നവംബറിന്റെ സൗന്ദര്യം ഈ സുഖശീതളത തന്നെയാണു, ജനല്‍ഴിക്കുള്ളിലൂടെ ലജ്ജയോടെ ഓടിയെത്തുന്ന തണുത്ത കാറ്റ് അത് ഊന്നിയൂന്നി പറയുന്നുമുണ്ട്, ഇലത്തുമ്പില്‍ ഊഞ്ഞാലാടുന്ന മഞ്ഞുതുള്ളിക്കും അതേ പറയാനുള്ളൂ.. പക്ഷെ ഉള്ളിലെവിടെയോ ഒരു വിഷാദം കുടുങ്ങി കിടക്കുന്നുണ്ട്, സായംസന്ധ്യയുടെ വര്‍ണ്ണപൊലിമയൊക്കെ ഈ മഹാനഗരത്തിനന്യം.അങ്ങകലെ നീല ചില്ലിട്ട കൂറ്റന്‍ ഗ്ലാസ് ബില്‍ഡിംഗിന് ഉള്ളിലേക്ക് സൂര്യന്‍ ആഴ്ന്നിറങ്ങിയത് മനസ്സിന്റെ ഇരുട്ടിനു കനം കൂട്ടിയതുപോലെ..
നിനച്ചിരിക്കാതൊരു കുഞ്ഞുവെക്കേഷന്‍ കിട്ടിയപ്പോള്‍ എത്രയും വേഗം നാട്ടിലെത്തണമെന്നായിരുന്നു. ഒരുപാട് നാളായി നാടിനെയും നാട്ടാരെയും കണ്ടിട്ട്. വെക്കേഷനിടയില്‍ തന്നെ അവളുടെ കല്യാണത്തിനു തീയതി കണ്ടെത്തിയ ജ്യോതിശാസ്ത്രതിനെയും സ്‌നേഹിക്കാന്‍ തോന്നുന്നു.
രേവതിയൂടെ കല്യാണത്തിനു പോകുമ്പോള്‍ പഴയെ മുഖങ്ങളെല്ലാം ഓര്‍ത്തെടുത്ത്. മനസ്സിലെ ഫോട്ടോഷോപ്പില്‍ എല്ലാര്‍ക്കും ഒരു 10വയസ്സു കൂട്ടി, ഒരുപാട് നാളിനു ശേഷമുള്ള ആ കൂടികാഴ്ച്ച നന്നായി വരച്ചു ചേര്‍ത്ത് രസിക്കുകയായിരുന്നു ഞാന്‍. ചുണ്ടില്‍ വച്ചുകെട്ടിയ ചിരിയുമായ് എല്ലാവരും വന്നു വരവേറ്റപ്പോള്‍ കാലത്തിനൊപ്പം മാറാന്‍ എനിക്കാവാത്തതില്‍ പരിതപിച്ചു.
നീ അവളെ കണ്ടിട്ടില്ലേ..
ആള്‍കൂട്ടത്തിനു പിറകില്‍ പച്ച സാരിക്കുള്ളില്‍ തലകുനിച്ചൊരു രൂപം അപ്പോഴാണെന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവളെ അവിടെ പ്രതീക്ഷിക്കാത്തതിനാല്‍ അഭിനയിക്കാന്‍ പുതിയ ഭാവങ്ങള്‍ തേടുകയായിരുന്നു. പുഞ്ചിരിക്കാനുള്ള രണ്ട് പേരുടെയും ശ്രമം വിഫലമായൊ എന്ന് സംശയം.. മുഖത്തിനു പഴയ തെളിച്ചമില്ലാത്തതു പോലെ, കണ്ണുകള്‍ ലക്ഷ്യമില്ലാതെ പാഞ്ഞു നടക്കുന്നതുപോലെ. 10 വര്‍ഷം കൊണ്ട് അവള്‍ ഒരുപാട് മാറി, കവിളുകള്‍ക്ക് പ്രായമേറിയിട്ടുണ്ട്, കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വര്‍ഷത്തില്‍ വയസ്സ് ഇരട്ടിക്കുമെന്നതിനു ഇവളും തെളിവു തന്നതുപോലെ.
മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടപെടുന്നതു തിരിച്ചറിഞ്ഞ്, കണ്ണുകളെ ദൂരേക്ക് വലിച്ചെറിഞ്ഞു, വാക്കുകള്‍ സ്വാതന്ത്ര്യത്തിനായ് മുറവിളി കൂട്ടുകയാണു. മനസ്സിലെ പിരിമുറുക്കമയക്കാന്‍ അലസമായി ഒരു ചോദ്യമെറിഞ്ഞു,
ഹസ്ബന്‍ഡ് വന്നിട്ടില്ല്യേ?
ഇല്ല...എന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കിയത്, ഞാന്‍ മറ്റൊരാളുടേതാണു എന്ന താക്കീതായിരുന്നോ, അല്ല വേറെന്തിങ്കിലും
പിന്നീടങ്ങോട് പരസ്പരം മിഴികോര്‍ക്കാതിരിക്കാന്‍ രണ്ട്‌പേരും മത്സരിക്കുകയായിരുന്നു.
തിരിച്ച് വരുമ്പോള്‍ രേവതി പറഞ്ഞത് മനസ്സില്‍ ഒരു മുള്ളായി തറച്ച്കയറി. അവളുടെ ഹസ്ബന്‍ഡ് മരിച്ചു, മൂന്നുമാസം മാത്രം നീളമുള്ള ദാമ്പത്യം, കാര്‍ ആക്‌സിഡന്റ് ആയിരുന്നു.. അത്രയും വലിയൊരു സ്ങ്കടം അവളില്‍ വായിച്ചെടുക്കാന്‍ ഞാന്‍ പരാജയപ്പെട്ടു..
മറക്കാന്‍ ശ്രമിച്ച മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നതുപോലെ. ഓര്‍മയുടെ മച്ചില്‍ വീണ്ടും അടിച്ച് വാരാന്‍ തുടങ്ങി, ഒരിക്കലും സ്വന്തമാവില്ലാ എന്ന് പൂര്‍ണ്ണബോധ്യമുണ്ടായിട്ടും അവളെ നഷ്ടപെടാന്‍ മടിച്ച പകലിരവുകള്‍, എനിക്കറിയില്ല അവളെന്തിനെനിക്കിത്രയും പ്രിയപ്പെട്ടവളായെന്നു, അവളെ നഷ്ടപെടുമെന്നു അറിമ്പോള്‍ മനസ്സ് പിടിയുന്നു. എല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ മറവിയുടെ ചവറ്റുകൊട്ടയ്കുള്ളില്‍ സ്ഥാനം പിടിക്കുമെന്ന് വിചാരിച്ചതൊക്കെ വെറുതെ. ഇന്നും അതേ പുതുമയോടെ അവയെന്നെ നോക്കി ചിരിക്കുന്നു. എന്റെ ആദ്യപ്രണയം.
കയ്യില്‍ പത്തു കാശില്ലാത്ത ഏഴാം കൂലിക്ക് ഒരു പ്രണയവിപ്ലവം നടത്താണുള്ള ചങ്കൂറ്റമില്ലാത്തടുത്ത് തീര്‍ന്ന ആദ്യപ്രണയം..ഇന്ന് സ്ഥിതി മാറി, സ്വന്തമായി ഒരു പെണ്ണിനെ പോറ്റാം. കല്യാണത്തെകുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയതുമാണ്. അപ്പോഴാണു ആദ്യമായി കൂടെ ഇറങ്ങിതിരിക്കാന്‍ ഒരിക്കല്‍ തയ്യാറായവള്‍, രണ്ടാംകെട്ട് വീട്ടില്‍ ഒരു പ്രശ്‌നമാകാം. ജാതിയും. എങ്കിലും.. മനസ്സാകെ പ്രക്ഷുബ്ദമാണ്.
തണുപ്പിനു കനം വെച്ച് തുടങ്ങിയിരിക്കുന്നു.. ഓര്‍മകളെ നീട്ടിവലിക്കാന്‍ രാത്രി അങ്ങ പരന്നു കിടക്കുന്നതുപോലെ. ഉത്തരത്തില്‍ കുഞ്ഞു കുഞ്ഞു ചോദ്യചിഹ്നങ്ങള്‍ നിഴല്‍കൂത്താടുന്നു. പുറത്ത് ഇരുട്ട് പുതച്ചുറങ്ങുന്ന മരച്ചില്ലകള്‍ കാറ്റില്‍ മൃദലമായി ആടുന്നു.. ഈ. മരങ്ങള്‍ക്ക് ശൈത്യകാലം ഇല്ലെന്നുണ്ടോ..??