ലിലിയനെ ഞാന്‍ കാണുന്നത് മൂന്നു വര്‍ഷം മുമ്പ് ഒരു ഫാമിലി ഗെറ്റ് ടുഗതറില്‍ ആണ്. കാനഡയിലെ പ്രകൃതി സുന്ദരമായ താഴ്‌വാരത്തുള്ള ഒരു ഭവനത്തില്‍ വച്ച്. എന്റെ മരുമകളുടെ അടുത്ത ബന്ധുവിന്റെ മകളുടെ പിറന്നാള്‍ ആഘോഷത്തിന്. അടുത്ത കുടുംബ സുഹൃത്തുക്കളും ബന്ധുക്കളുമായ അന്‍പതോളം പേര്‍ മാത്രം. എവിടെ നോക്കിയാലും നാനാ വര്‍ണത്തിലുള്ള, പേരറിയാപൂക്കളും പച്ചപ്പരവാതാനി വിരിച്ചതുപോലെ പുല്‍മേടുകളും. പ്രസന്നമായ കാലാവസ്ഥ, പൊട്ടിച്ചിരികളും ഹായ് പറച്ചിലുകളും ഹഗ്ഗുകളും അരങ്ങുതകര്‍ക്കുന്നു. കുട്ടികള്‍ എവിടെച്ചെന്നാലും കുട്ടികള്‍ത്തന്നെ. അവര്‍ വീടിന്റെ പിന്‍വശത്തെ പുല്‍മേട്ടിലൂടെ ഓടിക്കളിച്ച് ഉല്ലസിക്കയാണ്. പുരുഷന്‍മാര്‍ ചേരിതിരിഞ്ഞ് ട്രൂഡോയെ ആക്രമിച്ചും  പ്രതികൂലിച്ചും രംഗം കൊഴുപ്പിച്ചു സ്വതുടങ്ങി. പെണ്ണുങ്ങള്‍ ഏതു രാജ്യത്തായാലും ഒരു പോലെ. റസിപ്പികള്‍ പങ്കിടുന്ന തിരക്കാണവിടെ. കോട്ടയത്തുനിന്ന് അവലോസ് പൊടി കൊണ്ടുചെന്ന് ബസുക്കാരിയെ അരിയുണ്ട ഉണ്ടാക്കാന്‍ പഠിപ്പിച്ചതും വലിയ ചര്‍ച്ചയായി. എല്ലാം കണ്ട് മനം നിറഞ്ഞ് ഞാനും ഭര്‍ത്താവും. പെട്ടെന്നാണ് ഒരു ടൊയോട്ട കാര്‍ വന്നു നിന്നത്. അതില്‍നിന്ന് നാല്‍പ്പതുകളില്‍ അഭിരമിക്കുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു. അതി സുന്ദരിയൊന്നുമല്ല, പക്ഷേ വീണ്ടുമൊന്നു നോക്കാന്‍, പ്രേരിപ്പിക്കുന്ന ഒരാകര്‍ഷണവലയം അവര്‍ക്കു ചുറ്റും ഉണ്ടായിരുന്നു.
'ഹായ് ലിലിയന്‍'

ഗൃഹനാഥ ഓടിച്ചെന്ന് അവരെ അണച്ചുപിടിച്ച് സ്വീകരിച്ചു.
''ലിലിയന്‍, ഈയിടെയായി കാണാനേയില്ലല്ലോ...''
പുരുഷന്‍മാരൊക്കെ നിമിഷങ്ങള്‍ കൊണ്ട് ലിലിയന്റെ അടുത്തേക്കെത്തി വിശേഷങ്ങള്‍ പങ്കിട്ടുതുടങ്ങി.
ലിലിയന്റെ പൊട്ടിച്ചിരി എനിക്കങ്ങ് ഇഷ്ടമായി, തോള്‍ വെട്ടിച്ച് ചിരിക്കുമ്പോള്‍, അവളുടെ തോളിനെ തഴുകി ഒഴുകി കിടക്കുന്ന സ്വര്‍ണ്ണ  മുടി ഒന്നുകൂടി പരന്നൊഴുകി.വടിവുള്ള ശരീരത്തില്‍ ധരിച്ച പിങ്കു ടോപ്പ് അവള്‍ക്കു വേണ്ടി മാത്രമായി  ആരോ നെയ്‌തെടുത്തപോലെ അപാര ചാരുത.എന്തൊരു പ്രസരിപ്പ്. 

എന്റെ ബന്ധുക്കാരി, എന്നു വച്ചാല്‍ മരുമകളുടെ അമ്മ  അവരെ ഞങ്ങള്‍ക്കരികിലേക്ക് കൂട്ടി കൊണ്ടുവന്നു.
'ലിലിയന്‍, ഇത്, ജോര്‍ജ്ജിന്റെ അമ്മ ജോളി, ഡാഡി ഴജീ ''(വര്‍ഷം മൂന്നു കഴിഞ്ഞിട്ടും അവര്‍ക്കിപ്പോഴും റജിയുടെ റ ഒരു ബാലികേറാമലയാണ്.)

ലിലിയന്‍ എനിക്ക്  സ്‌നേഹപൂര്‍ണ്ണമായ ഒരു ആശ്ലേഷം സമ്മാനിച്ചു. പക്ഷേ ഴജിക്ക് വെറും ഷേക്ക് ഹാന്‍ഡ് മാത്രം. അതെനിക്ക് വല്ലാതെ  ഇഷ്ടപ്പെട്ടു. അന്ന് ഒരുപാട് ആണ്‍-പെണ്‍ ആശ്ലേഷം കിട്ടി ആനന്ദത്തിലാറാടിയിരിക്കയാണ്
പുള്ളിക്കാരന്‍. ലിലിയനെപ്പോലൊരു സുന്ദരിയുടെ ഹഗ്ഗ് കിട്ടിയാല്‍ ഇത്തിരി അഹങ്കരിക്കാത്ത ആണൊരുത്തന്‍ ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അത്രമാത്രം പ്രകാശമാണവരില്‍ നിന്ന് പ്രസരിച്ചുകൊണ്ടിരുന്നത്. ഞാന്‍ ഊറിച്ചിരിച്ചുകൊണ്ട് റജിയെ ഒന്നു നോക്കി. അതു മനസ്സിലാക്കി പുള്ളിക്കാരന്‍ എന്നെ ഒന്നിരുത്തി നോക്കി. അല്ലെങ്കിലും വര്‍ഷങ്ങള്‍ ഒന്നു രണ്ടു കഴിയുമ്പോഴേക്ക് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ചില കോഡുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രത്യേക കഴിവുണ്ടാകുമല്ലോ. സംസാരം വേണ്ട, പകരം ഒരു നോട്ടം, ഒരു ചലനം, വാതില്‍ വലിച്ചടയ്ക്കല്‍ ഇത്രയും മതിയല്ലോ പരസ്പരം വിയോജിപ്പും പ്രതിഷേധവും അറിയിക്കാന്‍.

 'ഇന്ത്യയില്‍നിന്നാണ് അല്ലേ?,നിങ്ങളുടെ മകന്‍ ജോര്‍ജിനെ എനിക്കു വലിയ ഇഷ്ടമാണ്, രസികനാണ് 'ലിലിയന്‍ സ്‌നേഹത്തോടെ  എന്റെ മകനെ പുകഴ്ത്തിക്കൊണ്ടിരുന്നു. എന്റെ കൈകളെ മുറുകെ പിടിച്ചുകൊണ്ടാണവള്‍ സംസാരിച്ചത്.

''ആല്‍ബി ഇന്ത്യയില്‍ പോയിട്ടുണ്ട്' , എന്തോ വലിയൊരു സംഭവം പോലെ അവര്‍ എന്റെ ബന്ധുക്കാരിയോട് പറഞ്ഞു. അവരതത്ര കാര്യമായി എടുത്തില്ലെന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യ വളരെ നല്ല സ്ഥലമാണെന്നും ആളുകളൊക്കെ ഭയങ്കര സ്‌നേഹമുള്ളവരുമാണെന്ന് ആല്‍ബി പറഞ്ഞു, ഇന്ത്യയില്‍ പോയാല്‍ താജ്മഹല്‍ കാണാതെ മടങ്ങരുതെന്നാണ് ആല്‍ബി പറയുന്നത്.

'ഇതാരപ്പാ ഈ ആല്‍ബി. മിനുട്ടിന് മിനുട്ടിന് അവര്‍ ആല്‍ബി പറയുന്നുണ്ട്. ഭര്‍ത്താവാണോ അതോ ബ്രദറാണോ.. എനിക്കാകെ സംശയമായി. ചോദിച്ച് വിഡ്ഡിയാകാതിരിക്കാന്‍ മൗനംവിടാതെ  നിന്നു.
'ഇന്ത്യയിലെവിടാണ്?''
കേരള എന്നു പറഞ്ഞതും അവര്‍ ചാടി വീണു.

'കേരള ! ആല്‍ബി കൊച്ചിയിലും കുമറകത്തും പോയിട്ടുണ്ടത്രേ. എനിക്കും ഒരിക്കല്‍ നിങ്ങളുടെ നാട്ടില്‍ വരണം'
ഞാനവരെ ആതിഥ്യമര്യാദയോടെ ക്ഷണിച്ചു,വരൂ, കുമരകത്തിന് വെറും 12 കി.മീ മാത്രമാണ് ഞങ്ങളുടെ വീട്ടില്‍നിന്നു ദൂരം.''വൗ,റിയലി,...''മദാമ്മ ആകെ ഇളകി.

കുമരകത്തെപ്പറ്റി എന്തൊക്കയോ പറയാനുള്ള മോഹവുമായി റജി വായ തുറന്നെങ്കിലും അതിഥികളെ ഗൃഹനാഥന്‍ അകത്തേക്ക് ക്ഷണിച്ചതിനാല്‍ എല്ലാവരും പ്രധാനമുറിയിലേക്കു നടന്നു. പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴും ലിലിയന്‍ ഞങ്ങള്‍ക്കരികിലേക്കു വന്ന് പ്രത്യേകം യാത്ര പറഞ്ഞാണ് മടങ്ങിയത്.

വീട്ടിലെത്തിയതും ഞാന്‍ മകനോട് ചോദിച്ചു, ലിലിയന്‍ എപ്പോഴും പറയുന്ന് ഈ ആല്‍ബി അരാണ്?
മകന്‍ ഉറക്കെ ഉറക്കെ ചിരിച്ചു. 
'നമ്മുടെ നാട്ടിലാണേല്‍ തല്ലിക്കൊല്ലുമായിരുന്നു, പഹയനെ. ഇതാണ് ഇവരും നമ്മളും തമ്മിലുള്ള വ്യത്യാസം.'

'നിനക്കറിയോ ആല്‍ബിയെ'
ജിജ്ഞാസ കൈവിടാതെ ഞാന്‍ ചോദിച്ചു

'ലിലിയന്റെ പഴയ ഭര്‍ത്താവാണ് ആല്‍ബി. അവര്‍ തമ്മില്‍ പിരിഞ്ഞിട്ട് മൂന്നുനാലു വര്‍ഷമായി. അയാള്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് കഴിയുന്നത്.'

ഞെട്ടുകയല്ലാതെ എന്തു ചെയ്യാന്‍. എക്‌സ്-ഭര്‍ത്താവിനെ പറ്റി ഇത്ര അരുമയായി സംസാരിക്കുന്ന ആ സ്ത്രീയോട് എനിക്ക് ബഹുമാനം തോന്നി. നമ്മളെക്കൊണ്ടു ഈ ജന്മത്തു പറ്റാത്ത കാര്യം.

അവരുടെ കഥ കേട്ടപ്പോള്‍ ലിലിയനെ അടുത്തു കിട്ടിയാല്‍ ഞാന്‍ കെട്ടിപ്പിടിച്ച്  മുത്തമിട്ട് കൊന്നേനെ എന്നു തോന്നി. അതൊരു കഥ...

ലിലിയനും ആല്‍ബിയും പിരിയുമ്പോള്‍ കാറ്റില്‍ പറന്നത് 13 വര്‍ഷത്തെ ദാമ്പത്യ ജീവിതം. മൂന്നു വര്‍ഷം അസ്ഥിക്കു പിടിച്ച പ്രണയത്തോടെ ഒത്തു താമസിച്ചശേഷം വിവാഹം കഴിക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. ഒമ്പതു വയസ്സും ഏഴു വയസ്സുമുള്ള രണ്ടാണ്‍മക്കള്‍. ജോണിയും ടോമും

ഒരു ദിവസം രാവിലെ ലിലിയന്‍ ഉണ്ടാക്കി വിളമ്പിയ ബ്രേക്ക് ഫാസ്റ്റ് ഉളുപ്പില്ലാതെ കഴിക്കുമ്പോഴാണ് ആല്‍ബി താന്‍  രണ്ടുമാസത്തെ അവധിയെടുത്ത് വിദേശ രാജ്യങ്ങള്‍ ചുറ്റാന്‍  പോകുകയാണെന്ന കാര്യം സൂചിപ്പിച്ചത്,വളരെ സാധാരണ മട്ടില്‍. ഏതൊക്കെ രാജ്യങ്ങളാണെന്നു ചോദിച്ചപ്പോള്‍ ശ്രീലങ്ക, ഇന്ത്യയെന്നായിരുന്നു ഉത്തരം. അധ്യപികയായ ലിലിയന് പന്തികേടു മണത്തു. എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണ് പറയുന്നത്. കുറെനാളായി കാണിക്കുന്ന ഒളിച്ചുകളിയും വീട്ടില്‍ വരാന്‍ വൈകുന്നതും അവള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഇത്രയും പ്രതീക്ഷിച്ചില്ല. വൈകുന്നേരം പുറത്തു ഡിന്നര്‍ കഴിക്കാന്‍ പോകാമെന്നു പറഞ്ഞ് അയാള്‍ ജോലിക്കുപോയി. രാത്രി ആല്‍ബി, അവളെയും കുട്ടികളെയും കൂട്ടി ഹോട്ടലിലേക്കു പോയി, അവിടെ മറ്റൊരു സ്ത്രീയും ഒരു പെണ്‍കുഞ്ഞും അവരെ കാത്തിരിപ്പുണ്ടായിരുന്നു.

ആല്‍ബി അവളെ ലിലിയന് പരിചയപ്പെടുത്തി.

'ഞങ്ങളൊരുമിച്ചാണ് യാത്ര പോകുന്നത്.''അയാള്‍ പറഞ്ഞു. അത് ഒടുവിലത്തെ അത്താഴമാണെന്ന് ലിലിയന് ഏതാണ്ട് ഉറപ്പായി. കാര്യം മണത്തെങ്കിലും സംയമനം കൈവിടാതെ  രംഗം നേരിട്ടു.

ഒരാള്‍ ആകെ തകര്‍ന്നവള്‍, മറ്റു രണ്ടുപേര്‍ പ്രണയക്കൊടുമുടിയിലേക്ക് കൈകോര്‍ത്ത് കുതിക്കുന്നവര്‍. പുതിയൊരു ജീവിതത്തിന്റെ ലഹരിയില്‍ ഭ്രാന്തമായ ആവേശത്തില്‍. ഒന്നുമറിയാതെ മൂന്നു കുഞ്ഞുങ്ങള്‍ അവര്‍ക്കിടയിലിരുന്നു. അവര്‍ മുതിര്‍ന്നവരുടെ കാമനകളറിയാതെ പരസ്പരം പരിചയപ്പെട്ടു, കളികളില്‍ മുഴുകി, കുഞ്ഞു തമാശകള്‍ പറഞ്ഞു. രാത്രി വൈകി വീട്ടില്‍ എത്തിയപ്പോഴേക്കും ലിലിയന്‍ തളര്‍ന്നുപോയിരുന്നു. മറ്റേ സ്ത്രീയുടെ മുമ്പില്‍ തകര്‍ന്നുപോകരുതെന്ന് അവള്‍ക്കു വാശിയായിരുന്നു.

വൈകാതെ അയാള്‍ സ്വന്തം സ്ഥാവരജംഗമ വസ്തുക്കളെല്ലാം പായ്ക്കപ്പ് ചെയ്ത് സ്ഥലം കാലിയാക്കി, പരസ്പര ധാരണയോടെ പിന്നെ ഡിവോഴ്‌സിനുള്ള പേപ്പര്‍ വര്‍ക്കുകള്‍.മിക്ക അമ്മമാരെപ്പോലെ മക്കളെ അവള്‍ വിട്ടുകൊടുത്തില്ല, ഒപ്പം കൂട്ടി.

ഇനിയാണ് ലിലിയന്‍ താരമാകുന്നത്. ഇന്ത്യയിലേക്കു വിവാഹപൂര്‍വ്വ ഹണിമൂണ്‍ട്രിപ്പിനു പോകുന്ന  ആല്‍ബിയേയും പുതിയ പങ്കാളിയേയും വിളിച്ച് മടങ്ങിയെത്തുംവരെ അവരുടെ അഞ്ചു വയസ്സുകാരി മകളെ താന്‍ നോക്കിക്കോളാമെന്നറിയിക്കുന്നു. ഞെട്ടിയത് പുതിയ കാമുകി. തിരിച്ചുവരുംവരെ തന്റെ മക്കള്‍ക്കൊപ്പം ആ പെണ്‍കുഞ്ഞ് , സ്റ്റെഫി ആഹ്ലാദവതിയായി കഴിഞ്ഞു, അവള്‍ക്ക് പുതിയ ഉടുപ്പും പാവകളും സമ്മാനിച്ചു. മനസ്സില്ലാമനസ്സോടെയാണ് അമ്മ വന്നപ്പോള്‍ അവള്‍ മടങ്ങിയത്. ആഴ്ചാവസാനങ്ങളില്‍ സ്റ്റെഫി ലിലിയന്റെ വീട്ടിലെത്തി. ലിലിയന്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ സ്വാഭാവികമായും ആണ്‍മക്കളെ നോക്കാന്‍ തയ്യാറായത് സ്റ്റെഫിയുടെ അമ്മ, ആല്‍ബിയുടെ പങ്കാളി. മക്കളും ഹാപ്പി. വീണു കിട്ടിയ പുത്തന്‍പെങ്ങളുമൊത്ത് അവരും കളിച്ചു തിമര്‍ത്തു. 

ഹണിമൂണ്‍ട്രിപ്പ് കഴിഞ്ഞ് തിരിച്ചെത്തി ഇന്ത്യയെപ്പറ്റിയും ശ്രീലങ്കയെപ്പറ്റിയും വാതോരാതെ അവര്‍ പറയുമ്പോള്‍ ലിലിയന്‍ എല്ലാം കേട്ടിരുന്നു, തെല്ലും കൂസാതെ. വിദേശത്ത് ലിലിയനൊരു സംഭവം അല്ലായിരിക്കാം, പക്ഷേ പാവം ഇന്ത്യാക്കാരിയായ എനിക്ക് അവളൊരു ദേവതയെപ്പോലെ.

ഞാന്‍ മനസ്സുകൊണ്ട് പ്രാര്‍ത്ഥിച്ചു,ദൈവമേ ഈ  തങ്കപ്പെട്ട ലിലിയനെ വഴിയാധാരമാക്കിയ ചതിയന്‍ ആല്‍ബിക്കു മുന്നിലൂടെ ചതിയനല്ലാത്ത ഒരു ആണ്‍ പിറന്നവന്റെ കൈകോര്‍ത്ത് അവള്‍ക്കും ഇന്ത്യയിലേക്കു വരാന്‍ കഴിയണേ. താജ് മഹല്‍ നടക്കാത്ത സ്വപ്നമാകരുതേ..

''ഇന്ത്യയിലെ പെണ്ണുങ്ങളും വിദേശത്തെ പെണ്ണുങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ?നമ്മുടെ നാട്ടിലാണേല്‍ ഇവളുമാര്‍ പോക്‌സോകേസില്‍ പെടുത്തി അഴിയെണ്ണിക്കും മോനെ, ഇവടെയുള്ള പെണ്ണുങ്ങളൊക്കെ സാധുക്കളാ'',റജി എന്നെയൊന്നു ഞോണ്ടി.

'' പിന്നേ,അടിയും ചവിട്ടും പേടിച്ചു സ്വന്തം വീട്ടിലേക്കുപോയ പെണ്ണിനെ വഴീലിട്ടു വെട്ടിക്കൊല്ലുകയും ചുട്ടു കൊല്ലുകയും ചെയ്യുന്ന ആണുങ്ങടെ നാടായിപ്പോയി മോനേ കേരളമിപ്പോള്‍..' ഞാനൊരു മറുഗോളടിച്ചു. അന്തരീക്ഷം തണുപ്പിക്കാന്‍, മകന്‍ പെട്ടെന്ന് ഗോളിയുടെ ഉടുപ്പിട്ടു.

''കാനഡയിലുള്ള ലിലിയനെ ചൊല്ലി നിങ്ങളു രണ്ടിന്ത്യാക്കാരെന്തിനാ ഇവിടെക്കിടന്നു വഴക്കടിക്കുന്നത്, പിരിയുന്ന ദമ്പതിമാരാരും ഇവിടെ ശത്രുക്കളല്ല, അവര്‍ നല്ല സുഹൃത്തുക്കളായി വാശിയും വൈരാഗ്യവും ഇല്ലാതെ പരസ്പരം കൊണ്ടും കൊടുത്തും കഴിയുന്നവരാണ് അധികവും. ലിലിയനിപ്പം ഹാപ്പിയായി കഴിയുവാ, പുകഞ്ഞ കൊള്ളി പുറത്ത്. അവര്‍ രക്ഷപ്പെട്ടെന്നു പറയ്-മകന്‍ പറഞ്ഞു.'

''പിരിയുമ്പോഴും സുഹൃത്തുക്കളായി പിരിയാന്‍ കഴിയുന്ന കാലം വരാന്‍ നമ്മുടെ നാട്ടില്‍ ഇനി എത്ര കാത്തിരിക്കണം ഈശ്വരാ..''ഭര്‍ത്താവ് 
''അയ്യെടാ,അതു ശരി, ഭാവനകണ്ടു തുടങ്ങിയോ,പിരിഞ്ഞാപ്പിന്നെ എന്തോന്ന് സൗഹൃദം, അങ്ങു കോട്ടയത്തു വാ ,അവിടെച്ചെന്നു ബാക്കി പറയാം, ''
ഞാന്‍ തനി കോട്ടയംകാരിയായി. 
അതാ,നമ്മളൊക്കെ നന്നാകാത്തത്..ഒരശരീരി ഭര്‍ത്താവിരുന്ന മൂലയില്‍ നിന്നു ഉയര്‍ന്നു..