ങനെ പൂത്തുലയാന്‍! ആയിടയ്ക്കാണ് ഓവറിയിലൊരു സിസ്റ്റ് ആരോടും ചോദിക്കാതെ അങ്ങ് പൊട്ടിത്തെറിച്ചത്. വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും കൊണ്ട് കുഴഞ്ഞുപോയ ഞാന്‍ പിന്നെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് കണ്ണുതുറന്നത്. അനങ്ങാന്‍ പറ്റുന്നില്ല. വെള്ള മുണ്ടും ഷര്‍ട്ടുമൊക്കെ ഇടുവിച്ച് ഓപ്പറേഷന് റെഡിയാക്കിയിരിക്കുന്നു. അഞ്ചാറ് മുഴകള്‍ നെല്ലിക്കാ വലുപ്പത്തില്‍ ഇടത്തേ ഓവറിയില്‍ തമ്പടിച്ചിരിക്കുന്നു. കത്തിയും ബ്ളേഡുമൊക്കെവേണം അവരെ തുരത്താന്‍. അതിനിടയില്‍ നഴ്സിംഗിനു പഠിക്കുന്ന ഒരു ചെറുക്കനെ കണ്ട് സോപ്പിട്ടപ്പോള്‍ അവന്‍ കാര്യം പറഞ്ഞു തന്നു ഒരു ഓവറി പോക്കാണ്. ഭാവിയില്‍ പ്രസവിക്കാന്‍ സ്‌കോപ്പുണ്ടാവില്ല. തകര്‍ന്നു വീണ്ടും എന്റെ ഹൃദയം.

അങ്ങനെ ആശുപത്രിയുഗം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തി. മൗനത്തിനാണ് പ്രധാനറോള്‍. എന്റെ ഓവറിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നാട്ടിലെ മുലകുടി മാറിയ ആണ്‍-പെണ്‍ജനങ്ങള്‍ വന്നും പോയുമിരുന്നു. പഞ്ചസാരക്കുപ്പി കഴുകിത്തുടച്ചു. ആളുകള്‍ വരുമ്പോള്‍ അമ്മമ്മ പറമ്പിലേക്ക് അടയ്ക്കാപെറുക്കാനും അണ്ടി ഉണക്കാനുമൊക്കെ പോയി. ഇടയിലാരോ ചോദിച്ചു കുട്ടി ആളെപ്പറഞ്ഞോ എന്ന്.  അപ്പോളാണ് നാട്ടുകാര്‍ക്ക് എന്റെ ഓവറിയോടുണ്ടായിരുന്ന സ്നേഹത്തിന്റെ പൊരുള്‍ പിടികിട്ടിയത്. അത് കേട്ട അമ്മയുടെ പ്രതികരണം ഊഹിക്കാമല്ലോ. എനിക്ക് ചിരിയാണ് വന്നത്. ഞാന്‍ ചിരിക്കുന്നത് കണ്ട് അമ്മയ്ക്ക് ദേഷ്യവും കരച്ചിലും വന്നു. അമ്മയോട് കാര്യമാക്കേണ്ട എന്നുപറഞ്ഞ് വീണ്ടും ഞാന്‍ ചിരിച്ചു.അപ്പോള്‍ പറഞ്ഞുവന്നത് പ്രണയത്തെക്കുറിച്ചാണ്. നേരാംവണ്ണം പ്രണയിക്കാത്ത ഞാന്‍ ആളെപ്പറഞ്ഞുകൊടുക്കേണ്ട ഗതികേടാണ് ഉണ്ടായത്.

ഡിഗ്രി കഴിഞ്ഞു.റേഷന്‍കടയും മാവേലിസ്റ്റോറും മുറയ്ക്ക് സന്ദര്‍ശിക്കേണ്ട ഉത്തരവാദിത്തം ആരും പറയാതെയും ആരോടും ചോദിക്കാതെയും എന്റെ തോളില്‍ത്തന്നെ കയറിയിരുന്നു. ഞാനായി എന്റെ പാടായി. എന്റെ വീടായി. ഇടയ്ക്ക് വല്ല കല്യാണവീടുകളും ഉത്സവങ്ങളും കണ്ണിനാന്ദവും ആശ്വാസവും തന്നു. ആയിടയ്ക്കാണ് ഒരു പെണ്ണുകാണല്‍. ഒരു ബിസിനസുകാരന്‍. പുള്ളി നേരിട്ടാണ് വിളിക്കുന്നത്. ഒന്നു കണ്ടാലോ എന്ന്. എന്നാലായിക്കോട്ടെ എന്നായി ഞാനും. ഒരു കല്യാണമൊക്കെ ചിന്തിച്ചുപോകുന്ന പ്രായമല്ലേ. കാണുന്നതിലെന്താണ് തെറ്റ്? ഞാന്‍ അന്ന് റേഡിയോ ജോക്കിയാണ്. ഒരു ഞായറാഴ്ചത്തെ ലൈവ് കഴിഞ്ഞ് കാണാം എന്നുതീരുമാനിച്ചു. ഒരു ആപ്പിള്‍ ജ്യൂസും കുടിച്ച് ഒരുമണിക്കൂര്‍ വര്‍ത്തമാനം പറഞ്ഞു. അയാളുടെ കണ്ണ് നല്ല ഭംഗിയാണ് കാണാന്‍. അയാളെ കണ്ടപ്പോള്‍ എന്താണെന്നറിയില്ല ഒരു ഓവറി അടിച്ചുപോയ കാര്യമാണ് ഓര്‍മവന്നത്. പറയണ്ടാ പറയണ്ടാ എന്ന് സ്വാര്‍ഥത പറഞ്ഞുതന്നിട്ടും പറഞ്ഞുപോയി. എന്റെ ഒരു ഓവറി ഇനാക്ടീവാണ്. കുഞ്ഞുണ്ടാവാനുള്ള സാധ്യതയൊക്കെ അമ്പതു ശതമാനമേയുള്ളു. അയാളെന്നെത്തന്നെ നോക്കി. ആപ്പിള്‍ ജ്യൂസിന്റെ കാശ് ഞാന്‍ കൊടുക്കേണ്ടി വരുമോ ദൈവമേ എന്നാണെന്റെ ചിന്തപോയത്. അയാള്‍ ഇപ്പോള്‍ ഇറങ്ങിയോടും. ഉറപ്പായി.

അമ്പത് ശതമാനം സാധ്യതയുണ്ടല്ലോ. അത് വലിയൊരു കിട്ടലല്ലേ...അയാള്‍ എന്റെ മൂക്കിന്‍ തുമ്പിലെ വിയര്‍പ്പ് ടിഷ്യുപേപ്പറില്‍ തുടച്ചുകൊണ്ടു ചോദിച്ചു. അനധികൃതമായ ആ കയ്യേറ്റത്തില്‍ പകച്ചുകൊണ്ട് ഞാന്‍ ഷാളുകൊണ്ട് ഒന്നുകൂടി മൂക്ക് തുടച്ചു. അഞ്ചാറ് ബാധ്യതകള്‍ കൂടി നിരത്തിയാല്‍ പുള്ളി വേഗം എഴുന്നേല്‍ക്കുമെന്നറിഞ്ഞുകൊണ്ട് വീണ്ടും പറഞ്ഞു. വീടൊക്കെ പകുതിപ്പണി കഴിഞ്ഞിട്ടേയുള്ളൂ. ഹാവൂ ഇനി ബാക്കി ചെയ്താല്‍ മതിയല്ലോ എന്നായി മൂപ്പര്‍. പിന്നെ ഞാന്‍ വേറൊരു കാര്യം കൂടി പറഞ്ഞു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. എന്റെ നടുവിന്റെ ഡിസ്‌കുകളില്‍ ഒന്ന് ജന്മനാകൂട്ടം തെറ്റിയിട്ടാണ് നില്‍പ്. എപ്പോള്‍ വേണമെങ്കിലും പണിതരും. പിന്നെ കിടപ്പാകും. പുള്ളി വീണ്ടും പരിഹാരം പറഞ്ഞു. ഇതൊന്നും എന്റെ വീട്ടുകാര്‍ വരുമ്പോള്‍ പറയണ്ട. ഞാന്‍ അയാളോട് പറഞ്ഞു. നിങ്ങള്‍ക്ക് നല്ല ഭംഗിയുള്ള കണ്ണുകളാണ്. അപ്പോള്‍ അയാളെന്റെ കണ്ണിലെ അഴുക്ക് നുളളിയെടുത്ത് കളഞ്ഞിട്ട് പറഞ്ഞു. ചേച്ചിയുടെ മക്കളിങ്ങനെയാ. കണ്ണ് ഒരുകാലത്തും കഴുകില്ല. ഞാനൊന്നു ചമ്മി.  
 
എനിക്കിഷ്ടായി. പെരുത്തിഷ്ടായി. ഞാന്‍ പറഞ്ഞു: എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം. അപ്പോള്‍ പുള്ളി ചിരിച്ചുകൊണ്ട്: അതിനല്ലേ ഞാന്‍ തിരക്കുപിടിച്ചു വന്നതുതന്നെ. പിന്നെ അയാള്‍ ചോദിച്ചു: എന്നെയല്ലാതെ വേറാരെയും കല്യാണം കഴിക്കില്ല എന്ന് വീട്ടില്‍ച്ചെന്ന് പറയാമോ? ഞാന്‍ കണ്ണടച്ച് തലകുലുക്കി. അന്നുമുതല്‍ ഇന്നുവരെ മൂപ്പര് തുടച്ച് തുടച്ച് എന്റെ മൂന്ന് പിള്ളേരുടെയും മൂക്ക് ഒരു പരുവമായിട്ടുണ്ട്. കണ്ണില്‍ അഴുക്കുകണ്ടാലും സ്ഥിതി വ്യത്യസ്തമല്ല. ഇതെഴുതുന്നതിനടയില്‍ നാലുതവണയെങ്കിലും ഞങ്ങള്‍ അടികൂടിക്കഴിഞ്ഞു. ലോകത്ത് എത്രയോ പെണ്ണുങ്ങളുണ്ടായിരുന്നിട്ടും ഇതിനെയാണല്ലോ ദൈവമേ കിട്ടിയത് എന്ന് പറഞ്ഞ് മൂപ്പര്‍ക്കും same to you
എന്ന് പറഞ്ഞ് എനിക്കും മടുത്തു. ഇടയ്ക്ക് മക്കള്‍ ചോദിക്കും അമ്മയുടെ എത്രാമത്തെ ലവ്വാണ് അപ്പയെന്ന്. നിഷ്‌കളങ്കമായി, ഒരു മന:സാക്ഷിക്കുത്തുമില്ലാതെ ഞാന്‍ പറയും ഒന്നാമത്തെ.