കൊച്ചി കണ്ടവന് അച്ചി വേണ്ട, കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ്. ഇന്നും ഇതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലായിട്ടില്ല എനിക്ക്.. ഇതാരു പറഞ്ഞു എന്നും...

എന്നത്തേയും പോലെ എവിടെ പോകണം എന്നു ചിന്തിച്ച എന്റെ മനസ്സിലേക്ക് എന്തു കൊണ്ടോ ആദ്യം വന്നത് കൊച്ചി ആയിരുന്നു.ഫോണെടുത്തു യാത്രയെ അത്രയേറെ പ്രണയിക്കുന്ന കൂട്ടുകാരനു മെസ്സേജ് അയച്ചു.

ഒരേ ഒരു ചോദ്യം, ഞാന്‍ അങ്ങട് വരണോ? നീ ഇങ്ങട് വരുന്നോ?വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ഛിച്ചതുംപാല്‍ !?

ജോലികളൊക്ക ചെയ്തു തീര്‍ത്തു, എന്തെന്നില്ലാതെ അന്നുമാത്രം ഞാന്‍ നേരത്തെ ഇറങ്ങി. ഓട്ടോ വിളിച്ച് നേരെ റെയില്‍വേ സ്റ്റേഷനിലേക്ക്. 

ഹൃദയത്തിനു കുഞ്ഞു ചിറകു മുളച്ചോ?.അത് എന്നില്‍ നിന്നും എന്തോ തേടി പോകുന്നത് പോലെ തോന്നി. വെയിറ്റിങ്ങ് റൂമില്‍ ഇരിപ്പുറക്കുന്നില്ല...ൃൃ ഞാന്‍ കയറാന്‍ ഉദ്ദേശിക്കുന്ന ട്രെയിന്‍ പോയാലോ എന്ന ടെന്‍ഷന്‍.

അനൗണ്‍സ്‌മെന്റ് കേട്ടു ഞാന്‍ പുറത്തേക്കിറങ്ങി. ഇതുവരെ ഇല്ലാത്തൊരു ദാഹവും. വന്ന ട്രെയിന്‍ മറ്റൊന്നായിരുന്നു. ഭാഗ്യം ഓടി കയറാതിരുന്നത്. കാത്തിരിപ്പിനൊടുവില്‍, ചൂളം വിളിച്ച് കൊണ്ട് ട്രെയിന്‍ വന്നപ്പോള്‍ മനസ്സിനുളളില്‍ എന്തെന്നില്ലാത്ത സന്തോഷം.

ട്രെയിനില്‍ കയറിയ ഉടനെ അച്ഛനെ വിളിച്ചു പറഞ്ഞു. പിന്നെ ആദ്യം ചെയ്തത് ഗൂഗിളില്‍ അവിടെ എത്താന്‍ എത്ര സമയം വേണ്ടി വരും എന്ന് നോക്കി.എന്തു കൊണ്ടെന്നറിയില്ല എനിക്ക് വേണ്ടി ട്രെയിന്‍ നല്ല വേഗത്തില്‍ പോകുന്നു എന്ന് തോന്നി, മനസ്സിന്റെ സന്തോഷം കൊണ്ടായിരിക്കും അങ്ങനെയൊക്കെ.

കുറച്ചു സമയത്തേക്ക് കണ്ണുചിമ്മി കിടന്നു നോക്കി, ഇല്ല ഉറക്കം വരുന്നതേ ഇല്ല. ഓരോ സ്റ്റേഷനും പെട്ടെന്ന് കടന്നുപോകുന്ന പോലെ തോന്നി. പെട്ടെന്നുതന്നെ ഷൊര്‍ണ്ണൂര്‍ എത്തി. 

ഇടയ്ക്കിടെ ഫോണ്‍ ഓണ്‍ ചെയ്ത് നോക്കും ഞാന്‍ കാത്തിരിക്കുന്ന മെസ്സേജ് വരുന്നുണ്ടോ എന്നറിയാന്‍, ഇല്ല അവന്റെ മെസ്സേജുകള്‍ ഒന്നും വന്നിട്ടില്ല. ഇനി ഞാന്‍ വരുന്നില്ല എന്നു കരുതി കാണുമോ? ട്രെയിന്‍ കയറിയാല്‍ അങ്ങോട്ടേക്ക് വിളിച്ചു പറയില്ല എന്നു ശപഥം എടുത്തതാണ്. ഇങ്ങനെയൊക്കെ ചിന്തിച്ച് ജനാലകളിലൂടെ രാത്രിയുടെ ശൂന്യതയില്‍ നിലാവിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കുമ്പോഴാണ് അവന്റെ മെസ്സേജ് വരുന്നത്.?

എവിടെ എത്തി ? എത്താറാകുമ്പോള്‍ വിളിക്കണം , എന്റെ ബൈക്ക് ഇതുവരെ റെഡിയാക്കി കിട്ടിയില്ല? ദൈവമേ ഇനി എന്തു ചെയ്യും? വരുന്നിടത്തു വച്ച് കാണുക തന്നെ.

ട്രെയിന്‍ ആലുവ എത്താറായപ്പോള്‍ മെസ്സേജ് അയച്ചു. സ്റ്റേഷനില്‍ ഇറങ്ങി. അതിനിടയില്‍ വീണ്ടും അച്ഛനെ വിളിച്ചു, എത്തി എന്നു പറഞ്ഞു. അവനെ വിളിച്ചപ്പോള്‍ റിങ്ങ് ചെയ്യുന്നതല്ലാതെ അറ്റന്‍ഡ് ചെയ്യുന്നില്ല. സാധാരണ വിളിച്ചാല്‍ ഫോണെടുക്കാത്തതു പോലെ ഇന്നും ?

അതിനിടയില്‍ രണ്ടു ട്രെയിന്‍ കടന്നു പോയി. അപ്പോഴേക്കും ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. എടുത്തപ്പോള്‍ ബൈക്ക് കിട്ടാന്‍ വൈകിയത്രേ, അരമണിക്കൂറിനുളളില്‍ എത്താം. വീണ്ടും ഗൂഗിള്‍ മാമനെ സേര്‍ച്ചു ചെയ്തപ്പോള്‍ എന്റെ കണ്ണു തളളി പോയി?അവന്‍ പറഞ്ഞ സമയം മതിയാവില്ല ഇവിടെ എത്താന്‍? 

എന്നിരുന്നാലും സാരമില്ല കാത്തിരിക്കുക തന്നെ. ആളുകളുടെ സംസാരവും, യാത്രയപ്പും വീക്ഷിച്ചു കൊണ്ടിരുന്നു. സമയം അരമണിക്കൂര്‍ പോയതറിഞ്ഞില്ല. പിന്നെയും ഫോണ്‍ ശബ്ദിച്ചു. നീ എവിടാ, ഞാന്‍ പുറത്തു നില്‍പ്പുണ്ട്. 

സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍, മങ്ങിയ വെളിച്ചത്തില്‍ എനിക്കുവേണ്ടി കാത്തുനില്‍ക്കുന്നത് കണ്ടു... അടുത്തെത്തുന്തോറും ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരിക്കുന്നു . എന്തു കൊണ്ടോ അന്നാദ്യമായി മുഖത്തേക്ക് നോക്കാന്‍ കഴിയുന്നില്ല. ആകെ ചമ്മലും..! ദൂരേക്ക് നോക്കി എന്തോ ഒന്ന് പറഞ്ഞു ഞാന്‍ ബൈക്കില്‍ കയറി ഇരുന്നു. അപ്പോഴും ഞാന്‍ ആലോചിക്കുകയായിരുന്നു... 'എന്ത് കൊണ്ടാകാം എന്നും കണ്ണില്‍ നോക്കി സംസാരിച്ചിരുന്ന എനിക്ക് ഇന്നതിനു കഴിയാതെ പോയത് ?

കൊച്ചിയിലെത്തി ഭക്ഷണം കഴിച്ചതിനുശേഷം, ബുക്ക് ചെയ്ത ഹോം സ്റ്റേ കണ്ടു പിടിക്കാന്‍ ഇത്തിരി പ്രയാസപ്പെട്ടെങ്കിലും രാത്രിയിലെ ആ റൈഡ് എനിക്ക് ഏറെ ഇഷ്ടമായി. കാരണം ബൈക്കില്‍ യാത്ര ചെയ്യുക എനിക്ക് ഏറെ ഇഷ്ടമുളള കാര്യമാണ്.

പിറ്റേന്ന് നേരത്തെ എഴുന്നേറ്റ്, ആദ്യം പോയത് ജൈന്‍ ടെംബിളില്‍ ആയിരുന്നു. അവിടെ പ്രാവുകള്‍ക്ക് ആഹാരം കൊടുക്കുന്നത് ഒരു ചടങ്ങാണ്, അതിനു ഇനിയും സമയമുണ്ട്. പ്രഭാത ഭക്ഷണത്തിനു ശേഷം മട്ടാഞ്ചേരി സിനഗോഗില്‍ പോയി വീണ്ടും ടെംമ്പിളില്‍ തിരിച്ചെത്തി പ്രാവുകള്‍ക്ക് ആഹാരം നല്‍കി അവ പറന്നു നടക്കുന്നത് കണ്ടപ്പോള്‍ എനിക്കും അവയില്‍ ഒരാളാകണം എന്ന് തോന്നി, ഒരു പ്രതിബന്ധങ്ങളും ഇല്ലാതെ ഇങ്ങനെ പറന്നു നടക്കാന്‍ എന്ത് രസമാ അല്ലേ ?

ചടങ്ങുകള്‍ക്ക് ശേഷം മട്ടാഞ്ചേരി പാലസും, ഉദയംപേരൂര്‍ സുന്നഹദോസ് പളളിയും സന്ദര്‍ശിച്ച് സെന്റ് ഫ്രാന്‍സിസ് പളളിയില്‍ എത്തി. അവിടെ നിന്നു ബിനാലെ കാണാന്‍ വേണ്ടി പോകുമ്പോള്‍, ജൂത തെരുവിലൂടെ ഞാന്‍ ചൂണ്ടി കാണിച്ച വഴികളിലൂടെ അവന്‍ മറുത്തൊന്നും പറയാതെ ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു...?

ബിനാലെയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായവ ലേ ലഡാക്കിന്റെ ബ്‌ളാക്ക് ആന്റ് വൈറ്റ്  ഫോട്ടാകളും, പെയിന്റിങ്ങുകളും ആയിരുന്നു. എല്ലാം കണ്ടതിനു ശേഷം റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തുമ്പോള്‍, എനിക്ക് തിരിച്ച് പോകേണ്ട ട്രെയിന്‍ കൃത്യസമയം പാലിച്ച്  സ്റ്റേഷനില്‍ ഉണ്ടായിരുന്നു... വളരെ സന്തോഷം നിറഞ്ഞ ആ ദിവസം ഇത്ര പെട്ടെന്ന് തീരേണ്ടിയിരുന്നില്ല എന്ന് തോന്നി...??

തിരികെ വീടെത്താന്‍ ഏറെ വൈകി . അപ്പോഴേക്കും 'വീടെത്തിയോ' എന്ന് അന്വേഷിച്ച് അവന്‍ വിളിച്ചു. യാത്രാ ക്ഷീണം കാരണം കണ്‍പോളകള്‍ക്ക് കനം വച്ചുതുടങ്ങിയിരുന്നു. ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരു സിനിമ പോലെ കഴിഞ്ഞ കാര്യങ്ങള്‍ എന്റെ മനസ്സില്‍ ഓടി മറഞ്ഞു. 

കഴിഞ്ഞ ദിവസം എനിക്ക് ഉണ്ടായ മാറ്റം എന്നെ അത്ഭുതപെടുത്തി, കണ്ണില്‍ നോക്കി സംസാരിക്കാന്‍ പറ്റാതിരുന്നത് എന്തു കൊണ്ടായിരുന്നു എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി...

'അവനോടെനിക്ക് പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു.!