മൂന്ന് ദിവസമായി കോളേജില്‍ പോകാന്‍ തോന്നുന്നില്ല, പണ്ടേ സ്‌കൂളിലൊന്നും പോകാന്‍ ഇഷ്ടല്ല, എന്നാലും ഡിഗ്രി ആയപ്പോ കാര്യങ്ങള്‍ ഒക്കേ നന്നായതാ..ലവന്‍ കാരണം, കോളേജില്‍ പോയില്ലേല്‍ ലവനെ കാണാന്‍ പറ്റൂല്ലല്ലോ..ഇഷ്ടല്ല്യാണ്ടും മാത്‌സ് പഠിക്കണേനും ഒരു ഗുണം വേണ്ടേ. ഈ 17വയസ്സിനിടയില്‍ ഇത്രേം അധികം എന്നെ കേട്ടത്, എന്റെ എല്ലാ അബദ്ധങ്ങളും സഹിച്ചത്, സ്വാധീനിച്ചത്  അങ്ങനെ പലതും ലവനാ..ലവന്‍ എന്നെ കാണാന്‍ തുടങ്ങീട്ട് മൂന്നു മാസമേ ആയുള്ളൂ, പക്ഷെ ഞാന്‍ അങ്ങനെ അല്ലല്ലോ, അപ്പൊ നിങ്ങള് വിചാരിക്കും, ലവനെ ഞാന്‍ സ്വപ്നദര്‍ശനം നടത്തീട്ടുണ്ട് എന്നു, ഒരിക്കലുമല്ല... അതു ഇച്ചിരി ഫ്‌ളാഷ്ബാക്ക് ആണ്. ഒരു രണ്ടു കൊല്ലം പഴക്കമുള്ള കഥ. ഇക്കാര്യം പറയുമ്പോള്‍ അക്കാര്യവും പറയണല്ലോ, അതല്ലേ അതിന്റെ ഒരു മര്യാദ.

പത്താം ക്ലാസ്സിലെ ഫലം വന്ന സമയം. എന്റെ കട്ട കൂട്ടുകാരി അഞ്ജുവിന് റാങ്ക് ഉണ്ടെന്ന വിവരം രണ്ടു ദിവസം മുന്‍പേ അറിഞ്ഞു. അതിന്റെ ഇടയില്‍ എന്റെ റിസള്‍ട്ടിനൊന്നും ഒരു പ്രസക്തിയുമില്ല. റിസള്‍ട്ട് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നത്തെ പത്രത്തിനായി ഞങ്ങള്‍ അക്ഷമരായി കാത്തു നില്‍ക്കുവാണ്. പത്രം വന്നു, ഉള്‍പേജില്‍ ദേ അവളുടെ ഫോട്ടോ പക്ഷെ എന്റെ കണ്ണ് ആദ്യമുടക്കിയത് മറ്റൊരു ഉണ്ടക്കണ്ണന്റെ ഫോട്ടോയിലാണ്. അവളുടെ അതേ റാങ്കുള്ള ഒരുത്തന്‍. അതെനിക്ക് തീരെ പിടിച്ചില്ല. അതോണ്ടന്നെ ആ മുഖം എന്റെ മനസ്സില്‍ പതിഞ്ഞു. പിന്നെ ഒരു മാസത്തിനു ശേഷം, ഒരു കാര്യവുമില്ലാതെ ഞാനൊരു സിവില്‍ സര്‍വീസ് ക്ലാസ്സിന് പോയി. എറണാകുളം വരെ പോകാനുള്ള ആക്രാന്തത്തില്‍ പോയതാണ്. ആ ക്ലാസ്സില്‍ കയറിയപ്പോള്‍ തൊട്ടു നിദ്രാദേവി എന്നെ കനിഞ്ഞനുഗ്രഹിച്ചു കൊണ്ടിരിപ്പാണ്. ഉറക്കം കളയാനായി ഞാന്‍ ചെക്കന്മാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്നു ഓട്ടക്കണ്ണിട്ടു നോക്കി. നോക്കി നോക്കി വന്നപ്പോള്‍ ദേ ഇരിക്കുന്നു ആ ഉണ്ടക്കണ്ണന്‍. അപ്പൊ ആവേശമായി.ഇന്റര്‍വെല്‍ സമയത്തു പോയി പരിചയപ്പെടണം എന്നു ഉറപ്പിച്ചു. ഇടവേളയില്‍ പക്ഷെ, ഇഷ്ടന്റെ മുഖത്തേക്ക് നോക്കി ചിരിച്ചപ്പോള്‍ തിരിച്ചു ചിരിക്കുന്നില്ല. ആഹാ അത്രക്കായോ, ഇനി ഞാന്‍ പരിചയപ്പെട്ടത് തന്നെ.

അങ്ങനെ അവിടന്നും രണ്ടുകൊല്ലം കഴിഞ്ഞു  ഡിഗ്രി പഠിക്കാന്‍ ഞാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ എത്തി. വിഷയം കണക്ക്. തീരെ താല്‍പര്യമില്ല, എന്നാലും കണക്കിന്റെ കൂടെ ഊര്‍ജതന്ത്രം എന്ന കിടുങ്ങുന്ന പേരുള്ള ഫിസിക്‌സ് പഠിക്കണ്ട എന്നത്‌കൊണ്ട് മാത്രം ക്രൈസ്റ്റില്‍ എത്തിയതാണ്. ആദ്യദിവസം ക്ലാസ്സില്‍ എത്തിയപ്പോള്‍ ദേ നമ്മുടെ ഉണ്ടക്കണ്ണന്‍ ഇവിടേം. എല്ലാരേം പരിചയപ്പെടുന്ന കൂട്ടത്തില്‍ ലവനേം പരിചയപ്പെട്ടു, എന്റെ പേര് പറഞ്ഞപ്പോള്‍ ഉടനെ ഒരു വാചകം 'എനിക്കേറ്റവും ഇഷ്ടപ്പെട്ട പേരാണ് '.തലകുത്തി നിന്നു ചിരിക്കണോ കമിഴ്ന്നു കിടന്നു ചിരിക്കണോ എന്നറിയാതെ ഞാന്‍ ഉഴറി. എന്റെ പേര്, ഏറ്റവും ഇഷ്ടം, ഉവ്വുവ്വേ...ആ പേരിഷ്ടത്തില്‍ തുടങ്ങിയ കൂട്ടുകെട്ടാണ്, ഇന്നെന്നെ ഇത്രേം വിഷമിപ്പിച്ച അവസ്ഥയില്‍ ആക്കിയിരിക്കുന്നതു. വീട്ടില്‍ അടുക്കളയില്‍ ഒരു സ്പൂണ്‍ വീണ കാര്യം പോലും പരസ്പരം പറയുന്ന ഞങ്ങള്‍, അവന് ഞാനില്ലാതെ മുന്നോട്ടൊരടി നീങ്ങാന്‍ പറ്റില്ലെന്ന് ഞാന്‍ ഉറപ്പിച്ചു തുടങ്ങിയിരുന്ന സമയത്താണ് ഇതു സംഭവിച്ചത്.

ഒരാളെ ഇഷ്ടമാണ് എന്ന ബോംബ് ലവന്‍ പൊട്ടിച്ചിട്ട് മൂന്ന് ദിവസം ആയി. ഞാനും ഞങ്ങളുടെ ചങ്ങായി ശങ്കരനും കൂടി തല പുകഞ്ഞു ആലോചിക്കുന്നുണ്ട്. പക്ഷെ രണ്ടും കളിമണ്ണാല്‍ നിര്‍മ്മിതമായതോണ്ട് ഒന്നും നടക്കുന്നില്ല. എങ്ങനെ ലവന്‍ തരുന്ന clues എന്റെ നേരെ തിരിക്കാം എന്നാണ് ഞങ്ങള്‍ രണ്ടുപേരും ആലോചിക്കുന്നേ, പക്ഷെ തിരിക്കാന്‍ പോയിട്ട് ഒന്നടത്തൂടെ പോലും പോണില്ല.. മുട്ടറ്റം മുടി, പൊക്കം, വെളുത്തു മെലിഞ്ഞു, നല്ല അടക്കോം ഒതുക്കോം. ഇതിലൊന്ന് പോലും ഒരുകാലത്തും നമുക്കില്ല. റോള്‍ നമ്പര്‍ ആണേല്‍ എന്റെ നമ്പറിന്റെ തൊട്ടു മുന്നില്‍ വന്നു നില്‍ക്കുന്നു. അതിനുള്ളില്‍ ആണത്രേ. എന്നുവച്ചാല്‍ എന്റെ നമ്പര്‍ അതിലില്ലെന്ന് തന്നെ. പിന്നേ ആരായിരിക്കും..ലവളോ, അതൊ ഇവളോ, ഏയ് ഇനി മറ്റവളാണോ.. ഹൂ ഉള്ള പ്രാന്ത് കൂടും... ഇനി ചിന്തിക്കുന്നില്ല, എന്തായാലും നേരിടുക തന്നെ... ലവളുടെ പേര് പറയുമ്പോള്‍ dilwale dulhania le jaayenge se SRK ടെ പോലെ congratulation ന്നു പറയും, അത്രന്നെ.

കോളേജിന്റെ ഓരോ സ്റ്റെപ് കേറി കേറി കര്‍ത്താവിന്റെ രൂപത്തിന്റെ മുന്നിലെത്തി, 'no more കുരിശു 'എന്നതാണ് മൂപ്പരുടെ ഭാവവും, പുച്ഛം ഇടണോ, വേണ്ടാ.. എന്തൊക്കെ ആയാലും കര്‍ത്താവല്ലേ, കളിക്കണ്ട ഈ ബെസ്റ്റ് ഫ്രണ്ട് നെ പ്രേമിക്കേം കല്യാണം കഴിക്കേം ഒക്കേ ചെയ്യാം എന്നറിയാന്‍ ലവന്‍ ആണേല്‍ kuch kuch hota hai, നിറം സിനിമകള്‍ ഒന്നും കണ്ടിട്ടുമില്ല, ലവന്റെ  ഒരു രീതിക്കു ഇനി ഈ ജന്മം കാണാനും പോണില്ല. ഒരു വഴിയും തെളിഞ്ഞു വരുന്നില്ല സാമീ.. 

ക്ലാസ്സിലെത്തി, എല്ലാം പഴയ പോലെ. രണ്ട് ദിവസം മുന്‍പ് എങ്ങനെ ഒക്കേ ക്ലാസ്സിലേക്ക് വന്നിരുന്ന ഞാനാ.. ഇപ്പൊ ഏതാണ്ട് ശശ്മാന മൂകതയാണ്  തോന്നണേ. എല്ലാവരും ഒച്ച എടുക്കുന്നു, ചിരിക്കുന്നു, ചിലര്‍ കുട്ടിക്കരണം മറയുന്നു, ഇവറ്റങ്ങള്‍ക്കൊന്നും ഒരു പണിയുമില്ലേ.. ഓഹ് ദാ വന്നല്ലോ ലവന്‍, നവലോക കാമുകന്‍. എന്താ ഒരു തെളിച്ചം മുഖത്ത്.. 

'ആളെ കിട്ട്യോ'ചോദ്യം എന്നോടാണ്..  
ഒന്നും അറിയാത്തപോലെ ഞാന്‍ 'ഏതാള് '
'അല്ല നമ്മുടെ ക്ലൂ, നിന്റെ ഭാവി നാത്തൂന്‍ '

ഈശ്വരാ നാത്തൂനോ,  എന്നുവച്ചാല്‍

ബെഞ്ചും ഡസ്‌കും ഒക്കെ തല്ലിപ്പൊളിക്കാന്‍ തോന്നുണ്ട് 

ഒരു വളിച്ച ചിരി പാസാക്കി ഭാവിയിലേക്ക് നോക്കി അന്തം വിട്ടിരിക്കാം. അപ്പൊ ദൈവം കനിഞ്ഞനുഗ്രഹിച്ച പോലെ ദേ വരുന്നു സമരം ആണെന്ന പ്രഖ്യാപനം. ഹൂ വീട്ടിലേക്കോടാം... 

'നീ പോവല്ലേ, ബാക്കി അറിയണ്ടേ'

ഇനി എന്തറിയാന്‍

ക്ലാസ്സില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ശങ്കരനും സംഘവും ചെസ്സ് കളി തുടങ്ങി. ആരെ കാണിക്കാനാണാവോ.. ഞങ്ങളും അവിടെ ഇരുന്നു.. ഇപ്പുറത്തു സിറില്‍ ഉണ്ട്, സൗമ്യ, സല്‍മ, നീതു എല്ലാവരും ഉണ്ട്. അവര്‍ക്കൊക്കെ എന്തൊരു സന്തോഷാ...

'നിനക്കിനി ഒന്നും അറിയണ്ടേ, ആവേശം ഒക്കേ തീര്‍ന്നോ 'ലവന്‍ 

അതേ വളിച്ച ചിരി 

'ഇനി ആരാണെന്നു പറ.. ആലോചിച്ചു മടുത്തു' (പുല്ല് )ഞാന്‍

'ശരിക്കും മടുത്തോ'ലവന്‍ 

'എനിക്കിഷ്ടം പോലെ ആങ്ങളമാര്‍ കുടുംബത്തുണ്ട്. അവരൊക്കെ കല്യാണം കഴിക്കുമ്പോ നാത്തൂന്‍മാരെയും കിട്ടും. അതിന്റെ എടേല്‍ വഴീന്നൊരു നാത്തൂനെ എനിക്കാവശ്യമില്ല', എന്നു ലവന്റെ മുഖത്ത് നോക്കി മനസ്സില്‍ പറഞ്ഞു. അല്ലാതെ ആ ഉണ്ടക്കണ്ണില്‍ നോക്കി എനിക്കൊന്നും പറയാനാവൂല്ലല്ലോ.

കുറച്ചൊരു നിശ്ശബ്ദദയ്ക്ക് ശേഷം ലവന്‍ 

'നിന്നെ അല്ലാതെ ആരെയാ ഞാന്‍ സ്‌നേഹിക്ക്യാ'...

എന്റെ ചെവികള്‍ അതു കേട്ടോ, അതോ കേട്ടിട്ട് തലച്ചോറിലേക്ക് സന്ദേശം കൈമാറാത്തതോ. മൊത്തത്തില്‍ ഒരു മൂളല്‍...

ഏയ് എന്നോടാവില്ല

അല്ലല്ലോ എന്റെ കണ്ണില്‍ നോക്കി അവന്‍ ദേ വീണ്ടും പറയുന്നു, 'എടീ ആനക്കുട്ടീ, നീ തന്നെയാ അതെന്നു'

'ശരിക്കും '

'യെസ്'

'എന്നാല്‍ എനിക്കും ഇഷ്ടാ '

ഒരു മിനിറ്റ് പോലും വേസ്റ്റ് ആക്കാന്‍ ഇല്ലാ എനിക്കു.. because I cant miss him....

കഥ കഴിഞ്ഞു...ഇത്രേം  ആള്‍ക്കാരുടെ നടുവില്‍ അവരാരും അറിയാതെ പ്രണയം പറഞ്ഞത് ഞങ്ങള്‍ മാത്രമാവാനേ സാധ്യത ഉളളൂ.. 

വാല്‍കഷ്ണം: ഒറ്റ പ്രശ്‌നേ ഉളളൂ, ഞാന്‍ ഇപ്പോഴും ആ 17ല്‍ തന്നെ... അവന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി 36 ല്‍ നിന്നും 17 ആവാന്‍ നോക്കുന്നു, ഈ ആനക്കുട്ടിക്കു വേണ്ടി..

Content Highlights: Love story, Valentine's Day 2020