കാലിന് ശേഷിയില്ലാതെ വീടിന്റെ അകത്തളങ്ങളില്‍ രമ്യയെന്ന പെണ്‍കുട്ടി ഒതുങ്ങിപ്പോകുമെന്നു കരുതിയെങ്കില്‍ തെറ്റി. പ്രണയം അവള്‍ക്ക് ചിറകുകള്‍ നല്‍കി... ആ ചിറകിലേറി അവള്‍ വിവാഹിതായി. നിലയ്ക്കാത്ത പ്രണയപ്രവാഹത്തില്‍ പോളിയോ വഴിമാറുമ്പോള്‍ രമ്യയും ഭര്‍ത്താവ് മുരളിയും പറയുന്നത് ഒന്നുമാത്രം... പ്രണയമേ നന്ദി...
വടകര മേമുണ്ടയിലെ ചെറിയ മണിയഞ്ചാലില്‍ രമ്യയ്ക്ക് പോളിയോ ബാധിച്ച് വലതുകാലിന് ശേഷിയില്ലാതാകുന്നത് ഒന്നരവയസ്സിലാണ്. അച്ഛന്‍ രാജനും അമ്മ രോഹിണിയും കഴിയാവുന്നത്ര ചികിത്സിച്ചു. മൂന്നുനാലു വയസ്സുവരെ മുട്ടിലിഴഞ്ഞായിരുന്നു ജീവിതം. സ്‌കൂളില്‍ അമ്മ എടുത്തുകൊണ്ടുപോകും. അല്പം മുതിര്‍ന്നപ്പോള്‍ മുടന്തിമുടന്തിയുള്ള യാത്ര. അവള്‍ മുടന്തിനടക്കുന്നത് കാണുന്നവരുടെ നെഞ്ചിടിക്കുമായിരുന്നു.
പത്താംക്ലാസ് പഠനത്തിനുശേഷം വടകരയില്‍ കംപ്യൂട്ടര്‍ ക്ലാസിന് പോയി. ഈ യാത്രയിലാണ് അന്ന് മേമുണ്ട-വടകര ജീപ്പിലെ ക്ലീനറായിരുന്ന മാക്കൂല്‍പ്പീടികയിലെ മലയില്‍ മുരളിയുമായി പരിചയപ്പെടുന്നത്. പരിചയം സ്നേഹമായി. ആ സ്നേഹത്തില്‍ രമ്യയുടെ ഹൃദയം തളിര്‍ത്തു. അന്യമെന്ന് കരുതിയ വിവാഹജീവിതം അവള്‍ സ്വപ്നം കണ്ടു.
രമ്യയെ വിവാഹം കഴിക്കണമെന്ന കാര്യം മുരളി വീട്ടില്‍പ്പറഞ്ഞപ്പോള്‍ പലകോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. പക്ഷേ, അച്ഛനും അമ്മയുമെല്ലാം തനിക്കൊപ്പം നിന്നെന്ന് മുരളി പറഞ്ഞു.
അന്ന് മുരളിക്ക് 23 വയസ്സാണ്. രമ്യയ്ക്ക് പത്തൊമ്പതും. മുരളിയുടെ അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞത് ഒറ്റക്കാര്യമാണ്. ''ചെറിയ പ്രായമാണ്... ഇടയ്ക്കുവെച്ച് ഒഴിവാക്കരുത്...' വിവാഹം കഴിഞ്ഞിട്ട് പതിനാറുവര്‍ഷമായി. രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. പ്ലസ് വണിന് പഠിക്കുന്ന ദേവരാഗും ആറാംക്ലാസ് വിദ്യാര്‍ഥി ദേവനന്ദയും.
അന്നത്തേത് എടുത്തുചാട്ടമായിരുന്നില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഇവര്‍. ഓട്ടോറിക്ഷ ഡ്രൈവറാണ് മുരളി. ആറുവര്‍ഷം മുമ്പ് മേമുണ്ടയില്‍ സ്വന്തമായി ഒരു വീടുവെച്ചു. വയ്യാത്ത കാലുംകൊണ്ട് വീട്ടിലിരിക്കുന്ന രമ്യയെയുംകൊണ്ട് എപ്പോഴും പുറത്തൊക്കെ പോകും. വിവാഹം, മറ്റ് വിശേഷച്ചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവയ്‌ക്കെല്ലാം മുരളിക്കൊപ്പം രമ്യയുമുണ്ടാകും. മുമ്പ് രമ്യയെ പിറകിലിരുത്തി മുരളിയാണ് വാഹനം ഓടിച്ചതെങ്കില്‍ ഇന്ന് മുരളിയെ പിറകിലിരുത്തി രമ്യ സ്‌കൂട്ടര്‍ ഓടിക്കും. പതിനാറുവര്‍ഷത്തെ മാറ്റം ഇതാണ്.
ഈയിടെ രമ്യ പത്താംക്ലാസ് തുല്യതാപരീക്ഷ എഴുതിജയിച്ചു. 'പ്രണയത്തിന് കൈയുംകാലും ശരീരമൊന്നും പ്രശ്നമല്ല... മനസ്സാണ് പ്രധാനം...' മുരളിയുടെ അനുഭവം ഇതാണ്. വീട്ടിലെ എല്ലാ ജോലികളും ചെയ്ത് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാന്‍ പ്രചോദനം പകര്‍ന്നത് എന്തെന്ന് ചോദിച്ചാല്‍ രമ്യ സംശയമേതുമില്ലാതെ പറയും- ''സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ എല്ലാകാര്യങ്ങളും ശ്രദ്ധിക്കാന്‍ ഒട്ടേറെ കൂട്ടുകാരുണ്ടായിരുന്നു... ഇപ്പോള്‍ ജീവിതത്തില്‍ അതുപോലെ ഒരു സുഹൃത്തും...''