കോളേജ് ആരംഭിച്ച ദിവസം... ഒരുപാട് മേളങ്ങള്‍ക്കിടയില്‍ ചുവന്ന തോള്‍സഞ്ചിയും തൂക്കി നില്‍ക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ചെങ്കോട്ടയിലേക്കാണ് സ്വാഗതം പറഞ്ഞത്. ഇടനെഞ്ചോട് ചേര്‍ത്ത് അഭിവാദ്യവും പറഞ്ഞു. പക്ഷേ അതില്‍ നിന്നും ഒരു സഖാവ് എന്റെ ഇടനെഞ്ചില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു.
എന്തോ എല്ലാവരില്‍ നിന്നും വളരെ വ്യത്യസ്ത ഭാവമായിരുന്നു സഖാവിന്റേത്. എന്തോ പ്രത്യേകത തോന്നിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ പോലുമറിയാതെ എന്റെ മനസ് അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒരു ദിവസം ക്ലാസ്സില്‍ കയറിവന്ന ഒരുകൂട്ടം സഖാക്കളില്‍ ആളും ഉണ്ടായിരുന്നു. ഒരു ചെറിയ പുഞ്ചിരിയോടെ..
മനസ്സ് ആഗ്രഹിച്ചതു പോലെ സഖാവ് തന്നെ പ്രസംഗിച്ചു. എന്തോ ഞാനാ പ്രസംഗം ശ്രദ്ധിച്ചിരുന്നുവോ എന്നെനിക്ക് ഓര്‍മയില്ല. എങ്കിലും സഖാവിന്റെ ശബ്ദം എന്റെ ഹൃദയത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സഖാക്കളോട് കൂടാനായിരുന്നു എന്റെ എല്ലാ ശ്രമങ്ങളും. എന്തോ അദ്ദേഹം ഒഴികെ ബാക്കി എല്ലാവരുമായി സൗഹൃദത്തിലായിരുന്നു. ഗൗരവഭാവം മുഖത്തുനിന്നും മായാത്തതുകൊണ്ട് നേരിട്ട് കാണുമ്പോള്‍ ഭയമാണ് അന്നും ഇപ്പോഴും. എന്തോ സഖാവിന്റെ പേരറിയാനാണ് ഞാന്‍ കൂടുതലും ആഗ്രഹിച്ചത്.
അന്നുതന്നെ കോളേജ് ഒന്നു കാണാന്‍ ഇറങ്ങിയ എന്റെ നേരെ സഖാവ് നടന്നു വന്നു. ഹൃദയം തന്റെ വേഗത വര്‍ധിപ്പിച്ചിരുന്നു. തിരിഞ്ഞ് ഓടാനാണു തോന്നിയത്. എന്തോ നേരെ നോക്കാന്‍ കഴിയുന്നില്ല. ഇതാ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച് കാര്യം. സഖാവിന്റെ പേര്. ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടാന്‍ ഇറങ്ങിയതായിരുന്നു അന്ന് സഖാവ്. കൂടെ എന്റെ പേരും ചോദിച്ചു. നേരെ നോക്കാന്‍ കഴിയാത്തതുകൊണ്ട് കൂടെയുണ്ടായിരുന്ന മറ്റൊരു സഖാവിന്റെ മുഖത്ത് നോക്കിയാണ് ഞാന്‍ പേര് പറഞ്ഞത്. ഒരു ദിവസം ആ കലാലയത്തെ വിറപ്പിച്ചുകൊണ്ട് ഒരു മുദ്രാവാക്യം ഉയര്‍ന്നു. ആ ശബ്ദത്തിന്റെ ഉടമയെത്തേടി ഞാനോടി. അതെന്റെ സഖാവിന്റെ ശബ്ദമായിരുന്നു. സഖാവിന്റെ ശബ്ദമൊന്ന് കേള്‍ക്കുവാന്‍ എസ്എഫ്‌ഐ നടത്തുന്ന എല്ലാ പരിപാടികളിലും ഞാന്‍ ഭാഗമാകാറുണ്ടായിരുന്നു.എന്റെ പേരെങ്കിലും അദ്ദേഹത്തിന്റെ മനസ്സില്‍ കയറ്റണമെന്നതായിരുന്നു ആഗ്രഹം. ഒരു ദിവസം എസ്എഫ്‌ഐക്കാര്‍ നടത്തിയ 'മതില്‍' എന്ന പുസ്തകത്തിന്റെ റിവ്യൂ മത്സരത്തില്‍ ഞാന്‍ ഭാഗമായി.
രണ്ട് ദിവസത്തിനു ശേഷം പുറകില്‍ നിന്നും എന്റെ പേര് ആരോ വിളിച്ചു.. തിരിഞ്ഞുനോക്കിയപ്പോള്‍ സഖാവാണ്. ഒരു നിമിഷത്തേക്ക് ഞാനൊരു ശിലയായി മാറിയിരിക്കുന്നു.'റിവ്യൂ ഞാന്‍ വായിച്ചു.ഇഷ്ടായി, ഇനിയും ഇതുപോലെ എഴുതുക. ഒരുപാട് ഉയരങ്ങളിലെത്തുക' എന്നായിരുന്നു സഖാവിന്റെ വാക്കുകള്‍. ഈ വാക്കുകളും ഇടക്കൊക്കെ കാണുമ്പോള്‍ പാസാക്കാറുള്ള ചെറുപുഞ്ചിരിയും മാത്രമാണ് സഖാവെനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍... എന്തോ തുറന്നു പറയാന്‍ പോയിട്ട് നേരില്‍ നോക്കാന്‍ കൂടി എനിക്ക് കഴിയുന്നില്ല സഖാവേ.. എന്നെങ്കിലും സഖാവ് ഇതറിഞ്ഞാല്‍ എങ്ങനെയായിരിക്കും എന്നോടുള്ള പ്രതികരണം എന്നെനിക്ക് അറിയില്ല. എങ്കിലും ഒരുപാട് ഇഷ്ടമാണ്. സഖാവറിയാതെ സഖാവിനെ പ്രണയിക്കാനാണെനിക്കിഷ്ടം. പക്ഷേ ഇനിയും എത്ര നാള്‍.. അറിയില്ല...