'പ്രായത്തിനും കാലത്തിനും അതീതമായത് നീ ഒന്നേ ഉള്ളൂ..ജീവിതത്തിന്റെ എല്ലാ നല്ല വശങ്ങളും ലോകത്തിലെ എല്ലാ മോശമായ വശങ്ങളും പകച്ചുനിന്ന് കണ്ട എനിക്ക് നീ അത്ഭുതം തന്നെ ആണ്. സഹോദരിയായും സുഹൃത്തുക്കളായും ഒരുപാട് സുന്ദരികള്‍ യൗവനത്തിന്റെ ഇടനാഴിയില്‍ വന്ന് നിന്നിട്ടുണ്ടെങ്കിലും നിന്നെപ്പോലെ കൂടെ വന്നവര്‍ വേറെ ആരുമില്ല. ഇന്നും എന്നും എനിക്ക് ഒരു ജീവിതസഖി മതി എന്ന് ഞാന്‍ ആ അദൃശ്യശക്തിയോടെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. എന്ന്........
                              
വിറയാര്‍ന്ന വിരലുകളോടെ ഞാന്‍ ആ കത്ത് പിടിച്ച് ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു. ആരാണീ രാധു? ഏതോ രാധുവിന് വന്ന കത്ത് ആണ്. അതും ഇവിടത്തെ മേല്‍വിലാസത്തില്‍. ഫേസ്ബുക്കും വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയ നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്ത് ഇന്‍ലന്റ് എഴുതി അയക്കാന്‍ മാത്രം ആരാണാവോ. മക്കളെ സ്‌കൂള്‍ ബസില്‍ പറഞ്ഞയച്ച് തിരിഞ്ഞപ്പോഴേക്കും പോസ്റ്റ്മാന്‍ കൊണ്ടുവന്നതാണ്. ഞാന്‍ ആ ഇന്‍ലണ്ട് തിരിച്ചും മറിച്ചും നോക്കി. എവിടെ നിന്ന് വന്നെന്നോ ആര് അയച്ചെന്നോ ഒന്നും തന്നെ ആ കത്തില്‍ ഉണ്ടായിരുന്നില്ല. ആ കത്ത് തന്നെ വീണ്ടും വീണ്ടും വായിക്കുമ്പോള്‍ ചേട്ടന്റെ അച്ഛന്‍ അടുത്തേക്ക് വരികയായിരുന്നു. കത്ത് ഞാന്‍ ഒളിച്ചുപിടിച്ചു. അല്ലെങ്കിലും 80 വയസ്സായ അച്ഛന്‍ ഈ കത്തിനെപ്പറ്റി അറിയുമ്പോള്‍ എന്ത് ചെയ്യാനാണ് എന്ന് ഞാന്‍ ആലോചിച്ചു. അച്ഛന്റെ അനിയന്‍ കൊടുത്ത ബനിയനും കാവിമുണ്ടും ഉടുത്ത് എങ്ങോട്ടോ പോകാനുള്ള തിരക്കിലായിരുന്നു. പ്രായമായാല്‍ മൂന്ന് കാല്‍ വേണമെന്ന് പറയുന്ന പോലെ ഉന്നുവടി പിടിച്ചു നടക്കുന്നതിനിടയില്‍ എന്നോട് 'കവലയില്‍ ഒന്നു പോയിവരാട്ടോ മോളെ' എന്നും പറഞ്ഞു.

രാത്രിയായപ്പോള്‍ ചേട്ടന്‍ പതിവുപോലെ വിളിച്ചു. സാധാരണ നാട്ടില്‍ നിന്നും പുറത്ത് ജോലിക്ക് പോയ ഭര്‍ത്താവ് ഭാര്യക്ക് എഴുതുന്നപോലെ വീട്ടുചെലവിന്റെ  കാര്യവും വീട്ടുകാര്യങ്ങളും ഒക്കെ പറയുകയും അന്വേഷിക്കുകയും ചെയ്യുന്ന ഒരു കത്ത് ആയിരുന്നു അത്. അതില്‍ ഏതോ സ്‌കൂളില്‍ യുവജനോത്സവത്തില്‍ പാടിയ പാട്ട് പുള്ളി തലേദിവസം ഓര്‍ത്തു എന്നൊക്കെ കത്തില്‍ സൂചിപ്പിച്ചിരുന്നു. ഞാന്‍ അത് ചേട്ടന് വായിച്ചുകേള്‍പിച്ചപ്പോള്‍ തമാശ എന്നോണം സത്യത്തില്‍ അങ്ങനൊന്ന് ഉണ്ടായിരുന്നോ എന്നൊക്കെ എന്നോട് ചോദിച്ചു. സിബിഎസ്ഇ സ്‌കൂളില്‍ പഠിച്ച ഞാന്‍ ഒരു മൂളിപ്പാട്ട് പോലും പാടിട്ടില്ല. പിന്നെയാ യുവജനോത്സവത്തിനു പാട്ട്. 'സാരമില്ല, ഇനിയും വരുന്നുണ്ടോ എന്ന് നോക്കാം' എന്നു പറഞ്ഞപ്പോള്‍ അത് അവിടെ അവസാനിച്ചു.
 
പിന്നീടൊരു വ്യാഴാഴ്ച ദിവസം മക്കളെ സ്‌കൂള്‍ ബസില്‍ പറഞ്ഞയച്ചു തിരിഞ്ഞപ്പോള്‍ പോസ്റ്റ്മാന്‍ വന്ന് ഇന്‍ലണ്ട് തന്നു. ഞാന്‍ അയാളോട് തര്‍ക്കിച്ചു. 'ഇവിടത്തെ മേല്‍വിലാസത്തില്‍ വരുന്നത് ഇവിടെ അല്ലാതെ പിന്നെ എവിടെ കൊടുക്കാന്‍?' എന്ന് അയാള്‍ എന്നോട് ചോദിച്ചപ്പോള്‍ ശരിയാണല്ലോ എന്ന് ഞാനും ഓര്‍ത്തു. ആ കത്തും ഞാന്‍ വായിച്ചു നോക്കി.

ഇപ്രാവശ്യം വളരെ അധികം പ്രണയം തുളുമ്പുന്ന രീതിയില്‍ പണ്ടത്തെ ഓര്‍മകള്‍ തന്നെ ആയിരുന്നു കത്തിന്റെ ഉള്ളടക്കം. കോളേജില്‍ ഒരുമിച്ച് പോയതും കലോത്സവത്തിന് വേദിക്ക് പുറകില്‍ എന്താ സംഭവിച്ചത് എന്ന് ഓര്‍മയുണ്ടോ എന്ന് ചോദിച്ചിട്ടും എഴുതിയിടുണ്ട്. കത്ത് വായിച്ച് പിന്നെയും അക്ഷമയായി നില്‍ക്കുമ്പോള്‍ അച്ഛന്‍ കവലയിലേക്ക് ആണെന്ന് പറഞ്ഞ് പിന്നെയും ഇറങ്ങിപ്പോയി.

ഞാന്‍ അന്ന് തന്നെ വീട്ടിലേക്കും ആങ്ങളയോടും വിളിച്ച് കാര്യം പറഞ്ഞു. രണ്ടു ദിവസത്തിനുശേഷം ഞാനും ആങ്ങള സഞ്ജീവേട്ടനും കൂടി പോസ്റ്റോഫീസ് പോയി അന്വേഷിച്ചു. അവിടെച്ചെന്നപ്പോള്‍ ഈ സ്ഥലത്ത് നിന്ന് തന്നെ ആണ് കത്ത് വരുന്നതെന്ന് മനസ്സിലായി. ഇവിടത്തെ സകല ആള്‍ക്കാരുടെയും കയ്യക്ഷരം വെച്ച് കണ്ടുപിടിക്കാന്‍ ഒന്നും പറ്റില്ലല്ലോ അതുകൊണ്ട് തന്നെ പണ്ട് പിന്നാലെ നടന്ന മുറചെക്കന്റെയും അപ്പുറത്തെ വീട്ടിലെ ചേട്ടന്റെയും കയ്യക്ഷരം അവര്‍ അറിയാതെ ഞാന്‍ ഒത്തുനോക്കി. ഒരു രക്ഷേമില്ല.!. ചേട്ടനോട് വിവരം പറഞ്ഞപ്പോള്‍ 'നീ അത് അടുപ്പില്‍ ഇട്ടു കത്തിച്ചോ, വേറൊന്നും ചെയ്യണ്ട' എന്ന് പറഞ്ഞു. 

പിന്നെയും എത്തി വ്യാഴാഴ്ച. അന്നും കത്ത് വരുന്നുണ്ടോ എന്ന് നോക്കി. പതിവുപോലെ കത്ത് വന്ന് ഞാന്‍ വായിച്ചു. എന്നിട്ട് അത് അടുപ്പില്‍ ഇടാന്‍ നോക്കുമ്പോള്‍ കവലയിലേക്കു ആണെന്ന് പറഞ്ഞ് അച്ഛന്‍ വേഷം മാറി പുറത്ത് പോവാന്‍ നില്‍ക്കുന്നു. 'കവലയില്‍ എന്തിനാണ് പോവുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ ഇറങ്ങി. പെട്ടന്നാണ് അച്ഛന്റെ കയ്യില്‍ ചുരുട്ടിപിടിച്ച ഇന്‍ലന്റ് എന്റെ ശ്രദ്ധയില്‍ പെട്ടത്. തിരിഞ്ഞ് നിന്ന് എന്നോട് പറഞ്ഞു 'അമ്മയോട് പറ കുറച്ച് വെള്ളം ചൂടാക്കി വെക്കാന്‍' എന്ന്. അമ്മ മരിച്ചിട്ട് വര്‍ഷം ഇരുപത് ആയി. എന്നിട്ടും അച്ഛന്‍ എന്താ ഇങ്ങനെ പറഞ്ഞതെന്ന
ഓര്‍ത്തപ്പോള്‍ ഞാന്‍ ആകെ പരിഭ്രമിച്ചു പോയി.

രാത്രി ചേട്ടന്‍ വിളിച്ചപ്പോള്‍ ഞാന്‍ അക്കാര്യം ചേട്ടനോട് പറഞ്ഞു. അമ്മയെ അച്ഛന്‍ രാധൂ എന്നാണ് വിളിച്ചിരുന്നത്. ആ കത്തിലെ വരികളും വിവരങ്ങളും ഓര്‍ത്തപ്പോള്‍ അച്ഛന്‍ കല്‍ക്കട്ടയില്‍ ആണ് മുന്‍പ് ജോലി ചെയ്തിരുന്നത് എന്ന് ഓര്‍മയില്‍ നിന്നും എടുത്ത് പറഞ്ഞു. അക്കാലത്ത് അച്ഛന്‍ അമ്മക്ക് ഇന്‍ലന്റില്‍ കത്തുകള്‍ എഴുതി അയക്കുമായിരുന്നത്ര. ഒരിക്കല്‍ ചേട്ടന്‍ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ ഓലപ്പമ്പരവും കറക്കികൊണ്ട് ഉമ്മറപ്പടിയില്‍ അമ്മയുടെ മടിയില്‍ ഇരിക്കുമ്പോള്‍ അമ്മ ഇന്‍ലന്റ് ഉറക്കെ വായിച്ചു കേള്‍പ്പിക്കാരുണ്ടായിരുന്ന് എന്ന് പറഞ്ഞു.

കാലത്തിനും പ്രായത്തിനും അതീതമായ പ്രണയം ഇന്നും ജീവിച്ചിരിക്കുന്നു എന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു....