തൊടുപുഴ: അവന്‍ എന്നേക്കും നിങ്ങളോട് വസിപ്പാനുള്ള മറ്റൊരു കാര്യസ്ഥനെ നിങ്ങള്‍ക്ക് തരും,ഞാന്‍ നിങ്ങളെ അനാഥരാക്കി വിടുകയില്ല'

പ്രണയദിനത്തിന്റെ തലേന്ന് അഖിലിന്റെ കൈയും പിടിച്ച് തൊടുപുഴ സേവ്യേഴ്‌സ് ഹോമിന്റെ പടിയിറങ്ങുമ്പോള്‍ ദേവിയുടെ മനസിലെത്തിയത് മാത്യു അച്ചന്‍ ഇടയ്ക്ക് പറയാറുള്ള ഈ ബൈബിള്‍ വചനങ്ങളായിരുന്നു.

ഒരിക്കല്‍ ആരോരുമില്ലാത്തവളായി ഈ അനാഥാലയത്തിന്റെ പടികടന്നെത്തിയതായിരുന്നു ദേവി. പക്ഷേ, ഇന്ന് ഇഷ്ടപ്പെട്ട പുരുഷനൊപ്പം സുമംഗലിയായി ഇവിടെനിന്ന് പോകുമ്പോള്‍ അനുഗ്രവുമായി ജാതിമത ഭേദമെന്യേ ഒരുനാടിന്റെ മുഴുവന്‍ സ്‌നേഹം അവള്‍ക്ക് പിന്നിലുണ്ടായിരുന്നു.

ക്രൈസ്തവ ദേവാലയത്തിന്റെ പരിസരത്ത് ബൈബിള്‍ വചനങ്ങള്‍ കേട്ടുവളര്‍ന്നവളാണ് ദേവി. എന്നാല്‍, അവളുടെ ഇഷ്ടപ്രകാരം ഹൈന്ദവ ആചാരത്തില്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ ക്രൈസ്തവ പുരോഹിതനായ മാത്യു കുന്നത്ത് അച്ചന്‍ തന്നെ മുന്നിട്ടിറങ്ങി. തിരികെയെത്തിയപ്പോള്‍ ഇരുവരുടെയും കൈ കൂട്ടിച്ചേര്‍ത്ത് അനുഗ്രഹിച്ച് ആശിര്‍വദിച്ചു. ദേവി നോക്കി പരിപാലിച്ച ഇവിടത്തെ കുട്ടികളും അന്തേവാസികളും ആട്ടവും പാട്ടുമായി വിവാഹം ആഘോഷമാക്കി.

akhil devi

തമിഴ്നാട്ടില്‍നിന്ന് തൊടുപുഴയിലെത്തിയതായിരുന്നു ദേവിയുടെ കുടുംബം. എന്നാല്‍, അച്ഛനും അമ്മയും പിരിഞ്ഞപ്പോള്‍ അന്നത്തെ പത്തുവയസുകാരിക്ക് ആശ്രയമായത് സേവ്യേഴ്‌സ് ഹോമും അവിടുത്തെ ഡയറക്ടര്‍ ഫാ. മാത്യു കുന്നത്ത് അച്ഛനുമായിരുന്നു. പിന്നെ പത്തുവര്‍ഷം ജീവിതവും പഠനവുമെല്ലാം ഈ സ്‌നേഹത്തണലില്‍.

ഇവിടത്തെ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ ചുമതലക്കാരി കൂടിയായിരുന്നു ദേവി. ഇതിനിടയിലാണ് പുതുപ്പരിയാരം സ്വദേശി അഖിലിനെ പരിചയപ്പെടുന്നത്. അച്ഛനും അമ്മയും എവിടെയോ ജിവിച്ചിരിക്കുന്നുണ്ടെങ്കിലും ആരോരുമില്ലാതെ വളര്‍ന്ന അവള്‍ക്ക് തണലാകാന്‍ അഖിലും മനസിലുറപ്പിച്ചു. മാത്യു അച്ചനെ നേരിട്ടുകണ്ട് കാര്യം പറഞ്ഞു. മകന്റെ ആഗ്രഹത്തിന് അഖിലിന്റെ മാതാപിതാക്കളും സമ്മതം മൂളിയപ്പോള്‍ സേവ്യേഴ്‌സ് ഹോമിന്റെ മുറ്റത്ത് വിവാഹ പന്തലൊരുങ്ങി. അച്ഛന്റെ അഭ്യര്‍ഥനപ്രകാരം സഹായവുമായി നാട്ടുകാരും തൊടുപുഴയിലെ ജനപ്രതിനിധികളുമെല്ലാം എത്തി. വിവാഹത്തിന് സദ്യവട്ടമൊരുക്കാമെന്ന് കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫി താരം സലിംകുട്ടിയുമേറ്റു.

വിളിച്ചവരും കേട്ടറിഞ്ഞവരും മറ്റ് വൈദികരുമെല്ലാം ആശംസയും, ഉപഹാരങ്ങളുമായി എത്തി. നാട് അക്ഷരാര്‍ഥത്തില്‍ ദേവിയുടെയും അഖിലിന്റെയും വിവാഹം ഏറ്റെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആല്‍പ്പാറ ശിവക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍.

അതിനുശേഷം സേവ്യേഴ്‌സ് ഹോമില്‍ മുന്നൂറോളം പേര്‍ക്ക് സത്കാരവുമൊരുക്കി. പിന്നെ സേവ്യേഴ്‌സ് ഹോമിലെ തന്റെ പ്രിയപ്പെട്ടവരോട് യാത്രപറഞ്ഞ് ദേവി അഖിലിനൊപ്പം പുതിയ ജീവിതത്തിലേക്ക്...

Content Highlights: Orphan Girl Devi gets married, Valentine's Day 2020