ന്റെ പേര് അനന്യ, ബെംഗളുരുവില്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. എന്റെ ഭര്‍ത്താവ് സുനീഷ് ചെന്നൈയില്‍ ഒരു ദേശീയ പത്രത്തില്‍ ഫോട്ടോഗ്രാഫര്‍ ആണ്. വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. ഞങ്ങളുടെ പ്രണയാനുഭവമാണ് ഇവിടെ പറയുന്നത്.

2012 ജൂണിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ പിജി ചെയ്യുന്ന സമയം ഞാന്‍ മാസ്സ് കമ്മ്യൂണിക്കേഷനും സുനീഷ്  ഇലക്ട്രോണിക് മീഡിയയിലുമാണ് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഒരേ ഡിപ്പാര്‍ട്ടമെന്റ് ആയിരുന്നെങ്കിലും ഞങ്ങള്‍ വെവ്വേറെ ക്ലാസ്സുകളില്‍ ആയിരുന്നു.

ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിരുന്നില്ല. ഡിപ്പാര്‍ട്‌മെന്റിലെ ആകെയുള്ള ബംഗാളി ആയിരുന്നതിനാലും, ഭാഷ അറിയാത്തതിനാലും ഞാന്‍ ആരോടും സംസാരിച്ചിരുന്നില്ല.

ഒരു ഡിപ്പാര്‍ട്‌മെന്റ് സെമിനാറിന്റെ സമയത്താണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. സെമിനാറിനു ശേഷം എന്റെ സഹപാഠിയുടെ ക്യാമറയെ കുറിച്ച് അവളും സുനീഷും സംസാരിക്കുകയായിരുന്നു.

പെട്ടന്നാണ് സുനീഷ് എന്റെ നേരെ തിരിഞ് 'എനിക്ക് നിന്നെ അറിയാം, പശ്ചിമ ബംഗാളില്‍ നിന്നുള്ള അനന്യ ബര്‍ധന്‍ അല്ലേ?' എന്ന് ചോദിക്കുന്നത്.

എന്നെക്കുറിച്ഛ് എല്ലാ വിവരവും പരിചയപ്പെടുന്നതിനു മുന്‍പേ തന്നെ അവന് അറിയാമായിരുന്നു.

എന്നെക്കുറിച്ചു ഇത്രയെല്ലാം എങ്ങിനെ അറിയാം എന്ന ചോദ്യത്തിന് 'എനിക്കറിയാം, നിന്റെ സഹപാഠികള്‍ പലരും എന്റെ ഹോസ്റ്റലിലാണ് താമസിക്കുന്നത്' എന്നാണ് സുനീഷ് മറുപടി തന്നത്.

അന്ന് ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോളേക്കും എന്റെ മൊബൈലില്‍ 'ഹായ് ഞാന്‍ സുനീഷാണ്' എന്ന മെസ്സേജ് വന്നിരുന്നു.

ആരാണ് എന്റെ നമ്പര്‍ തന്നത് എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്.

ഒന്ന് കാണുമ്പോഴേക്കും എന്റെ ഫോണ്‍ നമ്പറൊക്കെ കണ്ടുപിടിക്കാന്‍ ഇവനാരാ എന്നാണ് ഞാന്‍ ചിന്തിച്ചത്.

സുനീഷ് ഉടനെ എന്നെ തിരിച്ചു വിളിച്ചു. എന്റെ സഹപാഠികളില്‍ ഒരാളാണ് അവന് നമ്പര്‍ കൊടുത്തതെന്നും പറഞ്ഞു. പഠനത്തെക്കുറിച്ചല്ലാതെ മറ്റൊന്നും അന്ന് ഞങ്ങള്‍ സംസാരിച്ചില്ല.  

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എന്റെ ക്ലാസ്സിലെ മലയാളികള്‍ എല്ലാവരും ചേര്‍ന്ന് ജ്യൂസ് കുടിക്കാനായി പുറത്തുപോകാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഞാന്‍ ക്ലാസ്സില്‍ ഒറ്റയ്ക്കാവും എന്നറിയുന്നതിനാല്‍ അവര്‍ എന്നെയും വിളിച്ചു. ഞാന്‍ സമ്മതിച്ചു.യൂണിവേഴ്‌സിറ്റി ഗേറ്റിനടുത്തെത്തിയപ്പോള്‍ എന്റെ സഹപാഠി എന്നോടുപറഞ്ഞു സുനീഷും അവന്റെ കൂട്ടുകാരും വരുന്നുണ്ടെന്ന്. എനിക്കതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്റെ സഹപാഠി എന്തിനാണ് ഇതൊക്കെ എന്നോട് പറയുന്നത് എന്ന് മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ.

പറഞ്ഞതുപോലെ സുനീഷും, കൂട്ടുകാരും വന്നു. അവരെല്ലാവരും കൂടി 'കിരിണി' ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. അത് ഷമാം (തൈക്കുമ്പളം) ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഒരു സിപ്പ് കുടിച്ചപ്പോളേ എനിക്ക് കാര്യം പിടികിട്ടി. തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ ആ ജ്യൂസ് കുടിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അതെന്താ അങ്ങനെ എന്നായി എല്ലാവരുടെയും ചോദ്യം. 

പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്തായാലും ഒരു സിപ്പ് കുടിച്ചില്ലേ ഇനിയെന്താ എന്നായി അവര്‍. അത് ഞാന്‍ അറിയാതെ കുടിച്ചതാണ്, പക്ഷെ അറിഞ്ഞുകൊണ്ട് ഞാന്‍ അതിനി കുടിക്കില്ല എന്ന് ഞാനും. ഈ തര്‍ക്കത്തിനിടെ സുനീഷ് എന്റെ കയ്യില്‍നിന്നും ജ്യൂസ് പിടിച്ചുവാങ്ങി ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു.

ഞാനും മറ്റുള്ളവരും ഒന്നടങ്കം ഞെട്ടി. ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി. ഇവനെന്താ ഈ കാണിച്ചത് എന്നായിരുന്നു എല്ലവരുടെയും മുഖത്തെ ഭാവം.

ഇനി നിനക്ക് ജ്യൂസ് കുടിക്കേണ്ടതില്ല, ഇപ്പോള്‍ പ്രശ്‌നം തീര്‍ന്നല്ലോ, യാതൊരു കൂസലുമില്ലാതെ സുനീഷ് പറഞ്ഞു.

എന്റെയും മറ്റുള്ളവരുടെയും ഞെട്ടല്‍ മാറും മുന്‍പേ സുനീഷ് ആ കടയില്‍ നിന്നും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഡയറി മില്‍ക്കിന്റെ ചോക്ലേറ്റ് വാങ്ങിത്തന്നു. എനിക്കുമാത്രം രണ്ട് വലിയ പായ്ക്കറ്റും മറ്റെല്ലാവര്‍ക്കും ഓരോ ചെറിയ പായ്ക്കറ്റും.

അതോടെ എല്ലവരും എന്നെ കളിയാക്കാന്‍ തുടങ്ങി. രണ്ടു കാര്യങ്ങളാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് 

ഞങ്ങള്‍ക്കൊക്കെ ചെറിയ ചോക്ലേറ്റ് അനന്യയ്ക്ക് മാത്രം വലുത്; അതെന്താ അങ്ങിനെ? സുനീഷ് എന്തിനാണ് എന്റെ ജ്യൂസ് കുടിച്ചത്?

ഈ സംഭവങ്ങളെല്ലാം വളരെ വിചിത്രവും മോശവുമായാണ് എനിക്ക് തോന്നിയത്. ഞാന്‍ ഒന്നും മിണ്ടിയില്ല. എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചില്ല. അടുത്ത ദിവസം സാധാരണ പോലെ ക്ലാസ്സില്‍ പോയി. ദിവസങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ പിന്നീട് കാണുകയോ സംസാരിക്കുകയോ ചെയ്തില്ല.

പിന്നീടൊരു ദിവസം എന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന സുനീഷിന്റെ ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു.

'അവനോട് അകലം പാലിച്ചോളൂ' എന്ന് പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ഏതവനോട്? എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.

ആ സുനീഷ് ഇല്ലേ, അവന്‍ തന്നെ. അവള്‍ പറഞ്ഞു. ശരി, എന്താ കാര്യം ഞാന്‍ അന്വേഷിച്ചു.

അവന്‍ ആള് ശരിയല്ല. അവന്‍ വേറെ പെണ്‍കുട്ടികളെയും വളയ്ക്കാന്‍ നോക്കുന്നുണ്ട്.  

അവന്‍ ആരെയെങ്കിലും വളയ്ക്കുന്നതിന് എനിക്കെന്താ? ഞാന്‍ എന്ത് ചെയ്തു എന്ന് ഞാന്‍ ചോദിച്ചു.

അവന്‍ (സുനീഷ്) ക്ലാസ്സില്‍ വന്ന് പറഞ്ഞതൊന്നും അറിഞ്ഞില്ലേ? 

ഇല്ല. അവന്‍ എന്താ പറഞ്ഞത്.

നിനക്ക് (അനന്യക്ക്) തലയ്ക്ക് സുഖമില്ലെന്ന്. അവളാരാണെന്നാ അവളുടെ വിചാരം എന്നാണ് അവന്‍ ക്ലാസ്സിലുള്ളവരോട് ചോദിച്ചത്.

ഞാന്‍ അപമാനിക്കപ്പെട്ടതായി തോന്നി. എന്തിനാണ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ടു പരിചയമുള്ള ഒരാള്‍ എന്തിനാണ് എന്നെക്കുറിച്ചു അങ്ങിനെയെല്ലാം പറയുന്നത്? എന്തടിസ്ഥാനത്തിലാണ്? 

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം കഴിഞ്ഞാണ് ജേര്‍ണലിസം പഠിക്കാന്‍ ഞാന്‍ പോണ്ടിച്ചേരിയില്‍ വരുന്നത്. പുതിയ നാട്, ഭാഷ, യൂണിവേഴ്‌സിറ്റി, പഠനവിഷയം എന്നിങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുമായി പൊരുത്തപ്പെടാന്‍ കഷ്ട്ടപ്പെടുമ്പോളാണ് ഒരുത്തന്റെ കിരിണി ജ്യൂസും, ചോക്ലേറ്റും അതിന്റെ മീതെ ഈ അപമാനവും.

എനിക്ക് ദേഷ്യം വന്നു. ഞാന്‍ സുനീഷിന് രണ്ട് മൂന്നു പ്രാവശ്യം ഫോണ്‍ ചെയ്തു. പക്ഷെ അവന്‍ എടുത്തില്ല.

ആദ്യമായിട്ടാണ് ഞാന്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. വന്ന് ഒരു മാസം തികയുമ്പോഴേക്കും ഇങ്ങനെയൊക്കെയാണോ എന്നെക്കുറിച്ച്് ആളുകള്‍ മനസ്സിലാക്കുന്നത് എന്നായി എന്റെ ചിന്ത. എന്തുചെയ്യണം എന്നറിയാത്ത എന്റെ ദേഷ്യം പതിയ സങ്കടത്തിലേക്ക് വഴിമാറി. ഞാന്‍ കരയാന്‍ തുടങ്ങി.

ആ സമയത്താണ് സുനീഷിന്റെ നാട്ടുകാരിയായ എന്റെ ഒരു സുഹൃത്ത് ആ വഴി വന്നത്. എന്താ നീ കരയുന്നത് അനന്യ? അവള്‍ അന്വേഷിച്ചു. ഞാന്‍ കാര്യമെല്ലാം പറഞ്ഞു. അവള്‍ എന്നെ ആശ്വസിപ്പിച്ചതിനു ശേഷം തിരിച്ചുപോയി.

പെട്ടന്ന് എനിക്ക് സുനീഷിന്റെ ഫോണ്‍ വന്നു. നീ എന്താ അവിടെ ചെയ്യുന്നത്? അവന്‍ ചോദിച്ചു. 

ഞാന്‍ എന്ത് ചെയ്തു എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു  

എന്റെ കൂട്ടുകാരി പറഞ്ഞല്ലോ നീ ഹോസ്റ്റലില്‍ വലിയ സീന്‍ ഉണ്ടാക്കുകയാണെന്നും ആത്മഹത്യ ചെയ്യാനുള്ള പുറപ്പാടിലാണെന്നുമൊക്കെ? സുനീഷ് ചോദിച്ചു.

എനിക്ക് പിന്നെയും ദേഷ്യം വന്നു. 

അങ്ങിനെയൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുമില്ല. 

ആദ്യം നീ എന്തിനാണ് എനിക്ക് വട്ടാണെന്ന് ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞത് എന്ന് പറ? ഞാന്‍ തിരിച്ച് ചോദിച്ചു

എനിക്ക് നിന്നോട് സംസാരിക്കേണ്ട, സുനീഷ് പറഞ്ഞു.

അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. എന്നെക്കുറിച്ച് ക്ലാസ്സില്‍ വല്ലതും വിളിച്ചുപറഞ്ഞിട്ട് ഇപ്പോള്‍ എന്നോട് സംസാരിക്കാന്‍ പറ്റില്ലേ? ഞാന്‍ ചോദിച്ചു 

എനിക്ക് നിന്നോട് സംസാരിക്കേണ്ട എന്ന് പറഞ്ഞില്ലേ , സുനീഷ് ആവര്‍ത്തിച്ചു.

നീ എന്തിനാ ക്ലാസ്സില്‍ എന്നെക്കുറിച് അതുമിതും വിളിച്ചുപറഞ്ഞത് എന്ന് പറഞ്ഞേ പറ്റൂ. ഞാന്‍ തറപ്പിച്ചു പറഞ്ഞു.

ശരി നമുക്ക് നാളെ കാണാം, സുനീഷ് ഫോണ്‍ കട്ട് ചെയ്തു.

അപ്പോഴേക്കും ഈ വിഷയം ഞങ്ങളുടെ ഡിപ്പാര്‍ട്‌മെന്റിലെ കുട്ടികള്‍ എല്ലാവരും അറിഞ്ഞിരുന്നു.

എന്റെ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ എന്നോട് പറഞ്ഞു സുനീഷിനോട് രണ്ടാം ഗേറ്റിനടുത്തെ ബസ് സ്റ്റോപ്പില്‍ വരന്‍ പറയൂ. നീ ഒറ്റയ്ക്ക് പോകേണ്ട, ഞങ്ങള്‍ നിന്റെ കൂടെ വരാമെന്ന് . 

ഞാന്‍ പറഞ്ഞു നിങ്ങള്‍ തയ്യാറായി നിന്നോളൂ ഞാന്‍ ഒറ്റയ്ക്ക് പോയി അവനെ കാണാം. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഞാന്‍ ഫോണ്‍ ചെയ്യാം അപ്പോള്‍ വന്നാല്‍ മതി.

അവര്‍ സമ്മതിച്ചു.

പിറ്റേന്ന് ഞാന്‍ രണ്ടാം ഗേറ്റിനടുത്തെത്തി. എന്റെ കൂട്ടുകാരികള്‍ കുറച്ചുമാറി നില്‍പ്പുണ്ടായിരുന്നു. 

കുറച്ചു കഴിഞ്ഞപ്പോള്‍ സുനീഷ് എന്റെയടുത്തെത്തി. ഞങ്ങള്‍ പദ്ധതിയിട്ടപോലെതന്നെ സുനീഷിന്റെ സുഹൃത്തുക്കള്‍ കുറച്ചുമാറി നില്‍ക്കുന്നുണ്ടായിരുന്നു.

എന്താ നിനക്ക് സംസാരിക്കാനുള്ളത്? സുനീഷ് എന്നോട് ചോദിച്ചു.

എനിക്ക് വട്ടാണെന്നാണോ നിന്റെ വിചാരം? എന്തിനാ നീ എന്നെക്കുറിച്ച് അങ്ങിനെയൊക്കെ ക്ലാസ്സില്‍ വിളിച്ചുപറഞ്ഞത്?

അതെ. നീയല്ലേ എനിക്ക് നിന്നോട് പ്രേമമാണെന്ന് എല്ലവരോടും പറഞ്ഞു നടക്കുന്നത്?. സുനീഷിന്റെ മറുചോദ്യം

ഞാന്‍ അങ്ങിനെ ഒന്നും ആരോടും പറഞ്ഞിട്ടില്ല, ഞാന്‍ മറുപടി നല്‍കി.

എന്റെ കൂട്ടുകാര്‍ എല്ലവരും പറയുന്നു നമ്മള്‍ തമ്മില്‍ എന്തൊക്കെയോ ആണെന്ന്. എനിക്ക് നിന്നോട് അങ്ങനെ യാതൊന്നും തോന്നിയിട്ടില്ല. സുനീഷ് വിശദീകരിച്ചു.

എനിക്ക് ദേഷ്യവും സങ്കടവും വന്നു. 

ഞാന്‍ ആരോടും അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് നിന്നോട് അങ്ങിനെ ഒരു അടുപ്പവും ഇല്ല. ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഞാന്‍ ചോദിച്ചു.

നീയല്ലേ എന്നോട് സംസാരിച്ചത്, എന്നോട് ചോദിക്കാതെ എന്റെ നമ്പര്‍ മനസ്സിലാക്കി എന്നെ വിളിച്ചത്, മെസ്സേജ് അയച്ചത്. എന്റെ കിരിണി ജ്യൂസ് കുടിച്ച് എനിക്ക് മാത്രം വലിയ ചോക്ലേറ്റും വാങ്ങിത്തന്ന് സീന്‍ ഉണ്ടാക്കിയത്? 

ഞാന്‍ പിന്നെയും ചോദിച്ചു. അപ്പോഴേക്കും എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു 

എനിക്ക് ഒരിക്കലും നിന്നോട് സംസാരിക്കണമെന്ന് തോന്നിയിട്ടില്ല. എപ്പോഴെങ്കിലും ഞാന്‍ നിന്നോട് സംസാരിക്കാന്‍ വന്നിട്ടുണ്ടോ? സുനീഷിനോട് അത്രയും ചോദിച്ചപ്പോഴേക്കും ഞാന്‍ കരയാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ ഇവിടെ പഠിക്കാന്‍ വന്നതാണ് ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ എന്റെ ടീച്ചര്‍മാരും സഹപാഠികളും എന്നെക്കുറിച്ച് എന്ത് വിചാരിക്കും? പറഞ്ഞൊപ്പിക്കുമ്പോഴേക്കും എന്റെ കരച്ചില്‍ ഉച്ചത്തിലായിരുന്നു.

അപ്പോഴേക്കും ഞങ്ങള്‍ ഇരുവരുടെയും കൂട്ടുകാര്‍ അവിടേക്ക് എത്തിയിരുന്നു.

ഞങ്ങള്‍ ആ വിഷയം അവിടെ അവസാനിപ്പിച്ചു. പിന്നീട് ഞങ്ങള്‍ കുറെ നാളത്തേക്ക് കാണുകയോ സംസാരിക്കുകയോ ചെയ്തില്ല.

പിന്നീട് ഞങ്ങള്‍ കാണുന്നത് ഓഗസ്റ്റിലെ ഒഴിവു ദിവസങ്ങള്‍ക്കു ശേഷമാണ്.

ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് ഞാന്‍ ആദ്യമായാണ്. ഒറ്റയ്ക്ക് വരാന്‍ പേടിയായിരുന്നു. അപ്പോഴാണ് സുനീഷ് പറഞ്ഞത് അവനും അതുവഴിയാണെന്ന്. 

നിനക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ കൂടെവരാമെന്ന് സുനീഷ് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു.

ചെന്നൈയില്‍ ഞങ്ങള്‍ വെളുപ്പിനേ എത്തി. പോണ്ടിച്ചേരി മൂന്നു മണിക്കൂര്‍ യാത്രയാണ് വേണമെങ്കില്‍ ചെന്നൈ പട്ടണം ചുറ്റിക്കാണാമെന്ന് സുനീഷ് പറഞ്ഞു, ഞാനും സമ്മതിച്ചു.

ലഗ്ഗേജ് മൊത്തം റെയില്‍വേ സ്റ്റേഷനില്‍ വച്ചിട്ട് ഞങ്ങള്‍ ചെന്നൈ ചുറ്റിക്കറങ്ങി. സുനീഷിന് കുറച് ഷോപ്പിംഗ് ഉണ്ടായിരുന്നു. കൂട്ടത്തില്‍ എനിക്കും അവന്‍ ഒരു കുര്‍ത്തയും ടോപ്പും വാങ്ങിത്തന്നു. 

ആദ്യം നിരസിച്ചെങ്കിലും കോളേജിലെ പ്രശ്ങ്ങള്‍ക്ക് പരിഹാരമായി ആ തുണികള്‍ വാങ്ങണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു.

എന്റെ പഴയ കാമുകിയുടെ വിവാഹശേഷം ഞാന്‍ വളരെ ഡിപ്രെസ്സ്ഡ് ആയിരുന്നു. അതുകൊണ്ടാണ് കോളേജില്‍ കൂട്ടുകാര്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ഞാന്‍ വലിയ പ്രശ്‌നമാക്കിയത്. എനിക്ക് അത്തരം കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ല. നമ്മള്‍ തമ്മിലുള്ള പ്രശ്ങ്ങള്‍ എല്ലാ പരിഹരിച്ച സ്ഥിതിക്ക് നമുക്ക് സുഹൃത്തുക്കളായിരിക്കാം. സുനീഷ് പറഞ്ഞു. ഞാനും സമ്മതിച്ചു. പിന്നെയങ്ങോട്ട് ഞങ്ങല്‍ നല്ല സുഹൃത്തുക്കലായി തുടര്‍ന്നു. 

അവസാന സെമസ്റ്ററിന്റെ സമയത് ഞങ്ങള്‍ക്ക് ഒരു പ്രൊജക്റ്റ് ചെയ്യണമായിരുന്നു. സുനീഷും ഞങ്ങള്‍ ഇരുവരുടെയും ഉറ്റ സുഹൃത്തായ ശരത്തും കൊല്‍ക്കൊത്തയിലെ സ്ട്രീറ്റ് ഫുഡിനെക്കുറിച് ഒരു ഡോക്യൂമെന്ററി ചെയ്യാനാണ് തീരുമാനിച്ചത്.

2014 ജനുവരിയില്‍, എന്റെ ജന്മദിനത്തിനോടടുത്ത് സുനീഷും ശരത്തും എന്റെ വീട്ടില്‍ വന്നു. അവിടെവച്ചാണ് ഞങ്ങളുടെ ജീവിത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്.

എന്റെ പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കായി അച്ഛന്‍ ഒരു വൈ-ഫൈ ഡോങ്കിള്‍ വാങ്ങിത്തന്നിരുന്നു. ഒരു ദിവസം കാലത്ത് ഞാനും എന്റെ അനിയനും തമ്മില്‍ ആ ംശളശ ഡോങ്കിളിന്റെ പേരില്‍ വലിയ അടിപിടിയും ബഹളവും ഉണ്ടായി. 

എന്റെ പ്രോജെക്ടിനാണ് എന്നു പറഞ്ഞിട്ടും, സ്‌കൂളിലേക്ക് പോകാന്‍ സമയമായിട്ടും എന്റെ അനിയന്‍ ഒട്ടും വഴങ്ങിയില്ല. അച്ഛനും അമ്മയും ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല അനിയന്‍ എന്നോട് വളരെ മോശമായി സംസാരിക്കുകയും ഉണ്ടായി. ഒടുവില്‍ ഞാന്‍ കരയാന്‍ തുടങ്ങി. 

അതുകേട്ട് സുനീഷും ശരത്തും മുകളിലത്തെ മുറിയില്‍ നിന്നും താഴേക്ക് വന്നു. സുനീഷ് എന്റെ അനിയനോട് കയര്‍ത്തു സംസാരിച്ചു. ഇങ്ങനെയല്ല നീ സഹോദരിയോട് പെരുമാറേണ്ടത് എന്നും നിനക്ക് പറ്റില്ലെങ്കില്‍ വേണ്ട അവള്‍ക്ക് സ്വന്തമായൊരു വൈ-ഫൈ ഡോങ്കിള്‍ ഞാന്‍ വാങ്ങികൊടുത്തോളം എന്നു പറഞ്ഞു.

എന്റെ അനിയന്‍ അച്ഛന്റെ കൂടെ സ്‌കൂളിലേക്ക് പോയി അപ്പോഴും ഞാന്‍ കരയുകയായിരുന്നു. എന്നെ സമാധാനിപ്പിക്കാന്‍ അമ്മയും, സുനീഷും ശരത്തും എന്റെ റൂമിലേക്ക് വന്നു.

എന്നെ സമാധാനിപ്പിക്കുന്നതിനിടയില്‍ അമ്മ സുനീഷിനോടും ശരത്തിനോടും പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. 

'ഇവരുടെ വഴക്ക് ഒത്തുതീര്‍പ്പാക്കി ഞാന്‍ മടുത്തു. പഠിപ്പു കഴിഞ്ഞാല്‍ ഇവളെ പെട്ടന്ന് കല്യാണം കഴിച്ചയക്കണം നിങ്ങളുടെ അറിവില്‍ നല്ല ചെക്കന്മാര്‍ ഉണ്ടെങ്കില്‍ പറയണേ മക്കളേ'

പെട്ടന്നാണ് സുനീഷ് അത് പറഞ്ഞത്. 'അവള്‍ക്ക് ചെറുക്കനെ അന്വേഷിച്ച് ബുദ്ധിമുട്ടണ്ട, ഞാന്‍ കെട്ടിക്കോളാം.'

സുനീഷ് ഒഴികെ എല്ലാവരും ഞെട്ടി.  ആദ്യം ഞാനടക്കം എല്ലാവരും സുനീഷിനെ നോക്കി. അവന് യാതൊരു ഭാവ വ്യത്യാസവും ഇല്ല. പിന്നെ എല്ലവരും എന്റെ മുഖത്തേക്കായി നോട്ടം. 

ഞെട്ടിത്തരിച്ചിരിക്കുന്ന എന്നെ കണ്ട് എന്റെ 'അമ്മ സുനീഷിനോട് ചോദിച്ചു. 
നീ എന്റെ മകളെ കല്യാണം കഴിക്കുമോ? 
അവളെ ഞാന്‍ കല്യാണം കഴിച്ചോളാം, സുനീഷ് ഉറപ്പിച്ചു പറഞ്ഞു.
എപ്പോള്‍? അമ്മയുടെ അടുത്ത ചോദ്യം.

പഠിപ്പ് കഴിഞ് ഒരു ജോലികിട്ടിയാല്‍ ഉടന്‍, സനീഷിന്റെ ഉത്തരം

ഞാന്‍ സുനീഷിന്റെ മുഖത്തുനിന്നും കണ്ണെടുത്തില്ല. ശരത്താകട്ടെ ഞങ്ങള്‍ മൂന്നുപേരെയും മാറിമാറി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അതിന് എത്രനാള്‍ കഴിയണം? 'അമ്മ വീണ്ടും ചോദിച്ചു.

പഠിപ്പ്  കഴിഞ്ഞാല്‍ രണ്ടോ മൂന്നോ വര്‍ഷം, ഭാവഭേദമില്ലാതെ സനീഷിന്റെ ഉത്തരം.

നീ ഒരു മലയാളിയാണ്. മറ്റൊരു നാട്ടുകാരന്‍, വേറെ ഭാഷ, വേറെ സംസ്‌കാരം, നിന്റെ വീട്ടുകാര്‍ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?

എന്റെ വീട്ടുകാര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമാകില്ല. ഞാന്‍ സമ്മതിപ്പിച്ചോളാം, സുനീഷ് കൂസലില്ലാതെ പറഞ്ഞു.

എന്നാല്‍ ആദ്യം പഠനം പൂര്‍ത്തിയാക്ക് എന്നിട്ട് നമുക്ക് ആലോചിക്കാം, 'അമ്മ പറഞ്ഞു. ശരിയെന്ന് സുനീഷും.

അവരുടെ സംസാരം കഴിഞ്ഞപ്പോഴും സത്യത്തില്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അമ്മ പോയപ്പോള്‍ ഞാന്‍ സുനീഷിനോട് ചോദിച്ചു ഇങ്ങനെയൊന്നും ഇതുവരെ നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ?
സുനീഷ് ഒന്നും പറഞ്ഞില്ല.

പ്രൊജക്റ്റ് ജോലികള്‍ എല്ലാം കഴിഞ് പോണ്ടിച്ചേരിയിലേക്ക് വന്നതിനു പിന്നത്തെ മാസം സുനീഷിന്റെ അച്ഛനും അമ്മയും യൂണിവേഴ്‌സിറ്റിയില്‍ വന്നു. സുനീഷ് എന്നെ പരിചയപ്പെടുത്തി എന്നാല്‍ കല്യാണത്തെക്കുറിച്ചോ എന്റെ വീട്ടില്‍ വച്ചുനടന്ന സംഭവങ്ങളെക്കുറിച്ചോ ഞങ്ങള്‍ സംസാരിച്ചില്ല.

പഠനം കഴിഞ്ഞ ഉണ്ടനെ എനിക്ക് ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ചെന്നൈയിലും സുനീഷിന് കൊച്ചിയില്‍ ഒരു പ്രൈവറ്റ് ഫുഡ് വെബ്‌സൈറ്റിലും ജോലി കിട്ടി. ഞങ്ങളുടെ ബന്ധം ഒരു ലോങ്ങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ് ആയി മാറി. ഇടയ്ക്ക് എന്നെക്കാണാന്‍ സുനീഷ് ചെന്നൈയിലേക്ക് വരുമായിരുന്നു.

ഞങ്ങള്‍ ഇടയ്ക്കിടെ വഴക്കടിക്കുമായിരുന്നു. സുനീഷ് ഒരു മുന്‍കോപക്കാരനാണ് ഞാന്‍ ഇമോഷണലും. ജോലികിട്ടി ആറുമാസം കഴിഞ്ഞിട്ടാണ് എന്നെ വിവാഹം കഴിക്കണമെന്ന് സുനീഷ് അവന്റെ മാതാപിതാക്കളോട് പറയുന്നത്.

പെട്ടന്നൊരു ദിവസം ജോലിക്കിടയില്‍ സനീഷിന്റെ അച്ഛന്‍ എന്നെ ഫോണില്‍ വിളിച്ചു. കല്യാണക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണ്ടേ എന്ന് ചോദിച്ചു. എന്റെ മാതാപിതാക്കളോട് സംസാരിക്കാന്‍ ഞാന്‍ പറഞ്ഞു. 

ഞങ്ങളുടെ മാതാപിതാക്കള്‍ പരസ്പരം സംസാരിച്ചു. സുനീഷിന്റെ മാതാപിതാക്കള്‍ എന്റെ വീട്ടില്‍ വന്നു. ഇരുകൂട്ടര്‍ക്കും സമ്മതം അങ്ങിനെ കല്യാണം ഉറപ്പിച്ചു. 2016 ഏപ്രിലില്‍ ഞങ്ങളുടെ വിവാഹം നടന്നു. 

സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടു പ്രാവശ്യം കല്യാണം കഴിച്ചു. ഒരു വിവാഹം മലയാളി സ്‌റ്റൈലില്‍ കേരളത്തില്‍ വച്ചും മറ്റൊന്ന് ബംഗാളി സ്‌റ്റൈലില്‍ കൊല്‍ക്കൊത്തയില്‍ വച്ചും. അതുകൊണ്ട് ഞങ്ങള്‍ ഓരോ വര്‍ഷവും രണ്ട് വിവാഹവാര്‍ഷികം ആഘോഷിക്കാറുണ്ട്.

വിവാഹത്തിന്റെ സമയത്ത് ഞാന്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫെസ്സര്‍ ആയി ജോലിചെയ്യുകയായിരുന്നു. അതേ സമയത്താണ് സുനീഷ് കേരളത്തിലെ ജോലി രാജിവെച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ചെന്നൈയില്‍ ജോയിന്‍ ചെയ്യുന്നത്. 

കല്യാണത്തിന് മുന്‍പ് മാത്രമല്ല കല്യാണത്തിന് ശേഷവും ഞങ്ങള്‍ രണ്ടാളും രണ്ട് സ്ഥലത്തായി. ഞാന്‍ വീക്കെന്‍ഡില്‍ ചെന്നൈയിലേക്ക് വരുമായിരുന്നു. രണ്ടു വര്‍ഷം ഞാന്‍ പോണ്ടിച്ചേരിയില്‍ ജോലിനോക്കി. പിന്നീട് ചെന്നൈയിലേക്ക് വന്നു. കുറച്ചു മാസങ്ങള്‍ക്കുമുന്പ് ബംഗളുരുവിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ചേര്‍ന്നു. സുനീഷ് ഇപ്പോഴും പത്രത്തിലെ ജോലി തുടരുന്നു.

ഞങ്ങള്‍ രണ്ടുപേരും വളരെ വ്യത്യസ്തമായ സംസകാരങ്ങളില്‍, സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നവരാണ്. അതിന്റേതായ വളരെയധികം പ്രശ്‌നങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. 

എന്തിനു പറയുന്നു ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എണ്ണ വരെ ഞങ്ങള്‍ തമ്മില്‍ വലിയ വഴക്കിന് കാരണമായിട്ടുണ്ട്. എനിക്ക് കടുകെണ്ണയാണ് ശീലം സുനീഷിന് വെളിച്ചെണ്ണയും. രണ്ടുപേര്‍ക്കുമായി രണ്ടുതരം ഭക്ഷണം ഉണ്ടാക്കുക എന്നത് നടക്കുന്ന കാര്യമല്ല. എനിക്ക് വെളിച്ചെണ്ണ പ്രശനമില്ല പക്ഷെ സുനീഷിന് കടുകെണ്ണയുമായി ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല. 

ഒരു വര്‍ഷത്തോളം നീണ്ട വഴക്കുകള്‍ക്കു ശേഷം വെളിച്ചെണ്ണയും കടുകെണ്ണയും മാറ്റിവെച്ച് ഞങ്ങള്‍ ഇപ്പോള്‍ ഒലീവ് ഓയിലില്‍ സംതൃപ്തരാണ്... ജീവിതത്തിലും.. 

(പരിഭാഷ- ആസാദ് ബബൂഫ്)