കല്‍പ്പറ്റ: പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള വഴികളില്‍ ലോട്ടറി വിറ്റ് നടക്കുന്ന മണികണ്ഠന്, കാഴ്ചയായും, കാവല്‍ക്കാരിയായും കൂടെയുണ്ട് ബിന്ദു. കാഴ്ചയുണ്ടായിരുന്നപ്പോള്‍ അയാളുടെ കണ്ണിലുണ്ടായിരുന്നതുപോലെ. പാലക്കാട് കാടങ്കോട് സ്വദേശിയായ മണികണ്ഠനും പനമരം വാകയാടുകാരിയായ ബിന്ദുവും കാണുന്നതും പ്രണയത്തിലാവുന്നതും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വച്ചാണ്.

കരാര്‍ അടിസ്ഥാനത്തില്‍ ബനിയന്‍ പ്രിന്റ് ചെയ്യുന്ന പണിയായിരുന്നു മണികണ്ഠന്. തിരുപ്പൂരില്‍ തന്നെയുള്ള തുണി ഫാക്ടറിയില്‍ ജോലിക്ക് വന്ന തമിഴ് വശമില്ലാത്ത ബിന്ദുവിന് മണികണ്ഠന്‍ ആശ്രയമായി.

കുറച്ചുനാളുകള്‍ക്ക് ശേഷം ഫാക്ടറി മറ്റൊരിടത്തേക്ക് മാറ്റിയപ്പോള്‍ ബിന്ദുവും അങ്ങോട്ട് മാറി. ആറ് മാസത്തിനുശേഷം വീണ്ടും കാണുമ്പോള്‍ ബിന്ദു മറ്റൊരു ജോലി അന്വേഷിക്കുകയായിരുന്നു. മണികണ്ഠന്‍ സഹായിച്ചു. ഒപ്പം ഇഷ്ടവും തുറന്ന് പറഞ്ഞു. ഇരുവരുടെയും വീടുകളില്‍ ജാതി പ്രശ്‌നമായെങ്കിലും വിവാഹത്തിന് ശേഷം പതിയെ രമ്യതയിലായി.

അഞ്ചുവര്‍ഷം മുന്പാണ് കണ്ണിലേക്കുള്ള ഞരമ്പിന് തകരാര്‍ സംഭവിച്ച് മണികണ്ഠന് കാഴ്ച നഷ്ടപ്പെട്ടത്. ദീര്‍ഘകാലം തമിഴ്‌നാട്ടിലും കേരളത്തിലും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കൈയിലുള്ള പണം തീര്‍ന്നപ്പോള്‍ സുഹൃത്തുക്കളും കുടുംബവും സഹായിച്ചു. ഇനിയും അവരെ ബുദ്ധിമുട്ടിപ്പിക്കരുതെന്ന തീരുമാനത്തിലാണ് ഇരുവരും ഒരുവര്‍ഷം മുമ്പ് തിരുപ്പൂരില്‍ നിന്ന് വയനാട്ടിലേക്ക് വരുന്നത്.

പക്ഷേ, പ്രതീക്ഷിച്ച പോലെ ബിന്ദുവിന് ജോലി തരപ്പെട്ടില്ല. ഭാര്യയെ ജോലിക്ക് വിട്ട് വീട്ടിലിരിക്കാന്‍ മണികണ്ഠനും താത്പര്യമില്ല. അങ്ങനെയാണ് രണ്ട് പേരും ലോട്ടറി വില്‍ക്കാനിറങ്ങുന്നത്. പനമരത്ത് വില്‍പ്പന കുറവായതിനാല്‍ കല്പറ്റയിലേക്ക് മാറി.

രാവിലെ 6.30-ന് വീട്ടില്‍ നിന്നിറങ്ങും. എങ്കിലേ എട്ടുമണിക്കെത്തുന്ന തൊഴിലാളികള്‍ക്ക് ടിക്കറ്റ് വില്‍ക്കാനാവൂ. മൂന്ന് മണിയോടെ വില്‍പ്പന അവസാനിപ്പിക്കും. 100 ടിക്കറ്റ് വിറ്റാല്‍ 600 രൂപ കൈയില്‍ കിട്ടും. സിവില്‍ സ്റ്റേഷനിലെ ഒരുദ്യോഗസ്ഥ 500 രൂപ ലോട്ടറിയടിച്ചപ്പോള്‍ മുഴുവനും മണികണ്ഠന് വച്ച് നീട്ടി, വാങ്ങിയില്ല. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ പകുതി വാങ്ങി. ചിലപ്പോള്‍ ലോട്ടറി ഏജന്‍സിയിലെ ആളുകള്‍ ബാക്കി വരുന്ന ടിക്കറ്റ് വാങ്ങി സഹായിക്കും.

ഹോട്ടലില്‍ ഭക്ഷണം കഴിച്ചാല്‍ തങ്ങളറിയാതെ ചിലര്‍ പൈസ കൊടുക്കാറുണ്ടെന്നും മണികണ്ഠന്‍. പണം വാങ്ങാതെ വീട്ടിലെത്തിക്കുന്ന ഓട്ടോക്കാരും ബസുകാരുമുണ്ട്. പറ്റിക്കുന്നവരുമുണ്ട് കൂട്ടത്തില്‍, ഒരുതവണ ടിക്കറ്റ് നോക്കാന്‍ വാങ്ങിയയാള്‍ പകുതി ടിക്കറ്റ് തിരിച്ച് നല്‍കിയില്ല. എല്ലാം കൃത്യമായി എണ്ണിവെച്ചത് കൊണ്ട് തിരിച്ചറിയാന്‍ പറ്റി.

പണം വാങ്ങുന്നതിലാണ് ഇപ്പോള്‍ മണികണ്ഠന് ചെറിയ പ്രശ്‌നം. പഴയ നോട്ടുകള്‍ തൊട്ടാല്‍ മനസ്സിലാവുമെങ്കിലും പുതിയ നോട്ടുകളുമായി പൊരുത്തപ്പെട്ടിട്ടില്ല. എല്ലാത്തിനും ഏകദേശം ഒരേ വലിപ്പമായതിനാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. നിലവില്‍ ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും മഴക്കാലത്ത് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണിവര്‍. കഴിഞ്ഞ പ്രളയത്തില്‍ തിരുപ്പൂരില്‍നിന്ന് കൊണ്ടുവന്ന മുഴുവന്‍ സമ്പാദ്യവും വെള്ളം കയറി നശിച്ചു. സാരമില്ല, ഇരുകൈയും പിടിച്ച് നടക്കാന്‍ ബിന്ദുവും രണ്ടാംക്ലാസുകാരനായ മകന്‍ അതുലുമുണ്ടെങ്കില്‍ എത്ര വലിയ പ്രതിസന്ധിയും തരണം ചെയ്യാമെന്ന് മണികണ്ഠന്‍.

Content Highlights: Manikandan Bindhu Love story, Valentine's Day 2020